ADVERTISEMENT

(ഗായത്രി ശ്രീകൃഷ്ണനെയും ഭർത്താവും പുല്ലാങ്കുഴല്‍ വിദഗ്ധനുമായ ജി.എസ്. ശ്രീകൃഷണനെയും കുറിച്ച് മുൻപ് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ലേഖനം)

പുല്ലാങ്കുഴൽ നാദത്താൽ ആസ്വാദക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ജി.എസ്. ശ്രീകൃഷ്ണനും ഒറ്റഗാനം കൊണ്ട് മലയാളിയുടെ പാട്ടുമനസ്സിനെ കീഴടക്കിയ ഗായത്രി ശ്രീകൃഷ്ണനും –സംഗീത ചരിത്രത്തിലെ അപൂർവ സംഗമമാണ് ഇൗ ദമ്പതികൾ.

ആറാം വയസ്സിൽ സംഗീത അഭ്യസനം തുടങ്ങി എട്ടാം വയസ്സിൽ തൃശൂർ പാറേമേക്കാവ് അമ്പലത്തിൽ നവരാത്രിക്ക് കച്ചേരി നടത്തിയാണ് ശ്രീകൃഷ്ണൻ ഫ്ലൂട്ടിൽ സംഗീത യാത്രയ്ക്കു തുടക്കം കുറിച്ചത്. ആകാശവാണിയിൽ ആർട്ടിസ്റ്റായി ചേർന്ന് സ്റ്റേഷൻ ഡയറക്ടറായി വിരമിച്ചു.

‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണ’മൊരുക്കിയ പാട്ടുകൊണ്ട് സംഗീതാസ്വാദകരുടെ ഇഷ്ട ഗായികയായിത്തീർന്നു ഗായത്രി ശ്രീകൃഷ്ണൻ.

രണ്ടു പേർക്കും പ്രായവും രോഗവും നൽകിയ അവശതകളുണ്ട്. എങ്കിലും മനസ്സ് ഇപ്പോഴും സംഗീത സാന്ദ്രം.

ഗുരുവായൂർ സ്വദേശിയാണ് ശ്രീകൃഷ്ണൻ. അച്ഛൻ ശങ്കരനാരായണയ്യർ തൃശൂർ സെന്റ് തോമസ് കോളജ് അധ്യാപകൻ. അമ്മ കനകാംബാൾ നന്നായി പാടുമായിരുന്നു. മകന് സപ്തസ്വരങ്ങൾ പറഞ്ഞുകൊടുത്തത് അമ്മയാണ്. ഫ്ലൂട്ട് വീട്ടിലുണ്ടായിരുന്ന ശ്രീകൃഷ്ണൻ വായിക്കാൻ ശ്രമിക്കുന്നതു കണ്ടപ്പോൾ അച്ഛനാണ് ശ്രീകൃഷ്ണനെ തൃശൂർ കൃഷ്ണഭാഗവതരുടെ അടുത്ത് എത്തിക്കുന്നത്. മൂന്നു മാസമേ ആദ്യ ഗുരുവിന്റെ പക്കൽ പഠിക്കാൻ കഴിഞ്ഞുള്ളൂ.

പിന്നീട് ടി.കെ.ആർ. മഹാലിംഗം ഗുരുവായി. തൃശൂരിൽ ഫ്ലുട്ട് വായിക്കാൻ വന്നപ്പോൾ അച്ഛൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതാണ്. പിന്നീട് ജനാർദനൻ, രാമചന്ദ്രൻ എന്നീ സഹോദരന്മാരായി ഗുരുക്കന്മാർ. കൂടുതലും സ്കൂൾ അവധിക്കാലത്താണ് ഇവരുടെ അടുത്ത് പഠിക്കാൻ പോയിരുന്നത്.

എട്ടാം വയസ്സിൽ‌ ആദ്യ കച്ചേരി നടത്തിയപ്പോൾ കോമാട്ടിൽ അച്യുതമേനോൻ സമ്മാനമായി ഒരു ശ്രുതിപ്പെട്ടി നൽകിയത് വലിയ പ്രോത്സാഹനമായി.

ബാലനായിരിക്കുമ്പോൾതന്നെ പ്രോഗ്രാം ചെയ്തു പേരെടുത്തു. അങ്ങനെയാണ് കോഴിക്കോട് ആകാശവാണിയിലെത്തുന്നത്. 15 വയസ്സുള്ളപ്പോൾ റേഡിയോ പരിപാടികളിൽ പങ്കെടുത്തു. മൈനറായതിനാൽ പ്രതിഫലമായി നൽകുന്ന ചെക്ക് വാങ്ങാൻ അച്ഛനെയും കൂട്ടിയാണ് വന്നിരുന്നത്. 1954 ഡിസംബറിൽ ആകാശവാണിയിൽ പരിപാടിക്ക് വന്നപ്പോൾ സ്റ്റേഷൻ ഡയറക്ടർ പി.വി. കൃഷ്ണമൂർത്തി കാണണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തെ കണ്ടു. ഫ്ലൂട്ട് ആർട്ടിസ്റ്റായി ശ്രീകൃഷ്ണനെ ആകാശവാണിയിൽ നിയമിക്കുകയും ചെയ്തു.

പ്രശസ്തരായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ആകാശവാണിയിൽ‌ നിയമിച്ചത് കൃഷ്ണമൂർത്തിയുടെ കാലത്താണ്. ഉറൂബ്, അക്കിത്തം, തിക്കോടിയൻ, കക്കാട് തുടങ്ങിയ സാഹിത്യകാരൻമാർ അങ്ങനെ ആകാശവാണിയുടെ ഭാഗമായി. കെ. രാഘവൻ, ചിദംബരനാഥ്, പി. ഭാസ്കരൻ തുടങ്ങിയവരും അക്കാലത്ത് ആകാശവാണി പരിപാടികളെ സമ്പന്നമാക്കി.

റേഡിയോ പരിപാടികൾക്കായി കാതോർത്തിരുന്ന കാലമാണത്. ഞായറാഴ്ചകളിലെ സിനിമ ശബ്ദരേഖകളും ‘നിങ്ങൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും’ നാടകങ്ങളും കേൾക്കാൻ ജനങ്ങൾ വായനശാലകളിലും പാർക്കുകളിലുമുള്ള റേഡിയോയ്ക്കു മുന്നിൽ തടിച്ചുകൂടി.

രാവിലെ റേഡിയോ ഓൺ ചെയ്ത് റേഡിയോ സമയത്തിന് അനുസരിച്ച് പ്രഭാത പാചകവും കുട്ടികളെ സ്കൂളിലേക്ക് ഒരുക്കിവിടലും വീട്ടമ്മമാർ നടത്തിയിരുന്ന 1960കളും എഴുപതുകളും ആകാശവാണിയുടെ പ്രതാപകാലമായിരുന്നു.

അന്ന് തിരുവനന്തപുരം, കോഴിക്കോട് സ്റ്റേഷനുകൾ തമ്മിൽ പ്രോഗ്രാമുകൾ റിലേ ചെയ്തിരുന്നത് ടെലിഫോൺ ലൈനിലൂടെയാണെന്ന് ശ്രീകൃഷ്ണൻ ഓർക്കുന്നു. അതിനാൽ ലൈനിലെ എല്ലാ കുഴപ്പങ്ങളും റിലേ ചെയ്തുവരുന്ന ശബ്ദത്തേയും ബാധിച്ചിരുന്നു. എല്ലാ പരിപാടികളും ‘ലൈവായി’ ആണ് അന്ന് പ്രക്ഷേപണം ചെയ്തിരുന്നത്. അതിനിടെ കോഴിക്കോട് സ്റ്റേഷൻ അടച്ചുപൂട്ടാനും ശ്രമം നടന്നു. കെ.പി. കേശവമേനോന്റെയും മറ്റും ശ്രമംമൂലം അതു തടയാൻ കഴിഞ്ഞു.

കച്ചേരികൾക്കു പുറമേ ശ്രീകൃഷ്ണൻ ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതം പകർന്നു.

ഡോ. അൽദോ മരിയ പത്രോണി കോഴിക്കോട് ബിഷപായിരുന്നപ്പോൾ ‘വിശ്വദീപം’ എന്ന പേരിൽ‌ മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ഡാൻസ് ഡ്രാമ ഒരുക്കിയത് ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.

കാപ്പിൽ‌ വി. സുകുമാരനാണ് സ്ക്രിപ്റ്റ് തയാറാക്കിയത്. ഓരോ സീനും ഓരോ കോൺവന്റുകളാണ് അവതരിപ്പിച്ചത്. ബിഷപും ഫാ. വെർഗോട്ടിനിയും എല്ലാ സഹായ സഹകരണങ്ങളും ചെയ്തു കൊടുത്തു.

സംഗീതം നൽകിയത് ശ്രീകൃഷ്ണനാണ്. കോഴിക്കോട് ബിഷപ്സ് ഹൗസിൽവച്ചാണ് വരികൾക്ക് ട്യൂണിട്ടത്. അതിൽ ക്രിസ്തു പാടുന്ന പാട്ടുണ്ട്. എത്ര ശ്രമിച്ചിട്ടും ട്യൂൺ കിട്ടുന്നില്ല. ‘ഞാൻ അടുത്തുള്ള ചാപ്പലിൽ കയറിയിരുന്നു. ആ പ്രാർത്ഥനാന്തരീക്ഷത്തിൽ എനിക്ക് ട്യൂൺ തെളിഞ്ഞു കിട്ടി. എന്നെ അന്വേഷിച്ച് ബിഷപും ഫാ. വെർഗോട്ടിനിയും വന്നപ്പോൾ ചാപ്പലിൽ ഏകാഗ്രതയിലിരിക്കുന്ന എന്നെയാണ് കണ്ടത്. ട്യൂണിട്ട് ഇറങ്ങി വരുന്നതുവരെ അവർ നിശബ്ദം കാത്തുനിന്നു–സംഗീത ജീവിതത്തിൽ ദൈവികമായ ഇടപെടൽ ശ്രീകൃഷ്ണൻ ഓർമിക്കുന്നു. ‘വിശ്വദീപം’ ഗംഭീരമായി അവതരിപ്പിച്ചു. പരിപാടി റെക്കോർഡു ചെയ്യുന്ന സംവിധാനം അന്നില്ലാത്തതിനാൽ ഇൗ പരിപാടിയുടെ ഒരു ശേഷിപ്പും ഇല്ലാതെ പോയതിൽ ശ്രീകൃഷ്ണന് ദുഃഖമുണ്ട്.

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ ഇന്റർവ്യൂ ജയിച്ച് 1975ൽ ശ്രീകൃഷ്ണൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവായി. ഇന്ത്യയിലെ വിവിധ സ്റ്റേഷനുകളിലും ഡൽഹി ഡയറക്ടറേറ്റിലും ജോലി ചെയ്തു.

മദ്രാസിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായിരിക്കുമ്പോഴാണ് ആന്ധ്രയിലെ കടപ്പ സ്റ്റേഷനിൽ സമരം നടക്കുന്നത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച സമരം കൈകാര്യം ചെയ്യാൻ ശ്രീകൃഷ്ണനെയാണ് നിയോഗിച്ചത്.

എൻ.ടി. രാമറാവുവാണ് അന്ന് ആന്ധ്ര മുഖ്യമന്ത്രി. സ്റ്റേഷനിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്യാനാണ് സമരക്കാരുടെ തീരുമാനം. മുഖ്യമന്ത്രിയുടെ പാർട്ടി നയിക്കുന്ന യൂണിയനും സമരത്തിലുണ്ട്.

മുഖ്യമന്ത്രി വന്നപ്പോൾ കാണാൻ ശ്രമിച്ചു. കലാകാരനെന്ന നിലയിൽ പരിഗണന കിട്ടി. വല്ലപ്പോഴും പ്രോഗ്രാം അവതരിപ്പിക്കാൻ വരുന്ന എല്ലാവരെയും സ്ഥിരപ്പെടുത്തുകയെന്നത് പ്രായോഗികമല്ലെന്നു പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്കും ബോധ്യപ്പെട്ടു. അങ്ങനെ ആ സമരം അവസാനിപ്പിക്കാൻ കഴിഞ്ഞു. കൊച്ചി എഫ്എം സ്റ്റേഷന്റെ തുടക്കക്കാരനും ശ്രീകൃഷ്ണനാണ്.

ഗായത്രി വോയ്സ് ആർട്ടിസ്റ്റായാണ് കോഴിക്കോട് ആകാശവാണിയിൽ ജോലിയിൽ കയറുന്നത്. ‘രാരിച്ചൻ എന്ന പൗരൻ’ സിനിമയുടെ നിർമ‍ാതാവായ ടി.കെ. പരീക്കുട്ടി ‘നമ്മുടെ കുട്ടിയെക്കൊണ്ടു പാടിക്കണ’മെന്നു നിർബന്ധം പിടിച്ചതുകൊണ്ടാണ് ‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്നു തുടങ്ങുന്ന പാട്ട് ശാന്താ പി. നായർക്കൊപ്പം പാടാൻ അവസരം കിട്ടിയതെന്ന് ഗായത്രി ഓർക്കുന്നു. അന്ന് ഗായത്രി ചെറിയ കുട്ടിയാണ്. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഇൗ പാട്ട് മലയാളികളുടെ ചുണ്ടിലെ ഇഷ്ടഗാനമാണ്. പഠനം കഴിഞ്ഞയുടൻ‌ ആകാശവാണിയിൽ ജോലി കിട്ടി. റേഡിയോയിലെ പ്രശസ്തമായ ‘ബാലലോക’ത്തിൽ കുറേക്കാലം ‘ചേച്ചി’യായിരുന്നു.

ഗായത്രിക്ക് പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. അധികം സംസാരിക്കാനും ഏറെനേരം ഇരിക്കാനും വയ്യ.

ഇൗ ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്– സുജാതയും രാജനും. സുജാത ഡൽഹിയിൽ ഐടി രംഗത്തു പ്രവർത്തിക്കുന്നു. രാജൻ ലോക പ്രശസ്ത ഫ്ലൂട്ട് ആർട്ടിസ്റ്റാണ്. സംഗീത നാടക അക്കാദമിയിലെ ജോലിക്കു ശേഷം അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സ്ഥിരതാമസം. വിവിധ രാജ്യങ്ങളിലെ കച്ചേരികൾക്കു പുറമേ ക്ലാസുമെടുക്കുന്നുണ്ട്.

വെള്ളിമാടുകുന്ന് സി.എച്ച്. കോളനിയിലെ വീട്ടിൽ സമ്പന്നമായ സംഗീത സ്മൃതികളുമായി ഇൗ ദമ്പതികൾ കഴിയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com