പ്രാർഥനാഗീതം പോലെ സിനിമ കൊട്ടകകളില്‍ മുഴങ്ങിക്കേട്ട അയ്യപ്പഗാനങ്ങള്‍

ayyappa-songs
SHARE

നെയ്ത്തിരിയായി ഉരുകുന്ന ഭക്തന്റെ ആകുലതകളെ പമ്പ കടത്തിയ അയ്യപ്പഭക്തിഗാനങ്ങള്‍ കുറച്ചൊന്നുമല്ല മലയാളക്കരയില്‍ പിറന്നത്. ഉടുക്കുകൊട്ടി മലയാളി കേട്ടു ശീലിച്ച ഭജനപ്പാട്ടുകളായിരുന്നു ആദ്യം. പിന്നീട് പന്തളദാസന്റെ പാട്ടുകള്‍ പതിയെ സിനിമാഗാനങ്ങളായും ആല്‍ബങ്ങളായുമൊക്കെ അവതരിച്ചു. എച്ച്.എം.വിയും തരംഗണിയുമൊക്കെ മലയാളിക്കു സമ്മാനിച്ച ഹിറ്റ് അയ്യപ്പഭക്തിഗാനങ്ങള്‍ക്കൊപ്പം സിനിമയിലും സന്ദര്‍ഭോജിതമായി അയ്യപ്പഗാനങ്ങളെത്തി. ആല്‍ബങ്ങള്‍ പുറത്തിറങ്ങുന്നതിന് എത്രയോ വര്‍ഷം മുന്‍പ് സിനിമാഗാനങ്ങളായി അയ്യപ്പഭക്തിഗാനങ്ങള്‍ മലയാളി കേട്ടിരുന്നു എന്നതാണ് ശ്രദ്ധേയം. സിനിമാഗാനങ്ങളെ നോക്കി പുച്ഛിച്ചവരും അയ്യപ്പന്‍പാട്ടുകള്‍ കേട്ടപ്പോള്‍ കണ്ണടച്ചൊന്നു ശരണം വിളിച്ചു. ആല്‍ബങ്ങള്‍ മലയാളക്കരയില്‍ കച്ചവടം പൊടിപൊടിച്ച അതേകാലത്തും സിനിമകളിലും അയ്യപ്പഭക്തിഗാനങ്ങള്‍ വന്നുകൊണ്ടിരുന്നു. പ്രാര്‍ത്ഥനാഗീതം പോലെ അറിയാതെ നാമിന്ന് ഏറ്റു പാടുന്ന പലതും സിനിമാഗാനങ്ങളാണെന്നറിയുമ്പോള്‍ അത്ഭുതത്തോടെ നില്‍ക്കുന്ന ഒരു തലമുറ ഇന്ന് കേരളത്തിലുണ്ട്. ഭക്തിപ്രധാനമായ സിനിമകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നതുകൊണ്ടുതന്നെ ആദ്യകാലത്തു നിരവധി ഗാനങ്ങളാണ് ഈ ശ്രേണിയില്‍ പിറന്നത്.

മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം പുറത്തിറങ്ങിയ 1951ല്‍ 'കേരളകേസരി' എന്ന ചിത്രത്തിലാണ് ആദ്യമായി ഒരു അയ്യപ്പഗാനം പിറക്കുന്നത്. 'അയ്യപ്പാ അഖിലാണ്ഡകോടിനിലയാ' എന്ന കീര്‍ത്തനത്തിന്റെ രചന തുമ്പമണ്‍ പദ്മനാഭന്‍കുട്ടിയും സംഗീതം ജ്ഞാനമണിയും നിര്‍വഹിച്ചു. ചിത്രത്തിന്റെ നിര്‍മാതാവായ വൈക്കം വാസുദേവന്‍നായര്‍ തന്നെയാണ് ഈ ഗാനവും ആലപിച്ചത്. 1953ല്‍ പുറത്തിറങ്ങിയ 'വേലക്കാരന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അടുത്ത അയ്യപ്പഭക്തിഗാനം കൊട്ടകകളില്‍ കേള്‍ക്കുന്നത്. അഭയദേവിന്റ രചനയില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കിയ ഗാനം ആലപിച്ചത് അഗസ്റ്റിന്‍ ജോസഫായിരുന്നു. 'ഹരിഹരസുതനേ ശരണംപൊന്നയ്യപ്പാ' എന്ന വരികള്‍ക്കു ശാസ്ത്രീയ സംഗീതത്തിന്റെ ചുവടും ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ഭക്തിയും ചേര്‍ന്നതോടെ അയ്യപ്പഭക്തരുടെ മനസിന്റെ പടി പതിനെട്ടും കടക്കാന്‍ ഈ ഗാനത്തിനായി. 

1961ല്‍ പുറത്തിറങ്ങിയ 'ശബരിമല അയ്യപ്പന്‍' എന്ന ചിത്രം അയ്യപ്പഭക്തിഗാനങ്ങള്‍കൊണ്ടു സമ്പന്നമായിരുന്നു. അഭയദേവിന്റെ വരികള്‍ക്ക് എസ്. എം. സുബ്ബയ്യനായിഡു ആയിരുന്നു സംഗീതം ഒരുക്കിയത്. ചിത്രത്തില്‍ ഗോകുലപാലന്‍ ആലപിച്ച ഗാനങ്ങളാണ് ഏറെ പ്രശംസപിടിച്ചു പറ്റിയത്. 'സ്വാമി ശരണം ശരണമെന്റയ്യപ്പ' എന്ന ഗാനം ഭക്തര്‍ ഏറ്റുപാടി. അതുവരെ പുറത്തിറങ്ങിയ അയ്യപ്പഭക്തിഗാനങ്ങളില്‍ നിന്നും ലളിതമായ സംഗീതവും വരികളും ചേര്‍ന്നതാണ് ആസ്വാദകരെ ആകര്‍ഷിച്ചത്. ചിത്രത്തില്‍ എം.പി. കോമളവും തങ്കപ്പനും ചേര്‍ന്നാലപിച്ച 'പുത്തന്‍മല നിരത്തി തെയ്യനം' എന്ന ഗാനവും ചുണ്ടുകളില്‍ ഇടം പിടിച്ചു. 

1967ല്‍ പുറത്തിറങ്ങിയ 'പാവപ്പെട്ടവള്‍' എന്ന ചിത്രത്തിലെ അയ്യപ്പഗാനത്തിനു പിന്നില്‍ പി. ഭാസ്‌കരന്റെ വരികളും ചിദംബരനാഥിന്റെ സംഗീതവുമായിരുന്നു. 'ശരണമയ്യപ്പാ ശരണമയ്യപ്പ' എന്ന ഗാനം ആലപിച്ചത് പി. ലീല, ബി. വസന്തകുമാരി, ബി. സാവിത്രി, ലത രാജു എന്നിവര്‍ ചേര്‍ന്നായിരുന്നു. 

വയലാര്‍- ദേവരാജന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ 1972ല്‍ പുറത്തിറങ്ങിയ 'ചെമ്പരത്തി' എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും പോലെ അയ്യപ്പന്‍പാട്ടും ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു. യേശുദാസ് ആലപിച്ച 'ശരണമയ്യപ്പ, സ്വാമി ശരണമയ്യപ്പ, ശബരിഗിരിനാഥാ സ്വാമി ശരണമയ്യപ്പ' എന്ന ഗാനം ശാസ്താംപാട്ടിന്റെ ചുവടുപിടിച്ചാണ് ഒരുക്കിയത്. ഇന്നും ഭക്തമനസില്‍ ഈ ഗാനത്തിനുള്ള സ്ഥാനം ചെറുതല്ല. 

1975ലാണ് സ്വാമി ഭക്തരുടെ ശരണം വിളികള്‍ കൊട്ടകകളില്‍ നിറച്ച 'സ്വാമി അയ്യപ്പന്‍' സിനിമ റിലീസാകുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയതാകട്ടെ വയലാര്‍-ദേവരാജന്‍ ടീം തന്നെ. 'ശബരിമലയില്‍ തങ്കസൂര്യോദയം', 'സ്വാമി ശരണം ശരണമെന്റയ്യപ്പാ', തേടി വരും കണ്ണുകളില്‍ ഓടി എത്തും സ്വാമി

തുടങ്ങിയ  ഗാനങ്ങള്‍ ഭക്തരുടെ കാതുകള്‍ കാത്തിരുന്നു കേട്ടു. പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'സ്വാമി അയ്യപ്പനില്‍'  'ഹരിവരാസനം വിശ്വമോഹനം' എന്ന കീര്‍ത്തനവും ഉള്‍പ്പെടുത്തി. ഗാനങ്ങളും സിനിമയും വലിയ ഹിറ്റായതോടെ ദേവസ്വം ബോര്‍ഡ് ഈ സിനിമയ്ക്കു പ്രത്യേക പുരസ്‌കാരം നല്‍കി. ഈ പുരസ്‌കാരദാന ചടങ്ങിലാണ് യേശുദാസ് ആലപിച്ച ഹരിവരാസനം സന്നിധാനത്ത് കേള്‍പ്പിക്കുന്നതിനു തീരുമാനമാകുന്നത്. എന്നാല്‍ ചിത്രത്തില്‍ ഈ ഗാനം ഉള്‍പ്പെടുത്തുന്നതിന് മുന്‍പും സന്നിധാനത്ത് ഹരിവരാസനം അയ്യപ്പന്റെ ഉറക്കുപാട്ടായി ആലപിച്ചിരുന്നു. അപ്പോഴും കമ്പക്കുടി കുളത്തൂര്‍ അയ്യരാണോ, കോന്നകത്ത് ജാനകിയമ്മയാണോ ഹരിവരാസനം രചിച്ചതെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ബാക്കി. ഈ ചിത്രത്തില്‍ അമ്പിളിയുടെ ആലാപനമികവില്‍ മലയാളി കേട്ട 'തേടി വരും കണ്ണുകളില്‍ ഓടി എത്തും സ്വാമി' എന്ന ഗാനം പിന്നീട് നിരവധി ഭക്തിഗാന ആല്‍ബങ്ങളിലാണ് ഇടംപിടിച്ചത്. 

1979ല്‍ പുറത്തിറങ്ങിയ 'കണ്ണുകള്‍' എന്ന ചിത്രത്തിലൂടെ അടുത്ത ഊഴം രവി വിലങ്ങന്‍-ദക്ഷിണാമൂര്‍ത്തി ടീമിന്റെ ആയിരുന്നു. 'ഈശ്വര ജഗദീശ്വരാ മമ ശബരിഗിരീശ്വര പാഹിമാം' എന്ന യേശുദാസ് ആലപിച്ച ഗാനം ഭകതര്‍ ഏറ്റുപാടി. 

സാധാരണ നിലയില്‍ മലയ്ക്കു പോകുന്ന നായകന്‍ പാടി അഭിനയിക്കുന്നതോ, വീട്ടില്‍ നടക്കുന്ന സന്ധ്യാ പ്രാര്‍ത്ഥനയോ ഒക്കെയായിരുന്നു സിനിമാഗാനങ്ങളിലെ അയ്യപ്പന്‍പ്പാട്ടുകളുടെ സന്ദര്‍ഭം. എന്നാല്‍ അതില്‍ നിന്നു വ്യത്യസ്തമായാണ് 1981ല്‍ പുറത്തിറങ്ങിയ 'താരാട്ടില്‍' കേട്ട അയ്യപ്പഭക്തിഗാനം. ഓപ്പറേഷന്‍ തിയറ്ററിനു മുന്നില്‍ നില്‍കുന്ന നായകന്റെ  മനോവേദനകളെ ആവിഷ്‌ക്കരിക്കുകയാണ് ഈ ഗാനം. ഭരണിക്കാവ് ശിവകുമാര്‍-രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ യേശുദാസ് ആലപിച്ച 'മകരസംക്രമസൂര്യോദയം മഞ്ജുള മരതക ദിവ്യോദയം' എന്ന ഗാനം അങ്ങനെ ഏറെ ശ്രദ്ധേയമായി. 1982ല്‍ പുറത്തിറങ്ങിയ 'തുറന്ന ജയില്‍' എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച് പി. ഭാസ്‌ക്കരന്‍-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന 'ശരണമയ്യപ്പ ശരണമയ്യപ്പ' ആസ്വാദകരുടെ കയ്യടിനേടി. ഇതേ വര്‍ഷം പുറത്തിറങ്ങിയ 'അയ്യപ്പനും വാവരും' എന്ന ചിത്രത്തില്‍ എ.ടി ഉമ്മറിന്റെ സംഗീതത്തില്‍ പൂവച്ചല്‍ ഖാദര്‍, കൂര്‍ക്കഞ്ചേരി സുഗതന്‍ എന്നിവര്‍ രചിച്ച ഗാനളിലും അയ്യപ്പചൈതന്യം നിറഞ്ഞു നിന്നു.

1984ല്‍ പുറത്തിറങ്ങിയ 'ജീവിതം' എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച 'ശരണമയ്യപ്പാ ശരണമയ്യപ്പാ' എന്ന ഗാനം കേരളക്കരയാകെ ഇളക്കി മറിച്ചു. പൂവച്ചല്‍ ഖാദര്‍-ഗംഗൈഅമരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനം അതുവരെയുള്ള ഗാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തി. ഗാനത്തിലുടനീളം നിറഞ്ഞ ശരണം വിളി ഭക്തനെ ഈറനണിയിച്ചു. ഇതേ വര്‍ഷം പുറത്തിറങ്ങിയ 'ശബരിമല ദര്‍ശനം' എന്ന ചിത്രത്തില്‍ കൂര്‍ക്കഞ്ചേരി സുഗതന്‍–ജെറി അമല്‍ദേവ് കൂട്ടുകെട്ടില്‍ യേശുദാസ് ആലപിച്ച 'ശബരിമലയൊരു പൂങ്കാവനം' എന്ന ഗാനവും ശ്രദ്ധിയ്ക്കപ്പെട്ടു. 1992ല്‍ ശ്രീകുമാരന്‍ തമ്പി-എം. എസ്. വിശ്വനാഥന്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന 'ശബരിമലയില്‍ തങ്കസൂര്യോദയം' എന്ന ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി മാറി. 1998ല്‍ റിലീസായ 'ചിന്താവിഷ്ടയായ ശ്യാമള' എന്ന ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി-ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ എം. ജി. ശ്രീകുമാര്‍ ആലപിച്ച 'മച്ചകത്തമ്മയെ കാല്‍തൊട്ടു വന്ദിച്ചു' എന്ന ഗാനം മറ്റൊരു അനുഭവമായി മാറി. 1999ല്‍ റിലീസായ 'തച്ചിലേടത്തു ചുണ്ടനില്‍' ബിച്ചു തിരുമല-രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ 'ശൈവസങ്കേതമേ വൈഷ്ണവാചാരമേ' എന്ന ഗാനം യേശുദാസിന്റെ സ്വരമാധുരിയില്‍ മലയാളി കേട്ടാസ്വദിച്ചു. പിന്നീട് 2003ല്‍ 'പട്ടാളം' എന്ന ചിത്രത്തിലൂടെ വിദ്യാസാഗറും നമുക്കൊരു അയ്യപ്പഗാനം സമ്മാനിച്ചു. ഗിരീഷ് പുത്തഞ്ചേരി രചിച്ച 'പമ്പാഗണപതി പാരിന്റെയധിപതി' എന്നഗാനം ആലപിച്ചത് എം. ജി. ശ്രീകുമാറാണ്. കൈതപ്രം-രമേശ് നാരായണന്‍ ടീമിന്റെ ഗാനങ്ങളുമായി 2010ല്‍ പുറത്തിറങ്ങിയ 'തത്വമസി', 2017ല്‍ രാജീവ് ആലുങ്കല്‍-എം.ജി. ശ്രീകുമാര്‍ ടീമിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ 'വേദം', ഒടുവിലായി 41 എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തില്‍ റഫീഖ് അഹമ്മദ് രചിച്ച അയ്യനയ്യന്‍ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA