ADVERTISEMENT

‘മൗനത്തിൻ  ഇടനാഴിയിൽ’, ‘സ്വർഗങ്ങൾ സ്വപ്നം കാണും..’ ഭരതന്റെ മാളൂട്ടിയിലെ പഴവിള രമേശൻ എഴുതിയ ഈ രണ്ടു ഗാനങ്ങളും സൂപ്പർഹിറ്റുകളായി. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങളുടെ പട്ടികയിൽ ഈ പാട്ടുകളുണ്ട്. ഇനി പാട്ടെഴുത്തില്ല എന്നു പഴവിള പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആ തീരുമാനം മാറ്റി ഈ ചിത്രത്തിനുവേണ്ടി എഴുതിയത്. 

 

എഴുതാൻ ഭരതൻ ആവശ്യപ്പെടുമ്പോൾ പഴവിളയുടെ അമ്മാവൻ കാൻസർ ചികിത്സയിലാണ്. പ‌ഴവിളയാ​ണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഇതിനിടയിൽ പാട്ടെഴുതാൻ പറ്റുമോ എന്ന കാര്യം സംശയമായിരിക്കുമ്പോഴാണു ഭരതന്റെ പ്രഖ്യാപനമുണ്ടായത്: ഇനിയും പേരിട്ടില്ലാത്ത സിനിമയിലെ ഗാനങ്ങൾ പഴവിള രമേശൻ എഴുതും. സംഗീത സംവിധാനം –ജോൺസൺ. പെട്ടുപോയെന്നു പഴവിളയ്ക്കു മനസ്സിലായി. തലയൂരാൻ കഴിയില്ലെന്ന് ഏതാണ്ടുറപ്പായി. പിന്നാലെ തിരക്കഥാകൃത്ത്  ജോൺപോളിന്റെ വിളിയെത്തി.

 

‘പഴവിളേ.. പടത്തിന്റെ പേരുകിട്ടി ,മാളൂട്ടി.. ! ഭരതനും ഇഷ്ടപ്പെട്ടു. അപ്പോൾ മുതൽ മനസ്സു മാളൂട്ടിയിലേക്ക് മാറുകയായിരുന്നു. അങ്ങനെയാണ് ഈ 2 പാട്ടുകളും പിറന്നത്. ആത്മസുഹൃത്തായിരുന്ന ഹരി പോത്തന്റെ നിർബന്ധപ്രകാരമാണു പഴവിള സിനിമയ്ക്കു പാട്ടെഴുതി തുടങ്ങുന്നത്. സർ സി.പി. നിരോധിച്ച, പൊൻകുരിശ് എന്ന നാടകത്തിനുവേണ്ടി വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം ഗാനങ്ങളെഴുതിയിരുന്നു. പിന്നീട് ഒട്ടേറെ നാടക ഗാനങ്ങളെഴുതി. കെപിഎസിയുമായും തോപ്പിൽ ഭാസിയുമായും ഉറ്റബന്ധം സൂക്ഷിച്ചു.  വയലാറും സി.ജെ.തോമസും ചങ്ങാതിമാർ. പഴവിളയുടെ ആദ്യ കവിതാസമാഹാഹാരത്തിനു സി.ജെ .തോമസ് എഴുതിയ അവതാരികയ്ക്കു തന്നെ 100 പേജുണ്ടായിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com