ADVERTISEMENT

കാത്തിരുന്നവർക്കു മുമ്പിലേക്ക് അല്പം ധൃതിയിലായിരുന്നു അദ്ദേഹം നടന്നടുത്തത്. ‘വൈകിപ്പോയോ?’ അടുത്തെത്തിയപാടേ ക്ഷമാപണ ഭാവത്തിൽ, അല്പം ക്ഷീണിതനെങ്കിലും സുസ്മേരവദനനായി, ഏവരുടെയും മുഖത്തേക്കു നോക്കി, വന്നയാളുടെ ചോദ്യം.

സമയത്തെപ്പറ്റി നല്ല ധാരണ ഉണ്ടായിരുന്നിട്ടും മുഴുവൻ പേരുടെയും കണ്ണുകൾ വെറുതെ സമയ സൂചികളിലേക്ക് ഒന്നുകൂടി പാഞ്ഞു. ‘ഏയ്, സാരമില്ല...’ ഒരുമിച്ചായിരുന്നു അവരുടെ മറുപടി. അല്ലെങ്കിലും ‘ഭരണി’യിൽ പാതിരാത്രിക്കെന്തു പ്രത്യേകത! 

അതുവരെ സ്റ്റുഡിയോയിൽ ഒട്ടും അക്ഷമരാവാതെ തന്നെ പ്രതീക്ഷിച്ചിരുന്നവരുടെയടുത്തേക്കു വന്നെത്തിയത് മറ്റാരുമല്ല, മലയാളഹൃദയങ്ങളിലെ പാട്ടഴകിന്റെ അവസാന വാക്ക് കെ.ജെ യേശുദാസായിരുന്നു. പാട്ടെഴുത്തു വഴിയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് ബിച്ചു തിരുമലയുടെ വരികൾക്ക് എ.ടി. ഉമ്മർ ഒരുക്കിയ ഈണത്തിന് സ്വരഭാഷ്യം ചമയ്ക്കാനെത്തിയതാണ് അദ്ദേഹം. അന്നേദിവസം 11 പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞ് പന്ത്രണ്ടാമത്തെ പാട്ടിനുള്ള വരവായിരുന്നു അത്! ക്ഷീണിതനെങ്കിലും കാത്തിരുന്നവരെ ഒട്ടും നിരാശരാക്കാതെ പാട്ടിനായി ഗാനഗന്ധർവൻ തയാറെടുക്കുമ്പോൾ രാത്രിയെ ഭേദിച്ച് അവിടെയൊരു പകലൊരുങ്ങുകയായിരുന്നു.

ബിച്ചുവിന്റെ ഭാവസാന്ദ്ര വരികളിലേക്കു കണ്ണോടിക്കവേ ഗായകന്റെ മുഖത്തെ ക്ഷീണമെല്ലാം പമ്പ കടക്കുന്നത് കൂടിനിൽക്കുന്നവർ കണ്ടു. 12 മണി കഴിഞ്ഞതിന്റെ ക്ഷീണമോ പന്ത്രണ്ടാമത്തെ പാട്ടാണെന്നതിന്റെ വിരസതയോ ഇല്ലാതെ ആ മുഖത്തേക്ക് നിമിഷങ്ങൾ കൊണ്ട് ഒരു തെളിച്ചം വന്നണഞ്ഞു. യേശുദാസിനു വേണ്ടി നിശ്ചയിച്ചിട്ടുള്ള പാട്ടുകൾക്ക് അന്ന് ട്രാക്ക് പാടിക്കുന്ന പതിവ് ഉമ്മറിനില്ലായിരുന്നു. പാട്ടിന്റെ മർമമറിഞ്ഞ ഗായകനെ കൂടുതലെന്തു പഠിപ്പിക്കാൻ! നേരേ റെക്കോഡിങ് റൂമിലേക്കു പോകാൻ തയാറായ ഗായകനോട് ഏതാനും നിർദ്ദേശങ്ങൾ. അത്ര മാത്രമേ അന്നു വേണ്ടി വന്നിരുന്നുള്ളൂ! ശിവരഞ്ജിനി രാഗത്തിൽ മികച്ച ഒരു ഗാനം പിറവിയെടുക്കാൻ പിന്നെയൊട്ടും വൈകിയില്ല. മലയാളിയുടെ ഹൃദയസരസ്സിൽ ആത്മസംതൃപ്തിയുടെ ലാളനയേറ്റ മനോഹരമായ ആ ഗാനം ഒരു നീലത്താമരയായി ഇതൾ വിരിഞ്ഞിട്ട് ഇപ്പോൾ നാലു പതിറ്റാണ്ടായിരിക്കുന്നു.

‘നീല ജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ 

നീർപോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...’

സ്വപ്നങ്ങൾ പൊട്ടിമുളച്ച് പ്രണയത്തിന്റെ സമ്മോഹന മുഹൂർത്തങ്ങളെ തഴുകി ആദ്യസമാഗമത്തിന്റെ അഭിലാഷ പൂർണതയിലേക്കെത്തുന്നത് എത്ര മനോഹരമായാണ് ബിച്ചു തിരുമല വരച്ചുകാട്ടിയിരിക്കുന്നത്!

പ്രണയതൽപത്തിലേക്ക് ഹൃദയങ്ങൾ ആവാഹിക്കപ്പെട്ടു കഴിഞ്ഞാൽ എത്രയെത്ര അഭിലാഷങ്ങളാണ് തെളിനീർക്കുമിളകളായി ഇണക്ക- പിണക്കങ്ങളുടെ ഓളപ്പരപ്പിൽ നിമിഷാർധ മനോഹാരിത ചമയ്ക്കുന്നത്!

ജലാശയത്തിനു നീലിമ പകരുന്ന ഉദാത്തമായ ആ കാവ്യകല്പനയിൽ നീന്തിത്തുടിക്കുന്ന ഹംസങ്ങൾ ഒരുക്കുന്നതും എത്ര മനോഹരമായ കാഴ്ചവിരുന്നാണ്!  പ്രണയത്തിന്റെ ഭാവപ്പകർച്ചയെ പകർത്തിയെഴുതുമ്പോൾ ബിച്ചു തിരുമലയുടെ ഇരുത്തം വന്ന തൂലികയിൽ ഹൃദയം പൂമ്പൊയ്കയാവുന്നു, സ്വപ്നങ്ങൾ ഹംസങ്ങളാവുന്നു.

‘ആയിരമായിരം അഭിലാഷങ്ങൾ തെളിനീർ കുമിളകളായി..’ അരനൂറ്റാണ്ടും കടന്ന, ശിവശങ്കരൻ നായർ എന്ന ബിച്ചു തിരുമലയുടെ ആ അക്ഷരച്ചിട്ടയിൽ കാൽപനികതയോടൊപ്പം ദാർശനികതയുടെ സൗന്ദര്യവും ഇഴയടുപ്പം തീർക്കുന്നത് എത്രയോ തവണ മലയാളം കണ്ടിരിക്കുന്നു. മാനുഷിക അഭിലാഷങ്ങൾ തെളിനീർക്കുമിളകളാണെന്ന് വരികളിൽ പറഞ്ഞു വയ്ക്കുമ്പോൾ ആ സത്യത്തെ ഏതു തത്വത്തിനാണ് ശരിവയ്ക്കാതിരിക്കാനാവുക! പ്രണയത്തിന്റെ താള ലയങ്ങളിൽ പ്രതീക്ഷകളുടെ ഓളം തുടിക്കുന്ന ആ പൊയ്കയിൽ എണ്ണമറ്റ സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും ലാളനയേറ്റ്  സ്വപ്നകാമുകി കേൾവിക്കാരന്റെ കൺമുന്നിലല്ലേ ഒരു നീലത്താമരയായി വിടർന്നു വരുന്നത്! 

പ്രണയം അതിന്റെ മനോജ്ഞ പറുദീസയൊരുക്കി, ഒരു നോട്ടത്തിനായോ ഒരു സ്പർശനത്തിനായോ ഏറെ കൊതിക്കുന്ന കാത്തിരിപ്പിലേക്കാകുന്നു പിന്നീടുള്ള യാമങ്ങൾ. നീളുന്ന കാത്തിരിപ്പുകൾ പ്രണയനിയമങ്ങളെ പലപ്പോഴും തിരുത്തിക്കുറിച്ചേക്കാം. പ്രണയിനിയിലേക്ക് അലിഞ്ഞുചേരാൻ കൊതിക്കുന്ന കാമുക ഹൃദയത്തിന്റെ അഭിനിവേശം ഏതു വാക്കിനാൽ അടയാളപ്പെടുത്താൻ? നിമിഷങ്ങളെ വാചാലമാക്കുന്ന കാത്തിരിപ്പുകൾ.. ഒടുവിൽ... ജന്മങ്ങൾ സഫലമാകുന്ന  ഒന്നാകലിന്റെ ധന്യമുഹൂർത്തം സമാഗതമാകുന്നു.

