നോത്രദാമിൽ നിന്നും ആ ശബ്ദം ഇനി കേൾക്കില്ല; നിരാശയിൽ ലോകം

olivier-latry
SHARE

നോത്രദാമിൽ അഗ്നിയെരിഞ്ഞപ്പോൾ, ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയം കൂടിയാണ് എരിഞ്ഞത്. ആ ഗ്രേറ്റ് ഓർഗൻ... ലോകത്തെ ത്രസിപ്പിച്ച ആ മാസ്മരിക സംഗീതം ഇനി അവിടെ നിന്നും കേൾക്കുമോ? കൃത്യമായൊരു ഉത്തരം നൽകാൻ ഫ്രാൻസിന് ഇനിയും സാധിച്ചിട്ടില്ല. കാലങ്ങളോളമായി നോത്രദാമിലെ ആ മാസ്മരിക സംഗീതം കേട്ടാണ് ലോകം ഈസ്റ്ററിന്റെ ആഘോഷങ്ങളിലേക്കു നീങ്ങുന്നത്.  ഇത്തവണയും അതിനു മാറ്റമൊന്നുമുണ്ടായിരുന്നില്ല. 

നോത്രദാമിലെ ഗ്രേറ്റ് ഓർഗനിൽ സംഗീത വിരുന്നൊരുക്കുന്ന പ്രശസ്ത ഓർഗൻ കലാകാരൻ ഒലിവിയർ ലാട്രിക്ക് ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഓശാന ഞായറിന് നോത്രദാമിലെ ഗ്രേറ്റ് ഓർഗിനിൽ കലാവിരുന്നൊരുക്കിയ ശേഷം വിയന്നയിൽ മറ്റൊരു പരിപാടിക്കെത്തിയതായിരുന്നു ഒലിവിയർ ലാട്രി. അപ്പോഴാണ് ഫോണിലേക്ക് തികച്ചും യാദൃശ്ചികമായി സുഹൃത്തിന്റെ സന്ദേശമെത്തിയത്. ‘നോത്രദാം കത്തുന്നു.’ ഒരു നിമിഷം സ്തംഭിച്ചു പോയ ലാട്രി ടിവിയിലേക്കു നോക്കി. ‘വിശ്വസിക്കാനായില്ല, ഒരു ദുഃസ്വപ്നം കാണുന്നതു പോലെ തോന്നി.’

ഓശാന ഞായറാഴ്ച ലാട്രിയടക്കമുള്ള മൂന്നുകലാകാരൻമാർ ഗ്രേറ്റ് ഓർഗനിൽ സംഗീത വിരുന്നൊരുക്കുന്ന പതിവുണ്ട്. കാലങ്ങളായി പിന്തുടരുന്ന ഒരു ചടങ്ങിന്റെ ഭാഗമാണിത്. കുരിശ് തോളിലേറ്റിയ ഒരു വൈദികൻ കത്തീഡ്രലിന്റെ വാതിലിൽ മുട്ടും. കത്തീഡ്രലിന്റെ വാതിൽ തുറക്കുന്നതോടെ ഓർഗനിൽ നിന്നും സംഗീതമുയരും. അതിന്റെ മാറ്റൊലി ആ ദേവലയത്തെയാകെ പ്രകമ്പനം കൊള്ളിക്കും. ‘ ആ സമയം യേശുദേവൻ നേരിട്ട് എഴുന്നള്ളുന്നതു പോലെതോന്നും.’ എന്നാണ് ലാട്രി ആ സമയത്തെ വിശേഷിപ്പിക്കുന്നത്. 

നടുക്കുന്ന ആ വാർത്തയ്ക്കു പിന്നാലെ ലാട്രിയെ തേടി ആശ്വാസത്തിന്റെ വാക്കുകൾ എത്തി. ഓർഗന്റെ പൈപ്പുകളിൽ പൊടികയറി എങ്കിലും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. പക്ഷേ, ഇതുവരെ കേട്ട ആ മാന്ത്രിക ശബ്ദം ദേവാലയത്തിൽ നിന്നും മുഴങ്ങുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ഗോഥിക് ശൈലിയിലുള്ള ദേവാലയത്തിന്റെ ഉയരത്തിലെ എടുപ്പുകളെല്ലാം തന്നെ അഗ്നി എടുത്തു കഴിഞ്ഞു. പഴമയുടെ മേൽക്കൂരയ്ക്കു കീഴില്‍ അസാധാരണമായ ശബ്ദവിന്യാസം ശ്രവിക്കാനുള്ള ഭാഗ്യം ഇനി ഇല്ലാതാകും. 

പഴമയുടെ ഗന്ധം പേറുന്ന ഗ്രാന്റ് ഓർഗനും ഒലിവർ ലാട്രിയും 

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് നോത്രദാമിലെ ഗ്രേറ്റ് ഓർഗന്. 1330ലാണ് ഈ ഓർഗന്റെ നിർമാണത്തിനു തുടക്കമിടുന്നത്. തുടർന്ന് 1400ൽ ഓർഗന്‍ പരിഷ്കരിച്ചു. 1403 ഒക്ടോബർ 25ന് ഓർഗന്റെ പണി പൂർത്തിയായി. അൻപതു വർഷങ്ങൾക്കു സേഷം 1473ൽ ഏറ്റവും കൂടുതൽ പൈപ്പുകള്‍ ഉള്‍പ്പെടുത്തി ഓർഗനിൽ മാറ്റങ്ങൾ വരുത്തി. 1609ൽ സെക്കന്റ് മാനുവൽ കീബോർഡ് ചേർത്തു. 1620, 1672 വർഷങ്ങളിൽ മൂന്നും നാലും മാനുവൽ കീബോർഡുകൾ സ്ഥാപിച്ചു. 8000 പൈപ്പുകളാണ് ഓർഗനു ശബ്ദം നൽകുന്നത്. 

1730ൽ ഫ്രാൻസിലെ നവോഥാന കാലത്താണ് ഓർഗന്റെ പുനർനിർമാണം നടക്കുന്നത്. ഓർഗൻ പൂർണമായും പുതുക്കി പണിതു. നാലു ക്ലാസിക് മാനുവൽ കീബോർഡിനൊപ്പം ഒരെണ്ണം കൂടി ചേർത്തു മൊത്തം അഞ്ചു കീബോർഡായി. മാത്രമല്ല, പെഡൽ ഭാഗം കൂടുതൽ വികസിപ്പിക്കുകയും ചെയ്തു. കാലക്രമേണ പലമാറ്റങ്ങളും ഓര്‍ഗനിൽ വരുത്തിയിട്ടുണ്ട്.

പൈപ്പിൽ പൊടികയറിയാൽ ശബ്ദവിന്യാസങ്ങളിൽ മാറ്റം വരും. ഇതുതന്നെയാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പാരിസ് ഭീകരാക്രമണത്തിനിരയായവർക്ക് ആദരാഞ്ജലി അർപ്പിച്ചു ലാട്രിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ അത്യുഗ്രൻ ഓർഗൻ വാദനം നടന്നിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA