‘ചക്രവർത്തിനി’ക്ക് ആട്ടപ്രകാരം ഒരുക്കുമ്പോൾ

lakshmi-bhai-kadhakali
SHARE

സമയവും സമൂഹവും ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തുന്നതിൽ കഥകളിയുടെ അരങ്ങും ആസ്വാദകരും സദാ ശ്രദ്ധവച്ചിട്ടുണ്ട്. ഭാഗ്യവശാൽ അതിനുപോന്ന ധിഷണശാലികളായ ആചാര്യശ്രേഷ്ഠർ കഥകളിരംഗത്ത് ഉണ്ടായിവന്നു. പിൽക്കാലത്ത് യക്ഷഗാനം, കൃഷ്ണനാട്ടം എന്നീ പരമ്പരാഗതകലാരൂപങ്ങൾക്കു വന്നുചേർന്ന ദുർവിധി കഥകളിയ്ക്കുണ്ടാകാതിരുന്നതും അതുകൊണ്ടായിരിക്കണം. 

ആഹാര്യത്തിലും മുദ്രകളിലും നടത്തിവരുന്ന പരീക്ഷണങ്ങൾ കഥകളിയുടെ പാരമ്പര്യത്തിന് അൽപവും പരുക്ക് ഏൽപ്പിക്കുന്നതല്ല. മറിച്ച് ഈ പരിഷ്കാരങ്ങൾ കഥകളിയെ കൂടുതൽ അറിഞ്ഞും രസിച്ചും ആസ്വദിക്കാനുള്ള വേദിയൊരുക്കുന്നുണ്ട്. പരമ്പരാഗത കലാരൂപങ്ങളിൽ പരീക്ഷണങ്ങൾ ഏതുവരെയാകാമെന്ന പാഠവും ഇവയിൽനിന്നും ഉൾക്കൊള്ളേണ്ടതാണ്.

സിനിമ ഗാനം കഥകളിയാകുന്നു

കഥകളിയുടെ ചരിത്രത്തിൽ ആദ്യമായാവണം, ഒരു സിനിമഗാനത്തിന് ആട്ടപ്രകാരം രചിച്ച് തിരനോട്ടം ഉൾപ്പടെ കഥകളിയുടെ എല്ലാ സാങ്കേതികത്വങ്ങളും വിജയകരമായി അരങ്ങത്ത് അവതരിപ്പിക്കപ്പെടുന്നത്. ‘ചെമ്പരത്തി’ എന്ന സിനിമയ്ക്കുവേണ്ടി വയലാർ എഴുതി ദേവരാജൻ മാസ്റ്റർ ഈണം നൽകിയ ‘ചക്രവർത്തിനി’ എന്ന ഗാനത്തിന് കലാമണ്ഡലം ഗണേശന്റെ ആട്ടപ്രകാരത്തിലൊരുങ്ങിയ കഥകളിയാവിഷ്കാരം ശ്രദ്ധേയമാകാൻ കാരണങ്ങൾ പലതാണ്.

അഭിനയസാധ്യതയുള്ള അനവധി സിനിമഗാനങ്ങളുണ്ടായിട്ടും .അണിയറസംഘം ‘ചക്രവർത്തിനി’യിൽ എത്തിച്ചേർന്നത് യാദൃശ്ചികമായിട്ടായിരുന്നു. വയലാർ ഗാനങ്ങളിൽ ‘ചക്രവർത്തിനി’ ലക്ഷണമൊത്ത ഒരു പ്രണയകാവ്യമാണ്. വയലാറിൻറെ കാവ്യപ്രതിഭയുടെ മുദ്രപതിഞ്ഞ ആഭിജാത്യബിംബങ്ങൾ കഥകളിയുടെ നിലവിലുള്ള ദൃശ്യസംസ്കാരത്തെ അനുകൂലിക്കുന്നു. ഇതേ ശ്രേണിയിൽ വരുന്ന മറ്റു ചലച്ചിത്രഗാനങ്ങൾക്കും കഥകളിയുടെ പകർന്നാട്ടം അനുയോജ്യമായിരിക്കുമെന്ന വിശ്വാസം ‘ചക്രവർത്തിനി’യിലൂടെ അങ്ങനെ ഉറച്ചുകിട്ടുന്നു.

നവോത്ഥാനത്തിൻറെ ഉദ്ദേശശുദ്ധി

സിനിമഗാനം കഥകളിയ്ക്ക് ഇണങ്ങുന്നവിധത്തിൽ രംഗസംവിധാനം ചെയ്യുന്നത് വലിയ ഉത്തരവാദിത്തമാണ്. ചെറുതായൊന്നു പിഴച്ചാൽപോലും വലിയ പഴികൾ കേൾക്കേണ്ടിവരും. ‘ചക്രവർത്തിനി’യുടെ വിജയം ഈ ദിശയിൽ കൂടുതൽ പരീക്ഷണങ്ങൾ ഉണ്ടായിവരുന്നതിന് പ്രചോദനമാകും. അത് കഥകളിയ്ക്കും ചലച്ചിത്രഗാനത്തിനും ഒരുപോലെ പ്രയോജനപ്പെടും.  

ചലച്ചിത്രഗാനത്തിൻറെ കഥകളിയാവിഷ്കാരം സിനിമഗാനത്തെയും കഥകളിയെയും പരസ്പരം പരിപോഷിപ്പിക്കുന്നുണ്ട്. ചലച്ചിത്രഗാനങ്ങളെ ഉദാത്ത സാഹിത്യരചനയുടെ അതിർവരമ്പിനപ്പുറം നിർത്തുന്ന വരേണ്യസാഹിത്യബോധത്തെ ഈ പരിശ്രമം ചൂണ്ടുവിരൽത്തുമ്പിൽ നിർത്തുന്നു. സിനിമാഗാനത്തെയും സിനിമഗാനരചയിതാക്കളെയും കഥകളിയുടെ വരേണ്യമണ്ഡപത്തിലെ സുവർണപീഠത്തിൽ ആനയിച്ചിരുത്തുന്ന ഉദ്ദേശശുദ്ധി ഈ കഥകളിയാഷ്കാരത്തെ കലാരംഗത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നവോത്ഥാനപ്രവർത്തനമാക്കിമാറ്റുന്നു. 

കാലഹരണപ്പെടാത്ത കല

കേരളത്തിൽ മറ്റേത് ശാസ്ത്രീയ കലാരൂപത്തിനും അവകാശപ്പെടാനാകാത്ത അളവിൽ ആസ്വാദകരും സദസ്സും സജീവ ചർച്ചയും കഥകളിയ്ക്കുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുമ്പോൾതന്നെ ശാസ്ത്രീയകലകൾ സിനിമയോ ഒരു പരിധിവരെ നാടകമോപോലെ അത്ര ജനകീയമല്ല എന്നൊരു മറുപുറം കൂടിയുണ്ട്. ക്ലാസിക്കൽ കലകൾ കാലോചിതമായി പരിഷ്കരിക്കപ്പെടാതിരിക്കുന്നതും അവ ജനകീയമാകാതെയിരിക്കുന്നതിന് കാരണമാണ്. 

കഥകളിയുടെ മുദ്രകളിൽ സമീപകാലത്ത് നടന്ന ചില ഗവേഷണങ്ങൾ ഈ ദിശയിൽ പുതുപ്രതീക്ഷ നൽകുന്നു. നളനും ദമയന്തിയ്ക്കും രാജാവിനും സുന്ദരിയ്ക്കുമപ്പുറം അസ്ഥിത്വമില്ലാതിരുന്നിടത്തു നിന്ന് മുദ്രകളിൽ പരീക്ഷണങ്ങൾ നടത്തി ‘നളചരിത’ത്തിലെയും ‘രുക്മാംഗദചരിത’ത്തിലെയും പ്രധാനപ്പെട്ട കഥാപാത്രങ്ങൾക്ക് പുതിയ മുദ്രകൾ രൂപകൽപന ചെയ്യപ്പെട്ടു. ‘നളചരിതം’ പിറന്ന് കാലമെത്ര കഴിഞ്ഞിട്ടാണ് നളന് സ്വന്തമായി ഒരു മുദ്ര ഉണ്ടായതെന്ന വസ്തുത ഗൗരവപൂർവം ചിന്തിക്കേണ്ടതാണ്. 

