അത്ഭുതമായിരുന്നു അയാൾ. ഒരു മിന്നൽപ്പിണർ! ഇന്ത്യൻ ഗായക ഇതിഹാസങ്ങളായ യേശുദാസ്, മുഹമ്മദ് റഫി, ലതാ മങ്കേഷ്കർ തുടങ്ങിയവർക്കൊന്നും കിട്ടാത്തത്ര വലിയ ആരാധക വൃന്ദം, രാജ്യത്തെ ഏറ്റവും മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് തുടർച്ചയായി 5 വർഷം!
ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടി റിക്കോർഡ് ചെയ്തതിനുള്ള ഗിന്നസ് റെക്കോർഡ് (28 പാട്ട്), അതിനുമപ്പുറം ഒരു തലമുറ മുഴുവൻ സാജന്റെ (കാമുകന്റെ) പര്യായമായി കരുതിയ ശബ്ദം, വളരെ ചെറിയ പ്രായത്തിലേ പത്മശ്രീ... കുമാർ സാനു. അദ്ദേഹം ഇപ്പോൾ എവിടെ?
ഇത്രയേറെ കൊട്ടിഘോഷിപ്പിക്കപ്പെട്ട ഗായകൻ കുമാർ സാനുവിനെപ്പറ്റി കഴിഞ്ഞ 15 വർഷമായി ആരും സംസാരിക്കുന്നില്ല. 1986ൽ തിൻ കന്യ എന്ന ബംഗ്ലദേശ് സിനിമയിൽ ആരംഭിച്ച കുമാർ സാനുവിന്റെ ഏറ്റവും വലിയ ഹിറ്റ് ഏതായിരുന്നു? ഓരുരുത്തർക്കും പറയാൻ ഓരോ പാട്ടുണ്ടാവും.
1990ൽ നദിം– ശ്രാവന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ആഷിഖിയിലൂടെയാണ് അദ്ദേഹം രാജ്യത്തെ പിടിച്ചു കുലുക്കിയത്. ‘ധീരെ ധീരെ സെ മേരി സിന്ദഗീ മേ ആനാ..., യേ മേരി സിന്ദഗി..., നസർ കെ സാംനെ... തുടങ്ങി എല്ലാ പാട്ടും ഹിറ്റായ അപൂർവതയായിരുന്നു ആഷിഖിയുടെ പ്രത്യേകത. 90ലെ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് ആഷിഖിയിലൂടെ കുമാർ സാനുവിനെ ആദ്യമായി തേടിയെത്തി. പീന്നീടുള്ള നാലു വർഷവും ഈ ബഹുമതി. ഏതൊരു ഗായകനും അസൂയയോടെ കൊതിക്കുന്ന ഉയരം. (1991ൽ സാജൻ, 92ൽ ദീവാന, 93ൽ ബാസിഗർ, 94ൽ 1942 എ ലൗവ് സ്റ്റോറി.)
1957 സെപ്തംബർ 22നു കൊൽക്കത്തയിൽ ശാസ്ത്രീയ സംഗീത വിദഗ്ധനായ പശുപതി ഭട്ടാചാര്യയുടെ മകനായ ജനിച്ച കുമാർ സാനുവിന്റെ യഥാർഥ പേര് കേദാർനാഥ് ഭട്ടാചാര്യ എന്നാണ്. മുകേഷിനും റഫിക്കും കിഷോറിനും ശേഷം ഹിന്ദി സിനിമയിൽ പലരും വന്നുപോയെങ്കിലും അവർക്കു സമശീർഷമായ സ്ഥാനം നേടിയ ഗായക വ്യക്തിത്വമാണു കുമാർ സാനു.
ആദ്യകാലത്തു കിഷോർ കുമാറിനെ അനുകരിച്ചു ഹോട്ടൽ ഗാനമേളകളിൽ പാടിയിരുന്ന കുമാർ സാനുവിനോടു സ്വന്തം ആലാപന ശൈലി രൂപീകരിക്കാൻ ആവശ്യപ്പെട്ടതു കല്യാൺജി– ആന്ദന്ദ്ജിമാരാണ്. കുമാർ സാനു എന്ന പേരു സമ്മാനിച്ചതും ഇവരാണ്. ഇവർ സംഗീതം നൽകിയ ജാദൂഗർ ആണു സാനുവിന്റെ ആദ്യ ശ്രദ്ധേയ ചിത്രം.
പിന്നീട് ഒരു ജൈത്രയാത്രതന്നെയായിരുന്നു. നൗഷാദ്, രവീന്ദ്ര ജയിൻ, ഉഷ ഖന്ന, ആർ.ഡി. ബർമൻ തുടങ്ങിയ ഒന്നാം നിര സംഗീത സംവിധായകർക്കു കീഴിൽ പാടാൻ അവസരം ലഭിച്ചെങ്കിലും സാനുവിന് ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിച്ചത് നദീം– ശ്രാവൺ ജോഡിയാണ്. ആഷിഖി, ദിൽ ഹേ തോ മാൻതാ നഹിം, സഡക്, സാജൻ, ദീവാന, ദിൽവാലേ, രാജാ ഹിന്ദുസ്ഥാനി, ജീത്, കസൂർ, അന്ദാസ്... അങ്ങനെ എത്രയെത്ര ഹിറ്റ് സിനിമകൾ. ലക്ഷക്കണക്കിനും മില്യൺകണക്കിനും കസെറ്റുകൾ വിറ്റുപോയ കാലം. ടി സീരീസിന്റെയും ടിപ്സ് കസെറ്റ്സിന്റെയും മാഗ്നാസൗണ്ടിന്റെയുമൊക്കെ നല്ലകാലം. സിനിമാതാരങ്ങൾക്കു പകരം കുമാർ സാനുവിന്റെ ചിത്രമായിരുന്നു കസെറ്റിന്റെ കവറുകൾ അലങ്കരിച്ചിരുന്നത്!
സൂപ്പർ ഹിറ്റായ ‘ബാസിഗർ’ ഉൾപ്പെടെ അനു മാലിക്കിനുവേണ്ടിയും ഒട്ടേറെ ഹിറ്റുകൾ കുമാർ സാനു സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും ഏതു വിഷാദത്തിലും ഒരു പൂവിരിയുന്ന സൗരഭ്യമായി നമ്മുടെ മനസ്സിനെ തൊട്ടുണർത്തുന്നത് ‘ഓ...ഏക് ലഡ്കി കോ ദേഖാ തോ ഐസാ ലഗാ...’ എന്ന ഗാനമായിരിക്കും. കാലം ഏത്ര കഴിഞ്ഞാലും ആർ.ഡി. ബർമന്റെ സംഗീതത്തിൽ, ജാവേദ് അക്തർ എഴുതിയ ഈ വരികൾ നമ്മെ പ്രണയിപ്പിച്ചുകൊണ്ടിരിക്കും, കുമാർ സാനുവിന്റെ നനുത്ത ശബ്ദത്തിൽ.
ചെറിയ പ്രായത്തിൽ വൻ താരമൂല്യം നേടിയ ഈ ഗായകനും ഹിന്ദി സിനിമയുടെ വാണിജ്യ സമവാക്യങ്ങൾക്കു കീഴടങ്ങേണ്ടി വന്നു. പുതിയ അഭിരുചികളുമായി എത്തിയ പുതിയ സംഗീത സംവിധായകർക്കു പാട്ടിന്റെ ഈ നക്ഷത്രം പ്രിയപ്പെട്ടതായില്ല. ശോഭ മങ്ങിയ ആ താരത്തെക്കുറിച്ച് ആരും സംസാരിക്കുന്നുപോലുമില്ല. അതെ, വിജയികളുടേതു മാത്രമാണ് എക്കാലവും സിനിമ.