കുഞ്ഞല്ലേ...ഇളയരാജയ്ക്കു മുന്നിൽ അവളൊന്നു പരുങ്ങിനിന്നു...!

ilayaraaja
SHARE

ആൻ ബെൻസൺ എന്ന പന്ത്രണ്ടുകാരി ഒരു നിധിപോലെ ഇപ്പോൾ സൂക്ഷിച്ചുവച്ചിരിക്കുന്നത് ഒരു ‘ടാഗാ’ണ്. ‘ഇസൈ കൊണ്ടാടും ഇസൈ’ എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. ആ പരിപാടിയിൽ അവളെന്തായിരുന്നുവെന്നും വിശേഷിപ്പിച്ചിട്ടുണ്ട്: ഗായിക!

ഈ ബാലികയ്ക്കു തൊട്ടുമുൻപ് ആ വേദിയിൽ ഒരുമിച്ചു തേന്മഴ ചൊരിഞ്ഞത് രണ്ട് ഇതിഹാസങ്ങളായിരുന്നു. കെ.ജെ യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും. അവൾക്കു ശേഷമോ, തമിഴ് സംഗീതലോകത്തിന്റെ രോമാഞ്ചമായ മനോ! ആ ‘പ്രോഗ്രാം ടാഗ്’ അവൾക്ക് എങ്ങനെ അമൂല്യനിധിയല്ലാതാകും! മറ്റാരുമല്ല, സാക്ഷാൽ ‘ഇസൈജ്ഞാനി’ ഇളയരാജയാണ് ഈ മലയാളിക്കുരുന്നിനെ തമിഴ് സംഗീതലോകത്ത് അവതരിപ്പിച്ചത്. ആ വേദിയിൽ പാടിയ മൂന്നാളെക്കുറിച്ചു പറഞ്ഞു. ഇനിയുണ്ട് മഹാഗായകരുടെ നിര. ബോംബെ ജയശ്രീ, സുധാ രഘുനാഥ്, ഉഷാ ഉതുപ്പ്... ഈ പ്രായത്തിൽ ഇങ്ങനെ ഒരു അരങ്ങേറ്റം ഒരു പാട്ടുകാരിക്ക് അടുത്തെങ്ങും ലഭിച്ചിട്ടുണ്ടാകുമോ? സംശയമാണ്. 

ത്രസിപ്പിക്കുന്ന ആ വേദിയിൽ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കയ്യിൽ പാട്ടെഴുതിവച്ച ഡയറിയുമായി അവൾ കയറിവന്നപ്പോൾ അതു വയ്ക്കാൻ ‘നൊട്ടേഷൻ സ്റ്റാൻഡ്’ ഇല്ലായിരുന്നു. കുഞ്ഞല്ലേ, അവളൊന്നു പരുങ്ങിനിന്നു. കാര്യം മനസ്സിലായതു തൊട്ടടുത്തുനിന്ന ഇളയരാജയ്ക്കു മാത്രമാണ്. തന്റെ ‘നൊട്ടേഷൻ സ്റ്റാൻഡ്’ അവൾക്കായി അദ്ദേഹം എടുത്തു മുന്നിൽ വച്ചുകൊടുത്തു. 

‘വൈദേഹി കാത്തിരുന്താൾ’ എന്ന ചിത്രത്തിൽ എസ്. ജാനകി അവിസ്മരണീയമാക്കിയ ‘അഴക് മലരാട’... അവൾ‌ പാടിത്തുടങ്ങി. ഒരു ശങ്കയുമില്ലാതെ, പരിഭ്രമവുമില്ലാതെ! ഇരുപത്തിയഞ്ചോളം വിദേശസംഗീതജ്ഞരടക്കം 100 കലാകാരന്മാർ അവൾക്ക് അപ്പോൾ അകമ്പടി തീർത്തു. പാടിത്തീർന്നപ്പോൾ അവൾ ഒരാളുടെ മുഖത്തേക്കു മാത്രമേ നോക്കിയുള്ളൂ. 

‘‘സാർ എന്നെ നോക്കി ചിരിച്ചു, നന്നായെന്ന് ആംഗ്യം കാണിച്ചു.’’ എത്തിച്ചേർന്ന മായാലോകത്തുനിന്ന് ഇനിയും മുക്തമാകാത്ത നിഷ്കളങ്കതയോടെ ആൻ പറഞ്ഞു. 

∙ ആ വിളി വന്ന വഴി

എല്ലാം ഒരു സ്വപ്നംപോലെ തന്നെയാണ്. പാട്ട് അവൾക്കു രക്തത്തിലുണ്ട്. മലയാള സംഗീതലോകത്തെ എക്കാലത്തെയും പ്രതിഭകളിലൊരാളായ ബ്രഹ്മാനന്ദന്റെ കുടുംബത്തിൽപ്പെട്ടവൾ. ജംഗിൾബുക്കിലെ ‘ചെപ്പടിക്കുന്നിൽ’ എന്ന ഒറ്റപ്പാട്ടിലൂടെ മലയാളി ഇഷ്ടപ്പെടുന്ന ഗായിക തിരുവനന്തപുരം സ്വദേശി ലക്ഷ്മി രംഗന്റെയും ഗായകനും സൗണ്ട് എൻജിനീയറുമായ എൽ.ജെ. ബെൻസണിന്റെയും ഏകമകൾ. 

തമിഴ് ചാനൽ ലോകത്തെ ശ്രദ്ധേയ സംഗീതപരിപാടിയായ ‘സൺ സിങ്ങർ’ കിരീടമാണ് ആനിന് ഇളയരാജയുടെ അടുത്തേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. അവിടെ ഓർക്കസ്ട്രയ്ക്കു നേതൃത്വം കൊടുത്തിരുന്ന ശശികുമാർ ആനിലെ പ്രതിഭയെ വേഗം തിരിച്ചറിഞ്ഞു. ‘രാജാസാറിനോട് ഇവളെക്കുറിച്ചു പറയും’’.

പലരും നൽകിയ വാഗ്ദാനങ്ങളിലൊന്നായി മാത്രമേ ബെൻസണും ലക്ഷ്മിയും അതു കണക്കിലെടുത്തുള്ളൂ. പക്ഷെ, ഒരുമാസം മുൻപു ശശികുമാർ വിളിച്ചു. പിറ്റേന്നു രാവിലെ ചെന്നൈയിൽ, ഇളയരാജയുടെ റെക്കോഡിങ് സ്റ്റുഡിയോയിലെത്തണം. പാട്ടു കേൾക്കാൻ രാജാസാർ തയാറാണ്. സന്ദേശം കിട്ടുന്നത് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ. പിറ്റേന്നു രാവിലെ പത്തുമണിക്കു ചെന്നൈയിലെത്തണം. ജീവിതത്തിൽ ഒരേയൊരു തവണ കിട്ടുന്ന ആ അവസരത്തിൽ അവർ മടിച്ചുനിന്നില്ല. ലക്ഷ്മിയും ആനും പറന്നു. 

ഇളയരാജയെ കണ്ടതോടെ ലക്ഷ്മി സന്തോഷംകൊണ്ടു കരഞ്ഞു തുടങ്ങി. സ്റ്റുഡിയോയിൽ രാജയും മാനേജരും മാത്രം. ആനിന്റെ തോളിൽ തട്ടി ഇളയരാജ ചോദിച്ചു: ‘നീ പാടുന്നോ’ . കണ്ണീരണിഞ്ഞുനിന്ന അമ്മയോട്, അവൾ ഡയറി തരാൻ പറഞ്ഞു. മൈക്കോ അകമ്പടിയോ ഒന്നുമില്ല. ആ സവിധത്തിൽ  അദ്ദേഹത്തിന്റെ തന്നെ സൃഷ്ടി അവൾ പാടിത്തുടങ്ങി. ‘കോടൈ മഴൈ’ എന്ന ചിത്രത്തിലെ കെ.എസ്. ചിത്ര പാടിയ ‘കാറ്റോട് കുഴലിൽ നാദമേ....’’മുഴുവനും കേട്ടശേഷം ഒരു ചിരി മാത്രം സമ്മാനിച്ച് ഇരുവർക്കുമൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത് രാജ മടങ്ങി. ലക്ഷ്മിയുടെയും മകളുടെയും മുഖത്തു നിരാശ പടർന്നു. പാട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്ന് ഇരുവരും തീർച്ചപ്പെടുത്തി. രണ്ടു മണിക്കൂർ കഴി‍ഞ്ഞില്ല, മാനേജരുടെ വിളി വന്നു. ജൂൺ രണ്ടിന്റെ പരിപാടിക്കു തയാറാകുക, ഇളയരാജയുടെ 76–ാം പിറന്നാളാഘോഷം. അതിൽ അദ്ദേഹം അവളെ അവതരിപ്പിക്കും. വിചാരിച്ചതിലും നന്നായി പാടിയെന്നു രാജാസാർ പറഞ്ഞുവെന്നു കൂടി അവളോടു പറയുക. ദിവസങ്ങൾക്കുശേഷം വാട്സാപ്പിൽ പരിപാടിയുടെ വാർത്താക്കുറിപ്പ് അവർക്കു ലഭിച്ചു. വർഷങ്ങൾ നീണ്ട പരിഭവത്തിനുശേഷം ഇളയരാജയുടെ വേദിയിൽ എസ്.പി. ബാലസുബ്രഹ്മണ്യം പാടുന്നുവെന്നതു തന്നെയായിരുന്നു തമിഴകത്തെ വലിയ വാർത്ത. മഹാഗായകരുടെ പട്ടിക നിരത്തിയശേഷം ഒരു കാര്യംകൂടി വാർത്താക്കുറിപ്പിലുണ്ടായി: ‘ഇവർക്കൊപ്പം  ഉദിച്ചുയരുന്ന ഒരു കൊച്ചു സൂപ്പർതാരവും അന്നു പാടും’.  

പിന്നീടു റിഹേഴ്സലിനായി ഒരു വട്ടംകൂടി രാജാസാറിനു മുന്നിൽ. പഠിച്ചുവരാൻ പറഞ്ഞ രണ്ടു പാട്ടുകൾ ഹൃദിസ്ഥമാക്കിയോയെന്ന് അന്വേഷിച്ച അദ്ദേഹം പെട്ടെന്ന് മറ്റൊരു ഗാനമറിയുമോയെന്നു ചോദിച്ചു. പരിശീലിച്ചിട്ടില്ലാത്തത് ആയിരുന്നുവെങ്കിലും ‘അറിയാ’ മെന്ന മറുപടിയാണ് അവളിൽനിന്നുണ്ടായത്. പക്ഷേ വരികൾ അറിയില്ല. ഫോണിൽ നോക്കി പകർത്തിയശേഷം പാടൂവെന്നായി നിർദേശം. തയാറാകാൻ ലഭിച്ചത് ഏറിയാൽ അരമണിക്കൂർ. ‘അഴക് മലരാടാ’... എന്ന അൽപം പ്രയാസമുള്ള ‘ജാനകിയമ്മപ്പാട്ട്’ ആ പന്ത്രണ്ടുകാരിക്ക് വച്ചുനീട്ടി. 

aanbenson family

ചെന്നൈ ഇ. വി. പി. ഫിലിം സിറ്റിയിലെ മഹാവേദി. ഊഴം പതിനാലാമതെന്നായിരുന്നു അറിയിപ്പ്. ലോകമറിയുന്ന ഗായകരും  തിരക്കുമെല്ലാമായപ്പോൾ കുരുന്നിന്റെ കാര്യം മറന്നെങ്ങാനും പോകുമോയെന്നായി മാതാപിതാക്കൾക്കു ശങ്ക. പതിനാലാമതു വിളിച്ചതുമില്ല. ഗായകർക്കൊപ്പമുണ്ടായിരുന്ന മധു ബാലകൃഷ്ണൻ അവളെ എടുത്തുപൊക്കി. ഇളയരാജ കാണണമല്ലോ! അദ്ദേഹം അതുകണ്ടു ചിരിച്ചു, വിളി വരുമെന്നു പറഞ്ഞു. അത് അധികം നീണ്ടുപോയില്ല. 

തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ആ സ്കൂളിൽ അധ്യാപിക കൂടിയായ അമ്മ തന്നെയാണു ഗുരു. എത്ര സംഗതികൾ നിറഞ്ഞ ഗാനവും നിമിഷങ്ങൾക്കകം ഹൃദിസ്ഥമാക്കാനും പൂർണതയോടെ അവതരിപ്പിക്കാനുമുള്ള കഴിവാണ് മകളിൽ അമ്മ കാണുന്നത്. ‘ഇസൈ കൊണ്ടാടും ഇസൈ’ ചെന്നൈയിൽ അവസാനിക്കുന്നില്ല. കോയമ്പത്തൂരിൽ ഇളയരാജയുടെ അടുത്ത വേദിയൊരുങ്ങുകയാണ്. ‘ചിന്നപ്പൊണ്ണ്’, അവിടെയും പാടാനുണ്ടാകും. ആ ക്ഷണം ഇങ്ങെത്തിക്കഴിഞ്ഞു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA