‘സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല...’; പാട്ടെഴുത്തിലെ ഐ എ എസുകാരൻ

k-jayakumar
SHARE

‘കാലവും തിരയും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല.’ കയറ്റിറക്കങ്ങളുടെ ജീവിതവഴിത്താരയിൽ പ്രതീക്ഷകളുടെ കൈ പിടിച്ച് നടന്നു നീങ്ങുമ്പോൾ ലക്ഷ്യത്തിലെത്താൻ വൈകിപ്പോകുന്നവരിൽ ചിലരെങ്കിലും ഈ ചൊല്ലിനെ ശരിവയ്ക്കും. എന്നാൽ വൈകിപ്പോകലുകളെയോർത്ത് പരിതപിക്കാതെ ജീവിതത്തെ നിറം പിടിപ്പിക്കാൻ തക്കവണ്ണം മനസ്സിനെ പാകപ്പെടുത്തുന്ന ചിലരുമുണ്ട്. കഴിഞ്ഞ കാലത്തിന്റെ പടുനഷ്ടങ്ങളെ മറക്കാനും പുത്തൻ പ്രതീക്ഷകളെ പുണരാനുമുള്ള വെമ്പൽ ഒരു ഊർജം പോലെ മനസ്സിൽ കൊണ്ടു നടക്കുന്ന ചിലർ. ജീവിത സായന്തനത്തിലെത്തിയിട്ടും കാലമൊരുക്കുന്ന അതിധന്യമായ മുഹൂർത്തങ്ങൾക്കായി കാത്തിരിക്കുകയാവാം അവർ.

അത്തരമൊരു കഥ പറഞ്ഞ നസീർ ചിത്രമായിരുന്നു ‘ഒഴിവുകാലം’. മധ്യവയസ്സു കഴിഞ്ഞിട്ടും യൗവനം അവശേഷിക്കുന്ന രണ്ടു പേരുടെ കഥ. വൈകിവന്ന ഒരു നിശ്ശബ്ദ പ്രണയത്തിന് കഥാവഴിയിൽ സന്ദർഭമൊരുങ്ങുമ്പോൾ പശ്ചാത്തലത്തിൽ ഏതു ഗാനമാവണമെന്ന് ഭരതൻ - പത്മരാജൻ ടീമിന് നല്ല നിശ്ചയവുമുണ്ടായിരുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം പാട്ടെഴുത്തു വഴിയിലേക്ക് തിരിച്ചെത്തിയ കെ. ജയകുമാറിനെ എഴുതാൻ ഏൽപിക്കുമ്പോൾ അവരുടെ തീരുമാനത്തിൽ ഒട്ടും പിഴവുമില്ലായിരുന്നു.

‘സായന്തനം നിഴൽ വീശിയില്ല ശ്രാവണപ്പൂക്കളുറങ്ങിയില്ല....’ - പാട്ടുപിറക്കാൻ പിന്നെ ഏറെ സമയം വേണ്ടി വന്നില്ല. എത്ര ആർദ്രമായാണ് വരികളിൽ ഭാവങ്ങളിങ്ങനെ വീണു പടരുന്നത്! കടന്നുപോയ കാലത്തെ മറവിക്കു കൊടുത്തിട്ട് വർത്തമാനത്തെ പുണരാൻ വെമ്പുന്ന നായികാ - നായക ഹൃദയങ്ങളുടെ തോന്നലുകൾ ആസ്വാദനത്തിന് വേറിട്ട ഒരു തലമല്ലേ നൽകുന്നത്! 

സിവിൽ സർവീസിന്റെ കാഠിന്യത്തിനപ്പുറം കാൽപനികതയുടെ ലാളിത്യവും പ്രതിഭയുടെ നൈർമല്യവുമായി പാട്ടെഴുത്തുവഴിയിലേക്കു കടന്നുവന്ന ജയകുമാർ 1985 ൽ രചിച്ചതാണ് ഇതിലെ വരികൾ. 1973 ൽ ഗാനരചനാ രംഗത്തേയ്ക്കു കാലെടുത്തു വച്ച അദ്ദേഹത്തിന്റെ ഏറെനാളിനു ശേഷമുള്ള തിരിച്ചുവരവും ഒരുപിടി നല്ലഗാനങ്ങളുടെ പിറവിയും അതേ വർഷം തന്നെയായിരുന്നു. അതിൽത്തന്നെ അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കിയതും ‘ഒഴിവുകാല’ത്തിലെ ഈ ഗാനം തന്നെയാണ്.

നഷ്ടബോധത്തിന്റെ വിങ്ങലുകൾക്കപ്പുറം പ്രതീക്ഷകളെ ഇറുകെപ്പുണർന്ന് മറ്റൊരു ചെറുപ്പത്തിനു കൊതിക്കുന്ന ഹൃദയങ്ങളെയാണ് കവി ഇവിടെ വരച്ചുകാട്ടുന്നത്.

ജീവിതം അതിന്റെ സായന്തനത്തോടടുക്കുന്നുവെങ്കിലും ഉള്ളിലുണരുന്നത് യൗവനത്തിന്റെ തുടിപ്പുകൾ തന്നെയാണെന്ന് ഇത്ര ഭംഗിയായി മറ്റെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ? അഭിലാഷങ്ങൾക്ക് ശ്രാവണപ്പൂവിന്റെ ചേല് പകർന്ന കാവ്യഭാവന പ്രസ്താവിക്കുകയാണ്, ഉള്ളിലുണർന്ന് ഉന്മാദമൊരുക്കുന്ന ‘ശ്രാവണപ്പൂക്കൾ’ ഇനിയും ഉറങ്ങിയിട്ടില്ല! പൂർത്തിയായിട്ടില്ലാത്ത എത്രയെത്ര ആഗ്രഹങ്ങളെ മനസ്സിൽ ഒളിപ്പിച്ചുകൊണ്ടായിരിക്കാം കവി ഇങ്ങനെ പറഞ്ഞിരിക്കുക. ആ കൽപനയിൽ ഉറങ്ങാതെ നിൽക്കുന്ന ശ്രാവണപ്പൂവുകൾ ആസ്വാദക ഹൃദയങ്ങളിലും വിടർത്തുകയല്ലേ ഒരു ശ്രാവണവസന്തം! കാലമിത്ര കടന്നിട്ടും, കാഴ്ചകൾ പലതു കണ്ടിട്ടും ഇതുവരെ കാണാൻ കഴിയാതിരുന്ന കാഴ്ചകൾക്കായി ആ മിഴികളും വല്ലാതെ കൊതിക്കുന്നുണ്ട്. പോയ കാലത്തിന്റെ യൗവനക്കാഴ്ചകൾക്ക് ഇന്നും കൺമുന്നിൽ മയിൽപ്പീലിയഴകുതന്നെ. കാലമൊരുക്കി വച്ചിരിക്കുന്ന കാഴ്ചവട്ടങ്ങളെ ഒട്ടും മങ്ങലില്ലാതെ ആത്മാവിലേക്കാവാഹിക്കുവാനായാണ് ആ നീലാഞ്ജന മിഴിയിണകൾ ഇപ്പോഴും തിളങ്ങുന്നത്. 

‘സീമന്തരേഖയിൽ സിന്ദൂര മണിയുമൊരുഷഃസന്ധ്യ വീണ്ടും വന്നു....’ പകലൊടുങ്ങലും രാവുണരലും എപ്പോഴും ആവർത്തിക്കപ്പെടുന്നത് ഉഷഃസന്ധ്യയെ സാക്ഷിയാക്കിയാണ്. അടർത്തിമാറ്റാനാവാത്ത ഇത്തരമൊരു പ്രപഞ്ചസത്യത്തിന് ജീവിതത്തിന്റെ ചില ഘട്ടങ്ങളുമായും അപാര സാമ്യമുണ്ടെന്നതിൽ കവിക്കും സംശയമില്ല. അതുവരെയുണ്ടായിരുന്ന ജീവിതത്തിന്റെ ഒടുക്കവും മറ്റൊരു ജീവിതത്തിന്റെ തുടക്കവും  സീമന്തരേഖയിൽ അണിയുന്ന സിന്ദൂരത്താൽ കുറിക്കപ്പെടും! കാൽപനികതയിലും ദാർശനികതയെ കൈവിടാതെ, ഒരു കാലത്തിന്റെ പോക്കിനെയും മറ്റൊരു കാലത്തിന്റെ വരവിനെയും എത്ര കാവ്യാത്മകമായാണ് ഇവിടെ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നത്! കാലമൊരുക്കിയ അതിധന്യമായ മുഹൂർത്തം ഇതുതന്നെയാണെന്നും ഈയൊരു മുഹൂർത്തത്തിനു വേണ്ടിയാണ് കാത്തിരുന്നതെന്നും കവി ഇവിടെ പറഞ്ഞുറപ്പിക്കുന്നു. പ്രണയത്തിലായാലും ദാമ്പത്യത്തിലായാലും എന്തിന്, ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ധന്യമായ മൂഹൂർത്തങ്ങളെയൊരുക്കുന്നത് കാലമാണ് എന്നതിൽ കെ. ജയകുമാർ എന്ന പാട്ടെഴുത്ത് പ്രതിഭയ്ക്ക് ഒട്ടും സംശയമില്ല.

‘ശ്രീമതിപ്പക്ഷികൾ സാധകം ചെയ്യുമീ സാമഗാനത്തിലലിയാൻ...’ മനസ്സു വല്ലാതെ കൊതിക്കുകയാണ്. സാമഗാനത്തിന്റെ ചിറകിലേറി ഇഷ്ടരാഗങ്ങളിൽ അലിഞ്ഞു ചേരാൻ ഇനിയേറെ കാത്തിരിക്കാൻ ആവില്ല. ഉള്ളിന്റെയുള്ളിൽ അണകെട്ടി നിർത്തിയ അചുംബിത മൗനവും പറന്നുയരാൻ ഇന്ന് ചിറകുകളെ തേടുകയാണ്. ‘ശ്രീമതിപ്പക്ഷികൾ’ അക്കാലത്ത് കവിയെ കുറച്ച് പഴിയും കേൾപ്പിച്ചിരുന്നു!

ആർദ്ര സംഗീതങ്ങളുടെ തോഴൻ ജോൺസൺ മാഷാണ് മറക്കാനാവാത്ത ഈണം പകർന്ന് ഗാനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. യേശുദാസിനൊപ്പം എസ്. ജാനകിയുടെ സ്വരമാധുരിയും ചേരുമ്പോൾ ഏതു റേഞ്ചിലേക്കാവും പാട്ടുയരുക എന്ന് മലയാളത്തിലേക്കാദ്യമായി സംഗീത സംവിധാനത്തിനു ദേശീയ പുരസ്കാരം കൊണ്ടുവന്ന പഴയ ആ ദേവരാജശിഷ്യന് നല്ല നിശ്ചയം ഉണ്ടായിരുന്നു. ‘എടാ നമ്മള്... മൗനത്തെ പാട്ടിൽ ഉപയോഗിക്കുമ്പോൾ ഇത്തിരി ശ്രദ്ധിക്കണം. കൂടുതൽ ശബ്ദകോലാഹലങ്ങൾ കൊടുത്തുകൂടാ..’– ഗുരുവിന്റെ വാക്കുകൾ ജോൺസൺ മറന്നിരുന്നില്ല. ജാനകിയുടെ ശബ്ദത്തിലെ ‘മൗന’ത്തിന് പ്രത്യേക ഭംഗി പറഞ്ഞു ചെയ്യിപ്പിക്കാനും അതുകൊണ്ടുതന്നെ ജോൺസൺ മാസ്റ്ററിന് കഴിഞ്ഞിട്ടുമുണ്ട്. 

എം.എസ്. ബാബുരാജ് വഴി മലയാളത്തിലേക്കു രംഗപ്രവേശം ചെയ്ത ജാനകിയമ്മയെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മലയാളം എന്നേ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നതാണ്. ദാസ് - ജാനകി ജോഡികളുടെ ഏറ്റവും കൂടുതൽ ഹിറ്റുകൾ കൊണ്ട് മലയാളം നിറഞ്ഞ രണ്ടു പതിറ്റാണ്ടുകൂടിയായിരുന്നു അത്. മറ്റു പലപ്പോഴും എന്നതു പോലെ ഈ ഗാനത്തിലെയും ആലാപനത്തിൽ സ്വരഭംഗിയാൽ യേശുദാസിനേയും കടത്തിവെട്ടിക്കളഞ്ഞു ഇന്ത്യൻ സിനിമയുടെ വാനമ്പാടി. ഇതിനുമൊരു പതിറ്റാണ്ടു മുമ്പാണ് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ....’ പാടി ഈ സ്വരമാധുരി മലയാളത്തെയൊന്നടങ്കം ആവണിത്തെന്നലായ് മാറ്റിയത്. പിന്നെയും എത്രയോ തവണ മലയാളത്തിനായി നിർവൃതി പകർന്നേകാൻ ആ ആലാപന സുകൃതത്തിനായിരിക്കുന്നു.

‘നീലക്കടമ്പി’ലെ സൂപ്പർഹിറ്റ് ഗാനങ്ങളും ജയകുമാറിന്റെ തൂലികയിൽ ഇതേ വർഷം തന്നെയായിരുന്നു പിറന്നത്. കവിതയുടെ കാൽപനിക ധാരയിൽ പിറന്ന കുറെയേറെ ഗാനങ്ങൾ കെ ജയകുമാറിന്റേതായി പിന്നെയും വന്നുകൊണ്ടേയിരുന്നു. എങ്കിലും യുഗ്മഗാന ശ്രേണിയിൽ കാതോരം ചേർത്തുവെയ്ക്കാൻ പോന്ന ശ്രുതിഭംഗിയാണോ, ഓർത്തുവെയ്ക്കാൻ പോന്ന ഈണമാണോ, ചരണങ്ങളിൽ വിടരുന്ന വാഗ്ചാരുതയാണോ.... അറിയില്ല. എന്തൊക്കെയോ ചില പ്രത്യേകതകൾ ഓരോ തവണ കേൾക്കുമ്പോഴും ഈ ഗാനത്തിലേക്ക് മനസ്സിനെ വല്ലാതെ പിടിച്ചടുപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA