ADVERTISEMENT

പാര്‍ത്ഥസാരഥിയുടെ ചൈതന്യം ആവോളം ആവാഹിച്ച നാട്. പാട്ടിലും താളത്തിലും തുടങ്ങി രുചിയില്‍വരെ ആറന്‍മുളയ്‌ക്കൊരു പെരുമയും പഴമയുമുണ്ട്. ഗ്രാമീണതയുടെ മണം മാറാത്ത ആ നാട്ടുവഴികളിലൊക്കെ തുമ്പയും മുക്കുറ്റിയുമൊക്കെ ഇന്നും ആവോളം തഴച്ചു നില്‍ക്കുന്നത് നാട്ടുകാരുടെ ഈ നന്‍മകൊണ്ടുകൂടിയാണ്.

പമ്പാനദിക്കു കിരീടമായി നീരണിയുന്ന പള്ളിയോടങ്ങളാ ഓളങ്ങളെ പോലും കുളിരണിയ്ക്കും. വായില്‍ പള്ളിയോടമിറക്കാന്‍ പാകത്തിന് വിഭവങ്ങളുമായെത്തുന്ന വള്ളസദ്യയും നേരിന്റെ തെളിമയുള്ള ആറന്‍മുള കണ്ണാടിയുമൊക്കെ ഈ നാടിന്റെ മാത്രം പ്രത്യേകതയാണ്. ആറന്‍മുളക്കാരന്റെ ജീവശ്വാസത്തിനുപോലും വഞ്ചിപ്പാട്ടുകളില്‍ നിന്നു പകര്‍ന്നു കിട്ടിയൊരു താളമുണ്ട്. പാട്ടും താളവുമൊക്കെ അത്രമേല്‍ ഹൃദയത്തോടു ചേര്‍ത്തുവച്ച സംസ്‌കാരമാണ് ആ നാടിന്റേത്. മധ്യതിരുവിതാംകൂറില്‍ സ്വന്തമായ പാട്ടുസംസ്‌കാരത്തെ ഇത്രമേല്‍ ചേര്‍ത്തുവച്ച മറ്റൊരു ഗ്രാമവും ഉണ്ടാകില്ല. പേരിനൊരു പൈതൃക ഗ്രാമമല്ല ആറന്‍മുള ഇന്നും. അതുകൊണ്ടാകാം പാട്ടിലും ആറന്‍മുള പമ്പപോലെ സമൃദ്ധമായി ഒഴുകി എത്തുന്നത്.

പാര്‍ത്ഥന് ഗീതോപദേശം നല്‍കിയ ഭഗവാനെ പുകഴ്ത്തിയ പാട്ടുകള്‍ ഏറെയുണ്ട് ഇന്നും ഭക്തിരുടെ മനസില്‍. ഒപ്പം ഗ്രാമീണതയുടെ ഊഷ്മളതയും വള്ളംകളിയുടെ കീര്‍ത്തിയുമൊക്കെ ചേര്‍ന്നതോടെ എഴുത്തുകാര്‍ക്കും പ്രിയപ്പെട്ടൊരിടമായി ആറന്‍മുള. മലയാളിയുടെ ഓണാഘോഷങ്ങളിലെ അവസാന ഇനം ആറന്‍മുള വള്ളംകളിയാണ്. പൈതൃക ഗ്രാമമെന്ന തലേല്‍ക്കെട്ടും ഓണാഘോഷങ്ങളുടെ നാടെന്ന പേരുമൊക്കെ ചേര്‍ന്നതോടെ എത്രയോ ഓണപ്പാട്ടുകളില്‍ ആറന്‍മുളയും നീരണിഞ്ഞു.

തിരുവാറന്‍മുളകൃഷ്ണാ നിന്നോമല്‍

തിരുമുഖം കണി കണ്ടു നില്‍ക്കുമ്പോള്‍

എന്നെ മറക്കുന്നെന്‍ ദു:ഖം മറക്കുന്നു

എല്ലാം മറക്കുന്നു ഞാന്‍

ഇന്നെല്ലാം മറക്കുന്നു ഞാന്‍...

ആറന്‍മുള ഭഗവാനേ പാടി പുകഴ്ത്തിയ അനേകായിരം ഭക്തിഗാനങ്ങളില്‍ ഇന്നും ഭക്തരുടെ പ്രിയപ്പെട്ട ഗാനം ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ടി. എസ്. രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനമാണ്. 1986ല്‍ തരംഗിണി പുറത്തിറക്കിയ തുളസീതീര്‍ത്ഥമെന്ന കാസറ്റില്‍ ചിത്രയാണ് ഈ ഗാനം ആലപിച്ചത്. ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ എന്ന ഗാനത്തിന്റെ പിറവിയോടെയാണ് ഇതൊരു കാസറ്റിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ചൊവ്വല്ലൂരും ടി. എസ്. രാധാകൃഷ്ണനും ആരംഭിക്കുന്നത്. പാട്ട് യേശുദാസിനും ഇഷ്ടപ്പെട്ടതോടെ കൂടുതല്‍ ഗാനങ്ങള്‍ കാസറ്റിലേക്കായി തയാറാക്കാന്‍ നിര്‍ദേശം നല്‍കി. വിപണന സാധ്യതകൂടി പരിശോധിച്ച് ആറന്‍മുള ഭഗവാനേയും അമ്പലപ്പുഴ കണ്ണനേയും മൂകാംബിക ദേവിയേയുമൊക്കെ പാട്ടിലേക്കും പ്രതിഷ്ഠിച്ചു. ആറന്‍മുളപ്പനുള്ള ചൊവ്വല്ലൂരിന്റെ സമര്‍പ്പണം കൂടിയായിരുന്നു ഈ ഗാനം. യേശുദാസ് ആലപിച്ച ശ്രീപാര്‍ത്ഥസാരഥേ പാഹിമാം, ശ്രിതജനപാലകാ പാഹിമാം എന്ന ഗാനവും ഈ കാസറ്റിലായിരുന്നു.

ആറന്‍മുള ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടന്‍ വള്ളം

ആലോല മണിത്തിരയില്‍ നടനമാടി

ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളില്‍

കാറ്റു വന്നു തട്ടിയോണപ്പാട്ടൊന്നു പാടീ...

1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലെ പ്രണയഗാനത്തിന്റെ പശ്ചാത്തലം ആറന്‍മുളയായിരുന്നു. ഉത്തൃട്ടാതി വള്ളംകളിയുടെ അന്ന് ആദ്യമായി കണ്ടുമുട്ടിയ കാമുകി കാമുകന്‍മാരുടെ പ്രണയം പങ്കിടുന്ന ഈ ഗാനം ശ്രീകുമാരന്‍ തമ്പിയാണ് രചിച്ചത്. ദേവരാജന്‍ മാസ്റ്ററായിരുന്നു സംഗീതം. ഓണവെയിലില്‍ കുളിച്ചു നില്‍ക്കുന്ന ഉത്രട്ടാതി നാളിലേക്ക് പ്രണയത്തേയും ചേര്‍ത്തുവയ്ക്കുകയാണ് എഴുത്തുകാരന്‍ ഈ പാട്ടില്‍. പി. ജയചന്ദ്രനായിരുന്നു ആലാപനം.

ഓണപ്പാട്ടുകളിലേക്ക് പ്രണയത്തിന്റെ തുടിപ്പുകളെ ആദ്യമായി ചേര്‍ത്തുവച്ചതും ശ്രീകുമാരന്‍ തമ്പിയായിരുന്നു. അതുവരെ ഓണപ്പാട്ടുകള്‍ക്ക് ഉത്സവപ്പാട്ടുകളുടെ സ്വഭാവം മാത്രമായിരുന്നത് അദ്ദേഹം പൊളിച്ചെഴുതി. തരംഗണിയുടെ കാസറ്റുകളിലൂടെ അദ്ദേഹം തുടങ്ങിവച്ച അത്തരം ചില പുതിയ ഓണക്കാഴ്ചകളെ ഇന്നും തുടരുന്നു എന്നതും ശ്രദ്ധേയമാണ്.

ആറന്മുളപ്പള്ളിയോടം ആര്‍പ്പുവിളി വള്ളംകളി

അക്കരെയുമിക്കരെയും ആള്‍ത്തിരക്കിന്‍ പൂരക്കളി

അമരത്തിരുന്നു ഞാന്‍ തുഴ തുഴഞ്ഞേറവേ

അന്നക്കിളീ നിന്നെക്കണ്ടൂ

നെഞ്ചിലല്ലിപ്പൂവിന്നമ്പു കൊണ്ടൂ...

ഓണക്കാലമായെന്ന് മലയാളിയെ ഓര്‍മപ്പെടുത്താനുള്ള ഗാനങ്ങളില്‍ ഒന്നാണ് ഇന്നും ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും തൊട്ടതൊക്കെയും പൊന്നാക്കിയ കാലം. 1998ല്‍ തരംഗണിയുടെ ഓണപ്പാട്ടുകളൊരുക്കാന്‍ ഇതില്‍ നല്ലൊരു കൂട്ടുകെട്ടുണ്ടോ. വിദ്യാസാഗറൊരുക്കിയ ശ്രദ്ധേയമായ ഓണക്കാസറ്റു കൂടിയാണ് തിരുവോണക്കൈനീട്ടം.

ഓണത്തിന്റെ ആരവം മുഴക്കി അമരത്തിരുന്നു തുഴയുന്നവന്റെ അന്നക്കിളിയെ വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയപ്പോള്‍ പാട്ടിനൊരു ചുണ്ടന്‍വള്ളത്തിന്റെ ചേലായിരുന്നു. മലയാളി കേട്ടു ശീലിച്ച ‘തിത്തിതാരാ തിത്തി തിതെയ് തക തെയ്‌തെയ്‌തോം’ എന്ന വായ്താരിയോ പുതുമയോടെ വിദ്യാസാഗര്‍ അവതരിപ്പിച്ച പാട്ടുകൂടിയായിരുന്നു ഇത്.

ആറന്‍മുള അമ്പലത്തില്‍ മന്ത്ര ശംഖ നാദം

ഉത്രട്ടാതി പുലര്‍ച്ചയില്‍ നാട്  നീളെ ഘോഷം

പൊന്നും ചുണ്ടന്‍ ഒരുങ്ങുന്ന ദിവസമല്ലേ...

ആനന്ദ കളഭച്ചാര്‍ത്ത് ആകാശത്തും ആനന്ദ കളഭച്ചാര്‍ത്ത്...

ഉത്രാട്ടാതിനാളിലെ ആറന്‍മുള കാഴ്ചകളിലേക്ക് വാക്കുകളുടെ തുഴ എറിഞ്ഞ ഗാനമായിരുന്നു തിരുവോണപ്പാട്ടിലെ പി. ജയചന്ദ്രന്‍ ആലപിച്ച ഈ ഗാനം. പമ്പയില്‍ പാലാഴി പത നുരയുമെന്നും സ്‌നേഹത്തില്‍ അണിചേര്‍ന്നു തുഴഞ്ഞുപോം നമ്മള്‍ക്ക് ജാതിയും മതവുമേത് എന്നിങ്ങനെ ശ്രീകുമാരന്‍ തമ്പി ഈ പാട്ടില്‍ എഴുതിയപ്പോഴത് ആസ്വാദകര്‍ക്ക് സുഖമുള്ള അനുഭവമായിരുന്നു. എം. ജയചന്ദ്രനായിരുന്നു സംഗീതം.

ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച

പൊന്നാഞ്ഞിലി തോണിയോ

ആറന്മുള തേവരാറാട്ടിനെത്തുന്ന

പള്ളിപെരുംതോണിയോ...

വള്ളമെന്നു കേട്ടാല്‍ മലയാളിയുടെ മനസിലേക്ക് ആദ്യമെത്തുക ആറന്‍മുള തന്നെയാകും. അതുകൊണ്ടാകാം ചമ്പക്കുളം തച്ചനില്‍ രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ വള്ളത്തിന്റെ പശ്ചാത്തലത്തിലുള്ള പാട്ടിലേക്ക് ആറന്മുളയിലേക്കും ബിച്ചു തിരുമല തോണിയാത്ര നടത്തിയത്. വള്ളത്തെ ഇത്ര മേല്‍ വര്‍ണിച്ച് സ്വാഗതം ചെയ്ത മറ്റൊരു ഗാനവും ഇന്നോളം മലയാളത്തിലുണ്ടായിട്ടില്ല.

തെക്ക് തെക്ക് തെക്കേപ്പാടം എന്ന ഗാനത്തില്‍ ഗിരീഷ് പുത്തഞ്ചേരി ആറന്‍മുളയുടെ ഗ്രാമീണതയിലേക്ക് ഒരിക്കല്‍ക്കൂടിസഞ്ചരിക്കുന്നുണ്ട്. മാന്നാറിലേ പൂമൈനയ്ക്കും ആറന്‍മുള പൂവാലിക്കും ഇന്നാണല്ലോ താലോലം വേളിനാള് എന്ന് പുത്തഞ്ചേരി എഴുതിയിട്ടുണ്ട്.

ഹരിനാരായണതിരുവാറന്‍മുളവാഴും ഭാഗവനാനേ

തുണയായി ഞങ്ങളില്‍ ഉണരണമേ....

പുതിയ കാലത്തിന്റെ താളക്കൊഴുപ്പുകളിലേക്ക് ലയിപ്പിച്ച ഗാനം. ഉമയാറ്റുകര പളളിയോടം നീരണിയുന്നതിനോട് അനുബന്ധിച്ചാണ് കരക്കാര്‍ ഇത്തരമൊരു പാട്ടും പങ്കുവച്ചത്. ഒ. എസ്. ഉണ്ണികൃഷ്ണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഗിരീഷ് സുര്യ നാരായണനാണ്. പുതിയ താളത്തിലേക്ക് സമൃദ്ധമായി പള്ളിയോട കാഴ്ചകളെ ചേര്‍ത്തുവയ്ക്കാന്‍ പാട്ടിലൂടെ സംഗീത സംവിധായകനു കഴിഞ്ഞു. പള്ളിയോടത്തിന്റെ തലയെടുപ്പിനേയും ഭംഗിയേയും വര്‍ണിച്ച ഗാനം കൂടിയായിരുന്നു ഇത്.

ചിലങ്കകെട്ടിയ ശ്രാവണകന്യക പ്രസന്നവതിയായി

തിരുവാറന്‍മുള അമ്പലനടയില്‍ പൂക്കളൊരുക്കുന്നു...

മധുസൂദനം എന്ന കാസറ്റിലെ ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്നായിരുന്നു ഇത്. വഞ്ചിപ്പാട്ട് കലാകാരന്‍കൂടിയായ ആറന്‍മുള വിജയകുമാറിന്റെ വരികള്‍ക്ക് കെ. രവീന്ദ്രനായിരുന്നു സംഗീതം. ആറന്‍മുള ക്ഷേത്രവും ചടങ്ങുകളുമൊക്കെയായിരുന്നു പാട്ടിലുടനീളം നിറഞ്ഞത്. സുദീപ്കുമാറായിരുന്നു ആലാപനം.

ആറന്‍മുള ക്ഷേത്രവും വള്ളംകളിയുമൊക്കെ നിരവധി ഗാനങ്ങളിലൂടെയാണ് ആസ്വാദകര്‍ അനുഭവിച്ചറിഞ്ഞത്. പ്രശസ്തരായവരും അല്ലാത്തവരുമായ നിരവധി പ്രതിഭകളാണ ഭക്തിഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും ഭഗവാനേയും ആറന്‍മുളകരയേയും വര്‍ണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com