ADVERTISEMENT

കാലത്തിന്റെ ആവണിപ്പാടങ്ങളില്‍ പാട്ടിന്റെ കതിര്‍ക്കാലം എങ്ങോ പോയി മറഞ്ഞു. എഴുതുവാനേറെ ബാക്കിയുണ്ടായിട്ടും അതൊരു വിങ്ങലായി മനസിനുള്ളില്‍ പാട്ടുമൂളി. ഇടയ്ക്കതൊക്കെ മറനീക്കി പുറത്തു വരും. സംഗീതത്തില്‍ അലിഞ്ഞു ചേരാന്‍ കാത്തിരിക്കുന്ന പദമാലകള്‍ ഇനിയും ഏറെയുണ്ട് ഈ തൂലികയില്‍. ആദ്യഗാനം ശ്രദ്ധേയമായിട്ടും മാറി നില്‍ക്കേണ്ടി വന്ന കോന്നിയൂര്‍ ബാലചന്ദ്രന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്. 1996ല്‍ പുറത്തിറങ്ങിയ സാമൂഹ്യപാഠം എന്ന ചിത്രത്തില്‍ എസ്. പി. വെങ്കിടേഷ് സംഗീതം ചെയ്ത കാവളം കിളിയെ താലത്തില്‍ നിറയെ എന്ന ഗാനം മാത്രമാണ് പാട്ടുപുസ്തകങ്ങളില്‍ കോന്നിയൂര്‍ ബാലചന്ദ്രന്റെതായി അച്ചടിച്ചു വന്നത്. യേശുദാസും ചിത്രയും ആലപിച്ച ഈ ഗാനം സിനിമയേക്കാള്‍ ശ്രദ്ധിയ്ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ആദ്യ ഗാനത്തിന്റെ പിന്നണി അനുഭവങ്ങളുടെ ചൂടില്‍ ഇനി പാട്ടെഴുത്തിനില്ലെന്ന് താല്‍ക്കാലിമമായി എങ്കിലും നിലപാടെടുക്കേണ്ടി വന്നു കോന്നിയൂര്‍ ബാലചന്ദ്രന്. കേള്‍ക്കുമ്പോള്‍ കൗതുകവും വേദനയുമൊക്കെ തോന്നുമെങ്കിലും ബാലചന്ദ്രന് അത് സ്വപ്്‌നങ്ങളുടെ ഗന്ധമുള്ള ജീവിതമായിരുന്നു. 

 

അധ്യാപകനായിരുന്ന ബാലചന്ദ്രന്‍ ആനുകാലികങ്ങളില്‍ കവിതകളെഴുതിയാണ് ശ്രദ്ധേയനാകുന്നത്. കവിതയില്‍ നിന്നും ആകാശവാണിയിലെ പാട്ടെഴുത്തുകാരനായി ബാലചന്ദ്രന്‍  മാറിപ്പോഴും കവിതയ്ക്ക് കൈമോശം വന്നില്ല. എം. ജി. രാധാകൃഷ്ണന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, കെ. പി. ഉദയഭാനു തുടങ്ങിയവര്‍ കോന്നിയൂര്‍ ബാലചന്ദ്രന്റെ വരികള്‍ക്ക് ആകാശവാണിയിലൂടെ ജീവന്‍ നല്‍കി. 1984ല്‍ മലയാള ചലച്ചിത്ര പരിഷത്ത് (മദ്രാസ്) സംഘടിപ്പിച്ച ഗാനരചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. പില്‍ക്കാലത്ത് മലയാള ചലച്ചിത്ര ഗാനരചന രംഗത്ത് പ്രശസ്തരായ പലരേയും പിന്‍തളളിയാണ് ബാലചന്ദ്രന്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. അതോടെ കോന്നിയൂര്‍ ബാലചന്ദ്രന് സിനിമയിലേക്കുള്ള പ്രവേശം എളുപ്പമാകുമെന്ന് പലരും കണക്കുകൂട്ടി. എന്നാല്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നത് 10 വര്‍ഷങ്ങള്‍. സിനിമയില്‍ പാട്ടെഴുതണമെന്ന മോഹം ഉള്ളിലുണ്ടെങ്കിലും അധ്യാപനത്തിന്റെ ലഹരിയില്‍ കോന്നിയൂര്‍ ബാലചന്ദ്രന്‍ അതിനു നേരം കണ്ടെത്തിയില്ല. 

 

അങ്ങനെ ആ ദിവസം...

 

കോന്നി സ്വദേശിയായ യുവ സംവിധായകന്റെ പുതിയ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കോന്നിയൂര്‍ ബാലചന്ദ്രനോട് പറയുന്നത് മാധ്യമ പ്രവര്‍ത്തകനായ ദീപു കോന്നിയും തിരക്കഥാകൃത്തായ സുനില്‍ സൂര്യയുമാണ്. ആ ചിത്രത്തില്‍ സാറൊരു കൈ നോക്കണമെന്നും ഞങ്ങള്‍ തന്നെ സംവിധായകനോടു പറയാമെന്നും അവര്‍ ഏറ്റത്തോടെ ബാലചന്ദ്രന് കാര്യങ്ങള്‍ എളുപ്പമായി. പാട്ടുകള്‍ എഴുതുന്നത് ഷിബു ചക്രവര്‍ത്തിയോട് പറഞ്ഞു കഴിഞ്ഞു. എങ്കിലും ഒരു പാട്ട് ബാലചന്ദ്രന്‍ സാറും എഴുതട്ടെ എന്ന് സംവിധായകന്‍ തീരുമാനമെടുത്തതോടെ ബാലചന്ദ്രന് വിളി എത്തി. സംഗീതം നല്‍കുന്നത് എസ്.പി വെങ്കിടേഷ്. ഇതില്‍ കവിഞ്ഞൊരു ഭാഗ്യമുണ്ടോ... തന്റെ ആദ്യ സിനിമഗാനം വരുന്നു, പ്രിയപ്പെട്ടവരോടും നാട്ടുകാരോടും കാര്യം പറഞ്ഞതോടെ സിനിമയിലും പേരെടുക്കുമെന്ന് എല്ലാവരും ആശീര്‍വദിച്ചു. 

 

അങ്ങനെ ആ ദിവസമെത്തി. ദേശദേവനായ എളളംകാവില്‍ മഹാദേവനു കൂവളത്തുമാലയുംവെച്ചു തൊഴുത് കോഴിക്കോടിനു വണ്ടി കയറി. ആ യാത്രയില്‍ മനസില്‍ നിറയെ സ്വപ്നങ്ങളള്‍ക്കൊണ്ട് കാവളംകിളികള്‍ കൂടുകൂട്ടുകയായിരുന്നു. എന്റെ ആദ്യ സിനിമ.... ഉച്ചകഴിഞ്ഞതോടെ മഹാറാണി ഹോട്ടലെത്തി.  അപ്രതീക്ഷിതമായി അവിടെ കിട്ടിയ സ്വീകരണം ബാലചന്ദ്രന് പുതിയൊരു അനുഭവമായിരുന്നു. ആരക്കയോ ആദരവോടെ ആറാം നമ്പര്‍ മുറിയിലേക്ക് കൂട്ടികൊണ്ടു പോയി. സാറിനെന്തു വേണമെന്ന് ഓരോരുത്തരും മാറി മാറി ചോദിച്ചു. സിനിമയുടെ ഒരു സൗഭാഗ്യമേ. 

 

സിനിമയുടെ ടൈറ്റില്‍ ഗാനമാണ്. നാട്ടിന്‍പുറത്തിന്റെ മനോഹരമായ കാഴ്ചകളിലൂടെ ക്യാമറ സഞ്ചരിക്കുമ്പോള്‍ ടൈറ്റിലുകള്‍ക്കൊപ്പം ഈ ഗാനവും കേള്‍ക്കും. സംവിധായകന്‍ സന്ദര്‍ഭം പറഞ്ഞതോടെ ബാലചന്ദ്രന് ആവേശമായി. സംഗീതം മുന്‍കൂട്ടി തയറാക്കി സംവിധായകന്‍ ഓക്കെ പറഞ്ഞതിനാല്‍ എസ്. പി. വെങ്കിടേഷ് അടുത്ത ദിവസമേ എത്തുകയുള്ളു. എസ്. പി വെങ്കിടേഷിന്റെ അസോസിയേറ്റ് പ്രഭാകര്‍ കോന്നിയൂര്‍ ബാലചന്ദ്രനുവേണ്ടി പാട്ടിന്റെ സംഗീതം മൂളി. മറ്റു പാട്ടുകളെഴുതുന്ന ഷിബു ചക്രവര്‍ത്തിയും ഒപ്പമുണ്ട്. ആ രാത്രി പാട്ടിന്റെ കുറച്ചു വരികളെഴുതി. ക്ഷീണംകൊണ്ട് ഉറങ്ങി പോയി എന്നതാണ് സത്യം. ആ ദിവസത്തെ കോന്നിയൂര്‍ ബാലചന്ദ്രന്‍ ഓര്‍ത്തെടുത്തു.

 

അടുത്ത ദിവസം രാവിലെ എസ്.പി വെങ്കിടേഷ് എത്തി. പാട്ടിനെക്കുറിച്ച് സംസാരിക്കും മുന്‍പേ ബാലചന്ദ്രന്റെ വിശേഷങ്ങള്‍ ഓരോന്നായി തിരക്കി. വാധ്യാരാണെന്ന് അറിഞ്ഞതോടെ എസ്. പി. വെങ്കിടേഷിന്റെ സ്‌നേഹവും ആദരവും കൂടി. എന്തൊരു വിനയവും സ്‌നേഹവുമായിരുന്നു അത്. കോന്നിയൂര്‍ ബാലചന്ദ്രന് മറക്കുവാനാകുന്നില്ല ആ നിമിഷങ്ങള്‍. സംസാരം നീണ്ടതോടെ പാട്ടൊരുക്കല്‍ വൈകുന്നേരത്തേക്കു മാറ്റി.

 

കാവളം കിളിയേ കാവളം കിളിയേ....

 

എഴുതി പൂര്‍ത്തീകരിച്ചില്ലെങ്കിലും പാട്ടിന്റെ ആദ്യ വരികള്‍ മൂളിയതോടെ എസ്. പി. വെങ്കിടേഷിനും ആശ്വാസമായി. ഇതിനിടയില്‍ കവിയായ ബാലചന്ദ്രന്‍ സാറൊരു കവിത ചൊല്ലാന്‍ എസ്. പി വെങ്കിടേഷ് ആവശ്യപ്പെട്ടു. കവിയരങ്ങുകളില്‍ പാടി പതിഞ്ഞ ആ ശബ്ദം കൂടുതല്‍ കരുത്താര്‍ജിച്ചു അവിടെയും പാടി. കവിതയെ വാതോരാതെ അഭിനന്ദിച്ച എസ്. പി. വെങ്കിടേശഷ് അതിലെ ചില വാക്കുകള്‍ നമുക്കീ ഗാനത്തില്‍ ഉള്‍പ്പെടുത്താം എന്ന് ബാലചന്ദ്രനോട് നിര്‍ദേശിച്ചു. പാട്ടും പറച്ചിലുമൊക്കെയായി ആ രാത്രി  പിന്നീട് വളരെ പെട്ടന്നാണ് ആ പാട്ടെഴുതിയത്. പാട്ട് ഒരുക്കുമ്പോള്‍ തന്നെ ചിത്രയും യേശുദാസുമൊക്കെയായിരുന്നു എസ്. പി. വെങ്കിടേഷിന്റെ മനസില്‍. ബാലചന്ദ്രന്‍ പറയുന്നു. 

 

ആദ്യ ഗാനം ചിത്രയും യേശുദാസും പാടുന്ന സ്വപ്‌നമായിരുന്നു പിന്നെ ബാലചന്ദ്രന്റെ മനസു നിറയെ. റെക്കോര്‍ഡിങ് ഇനി എന്നാ എന്നു ചോദിച്ചവര്‍ക്കൊക്കെ മറുപടിയുമായി ആ ദിവസം പ്രതീക്ഷിച്ചതിലും നേരത്തെയെത്തി. ചിത്രയാണ് ആദ്യം പാടാന്‍ എത്തുന്നത്. ചിത്ര വരുന്നു, എന്റെ പാട്ടു പാടുന്നു. നിറഞ്ഞ മനസോടെ മദ്രാസിനു വണ്ടി പിടിച്ചു. കോടംമ്പാക്കത്തെ ഉമാ ലോഡ്ജില്‍ ആ രാത്രി ഉറങ്ങി വെളുപ്പിക്കാന്‍പ്പെട്ട പാട്. സ്വപ്‌ന തുല്യമായ ആ നിമിഷമായിരുന്നില്ലേ മനസു നിറയെ, ബാലചന്ദ്രന്‍ ഇന്നും ആ രാത്രി മറന്നിട്ടില്ല.

 

രാവിലെ സ്റ്റുഡിയോയിലെത്തി. എസ്. പി. വെങ്കിടേഷിനൊപ്പം അന്ന് പില്‍ക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ മനോയും ഉണ്ട്. മനോയാണ് പാട്ടിനിടയിലെ വായ്താരികള്‍ ആലപിച്ചിരിക്കുന്നത്. മനോ ഇടയ്ക്ക്  കാവളം കിളിയെ വെറുതേ പാടുമ്പോഴും ചിത്ര പാടുന്ന നിമിഷമായിരുന്നു ബാലചന്ദ്രന്റെ മനസില്‍. വാച്ചിന്റെ സൂചി മുനകളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ചിത്ര ഇപ്പോള്‍ വരുമായിരിക്കും...

 

പറഞ്ഞ സമയം കഴിഞ്ഞിട്ടും ചിത്രയെ കാണുന്നില്ല. എല്ലാ മുഖങ്ങളിലും ആശങ്കയായി. ചിത്ര എവിടെ? പെട്ടന്ന് എസ്. പി. വെങ്കിടേഷിന്റെ ഫോണ്‍ മുഴങ്ങി.  ചിത്രയാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന പെട്ടന്നൊരു സമരം പ്രഖ്യാപിച്ചിരിക്കുന്നു. ക്ഷമാപണത്തോടെ റെക്കോര്‍ഡിങ്ങ് മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന അപേക്ഷയും. എന്നാല്‍ അങ്ങനെയാകട്ടെ എന്ന് എസ്. പി. വെങ്കിടേഷ് പറഞ്ഞതോടെ സ്റ്റുഡിയോയുടെ  പ്രവേശന കവാടം വരെ എത്തിയ ചിത്ര മടങ്ങുകയും ചെയ്തു. അപ്പോഴും ഇതൊന്നും അറിയാതെ ഓര്‍ക്കസ്ട്രക്കാര്‍ റിഹേഴ്‌സല്‍ പൊടിപൊടിക്കുകയായിരുന്നു. എസ്. പി. വെങ്കിടേഷ് എല്ലാവരോടും കാര്യം പറഞ്ഞതോടെ റെക്കോര്‍ഡിങ്ങ് മറ്റൊരു ദിവസത്തേക്കു മാറ്റി. താളങ്ങളും പാട്ടുമില്ലാത്ത ആ സ്റ്റുഡിയോ വിട്ടിറങ്ങിയ ബാലചന്ദ്രന്‍ നിരാശ മറച്ചുവയ്ക്കാതെ തിരികെ നാട്ടിലേക്കു വണ്ടി കയറി. 

 

റെക്കോര്‍ഡിങ്ങിന് ഏതു നിമിഷവും വിളി എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്. തിരക്കുകളൊക്കെ പരമാവധി ഒഴിവാക്കി. കാത്തിരിപ്പ് അനന്തമായി നീണ്ടതോടെ പിന്നീടൊരു ദിവസം ബാലചന്ദ്രന്‍ അറിയുന്നത് പാട്ടിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞു എന്ന വാര്‍ത്തയാണ്. എന്നേ വിളിച്ചില്ലല്ലോ എന്ന് ആരോടും പരാതി പറഞ്ഞില്ല, ഭംഗിയായി എല്ലാം കഴിഞ്ഞല്ലോ എന്ന സന്തോഷം മാത്രമായിരുന്നു ആ മനസില്‍. തന്റെ പാട്ട് മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകര്‍ പാടിയിരിക്കുന്നു. അവരെയൊക്കെ കാണാന്‍ കഴിയാതെ പോയതിലുള്ള നിരാശയായിരുന്നു പിന്നീട്. പാട്ടു കേള്‍ക്കാനുള്ള കൊതിയാകട്ടെ അതിലേറെയും. ആ കാത്തിരിപ്പിന് ഇടയിലാണ് ബാലചന്ദ്രന്‍ ആ വാര്‍ത്ത കേള്‍ക്കുന്നത്, താന്‍ പാട്ടുകളെഴുതിയ ആദ്യ ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചിരിക്കുന്നു. സംവിധായകനും കോഴിക്കോട് സ്വദേശികളായ നിര്‍മാതാക്കളും തമ്മില്‍ പിണങ്ങിയത്രെ. 

 

കൂടണഞ്ഞ കാവളം കിളി...

 

പിന്നെ പുതിയ അവസരങ്ങള്‍ക്കായി തിരക്കി ഇറങ്ങിയില്ല. അധ്യാപനവും കവിയരങ്ങുകളുമൊക്കെയായി തിരക്കായ നാളുകള്‍. ഒപ്പം ആദ്യ സിനിമാഗാനത്തിനെ മറക്കുവാനുള്ള ശ്രമങ്ങളും. അങ്ങനെ ഒരു ദിവസം അവിചാരിതമായി താനെഴുതിയ ഗാനം മറ്റൊരു ചിത്രത്തിനായി നിര്‍മാതാക്കള്‍ കൈമാറിയ വിവരം കോന്നിയൂര്‍ ബാലചന്ദ്രന്‍ അറിയുന്നു. അതോടെ വാടി തളര്‍ന്ന കിനാക്കള്‍ വീണ്ടും തളിരിട്ടു. തന്റെ പാട്ട് വീണ്ടും പുനര്‍ജനിക്കുന്നു. കരീം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. സന്ദര്‍ഭാനുസൃതമായി ഗാനം ചേര്‍ത്തതോടെ ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പു തന്നെ ഗാനം ഹിറ്റായി. ഒരു സ്വകാര്യ ചാനലിലെ ടോപ്പ് ടെന്നില്‍ എല്ലാ ദിവസവും തന്റെ പാട്ട് ഒന്നാം സ്ഥാനത്താണെന്നു കേട്ട് കുടുബസമേതം ഒരു ദിവസം ടിവിക്കു മുന്നില്‍ നിലയുറപ്പിച്ചു. ഇന്നത്തെ ടോപ്പ് വണ്‍ ഗാനം ഏതെന്നറയണ്ടേ, സാമൂഹിക പാഠം എന്ന ചിത്രത്തിനുവേണ്ടി എസ്. പി. വെങ്കിടേഷ് സംഗീത സംവിധാനം നിര്‍വഹിച്ച് ഷിബു ചക്രവര്‍ത്തി രചിച്ച കാവളം കിളിയേ കാവളം കിളിയേ..... പാട്ട് അങ്ങനെ കേട്ടിരുന്നതു മാത്രം കോന്നിയൂര്‍ ബാലചന്ദ്രന് ഓര്‍മയുണ്ട്. ആകാശവാണിയിലടക്കം എല്ലായിടത്തും പറയുന്നത് ഷിബു ചക്രവര്‍ത്തിയുടെ പേര്. പാട്ടെഴുതിയത് ബാലചന്ദ്രന്‍ എന്നു കേട്ടവരാകട്ടെ ബാലചന്ദ്രന്‍ ചുള്ളിക്കാടെന്നും തെറ്റിദ്ധരിച്ചു. 

 

എല്ലാ നിരാശകളും ശൂന്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ബിഗ് സ്‌ക്രീനില്‍ തന്റെ പേരു കാണാനായി അടുത്ത കൂട്ടുകാരുമൊത്ത് കോന്നിയില്‍ നിന്ന് പത്തനാപുരത്തിന് വണ്ടി കയറി. വകയാര്‍ എത്തിയതോടെ അനുഭവപ്പെട്ട ബ്ലോക്കില്‍ കുരുങ്ങിയത് മണിക്കൂറുകളോളം. ഓടി പിടിച്ച് തിയറ്ററില്‍ എത്തിയപ്പോഴേക്കും ടൈറ്റില്‍ ഭാഗവും അവസാനിച്ചു. അങ്ങനെ അങ്ങ് വിട്ടുകളയാന്‍ കഴിയുമോ? ദിവസങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ കാണുമ്പോള്‍ ടൈറ്റിലില്‍ കാണുന്നത് ബാലചന്ദ്രന്‍ എന്ന പേരു മാത്രം. കോന്നിയൂര്‍ എന്നു കൂടി ചേര്‍ത്തിരുന്നെങ്കില്‍ ആരെങ്കിലുമൊക്കെ തിരിച്ചറിഞ്ഞേനേ... ബാലചന്ദ്രന്‍ ഇന്നും ആ നിരാശ മറച്ചുവയ്ക്കുന്നില്ല. 

 

അക്കാലത്ത് ഞാന്‍ പങ്കെടുത്ത ചടങ്ങിടലടക്കം ഈ ഗാനം പലരും പാടി കേട്ടിട്ടുണ്ട്. അപ്പോഴും പലരും തിരിച്ചറിഞ്ഞിരുന്നില്ല ഞാനാണ് ഈ ഗാനം രചിച്ചതെന്ന്. ആരോടും പറയാനും പോയില്ല. പിന്നെ സിനിമയൊന്നും തേടി പോകാന്‍ മനസു വന്നില്ല. കവിതയും ആകാശവാണിയിലെ പാട്ടെഴുത്തുമൊക്കെയാണ് നല്ലതെന്നു തോന്നി. കോന്നിയൂര്‍ ബാലചന്ദ്രന്‍ പറയുന്നു. ആദ്യ സിനിമാഗാനത്തിന്റെ മധുരത്തേക്കാള്‍ കയ്‌പ്പേറിയ അനുഭവങ്ങള്‍  ആ മനസിനെ മൂടിയ കാലമൊക്കെ ഇന്നു മാഞ്ഞു പോയി. തന്റെ പ്രിയപ്പെട്ട പാട്ടുകളില്‍ കാവളം കിളി ഇന്നുമുണ്ടെന്ന് ചിത്ര ഇപ്പോഴും പറയാറുണ്ട്. ചിത്രയെ കാണാന്‍ കൊതിച്ച്, ഇപ്പോഴും കണ്ടിട്ടില്ലാത്ത കോന്നിയൂര്‍ ബാലചന്ദ്രന് മനസുതുളുമ്പാന്‍ ഇതു തന്നെ ധാരാളം. ആകാശവാണിയിലെ പ്രത്യേക ക്ഷണിതാവായും കവിതയിലൂടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ഇന്നും സജീവമാണ് കോന്നി അരുവാപ്പുലം സ്വദേശിയായ കോന്നിയൂര്‍ ബാലചന്ദ്രന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com