ടി.എൻ. കൃഷ്ണൻ- ഓർമകളുടെ രാഗപ്രവാഹം

tn-krishnan-madhu
SHARE

കുംഭകോണത്തെ വർത്തകപ്രമാണിയുടെ ഇളയ  മകളുടെ തിരുമണം. വൈകുന്നേരം സംഗീതക്കച്ചേരിയുണ്ട്. അരിയക്കുടി രാമാനുജ അയ്യങ്കാർ പാടുന്നു. പളനി സുബ്രഹ്മണ്യംപിള്ള മൃദംഗം വായിക്കുന്ന കച്ചേരിയിൽ വയലിൻ മീട്ടാൻ അവസരം ലഭിച്ചപ്പോൾ മാസ്റ്റർ ടി.എൻ. കൃഷ്ണൻ വളരെ സന്തോഷിച്ചു. എങ്കിലും അല്പം ആശങ്കയുണ്ടായി. മൈസൂർ ചൗഡയ്യ, രാജമാണിക്കംപിള്ളൈ, പാപ്പ വെങ്കടരാമയ്യ, മായാവരം ഗോവിന്ദരാജപിള്ളൈ, ദ്വാരം വെങ്കടസ്വാമി നായിഡു തുടങ്ങിയ സിംഹങ്ങൾ വാഴുന്ന കർണാടകസംഗീതത്തിൽ ഒരു കൗമാരക്കാരനെ പാരമ്പര്യവാദികളായ സംഗീതാസ്വാദകർ സ്വീകരിക്കുമോ? ഇതേ ചോദ്യം പലരും അയ്യങ്കാരുടെ മുന്നിലും ഉന്നയിച്ചു. അദ്ദേഹം അവർക്കെല്ലാം നൽകിയ മറുപടിയുടെ സാരം ഇതായിരുന്നു, 'ഞങ്ങളുടെ കാലം കഴിഞ്ഞും കർണാടകസംഗീതം ഇവിടെ നിലനിൽക്കണം. അതിനുവേണ്ടി പുതിയ തലമുറയിലെ കലാകാരന്മാരെ മുതിർന്നവർ ഇപ്പോഴേ വളർത്തിയെടുക്കണം. അവർക്കുവേണ്ട പരിശീലനവും പ്രോത്സാഹനവും അരങ്ങും കൊടുക്കണം. നാളെ ഒരു വലിയ വയലിൻവാദകനായി വരാനുള്ള എല്ലാ ലക്ഷണങ്ങളും കൃഷ്ണനിൽ കാണുന്നുണ്ട്, നല്ല അച്ചടക്കവും. നിങ്ങൾ മാമൂലുകളെല്ലാം ഉപേക്ഷിക്കൂ. അവൻ വായിച്ചുവിടുന്ന തോടിയിലെയും കാംബോജിയിലെയും ഭൈരവിയിലെയും പാകത ശ്രദ്ധിക്കൂ.' രാമാനുജ അയ്യങ്കാരുടെ ഉദാരത നിറഞ്ഞ വാക്കുകൾ ടി.എൻ. കൃഷ്ണനും കേട്ടു, വാത്സല്യക്കുളിർമ ഉള്ളാലേ അനുഭവിച്ചു.

അയ്യങ്കാരുടെ പ്രവചനം സത്യമായി വരണം. അതിനുവേണ്ടി എന്തും ചെയ്യണം. കൃഷ്ണൻ അതികഠിനമായ സാധകം തുടങ്ങി. ഭക്ഷണം കഴിക്കാനോ മറ്റോ എഴുന്നേറ്റാലായി. ഈ അമിതസമ്മർദം താങ്ങാൻ ശരീരത്തിനു പക്ഷേ സാധിച്ചില്ല കച്ചേരിദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഇടതുകൈ നിവരുന്നില്ല! മാംസപേശി ഉറച്ചുപോയിരിക്കുന്നു. പേടിച്ചുവിറച്ചു. പല ശ്രമങ്ങളും നടത്തി. ഭയങ്കര വേദനയുണ്ടായതല്ലാതെ കൈ നിവർന്നു കിട്ടിയില്ല. വയലിൻ എടുത്തുപിടിക്കാൻപോലും സാധിക്കുന്നില്ല. കച്ചേരി മുടങ്ങും എന്നകാര്യം ഉറപ്പായി. അയ്യങ്കാരെ ഇതെങ്ങനെ ധരിപ്പിക്കും? എന്തായിരിക്കും പ്രതികരണം? എന്തുംവരട്ടെ, എത്രയുംവേഗം അദ്ദേഹത്തെ വിവരം അറിയിക്കണം. അയ്യങ്കാരുടെ ശിഷ്യനൊരാൾ അയൽപക്കത്തുണ്ട്. അവനെയുംകൂട്ടി തൂക്കാംപാളയത്തെ ‘രാമാനുജവിലാസി’ലെത്തി. കൂട്ടുകാരൻ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടിരിക്കേ, കൃഷ്ണൻ മടങ്ങിയ കയ്യിൽ നോക്കി വിതുമ്പലോടെ ഒരു മൂലയിൽ മാറിനിന്നു. അയ്യങ്കാർ ദേഷ്യപ്പെട്ടില്ല, കൃഷ്ണനെ അരികിലേക്കു വിളിച്ചു. കയ്യും വിരലുകളും പരിശോധിച്ചു. ‘ഈ കയ്യുംകൊണ്ട്  വൈകുന്നേരം എനിക്കെന്തു ചെയ്യാൻ സാധിക്കും? വയലിൻ വായിക്കാൻ മറ്റാരെയെങ്കിലും ഏർപ്പാടാക്കണ്ടേ? കച്ചേരി മുടങ്ങരുതല്ലോ?’ കൃഷ്ണൻ പ്രകടിപ്പിച്ച ആകുലതകൾക്കൊന്നും അയ്യങ്കാർ ചെവികൊടുത്തില്ല.

'നീ ചുമ്മാ ഇരുടാ. നീ വാശിക്കലെന്നാ, നാൻ കച്ചേരി പാടമാട്ടേൻ. അവ്വളവ്താൻ !'

കുറച്ചു ചൂടുവെള്ളം തയ്യാറാക്കാൻ ഏർപ്പാടാക്കിയശേഷം അയ്യങ്കാർ മുറ്റത്തേക്കിറങ്ങി, ഒരു കൈക്കുമ്പിൾ നിറയേ ഏതാനും നാട്ടുചെടികളുടെ ഇലകളുമായി കയറിവന്നു. ഇലച്ചാറും കടുകെണ്ണയും കർപ്പൂരവും ചേർത്ത മിശ്രിതം അദ്ദേഹം തന്നെ കൃഷ്ണന്റെ കയ്യിലും വിരലുകളിലും പുരട്ടി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ കൈ ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കികൊടുത്തു. എതെങ്കിലും മഹാത്ഭുതം സംഭവിക്കും എന്ന പ്രതീക്ഷ ആർക്കും ഉണ്ടായില്ല. പക്ഷേ  വെകുന്നേരത്തെ കച്ചേരിയിൽ കൃഷ്ണൻ പതിവിലും ഗംഭീരമായി വയലിൽ വായിച്ചു. ‘ശങ്കരാഭരണനൈ അഴൈതോടിവാടി കല്യാണി' എന്ന ചതുർ രാഗമാലികാപല്ലവിയിൽ സകല വൈഭങ്ങളും കൈമിടുക്കും പുറത്തെടുക്കാനുള്ള സന്ദർഭവും അയ്യങ്കാർ മനപ്പൂർവം കൃഷ്ണനു കൊടുത്തു. അതിൽപിന്നെ കൃഷ്ണനെപ്പോലൊരു പയ്യനെ പക്കത്തിൽ ഇരുത്തുന്നതിനെപ്പറ്റി ആരും ഒരിക്കലും രാമാനുജ അയ്യങ്കാരോടു സംശയം ചോദിച്ചിട്ടില്ല. തിരുവനന്തപുരത്തെ ‘ആര്യനിവാസി’ലെ ചെറിയ മുറിയിൽ ആറു പതിറ്റാണ്ടിലേറേ പഴക്കമുള്ള ഈ കഥ കൃഷ്ണൻസാർ ഓർത്തെടുത്തുകൊണ്ടിരിക്കേ എന്നിൽ ഉദിച്ചുയർന്ന വിസ്മയങ്ങൾ എഴുതി ഫലിപ്പിക്കുക എത്രയോ കഠിനം!

'വയലിൻത്രയം' എന്നപേരിൽ അറിയപ്പെടുന്ന ലാൽഗുഡി ജയരാമൻ, എം.എസ്. ഗോപാലകൃഷ്ണൻ, ടി.എൻ. കൃഷ്ണൻ എന്നിവർ  ആധുനിക കർണാടകസംഗീതത്തിനു നൽകിയ സംഭാവനകൾ എണ്ണിത്തീരുന്നതല്ല. ഇവരിൽ പ്രൊഫസർ ടി.എൻ. കൃഷ്ണനുമായി കൂടുതൽ അടുക്കാനും സൗഹൃദത്തിൽ വരാനും എനിക്കു വിശേഷാൽ ഭാഗ്യമുണ്ടായി. അക്കഥ ഇങ്ങനെ. എം.എ. ബേബി വിദ്യാഭ്യാസ-സാംസ്കാരിക മന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ സംഗീതവിദ്യാഭ്യാസത്തെ വിപുലമാക്കാൻ ടി.എൻ. കൃഷ്ണൻ ചെയർമാനായും ഉമയാൾപുരം ശിവരാമൻ, ഡോ. എൻ. രാജം, എസ്.ആർ. ജാനകീരാമൻ എന്നിവർ അംഗങ്ങളായും രൂപീകരിച്ച വിദഗ്ധസമിതിയിൽ ഞാനും ഉൾപ്പെട്ടിരുന്നു. സമിതിയുടെ പ്രവർത്തനങ്ങൾ കോർഡിനേറ്റു ചെയ്യുക എന്ന അധിക ചുമതലയും എന്നിൽ ഏല്പിക്കപെട്ടു. ഇത്തരത്തിൽ ഔദ്യോഗികമായി തുടങ്ങിയ ബന്ധം വളരെ വേഗത്തിൽ വ്യക്തിപരമായി. പലപ്പോഴും അദ്ദേഹത്തെ തിരുവാൺമിയൂരിലെ വീട്ടിൽപോയി കണ്ടു. മീറ്റിങ്ങിനായി തലസ്ഥാനത്തു വരുമ്പോഴെല്ലാം മുഖ്യ കാര്യക്കാരനായി കൂടെ ഒട്ടിനിന്നു. ഈ ഹൃദയബന്ധം എഴുത്തിലും എനിക്കേറേ സഹായകമായി. കർണാടക സംഗീതചരിത്രത്തെ വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്ന കൃഷ്നൻസാർ എനിക്കെന്നും റെഡി റെഫറൻസായി. പഴയ തലമുറയിലെ മഹാഗായകരെപ്പറ്റിയുള്ള, മറ്റെങ്ങും ലഭ്യമല്ലാത്ത ഏറ്റവും ആധികാരികങ്ങളായ വിവരങ്ങൾ എത്രയോ  അദ്ദേഹത്തിൽനിന്നു ലഭിച്ചു.  അദ്ദേഹവുമായുള്ള ഓരോ കൂടിക്കാഴ്ചയും ജ്ഞാനഭണ്ടാരത്തെ സമൃദ്ധമാക്കി. ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്തതും റെക്കോഡിങ്ങുകൾ ഒന്നുംതന്നെ ലഭ്യമല്ലാത്തതിനാൽ ഇനി ഒരിക്കലും കേൾക്കാൻ സാധിക്കുകയുമില്ലാത്ത മണ്മറഞ്ഞുപോയ പല സംഗീതജ്ഞരെയും ഞാൻ കൃഷ്ണൻസാറിലൂടെ കേട്ടു. മഴവരായനേന്തൽ സുബ്ബരാമഭാഗവതരുടെ സംഗീതം അതിൽ ഏറ്റവും പ്രധാനമായി ഞാൻ കരുതുന്നു. കൃഷ്ണൻസാർ നൽകിയ വർണനകളിലൂടെ എനിക്കിപ്പോൾ മഴവരായനേന്തലിനെ കേൾക്കാൻ കഴിയും. അദ്ദേഹത്തെ, മദുരൈ മണി അയ്യരുടെ മധുരസംഗീതത്തിൽ കുറച്ചൊക്കെ തിരിച്ചറിയാൻ സാധിക്കും.

ടി.എൻ. കൃഷ്‌ണൻ പങ്കുവച്ച അപൂർവ ജീവിതാനുഭവങ്ങൾ പുതിയ തലമുറയെയും പ്രചോദിപ്പിക്കും. അത്തരത്തിലുള്ള ഒന്നായി ചിദംബരത്തു നടന്ന മുസിരി സുബ്രഹ്മണ്യയ്യരുടെ കച്ചേരി. പൊതുവേ വിളംബകാലത്തിൽ പാടുന്ന മുസിരിയുടെ ശൈലിയോടു ചേർന്നുവായിക്കണമെങ്കിൽ വയലിനുമേൽ അസാധാരണ നിയന്ത്രണം വേണം. മധ്യമകാലത്തിൽ പാടിവരുന്ന അരിയക്കുടി രാമാനുജ അയ്യങ്കാർ, ശെമ്മങ്കുടി ശ്രീനിവാസയ്യർ, ആലത്തൂർ സോദരങ്ങൾ  എന്നിവർക്കുവേണ്ടി പതിവായി വയലിൻ വായിക്കുന്ന ടി.എൻ. കൃഷ്ണൻ ഒരു തരത്തിലും  മുസിരിക്കു ചേർന്നതല്ല എന്നു വിശ്വസിച്ച പ്രസിദ്ധ ഘടംവാദകൻ കച്ചേരി തുടങ്ങുംമുമ്പേ വ്യംഗ്യബാണങ്ങൾ ഉതിർത്തുതുടങ്ങി. ചെറിയ പ്രായമായതിനാൽ  കൃഷ്ണൻ പ്രതികരിച്ചുപോയി. സംഗതി വാതുവെപ്പിലെത്തി. എത്ര ചൗക്കത്തിലും താളം തെറ്റാതെ വായിക്കാമെന്നായി കൃഷ്‌ണൻ. പരാജയപ്പെട്ടാൽ മാംസാഹാരം കഴിക്കണം എന്നായിരുന്നു വ്യവസ്ഥ. കുട്ടിക്കളിക്കു നിൽക്കില്ല എന്നു തീർത്തുപറഞ്ഞു, മുസിരി. കച്ചേരി തുടങ്ങി. രണ്ടാംപാതിയിൽ പന്തുവരാളിയിൽ രാഗം താനം പല്ലവി. കൃത്യം എട്ടുകളചൗക്കം. എല്ലാവരുമൊന്നു ഞെട്ടി. ഇത്രയും ചൗക്കത്തിൽ ആരും പാടാറില്ല. അതീവ ജാഗ്രതവേണ്ടതായ പ്രയോഗം. ശ്രദ്ധ ഇത്തിരിയൊന്നു പതറിയാൽ തീർന്നുകിട്ടും. പക്ഷേ ആപത്തൊന്നും സംഭവിച്ചില്ല. ഹർഷാരവങ്ങളോടെ പല്ലവി അവസാനിച്ചപ്പോൾ ഘടംവാദകൻ മുഖം കൊടുക്കാതെ മറ്റെങ്ങോ നോക്കിയിരുന്നു. മുസിരി തോളിൽ ചുറ്റിയിട്ടിരുന്ന വെള്ളിക്കസവുകരയുള്ള ഷാൾ കൃഷ്ണനെ സ്നേഹപൂർവം അണിയിച്ചു.  

പതിറ്റാണ്ടുകൾക്കു മുമ്പത്തെ കഥയുടെ രസത്തിൽ മുഴുകി കൃഷ്ണൻസാർ കട്ടിലിൽ ചാഞ്ഞിരുന്നു. അപ്പോഴും ഞാൻ ചിദംബരത്തുനിന്നു മടങ്ങിയെത്തിയിരുന്നില്ല. ക്ഷേത്രത്തിൽ പോകാൻ സമയമായി. കൃഷ്‌ണൻ സാർ വാച്ചിൽ നോക്കി എഴുന്നേറ്റു. ഞാൻ അദ്ദേഹത്തെ അൽപനേരംകൂടി പിടിച്ചിരുത്തി. ഒരു ഫൊട്ടോഗ്രാഫർ വരാനുണ്ട്. പറഞ്ഞുവച്ച സമയം കഴിഞ്ഞിട്ടും അവൻ എത്തിയിട്ടില്ല. ഇത്തരം അമൂല്യങ്ങളായ സന്ദർഭങ്ങൾ ജീവിതത്തിൽ ഇപ്പോഴും കിട്ടുന്നതല്ല. രേഖപ്പെടുത്തി സൂക്ഷിക്കണം. ഞാൻ പിന്നെയും വിളിച്ചുനോക്കി, ഫോൺ എടുത്തില്ല. കൃഷ്ണൻസാർ അസ്വസ്ഥനായി.

'ഒരു ഫോട്ടോയുടെ കാര്യമല്ലേ വാസുദേവാ, ഞാൻ മരിച്ചിട്ടൊന്നുമില്ല. ഇവിടെത്തന്നെയുണ്ട്. പിന്നെ എടുക്കാം. വരൂ, നട അടച്ചുപോകും.' ഞങ്ങൾ  മുറിപൂട്ടി, ഓട്ടോയിൽ കയറി ക്ഷേത്രത്തിലെത്തി. അന്നത്തെ എന്റെ പ്രാർഥന കൃഷ്ണൻസാറിനു ദീർഘായുസ് നൽകണേ എന്നുമാത്രമായിരുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതുതന്നെയല്ലേ പ്രാർഥിച്ചതും. മറ്റാരേക്കാളും കൂടുതൽകാലം കൃഷ്ണൻസാർ നമുക്കുവേണ്ടി വയലിൻ വായിച്ചുതന്നതും ഇതേ പ്രാർഥനയുടെ പുണ്യമല്ലേ!

ക്ഷേത്രത്തിൽനിന്നു തിരികേ വന്നശേഷം ഞാൻ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചു. പിന്നെയും കുറേ നേരംകൂടി സംസാരിച്ചിരുന്നു. ഇറങ്ങാൻനേരം അദ്ദേഹം ഓർത്തുപറഞ്ഞു, 'വാസുദേവാ, ആ ഫൊട്ടോഗ്രാഫറോടു രാവിലെതന്നെ വരാൻ പറഞ്ഞോളൂ. ഞാൻ റെഡിയായി ഇരിക്കാം.' അടുത്ത ദിവസവും അവൻ വാക്കു തെറ്റിച്ചു, വന്നില്ല. ഇനി എപ്പോൾ വന്നിട്ടും എന്തു പ്രയോജനം, കൃഷ്ണൻസാർ പോയില്ലേ ?

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA