ആ ചുമട്ടുകാരൻ പറഞ്ഞു: ഞാൻ പാട്ടുപാടി ജീവിക്കും; അറിയണം ഈ ജീവിതം

Eranjoli-Moosa
SHARE

(2016ൽ മലയാള മനോരമയിൽ പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ എരഞ്ഞോളി മൂസയെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനം)

മുംബൈയിൽനിന്ന് 1974 ഡിസംബറിൽ ദുബായിലേക്കു പുറപ്പെട്ട ദുമ്റ എന്ന കൊച്ചു യാത്രക്കപ്പലിൽ ഗായകൻ ഹുസൈൻ, കോഴിക്കോട് പപ്പൻ (ഹാർമോണിയം), സി.എം. വാടിയിൽ (വയലിൻ), കുമാർ (തബല) എന്നിവർക്കൊപ്പം തലശ്ശേരിയിലെ ഒരു ചുമട്ടുകാരൻ കൂടിയുണ്ടായിരുന്നു. പേര്–മൂസ.

ഒന്നരമാസം കഴിഞ്ഞു തലശ്ശേരിയിൽ തിരികെയെത്തിയ മൂസ കൈവണ്ടി വാടകയ്ക്കെടുത്തിരുന്ന കടയിൽ ചെന്ന് ‘ഇനി വണ്ടി വേണ്ട’ എന്നറിയിച്ചു. ‘മറ്റെന്താണു പണി?’ എന്നു ചോദിച്ച കൂട്ടുകാരോട് അവൻ പറഞ്ഞു: ‘ഞാൻ പാട്ടു പാടി ജീവിക്കും.’ അവന്റെ മിടുക്കിൽ സംശയമില്ലെങ്കിലും പാട്ടുപാടിയൊക്കെ ജീവിക്കാനാവുമോ എന്നു കൂട്ടുകാർ ശങ്കിച്ചു. പക്ഷേ, മൂസയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഗൾഫിലെ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഒരുക്കിയ അഞ്ചു വേദിയിലെയും താരമായത് അവനിൽ അത്രമാത്രം ആത്മവിശ്വാസം നിറച്ചിരുന്നു.

ഗൾഫിൽനിന്നുള്ള ആദ്യ മടക്കയാത്രയിൽ മനസ്സിന്റെ വിളിക്കു കാതുകൊടുത്ത ആ തീരുമാനം ശരിയെന്നു കാലം തെളിയിച്ചു. ഇപ്പോൾ തന്റെ 450–ാം ഗൾഫ് യാത്രയിലാണ് ആ പഴയ ചുമട്ടുകാരൻ. കഴിഞ്ഞ 22 വർഷമായി എരഞ്ഞോളി മൂസയുടെ റമസാനും ബക്രീദുമൊക്കെ ഗൾഫിലെ സംഗീതോൽസവങ്ങളിലാണ്. ഗൾഫിൽ ഇതുവരെ ആയിരത്തിലേറെ വേദികളിൽ പാടിക്കഴിഞ്ഞു. ഗൾഫിൽ ഏറ്റവും കൂടുതൽ വേദികളിൽ പാടിയ ഇന്ത്യൻ ഗായകനാണ് ഇന്ന് എരഞ്ഞോളി മൂസ!

തലശ്ശേരിക്കടുത്ത് എരഞ്ഞോളി ഗ്രാമത്തിൽ ജനിച്ച മൂസയെ വിശപ്പിന്റെ വേദന കാര്യമായി അലട്ടിയില്ല. പാട്ട് എന്ന ഉന്മാദം മറ്റെല്ലാം മായ്ച്ചുകളഞ്ഞിരുന്നു. കേട്ടുപഠിക്കാൻ ധാരാളം പാട്ടുകളോ പാടാൻ വേദികളോ ഇല്ലാതിരുന്ന അക്കാലത്ത് 45 വാട്സ് ആംപ്ലിഫ്ലൈയറും തെങ്ങിൽ കെട്ടിയ രണ്ടു കോളാമ്പി സ്പീക്കറുമുള്ള കല്യാണവീടുകളിലെ പഴയ അഹൂജ മൈക്കിലൂടെ ഒന്നോ അരയോ പാട്ടു പാടിയാൽ തീരുന്നതായിരുന്നില്ല ആ ഭ്രാന്ത്.

അങ്ങനെയിരിക്കെയാണ് എരഞ്ഞോളി ഗ്രാമീണ കലാസമിതി അരങ്ങാറ്റുപറമ്പ് ശ്രീനാരായണമഠത്തിൽ നാരായണഗുരു ജയന്തിക്ക് ഗാനമേള സംഘടിപ്പിക്കുന്നത്. 11 വയസ്സുകാരൻ മൂസയ്ക്കും കിട്ടി ഒരവസരം. എസ്.എം. കോയ എഴുതി സംഗീതമിട്ട

‘അരിമുല്ലപ്പൂമണമുള്ളോളേ

അഴകിലേറ്റം ഗുണമുള്ളോളേ... പാടി അരങ്ങാറ്റുപറമ്പിൽ അരങ്ങേറ്റം.

‘ജാതിഭ്രാന്തും മതഭ്രാന്തും ഇത്രത്തോളം ഇല്ലാതിരുന്ന ഒരു കാലത്ത് അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യമാണ്.’ എരഞ്ഞോളി മൂസ പറയുന്നു.

ഗ്രാമീണ കലാസമിതിയുടെ വേദികളിലെ താരമായിരുന്നെങ്കിലും, ‘ഇങ്ങനെ പാട്ടുംപാടി നടന്നാൽ മതിയോ?’ എന്ന ചോദ്യത്തിനു മുന്നിൽ തോൽക്കേണ്ടെന്ന് ആ കൗമാരക്കാരൻ തീരുമാനിക്കുന്നു. കണ്ണൂരിലെ അന്നത്തെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായിരുന്ന തലശ്ശേരിയിൽ അങ്ങനെ ഒരു ചുമട്ടുകാരൻ കൂടി ജനിക്കുന്നു.

ഭ്രാന്തുണ്ടോ മാറുന്നു. അന്നു തലശ്ശേരിയിലെ പ്രശസ്തമായ ‘ടെല്ലിച്ചേരി മ്യൂസിക്സ്’ ക്ലബ്ബിൽ ചേർന്നു. എല്ലാ പ്രതിഭകളുടെ ജീവിതത്തിലും ഉണ്ടാകും ഒരു ടേണിങ് പോയിന്റ്. അതായിരുന്നു മൂസയ്ക്ക് ആ ക്ലബ്. അവിടെവച്ചാണ് സംഗീത സംവിധായകൻ കെ. രാഘവന്റെ ശ്രദ്ധയിൽ മൂസയുടെ വിഷാദഛായയുള്ള സ്വരം പതിയുന്നത്. ‘ആകാശവാണിയിൽ ചേരൂ’ എന്ന് രാഘവൻ മാസ്റ്ററുടെ ഉപദേശം.

അത്ര സ്വയംമതിപ്പൊന്നും മൂസയ്ക്ക് ഇല്ലായിരുന്നു. അതുകൊണ്ട് പകൽ ചുമടെടുത്തും വണ്ടി ഉന്തിയും സായാഹ്നങ്ങളിൽ ക്ലബ്ബിന്റെ പരിപാടികളിൽ പങ്കെടുത്തും ജീവിതം മുന്നോട്ടു പോയി. വീണ്ടും രാഘവൻ മാസ്റ്റർ പിടികൂടി. ഇത്തവണ അദ്ദേഹത്തിന്റെ പക്കൽ ആകാശവാണിയുടെ ഓഡിഷൻ പരീക്ഷയിൽ പങ്കെടുക്കാനുള്ള അപേക്ഷയും ഉണ്ടായിരുന്നു.

മൂസയ്ക്കുവേണ്ടി രാഘവൻ മാസ്റ്റർ സ്വന്തം കൈപ്പടയിൽ ഫോം പൂരിപ്പിച്ചു. ഒടുവിൽ പേരെഴുതാൻ നേരം മൂസ വീട്ടുപേരു ചേർത്തു പറഞ്ഞു: ‘വലിയകത്തു മൂസ’... ‘ആ പേരിനു സുഖം പോരാ’ എന്നു പറഞ്ഞുകൊണ്ട് രാഘവൻ മാസ്റ്റർ ഫോമിൽ ഇങ്ങനെ എഴുതി, ‘എരഞ്ഞോളി മൂസ’.!

ആകാശവാണിയിലെ പുതിയ ശബ്ദം ആസ്വാദകർക്ക് ഇഷ്ടമായി. കോഴിക്കോട് ആകാശവാണി ചെന്നെത്തിയിടത്തെല്ലാം ‘എരഞ്ഞോളി മൂസ’ പേരെടുത്തു. തന്റെ പ്രിയശിഷ്യനു മികച്ച പരിഗണനയും പരിശീലനവും നൽകാൻ രാഘവൻ മാസ്റ്റർ ശ്രദ്ധവച്ചു. പി.എസ്. നമ്പീശന്റെ രചനയിൽ മാസ്റ്റർ സംഗീതം നൽകി മൂസ പാടിയ

‘കണ്ണീർമാളിക തീർത്തു ഒരു

കണ്ണാടി മാളിക തീർത്തു

വിധിയുടെ കല്ലേറു കൊണ്ടുടയാനായി

ചില്ലിന്റെ ജാലകം തീർത്തു മോഹത്തിൻ

ചില്ലിന്റെ ജാലകം തീർത്തു...’

എന്ന വിഷാദഗാനം അക്കാലത്തെ സൂപ്പർഹിറ്റുകളിൽ ഒന്നാണ്.

‘ആകാശവാണിയിൽ പാടിയ ആത്മസംതൃപ്തി പിന്നീട് ലോകത്തെ ഒരു സ്റ്റേജിൽനിന്നും എനിക്കു ലഭിച്ചിട്ടില്ല.’ അക്കാലത്തെ കൃപാപുരസ്സരം സ്മരിക്കുന്നു എരഞ്ഞോളി മൂസ.

അക്കാലത്താണ് ആദ്യ ഗൾഫ് യാത്ര പോകുന്നതും. തിരികെവന്നു പാട്ടുകൊണ്ടുതന്നെ ജീവിക്കാമെന്നു തീരുമാനിക്കുന്നതും.

മൂസയെ പ്രഫഷനൽ ഗായകനാക്കിയ ഭാഗ്യമുഹൂർത്തം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പി.ടി. അബ്ദുറഹ്മാന്റെ രചനയിൽ ചാന്ദ് പാഷ സംഗീതം നൽകിയ

‘മിഹ്റാജ് രാവിലെ കാറ്റേ

മരുഭൂ തണുപ്പിച്ച കാറ്റേ

കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന

കുളിരിൽ കുളിക്കുന്ന കാറ്റേ’ എന്ന ഗാനം എച്ച്എംവി റിക്കോർഡിനുവേണ്ടി പാടാൻ ക്ഷണം ലഭിക്കുന്നു. ‘മിഹ്റാജ് രാവിലെ കാറ്റ്’ എന്ന ആൽബത്തിലെ പ്രാരംഭഗാനമായിരുന്നു അത്. മലയാള മാപ്പിള ഗാനചരിത്രത്തിൽ ഏറ്റവും ഹിറ്റുകളിൽ ഒന്നായി അത്. നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മാപ്പിള ഗാനമേളകളിലെ അവിഭാജ്യ നമ്പർ.

