ഹരിവരാസനത്തിന്റെ ആദ്യ ഈണം ഇതായിരുന്നില്ല; അറിയാം ചില കൗതുക കഥകൾ

sabarimala-ayyappan-new-img
SHARE

ശബരിമലയിലെ ജനനിബിഡവും ഭക്തിസാന്ദ്രവുമായ രാത്രിയെ ഈ ഗാനം എത്രമാത്രം വിശുദ്ധീകരിക്കുന്നു എന്ന് അനുഭവിച്ചറിയുക തന്നെ വേണം. ശബരീശ സന്നിധിയിൽനിന്ന് അതു മൊബൈൽ ഫോണിലൂടെ ബന്ധുക്കളെ തൽസമയം കേൾപ്പിക്കുന്ന ആയിരങ്ങളെ ഇക്കാലത്തു ശബരിമലയിൽ കാണാം. അയ്യപ്പസന്നിധിയിൽ ഈ ഉറക്കുപാട്ടു കേൾക്കുമ്പോൾ തങ്ങൾക്കുണ്ടാവുന്ന അനുപമമായ ആത്മീയാനുഭവത്തിന്റെ പങ്ക്, മല ചവിട്ടാൻ ഭാഗ്യം ലഭിക്കാത്ത തങ്ങളുടെ പ്രിയപ്പെട്ടവർക്കു പകരാനുള്ള അഭിനിവേശമാണ് ഈ ‘മൊബൈൽ സംപ്രേഷണം.’

മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ (1975)’ എന്ന സിനിമയ്ക്കുവേണ്ടി യേശുദാസ് ആലപിച്ച അനുപമമായ ഗാനം. ഭക്തമനസ്സുകളെ മാത്രമല്ല സംഗീതജ്ഞരെയും കീഴ്പ്പെടുത്തിയിട്ടുണ്ട് ഈ ഗാനം. താൻ സംഗീതം ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളും ഒരു തട്ടിലും ‘ഹരിവരാസനം’ മാത്രം മറ്റൊരു തട്ടിലും വച്ചാൽ ഹരിവരാസനത്തിന്റെ തട്ടു താണു നിൽക്കുമെന്ന് സംഗീതസംവിധായകൻ പുകഴേന്തി പറഞ്ഞിട്ടുണ്ട്.

‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ജനപ്രീതിയും കലാമൂല്യവും പരിഗണിച്ചു ദേവസ്വം ബോർഡ് ആ ചിത്രത്തിന് പ്രത്യേക പുരസ്കാരം നൽകിയിരുന്നു. പുരസ്‌കാരദാന ചടങ്ങിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠം പ്രഖ്യാപിച്ചു. ‘ഈ സിനിമയിൽ യേശുദാസ് പാടിയ ഹരിവരാസനം എന്ന ഗാനം എന്നും അത്താഴപൂജ കഴിഞ്ഞു നട അടയ്‌ക്കുമ്പോൾ ശബരിമല സന്നിധാനത്തിൽ കേൾപ്പിക്കും.’

അന്നുമുതൽ ഇന്നോളം ഈ പതിവ് മുടങ്ങിയിട്ടില്ല. അയ്യപ്പൻ ഉറങ്ങാൻപോകുന്നത് യേശുദാസിന്റെ ഹരിവരാസനം കേട്ടുതന്നെ. ഹരിവരാസനത്തിനു ദേവരാജൻ ആദ്യം നൽകിയിരുന്ന ഈണം ഇതായിരുന്നില്ല എന്ന കൗതുകമുണ്ട്. ആദ്യം നൽകിയ ഈണം നല്ലതാണെങ്കിലും ശബരിമല ശ്രീകോവിലിൽ മേൽശാന്തി പാടുന്ന അതേ ഈണം തന്നെ വേണമെന്ന് നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയൻ അഭിപ്രായപ്പെട്ടു. ദേവരാജനെപ്പോലെ ഉന്നതശീർഷനായ ഒരാളോട് ഈണം മാറ്റാൻ പറയാൻ സുബ്രഹ്മണ്യം ആദ്യം മടിച്ചു. പക്ഷേ, മകന്റെ നിർബന്ധം കൂടിയപ്പോൾ അദ്ദേഹം പതിയെ കാര്യം അവതരിപ്പിച്ചു. ട്യൂൺ മാറ്റാൻ ദേവരാജൻ ആദ്യം വിസമ്മതിച്ചു. പക്ഷേ, ശബരിമലയിൽ പാടുന്ന ഈണമാണു പകരം നിർദേശിക്കുന്നത് എന്നറി‍ഞ്ഞപ്പോൾ പരിഗണിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. പക്ഷേ, നിരീശ്വരവാദിയായ ദേവരാജൻ ശബരിമലയിൽ പോയിട്ടില്ല, ഒരു പാട്ട് കേൾക്കാനായി പോവുന്ന പ്രശ്നവുമില്ല.

അതിനു വഴി കണ്ടെത്താമെന്നു കാർത്തികേയൻ പറഞ്ഞു. അങ്ങനെ, ശബരിമലയിൽ മേൽശാന്തി പാടുന്നതു കേട്ടിട്ടുള്ള ഒരു ഗായകനെ അദ്ദേഹം മെറിലാൻഡ് സ്‌റ്റുഡിയോയിൽ എത്തിച്ചു സൗണ്ട് റിക്കോർഡിസ്‌റ്റ് കൃഷ്‌ണൻ ഇളമണ്ണിനെക്കൊണ്ട് ആലേഖനം ചെയ്യിപ്പിച്ചു ടേപ്പിലാക്കി ദേവരാജന് എത്തിച്ചു. മാസ്റ്റർക്ക് അത് ഇഷ്ടമായി. അതിനു ചില്ലറ ഭേദഗതികൾ വരുത്തി ശാസ്ത്രീയത നൽകിയ രൂപമാണു നാം ഇന്ന് ആസ്വദിക്കുന്നത്.

ശബരിമലയിലെ രാത്രി: ഹൃദയവ്യഥകൾ തുടച്ചുമാറ്റുന്ന ശുദ്ധവായു, കൽമഷത്തിന്റെ തീനാളങ്ങൾ അണയ്‌ക്കുന്ന തണുപ്പ്, ഒന്നിനോടൊന്ന് ഒട്ടിനിൽക്കുന്ന മഞ്ഞു മൂടിയ മലനിരകൾ... യേശുദാസ് പാടുന്നു– ‘ഹരിവരാസനം വിശ്വമോഹനം....’ അയ്യപ്പൻ അതുകേട്ടു സുഖസുഷുപ്തിയിലാഴുന്നു. ഭാരമൊഴിഞ്ഞ മനസ്സുമായി ഭക്തർ മലയിറങ്ങുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA