ADVERTISEMENT

സാക്സോഫോൺ ചക്രവർത്തി കദ്രി ഗോപാൽനാഥ് അരങ്ങൊഴിയുമ്പോൾ സംഗീതപ്രേമികളുടെ മനസിൽ ബാക്കിയാകുന്നത് ആ പ്രതിഭ കയ്യൊപ്പു ചാർത്തിയ സംഗീതമാണ്. എ. ആർ റഹ്മാനായിരുന്നു കദ്രിയുടെ മാന്ത്രികസംഗീതം ചലച്ചിത്രസംഗീതലോകത്തിന് പരിചയപ്പെടുത്തിയത്. ആ കൂട്ടുകെട്ടിൽ പിറന്നതൊക്ക എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനങ്ങൾ. ഡ്യുവറ്റ്, സംഗമം എന്നീ തമിഴ്ചിത്രങ്ങളിൽ കദ്രി വായിച്ച സാക്സോഫോൺ ഈണങ്ങൾ കദ്രിയെ ജനകീയനാക്കി. 

ആദ്യം ചിത്രം തന്നെ മ്യൂസിക്കൽ ഹിറ്റ് 

കദ്രിയിലെ സംഗീതപ്രതിഭയെ അക്ഷരാർത്ഥത്തിൽ ആഘോഷിച്ച ചിത്രമായിരുന്നു കെ.ബാലചന്ദർ സംവിധാനം ചെയ്ത ഡ്യുവറ്റ്. 1994ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തീം മ്യൂസിക് ഉൾപ്പടെ 14 മ്യൂസിക് ട്രാക്കുകളും സൂപ്പർഹിറ്റായി. അതിൽ ഒരു വിധം എല്ലാ ട്രാക്കുകളും കദ്രിയുടെ സാക്സോഫോൺ സംഗീതം കൊണ്ട് സമ്പന്നമായിരുന്നു. പ്രഭു, പ്രകാശ് രാജ്, മീനാക്ഷി ശേഷാദ്രി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം തുടങ്ങുന്നതു തന്നെ കദ്രിയുടെ സാക്സോഫോൺ ഈണത്തിലായിരുന്നു. ചിത്രത്തിൽ ഒരു സാക്സോഫോൺ സംഗീതജ്ഞനായാണ് പ്രഭു എത്തിയത്. ഹൃദയമിടിപ്പ് പോലെ സാക്സോഫോൺ സംഗീതം ചിത്രത്തിലുടനീളം റഹ്മാൻ ഉപയോഗിച്ചിട്ടുണ്ട്. 

കല്യാണവസന്തരാഗത്തിൽ കദ്രിയുടെ മാജിക്

ഡ്യുവറ്റ് എന്ന ചിത്രത്തിലെ ഹീറോ സത്യത്തിൽ സാക്സോഫോൺ ആയിരുന്നു. അങ്ങനെയൊരു ചിത്രം ചെയ്യാൻ ആലോചിക്കുമ്പോൾ സംവിധായകൻ കെ.ബാലചന്ദറിനും സംഗീതസംവിധായകൻ എ.ആർ റഹ്മാനും മുൻപിൽ കദ്രി ഗോപാൽനാഥ് എന്ന പേരല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. കർണാടിക് സംഗീതത്തിന്റെ ഉപാസകനായി കച്ചേരികളിൽ പേരെടുത്തു നിൽക്കുന്ന കദ്രിയെ ചലച്ചിത്രസംഗീതലോകത്തേക്ക് കൊണ്ടു വരിക എന്നത് എളുപ്പമായിരുന്നില്ല. ആ വെല്ലുവിളി ഇരുവരും ഏറ്റെടുത്തു. കദ്രിയെ സിനിമയിലേക്ക് ക്ഷണിച്ചു. വളരെ സന്തോഷത്തോടെയാണ് കദ്രി ആ ക്ഷണം സ്വീകരിച്ചത്. കല്യാണവസന്തരാഗത്തിൽ ഒരു ഈണം സാക്സോഫോണിൽ വായിക്കാമോ എന്നായിരുന്നു റഹ്മാന്റെ ആവശ്യം. ഏകദേശം മുപ്പതോളം തരത്തിൽ കദ്രി ആ രാഗത്തെ തന്റെ സാക്സോഫോണിലൂടെ വായിച്ചു നൽകി. അതിൽ നിന്നാണ് ഡ്യുവറ്റിന്റെ തീം മ്യൂസിക് ജനിച്ചത്. 

നീ സിനിമാവുക്ക് പോകിടാതെ, സുബുഡു അന്നു പറഞ്ഞു

അ‍ഞ്ജലി.. അഞ്ജലി, എൻ കാതലേ എന്നു തുടങ്ങി ഡ്യുവറ്റിലെ എല്ലാ ഗാനങ്ങളും സംഗീതപ്രേമികൾ ഏറ്റെടുത്തു. സാക്സോഫോൺ സംഗീതത്തിന്റെ മാജിക് ചലച്ചിത്രലോകം തിരിച്ചറിഞ്ഞ പാട്ടുകളായിരുന്നു അവയെല്ലാം. അതോടെ കദ്രിയുടെ സംഗീതവും പേരും സാധാരണക്കാരുടെ ഇടയിൽ പോലും ചർച്ചയായി. ഡ്യുവറ്റിന്റെ വിജയം കദ്രിക്ക് മുൻപിൽ തുറന്നുകൊടുത്തത് ജനപ്രിയ ചലച്ചിത്രസംഗീതത്തിന്റെ വെള്ളിവെളിച്ചമുള്ള വഴികളായിരുന്നു. എന്നാൽ, പ്രശസ്ത സംഗീതനിരൂപകൻ സുബുഡു കദ്രിയോടു പറഞ്ഞു,–"കദ്രീ... നീ സിനിമാവുക്ക് പോയിടാതെ. ഉൻ സേവൈ കർണാടിക് മ്യൂസികുക്ക് റൊമ്പ തേവൈ!" കർണാടിക് സംഗീതത്തിന് കദ്രിയെ ആവശ്യമുണ്ടെന്ന സുബുഡിന്റെ ഉപദേശം കദ്രി സ്വീകരിച്ചു. 

സംഗമത്തിൽ വീണ്ടും റഹ്മാനൊപ്പം

ഡ്യുവറ്റിനു ശേഷം വീണ്ടും കച്ചേരികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച കദ്രി ഒരിക്കൽക്കൂടി റഹ്മാനു വേണ്ടി വായിച്ചു. അഞ്ചു വർഷങ്ങൾക്കു ശേഷം സംഗമം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. 'സൗക്കിയമേ കണ്ണേ...' എന്നു തുടങ്ങുന്ന ഗാനത്തിനു വേണ്ടിയാണ് ഒരിക്കൽക്കൂടി കദ്രി റഹ്മാനൊപ്പം ചേർന്നത്. കദ്രി എന്ന സംഗീതസാമ്രാട്ടിനെ റഹ്മാൻ എന്ന മാന്ത്രികൻ അതിമനോഹരമായി അടയാളപ്പെടുത്തിയ ഒരു പാട്ടായിരുന്നു അത്. ചരിത്രം ആവർത്തിച്ചു. ആ പാട്ടും സൂപ്പർഹിറ്റ്. പക്ഷെ, അതിനുശേഷം ചലച്ചിത്രസംഗീതലോകത്തിലേക്ക് കദ്രി തിരിച്ചു വന്നില്ല. കർണാടിക് സംഗീതമായിരുന്നു അദ്ദേഹത്തിനു എല്ലാം! ജുഗൽബന്ദി വേദികളിൽ അദ്ദേഹം സാക്സോഫോൺ കൊണ്ട് അദ്ഭുതങ്ങൾ സൃഷ്ടിച്ചു. എണ്ണിയാലൊടുങ്ങാത്ത വേദികളിൽ തന്റെ മാന്ത്രിക സംഗീതം കൊണ്ട് സംഗീതാസ്വാദകരെ വിസ്മയിപ്പിച്ച കദ്രി യാത്രയാകുമ്പോൾ ബാക്കിയാകുന്നത് ആ ഈണങ്ങളാണ്. ഒന്നു കണ്ണടച്ചാൽ അഞ്ജലീ... അഞ്ജലി എന്ന ഈണം കദ്രിയുടെ മാന്ത്രിക വിരലുകളാൽ വായിച്ചത് ഏതൊരു സംഗീതാപ്രേമിയുടെയും മനസിൽ നിറയും! അതു തന്നെയാണ് ആ സംഗീതമാന്ത്രികനുള്ള സ്മരണാഞ്ജലി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com