‘നിന്നിലും എന്നിലും ഉൾപ്രേരണകൾ ഉത്സവ മത്സരമാടി....’ ആ ആദ്യ സമാഗമത്തിൽ ഉൾപ്രേരണകൾ മത്സരിക്കുകയാണ് ഉത്സവാന്തരീക്ഷമൊരുക്കി! അവിടെ നിശയ്ക്കും നീലിമ പകരാൻ കവി മറന്നില്ല! നിശാപുഷ്പങ്ങളൊരുക്കിയ തൽപത്തിൽ നിശാനീലിമയെ കമ്പളമാക്കി അണപൊട്ടിയ അഭിനിവേശത്താൽ മിഥുനങ്ങൾ ഒന്നാവുമ്പോൾ ഒരുപക്ഷേ താരങ്ങൾ നീരദ പാളികളിൽ നാണിച്ച് മുഖം പൂഴ്ത്തിയിട്ടുണ്ടാവും. ആ ലയനാനുഭൂതി ഏറ്റക്കുറച്ചിലുകൾ അന്യമാക്കി, ഒറ്റവരിയിൽ പറഞ്ഞു തീർക്കുന്ന എഴുത്തുവഴക്കം വരികളിൽ പകർന്ന ആ കാവ്യാത്മകത തികച്ചും വേറിട്ടതുതന്നെ! ആത്മസംതൃപ്തിയുടെ ധന്യമുഹൂർത്തത്തെ വർണിക്കാൻ വാക്കുകളെ ഏറെ പരതേണ്ട ജോലിയും ആ തൂലികയ്ക്കുണ്ടായില്ല.

വൃശ്ചിക രാത്രിയുടെ അരമന മുറ്റത്ത് പിച്ചകപൂപ്പന്തലൊരുക്കിയ പഴയ കാൽപന്തുകളിക്കാരൻ ഹാർമോണിയക്കട്ടകളിൽ ഏറ്റവും കൂടുതൽ തവണ വിസ്മയം ഒരുക്കിയിരിക്കുന്നതും ബിച്ചു തിരുമലയ്ക്കു വേണ്ടിയായിരുന്നു. യേശുദാസും എസ്. ജാനകിയുമാണ് ആ ഈണങ്ങൾക്കായി ഏറ്റവും കൂടുതൽ തവണ സ്വരം പകർന്നതും. ‘എന്റെ പാട്ടുകളെല്ലാം യേശു പാടണമെന്നാണ് എന്റെ ആഗ്രഹം. കാരണം ആ ശബ്ദം മറ്റാർക്കുണ്ട്?’ - തന്റെ ഏറ്റവും വലിയ ദൗർബല്യങ്ങളിലൊന്നായ ഗന്ധർവസ്വരത്തെപ്പറ്റി ജീവിത സായന്തനത്തിലും അനശ്വരനായ ആ സംഗീത സംവിധായകൻ തുറന്നു പറഞ്ഞിട്ടുണ്ട്.

1977 ൽ മികച്ച ഗായകനായി കെ.ജെ യേശുദാസിനെ ഈ ആലാപനത്തിലൂടെ തിരഞ്ഞെടുക്കുമ്പോൾ ജൂറിക്ക് മറുത്തൊന്നും ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. ‘വരികളുടേയും അതിന് നൽകിയ സംഗീതത്തിന്റെയും മെച്ചം തന്നെയായിരുന്നു പാട്ട് ഭംഗിയാക്കാൻ എന്നെ സഹായിച്ചത്’ - മികച്ച ഗായകനായി തന്നെ തിരഞ്ഞെടുത്തതിനെപ്പറ്റി ചോദിച്ചവരോടുള്ള യേശുദാസിന്റെ  മറുപടിക്കും അവാർഡിനോളം തിളക്കമുണ്ടായിരുന്നു! ബിച്ചു തിരുമല - എ.ടി. ഉമ്മർ ടീമിന്റെ വിജയരഹസ്യവും അതു തന്നെയായിരുന്നു.

‘അംഗീകാരം’ എന്ന ചിത്രത്തിലെ ഇതേ ഗാനത്തിനുതന്നെയായിരുന്നു മികച്ച ഗായികയായി എസ്. ജാനകിയും അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കാലം നെഞ്ചേറ്റിയ ആ എഴുത്തഴകിനുമുണ്ടായിരുന്നില്ലേ പാട്ടിന്റെ നീലജലാശയത്തിൽ വിടർന്ന ഒരു നീലത്താമരയുടെ ചേല്....!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com