ADVERTISEMENT

കഴിഞ്ഞ ദിവസം തൊടുപുഴ വിമല പബ്ലിക് സ്കൂളിന്റെ അങ്കണത്തിൽ പ്രത്യേകതയുള്ള ഒരു സംഗീത പരിപാടി നടന്നു. വേദിയിൽ ബെൻ ബാൻഡ് എന്നറിയപ്പെടുന്ന കൗമാരപ്രതിഭകളുടെ മ്യൂസിക് ബാൻഡ്... അവരുടെ സംഗീത പരിപാടിക്ക് സാക്ഷികളായി സ്കൂളിലെ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും. ആദ്യഗാനങ്ങൾക്കു ശേഷം സ്റ്റീഫൻ ദേവസി കേരളത്തിൽ പ്രശസ്തമാക്കിയ കിത്താറുമായി ഏല്യാസ് എന്ന യുവപ്രതിഭ കാണികളുടെ ഇടയിലേയ്ക്കിറങ്ങി. അച്ചടക്കത്തോടെ താളത്തിൽ കയ്യടിച്ചിരുന്ന സദസ്, നിമിഷനേരം കൊണ്ട് ആഘോഷക്കടലായി... കൗമാരപ്രതിഭകളുടെ അതിഗംഭീര സംഗീതപ്രകടനം കണ്ട് സദസ് ഒന്നടങ്കം പറഞ്ഞു, ‘ബെൻ ബാൻഡ് പൊളിച്ചടുക്കി’! 

 

ഇവർക്കൊരു കഥയുണ്ട്

 

സംഗീതപ്രകടനത്തിലൂടെ കാണികളെ കയ്യിലെടുക്കുന്ന ബെൻ ബാൻഡിലെ ഓരോ പ്രതിഭയ്ക്കും പങ്കുവയ്ക്കാൻ അതിജീവനത്തിന്റെ ഒരു കഥയുണ്ട്! ആ കഥകൾക്ക് ശുഭപര്യവസായിയായ വഴിത്തിരിവ് സമ്മാനിച്ചത് തൊടുപുഴയിൽ പ്രവർത്തിക്കുന്ന മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനാണ്. അരക്ഷിതമായ ജീവിതാവസ്ഥകൾ സമ്മാനിച്ച മുറിവുണക്കാൻ മരുന്നുകൾക്കു കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ സംഗീതം ഉപയോഗിച്ചൊരു പരീക്ഷണത്തിന് ഇവർ തുനിഞ്ഞിറങ്ങി. ഫൗണ്ടേഷനിലെത്തുന്ന കുട്ടികളെ സംഗീതം പഠിപ്പിക്കാമെന്ന ആശയം അങ്ങനെയാണ് ഉരുത്തിരിഞ്ഞത്. 

 

കടമെടുത്ത ഒന്നരലക്ഷം രൂപ കൊണ്ടു വാങ്ങിയ കുറച്ചു സംഗീത ഉപകരണങ്ങളിൽ നിന്നാണ് ഈ പാട്ടുകൂട്ടായ്മയുടെ തുടക്കം. പരിശീലനത്തിന് അഭിലാഷ് മാസ്റ്ററും സുഹൃത്തുക്കളുമെത്തി. സിനിമാസംഗീതവും ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ഫ്യൂഷൻ സംഗീതവും സമന്വയിക്കുന്ന ഗംഭീര വിരുന്നാണ് ബെൻ ബാൻഡ് ആസ്വാദകർക്കായി ഒരുക്കുന്നത്. 2012ൽ തുടക്കമിട്ട ഈ പാട്ടുകൂട്ടം, കേരളത്തിൽ നൂറുകണക്കിനു വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. 

 

സംഗീതം വരുത്തിയ മാറ്റം

 

ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിൽ എത്തിപ്പെട്ടവരാണ് ഈ കുട്ടികൾ. ഇവരെക്കുറിച്ച് ഫൗണ്ടേഷന്റെ സെക്രട്ടറി ജോഷി മാത്യു പറയുന്നതിങ്ങനെ– ‘ഒത്തിരി ആത്മസംഘർഷത്തിൽ നിന്നാണ് ഈ ബെൻ ബാൻഡ് ഉണ്ടായത്. വാക്കുകളിലൂടെ വിവരിക്കാൻ കഴിയാത്ത വിധം വേദനകൾ ആ കുട്ടികൾ സഹിച്ചു. ബാല്യകാലത്ത് ലഭിക്കേണ്ട കരുതലും സ്നേഹവും നിഷേധിക്കപ്പെട്ടതിനാൽ അവരുടെ ശീലങ്ങളിലും സ്വഭാവങ്ങളിലും നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. ഈ നെഗറ്റീവ് എനർജി പലപ്പോഴും അസഹനീയമാകുന്ന സാഹചര്യങ്ങളുണ്ടായി. അപ്പോഴാണ് സംഗീതത്തിലൂടെ ഒരു മറുമരുന്ന് ഞങ്ങൾ തേടിയത്. ആദ്യം 25 സംഗീത ഉപകരണങ്ങൾ ഇവർക്കു വാങ്ങി നൽകി. വലിയ മാറ്റമാണ് അത് ഇവരുടെ ജീവിതത്തിലുണ്ടാക്കിയത്. ഇന്ന് ഈ കുട്ടികൾ ആത്മവിശ്വാസത്തോടെ വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനവും സന്തോഷവുമാണ്.’

 

ബാൻഡിലെ താരങ്ങൾ

 

‘ഞാൻ വലിയ വികൃതിയായിരുന്നു. സംഗീതത്തിലേക്ക് വന്നതിനു ശേഷമാണ് ഒരു ഓർഡർ ഉണ്ടായത്’- പറയുന്നത് ബെൻ ബാൻഡിൽ ലീഡ് വായിക്കുന്ന ഏല്യാസ്. കീ ബോർഡും കിത്താറുമാണ് ഏല്യാസിന്റെ തട്ടകം. നല്ലൊരു ഗായകനുമാണ് ഏല്യാസ്. യുവജനോത്സവ വേദികളിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ പലപ്പോഴും ഏല്യാസ് വാർത്തകളിൽ ഇടം നേടി. ഇപ്പോൾ ബെൻ ബാൻഡിലെ ലീഡ് പെർഫോർമറും ജീവനുമാണ് ഏല്യാസ്. നാല് ഉപകരണങ്ങൾ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ആൽബിച്ചനാണ് ബെൻ ബാൻഡിലെ മറ്റൊരു താരം. പൊന്നു എന്നു വിളിക്കുന്ന റെയ്ച്ചൽ, അനഘ, ഏഴുവയസ്സുകാരി തുമ്പി, ദീപക്, റാഫേൽ, ജോയൽ, ഡോൺ, തോമസുകുട്ടി, അനൂപ്, ആബേൽ എന്നിങ്ങനെ നിരവധി പേരുണ്ട്. 25 പേരടങ്ങുന്ന മൂന്നു സംഘങ്ങളായാണ് ഇവർ പരിപാടി അവതരിപ്പിക്കുന്നത്. ഗാനമേള, സ്റ്റേജ് ഷോ, സ്കിറ്റ്, ഡാൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾക്ക് നേതൃത്വം നൽകുന്നതും കുട്ടികൾ തന്നെ. ഈ സ്നേഹത്തിന്റെ പാട്ടുകൂട്ടം ലോകമെമ്പാടും എത്തിക്കാനുള്ള പരിശ്രമത്തിലാണ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ. 

 

ആ പുഞ്ചിരിയാണ് ഞങ്ങളുടെ സ്വപ്നം

 

ഓരോ വേദിയിലും പരിപാടി അവതരിപ്പിക്കുമ്പോൾ അവിടെ സ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയണമെന്നാണ് ബെൻ ബാൻഡിന്റെ ആഗ്രഹം. ലഹരിക്കും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണം നടത്താൻ ഈ സംഗീതപരിപാടി വേദിയാക്കാനും ഇവർക്കു ആലോചനയുണ്ട്. അങ്ങനെയൊരു സന്ദേശം പാട്ടിലൂടെ പങ്കുവച്ച്  ലോകമെമ്പാടും സഞ്ചരിക്കാനും ഇവർ ആഗ്രഹിക്കുന്നു. ‘എല്ലാ മനുഷ്യർക്കും സന്തോഷം ഉണ്ടാകണം. എല്ലാവർക്കും സുഖമുണ്ടാകണം. അവർ മനസ്സു തുറന്നു പുഞ്ചിരിക്കണം. അതല്ലാതെ ഞങ്ങൾക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ല’ – ഈ കുട്ടികൾ പറയുന്നു. 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com