പിന്നീടിങ്ങോട്ടു മൂസയുടെ നാളുകളായിരുന്നു. പിന്നീട് നൂറു കണക്കിന് ആൽബങ്ങളിലായി ആയിരക്കണക്കിനു ഗാനങ്ങൾ, വിവിധ രാജ്യങ്ങളിലായി ദിവസവും മൂന്നും നാലും സ്റ്റേജുകൾ, മറ്റു മാപ്പിള ഗായകരിൽനിന്നു വ്യത്യസ്തമായി ഒട്ടേറെ ലളിതഗാനങ്ങൾ പാടാനുമുള്ള ഭാഗ്യം... ഈ 75–ാം വയസ്സിലും എരഞ്ഞോളി മൂസയ്ക്കു തിരക്കോടു തിരക്ക്!

എങ്ങനെ ഈ ശബ്ദം നിലനിർത്തുന്നു? ‘എനിക്കു പ്രത്യേക സാധകമോ പരിശീലനമോ ഇല്ല. മാസം കുറഞ്ഞത് 20 ദിവസമെങ്കിലും പരിപാടി ഉണ്ടാകും. അതുതന്നെയാണു പരിശീലനം.’

ഇത്ര പ്രശസ്തനായ പാട്ടുകാരനായിട്ടും ഒരു ദുഃഖം മൂസയ്ക്കുണ്ട്. ‘സംഗീതം ശാസ്ത്രീയമായി പഠിക്കാൻ കഴിയാത്തതാണ് എന്റെ ഏറ്റവും വലിയ സങ്കടം. രാഘവൻ മാസ്റ്ററുടെ നിർദേശപ്രകാരം തിരുവങ്ങാട് കുഞ്ഞിക്കണ്ണൻ ഭാഗവതരിൽനിന്ന് കർണാടക സംഗീതം അൽപ കാലം പഠിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം തുടരാൻ കഴിഞ്ഞില്ല. ശരത്ചന്ദ്ര മറാഠേയിൽനിന്ന് പഠിച്ച കുറച്ചു ഹിന്ദുസ്ഥാനിയേ കൈവശമുള്ളൂ.’

മാപ്പിളഗാനങ്ങളുടെ പുതിയ ശൈലിയിൽ ഈ കാരണവർക്ക് ഒട്ടും മതിപ്പില്ല. മാപ്പിളപ്പാട്ടിന് ഒരു പാരമ്പര്യമുണ്ട്. അതേ കാലത്തെ അതിജീവിക്കൂ. ചാനലുകൾക്കും പത്രങ്ങൾക്കും നിങ്ങളെ പ്രശസ്തരാക്കാനേ കഴിയൂ. രംഗത്ത് നിൽക്കണമെങ്കിൽ നിരന്തരം പരിപാടി വേണം. അതിനു വിട്ടുവീഴ്ച ചെയ്യേണ്ടി വരും.’

‘പതിനാലാം രാവ്’ എന്ന സിനിമയിൽ പൂവച്ചൽ ഖാദറിന്റെ രചനയിൽ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ ‘മണവാട്ടി കരംകൊണ്ട് മുഖം മറച്ച്...’ (വിളയിൽ വൽസലയ്ക്കൊപ്പം) എന്ന ഗാനത്തിൽ മാത്രമേ മൂസയെ സിനിമയിൽ കേട്ടിട്ടുള്ളൂ. ‘സിനിമയിൽ പാടാനുള്ള അറിവെനിക്കില്ല. അതിനു നല്ല ക്ലാസിക്കൽ ജ്ഞാനം വേണം.

പക്ഷേ, അഭിനയിക്കാൻ തനിക്കു കഴിവുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. കമൽ സംവിധാനം ചെയ്ത ‘ഗ്രാമഫോൺ’ എന്ന സംഗീതനിർഭരമായ സിനിമയിൽ ആദ്യന്തം നിറഞ്ഞുനിൽക്കുന്ന ‘ലൂയി അങ്കിൾ’ എന്ന കഥാപാത്രത്തിലൂടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA