ADVERTISEMENT

ഇഷ്ടപ്പെട്ട കുപ്പായം അണിയുന്ന പലരും അതു തുന്നിയെടുത്ത തുന്നല്‍ക്കാരനെ ഓര്‍ക്കാറില്ല. എം. എസ്. വാസുദേവന്‍ എന്ന പാട്ടെഴുത്തുകാരന്റെ ജീവിതത്തിലെന്നപോലെ പാട്ടെഴുത്തിലും സംഭവിച്ചത് അതായിരുന്നു. പുതിയ കാലത്ത് പാട്ടെഴുത്തുകാര്‍ അടക്കമുള്ള കലാകാരന്‍മാരുടെ സ്ഥാനം ആസ്വാദകരുടെ മനസിനേക്കാള്‍ ഗൂഗിളിലാണ്. എം. എസ്. വാസുദേവനെന്ന് ഗൂഗിളില്‍ പരതുമ്പോള്‍ കാണാതെ പോയാല്‍ അതിനര്‍ത്ഥം അങ്ങനെയൊരാള്‍ ഇല്ലായിരുന്നുവെന്നല്ല. പലരും ഓര്‍ക്കാതെ പോയതോ, ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാതെ പോയതോ ആകാം. തന്റെതല്ലാത്ത പാട്ടുകള്‍ അപൂര്‍വമായി മാത്രം പാടുന്ന ഗന്ധര്‍വ ഗായകന്‍ യേശുദാസിന് മറ്റൊരാള്‍ പാടിയ ഗാനം കേട്ട് ഇഷ്ടം തോന്നി അത് റെക്കോര്‍ഡ് ചെയ്യുക. അപൂര്‍വമായ ഈ അനുഭവം എം. എസ്. വാസുദേവനെന്ന പാട്ടെഴുത്തുകാരന്റെ കൂടിയാണ്. 

 

കോട്ടയം ജോയ് സംഗീതം ചെയ്ത "കരിവളയിട്ട കൈയില്‍ കുടമുല്ലപ്പൂക്കളുമായ്" എന്ന നാടക ഗാനം കോരിത്തരിപ്പിച്ച ഒരു തലമുറ നമുക്കുണ്ടായിരുന്നു. പാട്ടു ഹിറ്റായപ്പോഴും മാറ്റി നിര്‍ത്തപ്പെട്ടത് എം. എസ്. വാസുദേവന്റെ ജീവിതമാണ്. പ്രിയപ്പെട്ട പാട്ടുകാരന്റെ ശബ്ദത്തില്‍ തന്റെ പാട്ടുകേള്‍ക്കാന്‍ തന്നെ വാസുദേവന് നാളുകള്‍ കാത്തിരിക്കേണ്ടി വന്നു. അപ്പോഴും ആരോടും പരാതികളും പരിഭവങ്ങളുമില്ല. കരിവളയിട്ട കൈയില്‍ കുടമുല്ല പൂക്കളുമായ് വന്ന കരിമിഴിയാളെ മലയാളിയുടെ മനസിലേക്ക് കുടിയിരുത്തിയ ഈ പാട്ടെഴുത്തുകാരന്.

 

കോട്ടയം താഴത്തങ്ങാടി മതുക്കല്‍ വീട്ടില്‍ വാസുദേവന്റെ മനസില്‍ പാട്ടിന്റെ വിത്തുകള്‍ പാകുന്നത് തയ്യല്‍ തൊഴിലാളിയായ എം. എന്‍. ശങ്കരപണിക്കരാണ്. അച്ഛനെഴുതിയ പാട്ടുകള്‍ കേട്ടു വളര്‍ന്ന വാസുദേവന്റെ മനസിലും അക്ഷരങ്ങള്‍ കുടിയിരുന്നു. ഇല്ലായ്മയുടെ വല്ലായ്മകളിലും ആവോളം നുകര്‍ന്നത് സംഗീതം മാത്രം. സ്‌കൂള്‍ക്കാലം മുതല്‍ കവിതകളെഴുതിയ വാസുദേവന്റെ ഗാനങ്ങള്‍ അധ്യാപകര്‍ക്കും അതിശയമായി. "വേലിപ്പടര്‍പ്പിലെ വള്ളിയിലയ്യയ്യാ, ചേലൊത്തെ ചോരപ്പഴങ്ങള്‍ മിന്നി...." പതിനഞ്ചു വയസുകാരന്റെ കവിതയിലെ ഈ താള ബോധം ആരെയാണ് അതിശയിപ്പിക്കാത്തത്. യൗവനത്തിലെത്തിയതോടെ ലളിതഗാനങ്ങള്‍ രചിക്കുവാന്‍ തുടങ്ങി. സിനിമഗാനങ്ങളുടെ താളത്തില്‍ തന്റെ പാട്ടുകളെഴുതി ആലപിക്കുന്നതായിരുന്നു മറ്റൊരു കൗതുകം. 

 

നാടകങ്ങളുടെയും നാടകഗാനങ്ങളുടെയും അറുപതുകളിലെ സുവര്‍ണകാലം. പാട്ടെഴുതുന്ന വാസുദേവന്‍ നാടകഗാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോഴും ജീവിക്കാന്‍ തുന്നല്‍ക്കാരനായി. രാവിലെ തുണികള്‍ തുന്നിച്ചേര്‍ക്കുന്ന വാസുദേവന്‍ രാത്രി വൈകിയും അക്ഷരങ്ങളെ തുന്നിച്ചേര്‍ക്കും. അങ്ങനെ എഴുതുന്ന പാട്ടുകളൊക്കെയും ശ്രദ്ധ നേടി. 

 

കോട്ടയം നാഷണല്‍ തിയറ്റേഴ്‌സിന്റെ നാടകങ്ങളില്‍ ഗാനം എഴുതികൊണ്ടായിരുന്നു തുടക്കം. ജോസ് പ്രകാശിന്റെ പീപ്പിള്‍ സ്റ്റേജ് കേരള തിയറ്റേഴ്‌സിന്റെ നാടകങ്ങളിലൂടെ മലയാളി ആസ്വദിച്ച ഗാനങ്ങളില്‍ മിക്കതും രചിച്ചത് വാസുദേവനായിരുന്നു. ഇക്കാലയളവില്‍ എല്‍. പി. ആര്‍ വര്‍മ, കലാനിലയം രാജപ്പന്‍, കുമരകം രാജപ്പന്‍, കുമരകം ബോസ് തുടങ്ങിയവര്‍ വാസുദേവന്റെ പാട്ടുകള്‍ക്കു സംഗീതം നല്‍കി. 

 

ജയവിജയന്‍മാര്‍ക്കൊപ്പം ഒരു ഭക്തിഗാന കാസറ്റിലും പാട്ടുകള്‍ രചിച്ചു. തിരുനക്കര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജയ വിജയന്‍മാരെ നേരില്‍ കണ്ട് പാട്ടുകള്‍ കൈമാറി. പാട്ടുകളൊക്കെ വായിച്ചു നോക്കി ഇഷ്ടം തോന്നിയ ജയവിജയന്‍മാര്‍ വാസുദേവന്റെ പാട്ടുകള്‍ കാസറ്റിലാക്കുകയായിരുന്നു. "താമരക്കണ്ണാ മണിവര്‍ണാ, താമസമെന്തേ വരുവാന്‍" എന്ന ഗാനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 

 

"കരിവളയിട്ട കൈയില്‍ കുടമുല്ലപ്പൂക്കളുമായ്

കരിമിഴിയാളേ നീ വരുമോ....."

 

കോട്ടയത്തും പരിസര പ്രദേശത്തുമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്നാണ് പരവൂര്‍ ജോര്‍ജിന്റെ 'ദിവ്യബലി' എന്ന നാടകം അറുപതുകളുടെ അവസാനത്തില്‍ അരങ്ങിലെത്തിക്കുന്നത്. നാടകത്തിലെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്ന് എം. എസ്.  വാസുദേവന്‍ കോട്ടയം ജോയ് കൂട്ടുകെട്ടില്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു.

 

നാടന്‍ പ്രേമത്തിന്റെ സുഖവും ഹൃദയം തുളുമ്പുന്ന കാമുകഹൃദയവും തെളിഞ്ഞു കാണുന്ന ഈ പാട്ടിന്റെ രചനയ്ക്കു പിന്നിലും വാസുദേവന് പറയാന്‍ ചില കഥകളുണ്ട്. വാസുദേവനോട് തനിക്കൊരു പാട്ടെഴുതി തരണമെന്ന് ഇടയ്ക്കിടെ ഓര്‍മപ്പെടുത്തുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. ആ കൂട്ടുകാരനും അവന്റെ പ്രണയത്തിനും കൂടി വേണ്ടിയാണ് വാസുദേവന്‍ ഈ പാട്ടെഴുതുന്നത്. ചങ്ങമ്പുഴ കവിതകളുടെ ആസ്വാദകനായ വാസുദേവനില്‍ അദ്ദേഹത്തിന്റെ സ്വാധീനവും പാട്ടെഴുത്തില്‍ ഉണ്ടായി. "എന്റെ വീട്ടില്‍ തന്നെ ഇരുന്നാണ് ഈ പാട്ട് ജോയ് സംഗീതം ചെയ്തത്. എഴുതി വന്നപ്പോള്‍ തന്നെ വലിയ കുഴപ്പമില്ലെന്ന് എനിക്കു തോന്നിയിരുന്നു." വാസുദേവന്റെ മനസില്‍ ഇന്നുമുണ്ട് തന്റെ പാട്ടിന്റെ കരിവള കിലുക്കം. 

 

അരങ്ങുകളില്‍ നാടകത്തോടൊപ്പം പാട്ടും ഹിറ്റായി. അങ്ങനെ യേശുദാസിന്റെ കാതുകളിലേക്കും ഈ ഗാനമെത്തി. വരികളിലെ ഭംഗിയും സംഗീതത്തിലെ ആര്‍ദ്രതയും ചേര്‍ന്ന ഈ ഗാനം തനിക്കൊന്നു പാടിണമെന്നായി യേശുദാസിന്. പിന്നീട് കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു. നാടക ഗാനങ്ങളുടേതായി പുറത്തു വന്ന ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ യേശുദാസ് തന്നെ കരിവളയിട്ട കൈയില്‍ പാടി. 

 

"പാട്ടിന്റെ റെക്കോര്‍ഡിങ്ങ് മദ്രാസില്‍ നടക്കുന്നതായി അറിഞ്ഞിരുന്നു. കൂടുതലൊന്നും ആരും പറഞ്ഞില്ല. ഇടയ്ക്കു ചിലരൊക്കെ വന്നു ചില പേപ്പറുകളിലൊക്കെ ഒപ്പിട്ടു വാങ്ങി." വാസുദേവന്‍ പറയുന്നു. യേശുദാസിന്റെ ശബ്ദത്തില്‍ ഗാനം വന്നതോടെ കരിവളയിട്ട കൈയില്‍ മൂളാത്ത മലയാളി ഇല്ലാതെയായി. അപ്പോഴും ജീവിത പ്രാരാബ്ദങ്ങളില്‍ വലയുകയായിരുന്നു വാസുദേവന്‍. 

 

തന്റെ ഗാനം യേശുദാസിന്റെ ശബ്ദത്തില്‍ വന്നിട്ടും കേള്‍ക്കാന്‍ വാസുദേവന് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. സംഗീത പ്രേമികളില്‍ പലരും കേട്ടിട്ടും വാസുദേവന് സാഹചര്യം അനുവദിച്ചില്ല. നാട്ടിലെത്തിയ സൈക്കിള്‍യജ്ഞക്കാരുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ നിന്നാണ് യേശുദാസിന്റെ ശബ്ദത്തില്‍ തന്റെ ഗാനം പുറത്തിറങ്ങിയതു തന്നെ വാസുദേവന്‍ അറിയുന്നത്. കാശു കൊടുത്തൊരു റെക്കോര്‍ഡ് കിട്ടിയെങ്കിലും കേള്‍ക്കുവാന്‍ വഴിയുമുണ്ടായില്ല. പിന്നെ ആകാശവാണിയിലൂടെയാണ് വാസുദേവനും കുടുംബവും ആ ഗാനം അടുത്തറിഞ്ഞ് ആസ്വദിക്കുന്നത്. 

 

പാട്ടു ശ്രദ്ധിയ്ക്കപ്പെട്ടതോടെ വാസുദേവനും ശ്രദ്ധിക്കപ്പെടുമെന്നു പലരും കണക്കു കൂട്ടിയെങ്കിലും അതുണ്ടായില്ല. വയറു നിറയാന്‍ തയ്യല്‍ മെഷീന്റെ സംഗീതം തന്നെ കേള്‍ക്കേണ്ട അവസ്ഥ തുടര്‍ന്നു. പാട്ടും പറച്ചിലും തുന്നലുമൊക്കെയായി പിന്നെയും കാലം കടന്നു പോയി. പ്രതിസന്ധികളിലും സംഗീതത്തെ മാത്രം കൂട്ടുപിടിച്ചു. എന്നാല്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം കാലം കരുതിവച്ചൊരു സമ്മാനം കണക്കെ വാസുദേവന്‍ യേശുദാസിനെ ആദ്യമായി കണ്ടു മുട്ടി. അവശകലാകാരന്‍മാരെ ആദരിക്കുന്ന ചടങ്ങ് കോട്ടയം നഗരസഭ സംഘടിപ്പിക്കുന്ന വേദി. യേശുദാസാണ് കലാകാരന്‍മാരെ ആദരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഗാനത്തിനു ജീവന്‍ നല്‍കിയ യേശുദാസിനെ ആവേശത്തോടെ വാസുദേവനും നോക്കി നിന്നു. പുരസ്‌കാരം സമ്മാനിച്ച യേശുദാസിന്റെ ചെവിയില്‍ പതിയെ വാസുദേവന്‍ പറഞ്ഞു, ഞാനെഴുതിയ ഒരു ഗാനം അങ്ങ് പാടിയിട്ടുണ്ട്. വാസുദേവനെ തിരിച്ചറിഞ്ഞതോടെ യേശുദാസ് കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നായി വാസുദേവന്‍ ഇന്നും  ഓര്‍ക്കുന്നത് ഈ ദിവസത്തെയാണ്.

 

പുതിയ പാട്ടുകള്‍ എഴുതി നല്‍കണമെന്ന് വാസുദേവനോട് പറയാന്‍ ചടങ്ങു കഴിഞ്ഞു പോകും മുന്‍പ് യേശുദാസ് ചെയര്‍മാന്‍ സണ്ണി കല്ലൂരിനോട് ആവശ്യപ്പെട്ടു. വാസുദേവന്റെ പ്രതിഭയെ തിരിച്ചറിഞ്ഞ യേശുദാസിന്റെ ആ പ്രോത്സാഹനം വാസുദേവന് നല്‍കിയ സന്തോഷം ചെറുതല്ല. അതോടെ ആവേശത്തോടെ പാട്ടുകള്‍ എഴുതിയെങ്കിലും യേശുദാസിനെ എങ്ങനെ ബന്ധപ്പെടും എന്ന ആശങ്കയായിരുന്നു പിന്നീട്. അങ്ങനെ ഇരിക്കെ ഒരു ദിവസം കോട്ടയം സാമ്പ്രിക്കലിലുള്ള ഒരു വീട്ടില്‍ സന്ദര്‍ശനത്തിന് യേശുദാസ് എത്തുന്നതറിഞ്ഞ് വാസുദേവന്‍ അവിടെയെത്തി. ആള്‍ക്കൂട്ടത്തില്‍ നിന്ന് വാസുദേവനെ അടുത്തേക്കു സ്വീകരിച്ച് യേശുദാസ് ചേര്‍ത്തു നിര്‍ത്തി. ഏതെങ്കിലും  അവസരത്തില്‍ ഉപയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെ യേശുദാസിന് തന്റെ പാട്ടുകള്‍ വാസുദേവന്‍ കൈമാറുകയും ചെയ്തു. 

 

കരിവളയിട്ട കൈയില്‍ പിന്നീട് മാര്‍ക്കോസും കാസറ്റില്‍ പാടി പുറത്തിറങ്ങിയിട്ടുണ്ട്. സജീവ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന വാസുദേവനായിരുന്നു ഒരു കാലത്ത് കോട്ടയത്തെ മിക്ക തിരഞ്ഞെടുപ്പു ഗാനങ്ങളും രചിച്ചിരുന്നത്. അങ്ങനെ അര്‍ജുനന്‍ മാഷിനൊപ്പം പ്രവര്‍ത്തിക്കുവാനും വാസുദേവനു കഴിഞ്ഞു. 

 

നാട്ടിലെ പ്രോഗ്രസീവ് ക്ലബില്‍ പൊടിപിടിച്ചിരുന്ന ഹാര്‍മോണിയ പെട്ടിയില്‍ തൊട്ടും തലോടിയും വായിക്കാന്‍ പഠിച്ചതോടെ നാട്ടുകാരുടെ പ്രിയപ്പെട്ട വാസുദേവന്‍ ആശാന് അതായി പിന്നീടുള്ള കൂട്ട്. തന്നെ കാണാനെത്തുന്നവര്‍ക്കൊക്കെ വേണ്ടി ആശാന്‍ തന്റെ ഹാര്‍മോണിയ പെട്ടിയിലൂടെ പാട്ടുകള്‍ പാടി. ഒരുകാലത്ത് നിരവധി നാടകഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കുമൊക്കെ പാട്ടെഴുതിയ വാസുദേവന് ഭജന പാടിയും തയ്യലുമൊക്കെയായി ജീവിതം എഴുതി ചേര്‍ക്കാനുള്ള ശ്രമങ്ങളായി പിന്നീട്. 

 

"സിനിമയില്‍ പാട്ടെഴുതണം എന്നുണ്ടായിരുന്നു. അവസരങ്ങളൊന്നും കിട്ടിയില്ല." നിരാശ മറച്ചു വയ്ക്കാതെ വാസുദേവന്‍ പറയുന്നു. സംഗീതജ്ഞനാവാന്‍ കൊതിച്ച ഒരു കാലമുണ്ടായിരുന്നു. സാഹചര്യങ്ങളെല്ലാം അന്ന് എതിരായി. പിന്നീട് ജീവിതം മുന്നോട്ടു നീക്കാന്‍ പാടുപെടുമ്പോഴും വാസുദേവന്‍ സംഗീതം കൈവിട്ടില്ല. കരളിലിരിക്കുന്ന കനകക്കിനാവുകളെ കസവണിയിച്ച് ഇന്നുമുണ്ട് ആ മനസില് സംഗീതം. ജീവിക്കുവാന്‍ കത്രിക പിടിച്ച കൈകള്‍ക്ക് ജീവിതം നല്‍കിയത് വിരല്‍തുമ്പിലെ പേന തന്നെയാണ്. സാധാരണക്കാരില്‍ സാധാരണക്കാരനായി എം. എസ് വാസുദേവന്‍ ജീവിക്കുമ്പോഴും ഇന്നും വിശ്രമമില്ലാതെ എഴുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com