കല ഒരിക്കലും കാലഹരണപ്പെട്ടു കൂടാ. പരമ്പരാഗത കലാരൂപങ്ങളിൽ വേഷവിധാനം, ചമയം, രംഗഭാഷ്യം,സാഹിത്യം, ദൈർഘ്യം, പാത്രസൃഷ്ടി തുടങ്ങി എല്ലാ തലത്തിലും ചെറുതല്ലാത്ത പരിഷ്കാരങ്ങൾ ഇനിയങ്ങോട്ടുള്ള അവയുടെ നിലനിൽപിന് ആവശ്യമാണ്. ദീർഘദർശിത്വവും അനുഭവസമ്പത്തും പുരോഗമനചിന്താഗതിയുമുള്ള പണ്ഢിതന്മാർ അതിനായി മുൻകൈയെടുക്കണം. ചലച്ചിത്രഗാനങ്ങളുടെ കഥകളിയാവിഷ്കാരത്തിലൂടെയാണ് ഇനി കഥകളിയുടെ ഭാവി ഭദ്രമാകുന്നതെന്നല്ല. പക്ഷേ ചലച്ചിത്രഗാനത്തിൻറെ ജനപ്രിയത കഥകളിയെ കുറച്ചുകൂടി സാധാരണക്കാരിലേക്ക് അടുപ്പിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. 

ആസ്വാദകരുടെ എണ്ണമല്ല മാനദണ്ഡം 

ആസ്വാദകർ കുറയുന്നത് കലയുടെ മഹത്വം ഒട്ടുമേ കുറയ്ക്കുന്നില്ല. എങ്കിലും വലിയ പ്രയത്നമില്ലാതെ എന്തും ഏതും ‘വൈറൽ’ ആകുന്ന ഈ കാലത്ത് ഒരു ജന്മം മുഴുവൻ കലയ്ക്കുവേണ്ടി മാറ്റിവച്ച  കലാകാരന്മാരുടെ സമർപ്പണവും പ്രതിഭയും അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുന്നതിൽ വിഷമമുണ്ട്. അവരുടെ നിലനിൽപ്പിൻറെകൂടി വിഷയമാണിത്.

കേവലമൊരു ചലച്ചിത്രഗാനത്തെ മനോധർമസഞ്ചാരികളുടെ അകമ്പടിയോടെ കഥകളിയുടെ ചട്ടക്കൂടിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്നതിലൂടെ കഥകളി ചലച്ചിത്രഗാനം പോലെ ജനകീയമാകുന്നില്ല. അത് എല്ലാത്തരത്തിലും തലത്തിലും ജനങ്ങളുമായി സംവദിക്കണം. മുദ്രാഭാഷയിൽ, പാത്രസൃഷ്ടിയിൽ, മനോധർമ വ്യാഖ്യാനങ്ങളിൽ അത് ജനങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം സാധ്യമാക്കണം. എങ്കിൽ മാത്രമേ ലക്ഷ്യം സഫലമാകൂ.

പച്ചയ്ക്കു പകരം കത്തി

‘ചക്രവർത്തിനി’യിൽ ശിൽപി സാത്വിക പ്രകൃതിയുള്ള കഥാപാത്രമായിരുന്നിട്ടും പച്ചവേഷം നൽകാതെ കത്തിവേഷം നൽകിയതിലൂടെ കഥകളി ആരോടാണ് സംവദിക്കേണ്ടത് എന്ന വ്യക്തത സംവിധായകനുള്ളതായി മനസിലാക്കാം. പൊതുവേ സാത്വികപ്രകൃതിയുള്ള പച്ചവേഷങ്ങളുടെ മിതത്വമുള്ള ശൃംഗാരചേഷ്ടകൾ ആ കഥാപാത്രത്തിന് ഒരു ദൈവികപരിവേഷം നൽകുന്നുണ്ട്. ഇത് ക്ലാസിക്കൽ നൃത്തത്തിലും കാണാനാകും. ഉത്തമ നായികയും മധ്യമനായികയും ശൃംഗാരം രണ്ടുതരത്തിലാണ് അവതരിപ്പിക്കുന്നത്. ഉത്തമനായികയേക്കാൾ സ്വാതന്ത്ര്യത്തോടെ മധ്യമനായികയ്ക്കു തൻറെ വികാരങ്ങളെ തുറന്നുപ്രകടിപ്പിക്കാൻ സാധിക്കും. അങ്ങിനെയാണ് പാത്രപ്രകൃതി നിശ്ചയിച്ചിട്ടുള്ളത്. കഥകളിയിലെ കത്തിവേഷം വികാരവിചാരങ്ങളെ തുറന്നു പ്രകടിപ്പിക്കുന്നതിൽ പച്ചവേഷത്തെപ്പോലെ അതിമിതത്വം സൂക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ പച്ചവേഷങ്ങളേക്കാൾ കത്തിവേഷങ്ങൾക്ക് മാനുഷികഭാവം സ്വാഭാവികമായും കൈവരും. നളൻറെയും രാവണൻറെയും ശൃംഗാരം ഉദാഹരണമായി ആലോചിക്കാവുന്നതാണ്. 

‘ചക്രവർത്തിനി’യിൽ കഥാനായകൻ ഒരു ശിൽപിയാണ്. ശിൽപിയിൽ സാത്വികഭാവം കൂടുതലുണ്ടെങ്കിലും കഥാപാത്രത്തെ ഒരു സാധാരണ വ്യക്തിയായി ചിത്രീകരിക്കാനാണ് ഇതിൽ ശ്രദ്ധിച്ചിട്ടുള്ളത്. കാരണം ആട്ടപ്രകാരം ഒരുക്കുന്നത് ഒരു സിനിമാഗാനത്തിനാണ്. കത്തിവേഷം സ്വീകരിച്ചതിലൂടെ ഈ കഥകളിയാവിഷ്കാരം സിനിമഗാനം എന്ന ജനകീയകലാരൂപത്തോട് പൂർണമായും നീതി പുലർത്തി. 

അതിരുകളും അരുതുകളുമില്ലാത്ത പ്രണയം

കഥകളിയിൽ വിന്യസിച്ചിരിക്കുന്ന സഞ്ചാരിഭാവങ്ങളിൽ ശിൽപി രുദ്രവീണമീട്ടിയും പട്ടുമെത്ത വിരിച്ച് അതിൽ പനിനീര് തളിച്ചും സ്വപ്നസുന്ദരിയെ വരവേൽക്കുന്നു. പ്രണയത്തിന് അതിരുകളില്ല, അരുതുകളുമില്ല. പ്രണയഭാജനത്തെ സന്തോഷിപ്പിക്കാൻ എന്തുതന്നെ ചെയ്താലും അതിൽ അശ്ലീലമോ അതിഭാവുകത്വമോ ഇല്ല. അത് അരങ്ങിൽ അനുഭവവേദ്യമാകാൻ പച്ച വേഷത്തേക്കാൾ ഉചിതം കത്തിവേഷമാണെന്ന വിലയിരുത്തൽ തീർത്തും ശ്ലാഘനീയമാണ്. 

ശാസ്ത്രീയനൃത്തത്തിൽ പലപ്പോഴും പ്രാണനാഥനെ സ്വീകരിക്കാൻ ഉടുത്തൊരുങ്ങി പട്ടുമെത്ത വർണപുഷ്പങ്ങളാൽ അലങ്കരിച്ച് കാത്തിരിക്കുന്ന നായികയെ കണ്ടിട്ടുണ്ട്. പക്ഷേ ഇവിടെ ഒരു നായകൻ സ്വപ്നസുന്ദരിയ്ക്കുവേണ്ടി വീണ വായിക്കുന്നതും അതു കേട്ട് ആനന്ദിക്കാൻ അവളോട് പ്രേമഭാവത്തിൽ ആവശ്യപ്പെടുന്നതും കിടക്ക ഭംഗിയിൽ വിരിച്ച് പനിനീര് തളിച്ച് അതിൽ നായികയെ താലോലിച്ച് ഉറക്കുന്ന സഞ്ചാരിഭാവങ്ങൾ പതിവിന് വിപരീതമായി പുരുഷ പ്രണയത്തിൻറെ തീവ്രത അനുഭവിപ്പിക്കുന്നു. 

സ്ത്രീത്വത്തോടുള്ള അപാര ബഹുമാനം

‘മച്ചകങ്ങളിലെ മഞ്ചുശയ്യയിൽ ലജ്ജകൊണ്ടു ഞാൻ മൂടും’ എന്നേ സാഹിത്യത്തിൽ പറയുന്നുള്ളൂ. പക്ഷേ അതിനെ മനോധർമഅവതരണത്തിൽ പുരുഷൻ സ്ത്രീയ്ക്കുവേണ്ടി മെത്ത വിരിക്കുന്നതായി ചിത്രീകരിക്കുന്നതിലൂടെ കഥകളി സ്ത്രീപക്ഷവായനയ്ക്ക് ഉചിതമായ സന്ദർഭം ഒരുക്കിത്തരുന്നു. ശാസ്ത്രീയകലാരൂപങ്ങളിൽ സ്ത്രീയെ ഇത്രകണ്ട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന രംഗങ്ങൾ അപൂർവമാണ്. അതിനെ അരങ്ങിൽ അസാധാരണമായ അഭിനയസിദ്ധിയാൽ വരാനാട് സനൽകുമാർ, മാളവിക ബി. ചേർന്നു അതിഗംഭീരമാക്കി എന്നു പറയാതെവയ്യ.  

വരികൾക്കൊപ്പം ഈണവും കടമെടുത്തു

‘ചക്രവർത്തിനി’ എന്ന ഗാനത്തിന് ആട്ടപ്രകാരം ഒരുങ്ങുമ്പോൾ അതിനെ വയലാർ ഗാനത്തിൻറെ കഥകളി ആവിഷ്കാരം എന്ന രീതിയിൽ പൂർണമായും കാണാനാവില്ല. വയലാറിൻറെ വരികൾ അതിന് നൽകപ്പെട്ട ഈണത്തോടുകൂടിയാണ് കഥകളിയിൽ സ്വീകരിച്ചിട്ടുളളത്. ഹമീർ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം അതിൻറെ ഈണത്തിൽ വലിയ വ്യത്യാസങ്ങൾ ഒന്നുമില്ലാതെയാണ് കഥകളിയരങ്ങിലെത്തിയത്. സഞ്ചാരി ഭാവങ്ങളെ വിസ്തരിക്കുന്ന ചില ഭാഗത്തുമാത്രമാണ് സംഗീതം ചലച്ചിത്രഗാനത്തിൽനിന്നും അൽപ്പമെങ്കിലും സ്വാതന്ത്യ്രമെടുത്ത് ആലപിക്കുന്നത്. അത് പക്ഷേ പ്രണയഭാവത്തെ തീവ്രതരമാക്കുന്നതേയുള്ളൂ. പിന്നണിയിൽ കലാമണ്ഡലം സജീവൻ, കലാമണ്ഡലം കൃഷ്ണകുമാർ, ചെണ്ടയിൽ കലാമണ്ഡലം അഖിൽ, മദ്ദളത്തിൽ നാട്യകല പ്രഭാകര കുറുപ്പ് എന്നിവർ അസാധ്യ പ്രകടനം കാഴ്ചവച്ചു. 

വയലാറോ ദേവരാജനോ യേശുദാസോ?

‘ചക്രവർത്തിനി’ വയലാർ, ജി.ദേവരാജൻ, യേശുദാസ് ഇതിൽ ആരുടെ പേരിൽ ഇഷ്ടപ്പെടണമെന്നത് ആസ്വാദകൻറെ സ്വാതന്ത്യ്രപരിധിയിൽ വരുന്ന കാര്യമാണ്. എന്നാൽ സാഹിത്യത്തിൻറെ മേന്മ കഥകളിയിൽ സഞ്ചാരിഭാവങ്ങളെ കൂടുതൽ ഭാവനാപരമായി അവതരിപ്പിക്കുന്നതിനുള്ള വലിയ സാധ്യത തുറന്നിടുന്നുണ്ട്. വരികൾക്കൊപ്പം ദേവരാജൻ മാസ്റ്ററുടെ സംഗീതത്തെകൂടി സ്വീകരിച്ചപ്പോഴും ഈ കഥകളിയാവിഷ്കാരം അടിസ്ഥാനപരമായി വയലാറിൻറെ വരികളിൽ നിലയുറപ്പിക്കുന്നു. 

ഇന്ന് ചലച്ചിത്രഗാനത്തിനുമേൽ സംഗീതസംവിധായകനും പാട്ടുകാരനുമുള്ള അവകാശം ഒരു രചയിതാവിന് ലഭിക്കുന്നില്ലെന്ന് ഒരു അഭിമുഖസംഭാഷണത്തിൽ ഗാനരചയിതാവ് റഫിക്ക് അഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു. ഇവിടെ വയലാറിൻറെ വരികൾക്ക് കഥകളിയാവിഷ്കാരം ഒരുക്കിയതിലൂടെ കൈവിട്ടുപോകുന്ന ഒരു സംസ്കാരത്തെക്കൂടി തിരിച്ചുപിടിക്കുകയാണ് ഈ കലാകാരന്മാർ. അതുകൊണ്ടുകൂടിയല്ലേ ഈ കഥകളിയാവിഷ്കാരം വയലാറിൻറെ ജന്മദിനത്തിൽതന്നെ അരങ്ങിലെത്തിയത്.

ആസ്വാദനം സാഹിത്യത്തിലേക്കു കടക്കുമ്പോൾ

ഹിന്ദി സാഹിത്യം അക്കാദമിക് വിഷയമായി പഠിക്കുമ്പോൾ സിലബസിൽ ജയശങ്കർ പ്രസാദിൻറെ ഏതെങ്കിലും ഒരു നാടകം നിർബന്ധമായും ഉൾക്കൊള്ളിച്ചു കണ്ടിട്ടുണ്ട്. പ്രസാദിൻറെ നാടകങ്ങൾ ഒരു സാഹിത്യകൃതിയായിക്കണ്ട് വായിച്ച് ആസ്വദിക്കാനുള്ളതാണ്. അതിനാൽ ആ നാടകങ്ങളുടെ അഭിനയസാധ്യതകളെ വിലയിരുത്തിയുള്ള പഠനം അപ്രസക്തമാണ്. 

സർവകലാശാല സിലബസിൽ ആട്ടക്കഥകൾ, തുള്ളൽ കൃതികൾ എന്നിവ അക്കാദമിക പഠനത്തിൻറെ ഭാഗമാണ്. മറ്റു സാഹിത്യകൃതികളെ അപേക്ഷിച്ച് ആട്ടക്കഥകൾ വായനക്കാരനെയും പ്രേക്ഷകനെയും ഒരുപോലെ പരിഗണിക്കുന്നു. കഥകളിയിൽ സാത്വികപ്രകൃതിയുള്ള കഥാപാത്രം ശൃംഗാരപദങ്ങൾ ആടുമ്പോൾ അഭിനയത്തിൻറെ ഗൌരവമേറുന്നതുകൊണ്ട് ആസ്വാദനം സാഹിത്യത്തിലേക്കും ഒരുപോലെ കടന്നുചെല്ലാറുണ്ട് എന്ന നിരീക്ഷണം ഞാൻ ഇതിനോട് ചേർത്തുവയ്ക്കുന്നു. 

പുനരവതരണം എന്ന ചലഞ്ച്

സാഹിത്യാസ്വാദനം മാത്രം ലക്ഷ്യമാക്കി എഴുതപ്പെട്ട രചനകൾ പിന്നീട് അരങ്ങിലും വെളളിത്തിരയിലും അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. പല ചലച്ചിത്രങ്ങളും ശാസ്ത്രീയ-അർദ്ധ ശാസ്ത്രീയ കലാരൂപങ്ങളും എഴുത്തിൻറെ ദൃശ്യസാധ്യതയെ ഉപയോഗപ്പെടുത്തി ആസ്വാദകർക്ക് മുന്നിലെത്തി. പക്ഷേ എല്ലാം മികച്ചതായില്ല. സാഹിത്യകൃതി അനുഭവിപ്പിച്ച ആനന്ദത്തെ അൽപവും പുനരനുഭവിപ്പിക്കാതിരുന്ന സിനിമകളും കലാവിഷ്കാരങ്ങളും കലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്. മറിച്ചുള്ള അനുഭവങ്ങളും ധാരാളമുണ്ട്. സാഹിത്യരചനകളെ ഏതെങ്കിലും കലാരൂപത്തിൻറെ ചട്ടക്കൂടിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ പണ്ടുമുതൽതന്നെ സജീവമാണ്. അത്തരമൊരു നവീന ശ്രമത്തിൻറെ വിജയമാണിത്. ഇത്തരം പരീക്ഷണങ്ങൾ കലാസ്വാദകർ ഇനിയുമനേകം പ്രതീക്ഷിക്കുന്നു.

(തലശേരി ബ്രണൻ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA