ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും; സിനിമ വിജയിച്ചില്ല, പക്ഷേ ആ പാട്ടിന് ഇന്നും ആരാധകരേറെ

mizhineer-pookkal-song
SHARE

ചകോരപ്പക്ഷികളും പ്രണയിക്കുമോ.....? ഉക്കൻ, ചെമ്പോത്ത്, ഉപ്പൻ... എത്ര പേരുകളാണവയ്ക്ക്. കറുപ്പിൽ കോറിയിട്ട ചുവപ്പും തീക്കനലൊത്ത കണ്ണുകളും വിജനതയിൽ വിരളമായുള്ള ഒരു ചിലയ്ക്കലും... പേടിയായിരുന്നു ഒരിക്കൽ. 

എന്നാൽ, പ്രണയത്തിന്റെ പത്മരാഗത്തേരേറി ഇണയ്ക്കൊപ്പം സ്വയംമറന്ന് സല്ലപിക്കുന്ന അതേ പക്ഷികളെ കാണാനായതോടെ എന്നെ അവ വല്ലാതെ അസൂയപ്പെടുത്തിക്കളഞ്ഞു! ആർ.കെ. ദാമോദരൻ എന്ന പാട്ടെഴുത്തുപ്രതിഭ, ഇതേവരെ കാണാൻ കഴിയാതിരുന്ന ചകോരപ്പക്ഷികളുടെ സൗന്ദര്യത്തെയല്ലേ പ്രണയത്തിന്റെ ഋതുഭേദങ്ങളാൽ വരച്ചുചേർത്തത്! കൈവെള്ളയിൽ വീണ ചൂരൽനോവിന് ആ പാവം പക്ഷിയുടെ കുറുകെപ്പറക്കലിന്റെ ശകുനപ്പിഴയെ പഴിച്ച ബാല്യമങ്ങനെ ചിരിയോർമയായി. ഭീതിയോടെ കണ്ടിരുന്ന അവയുടെ കണ്ണുകളിലെ കനലാട്ടം, അത് ശുദ്ധപ്രണയത്തിന്റെ നിറമായ ചോരച്ചുവപ്പിന്റേതു തന്നെയെന്ന് ഇനിയാരും പറഞ്ഞുതരേണ്ടതുമില്ല.

‘ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും ചകോര യുവമിഥുനങ്ങൾ.....’ ഹാർമോണിയക്കട്ടകളിൽ വീണ മാന്ത്രികവിരലുകളുടെ മോഹനനടനം പോലെ എത്ര ഹൃദ്യമാണ് വരികൾ. 1986 ൽ സംവിധാന രംഗത്തേക്കു കാലെടുത്തു വച്ച കമലിന്റെ ആദ്യ ചിത്രമായിരുന്നു ‘മിഴിനീർപ്പൂക്കൾ’. അപ്രതീക്ഷിതമായ ഒരു നിയോഗം തന്നെയായിരുന്നു ദാമോദരൻ മാസ്റ്റർക്ക് ഈ സിനിമയ്ക്കു വേണ്ടിയുള്ള പാട്ടെഴുത്ത്. പണം മുടക്കുന്നവരുടെ നിർബന്ധത്തിനു വഴങ്ങിയായിരുന്നു കമൽ മാസ്റ്ററെ ജോലി ഏൽപ്പിച്ചത്. എന്നാൽ പാട്ടെഴുത്തു വഴിയിൽ ഏറെക്കുറെ വയലാറിനു പകരക്കാരനായി അരങ്ങേറ്റം കുറിച്ചെത്തിയ ആർകെ എഴുതിക്കൊടുത്ത വരികൾ കമലിനെയും തെല്ലൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. പൊടിമീശ കുരുക്കുന്ന പ്രായത്തിൽ ‘രവിവർമ ചിത്രത്തിൻ രതിഭാവ’വുമായി ഹരിശ്രീ കുറിച്ച മാസ്റ്ററിന് ചകോര മിഥുനങ്ങളുടെ പ്രണയമൊക്കെ എത്ര നിസാരം!

ഒരു ഐതിഹ്യത്തെ, ചകോരപ്പക്ഷികൾ നിലാവുണ്ണുന്നവയെന്ന പഴയ ഒരു വിശ്വാസത്തെ, ആലങ്കാരികമായി ആദ്യ വരിയിൽത്തന്നെ ഉപയോഗിച്ചപ്പോൾ പല്ലവിക്കു കൈവന്ന ഭംഗി... അപാരം! 

‘അവയുടെ മൗനത്തിൽ കൂടണയും അനുപമ സ്നേഹത്തിൻ അർഥങ്ങൾ......’ സ്വതവേ മൗനികളായ ആ പക്ഷികളുടെ മൗനത്തിൽ അനുപമ സ്നേഹത്തിന്റെ ആന്തരാർഥങ്ങൾ ആവാഹിക്കപ്പെട്ടിരിക്കുകയാണെന്ന കൽപനയും മാസ്റ്ററിനെ എത്ര വ്യത്യസ്തനാക്കുന്നു. മുമ്പൊരിക്കൽ ‘മഞ്ഞിൽ ചേക്കേറും മകരപ്പെൺപക്ഷീ, മൗനം പൂ ചൂടും ഇന്ദീവരാക്ഷി...’ എന്നു പാടിയ കവിക്ക് മൗനത്തിനോട് ഇത്തിരിയിഷ്ടം കൂടുതലായിരുന്നു.

മൗനം പലപ്പോഴും പ്രണയത്തിനേകുന്ന ഭംഗി ഒട്ടും ചെറുതല്ലെന്ന് കവിക്കു നന്നായറിയാം. ചകോര മിഥുനങ്ങളുടെ പ്രണയവഴിയിലും മൗനത്തിന്റെ ചാരുത വസന്തം വിടർത്തുന്നു. മൗനത്തിനെയും വാചാലമാക്കാൻ കഴിയുന്ന ഒരു വികാരം കൂടിയാണ് പ്രണയമെന്ന് 

അതു രുചിച്ചിട്ടുള്ളവർക്കു സംശയമുണ്ടാകില്ല. ഇവിടെ മൗനത്തിന്റെ ആന്തരാർഥങ്ങളിലേക്ക് ഒരു വേള കേൾവിക്കാരന്റെ ചിന്തകളെയും കൈപിടിച്ചു കൊണ്ടു പോയിട്ടാണ് മാസ്റ്ററിന്റെ പ്രഖ്യാപനം...  നിലാവുണ്ണുന്ന ഈ മിഥുനങ്ങളെ, പ്രണയമരക്കൊമ്പിൽ കൂടണയാൻ വെമ്പുന്ന ഇണകൾക്ക് അനുകരിക്കാം... ആ പ്രണയത്തെ ആസ്വദിക്കാം!! 

‘നിളയുടെ രോമാഞ്ചം നുകർന്നുംകൊണ്ടവർ....’

പ്രണയവും നിലാവും നിളയും.... തരളവികാരങ്ങളെ തൊട്ടുണർത്താൻ പ്രാപ്തമായ അഭേദ്യരസതന്ത്രം.  എത്രയോ കാവ്യകൽപനകളിൽ പ്രണയത്തിന്റെ ഒഴുക്കും ഓളവും നിളയുടെ രോമാഞ്ചം നുകർന്നിരിക്കുന്നു. ഇണച്ചകോരങ്ങളുടെ പ്രണയരാവുകളും നിലാവിൽ കുളിച്ച നിളയുടെ ഓളങ്ങളിൽ പൂത്തു തളിർക്കുകയാണ്. തളിർത്താരങ്ങളെ നുള്ളി ഓളപ്പരപ്പിൽ വിരിച്ച് ആ പ്രണയവാഹിനിയുടെ ഉന്മാദവും നുകർന്ന് നീലനികുഞ്ജത്തിൽ മയങ്ങുന്ന ചകോര മിഥുനങ്ങൾ വല്ലാതെ അസൂയപ്പെടുത്തുന്നു. പ്രണയത്തിന്റെ മാസ്മര ലഹരിയിൽ സ്വയം മറന്ന് മയങ്ങുന്ന മിഥുനങ്ങളെ അനുകരിക്കാനും അവാച്യാനുഭൂതിയെ ആസ്വദിക്കാനും എത്ര മനോഹരമായാണ് കാതരഹൃദയങ്ങളോടായി കവി ആവശ്യപ്പെടുന്നത്. 

പരസ്പര സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും രുചിഭേദങ്ങളിൽ പതിന്മടങ്ങേറ്റമൊരുക്കുന്ന രസക്കൂട്ട് ഒരു സൂത്രവിദ്യപോലെ ചരണങ്ങളുടെ അവസാന പാദങ്ങളിൽ വിളക്കിച്ചേർക്കുന്നുണ്ട്.

‘ഇണയുടെ മാധുര്യം പകർന്നും കൊണ്ടവർ ഈണത്തിൽ താളത്തിൽ ഇണങ്ങും.....’ ഹൊ! ഇണയുടെ മാധുര്യം പകരുക! മുടിനാരിൽ പോലും മധുരം കിനിയുന്ന ഉന്മാദം പ്രണയത്തിന്റെ മാസ്മരികതയല്ലേ.. പ്രണയത്തിന്റെ കണികയെങ്കിലും ഹൃദയത്തിന്റെ ഇടങ്കോണിൽ മുളയിട്ടിട്ടുണ്ടെങ്കിൽ എത്ര മധുരമാവും വികാരങ്ങളും ഇണയും പകർന്നേകുക. മദിച്ചും കൊതിച്ചും മധുവിധുവിന്റെ മന്ത്രങ്ങളെ നെഞ്ചേറ്റിയും  ഇണക്കത്തിന്റെ ഈണവും താളവും കണ്ടെത്തുന്ന ചകോരയിണകൾ കവികൽപനയിൽ അദ്ഭുതം വിടർത്തുമ്പോൾ ആകാശപ്പൂമുറ്റത്ത് പാറി നടക്കുന്ന വെൺമേഘശകലം കണക്കെ അലഞ്ഞു പോവുകയാണ് ആസ്വാദകനും. 

പ്രണയതന്ത്രികളിൽ മധുരരാഗത്തിന്റെ ശ്രുതി മീട്ടുന്ന ആ മിഥുനങ്ങളെ അനുഗമിക്കാനും പ്രണയാർദ്ര നിമിഷങ്ങളിൽ സ്വയം മറന്നഭിരമിക്കുന്ന അവയെ ആസ്വദിക്കാനും ദാമോദരൻ മാസ്റ്റർ പറയുമ്പോൾ സൗന്ദര്യ സങ്കൽപത്തിന്റെ വേറിട്ട കാഴ്ചയായിത്തീരുന്നു അത്. പദാനുപദങ്ങളിൽ തുളുമ്പുന്ന ഭാവനാ തന്മയത്വം ഗാനത്തെ എത്ര ആസ്വാദ്യകരമാക്കുന്നു. ചരണങ്ങളിലെ ആവർത്തനത്തിൽ ശ്രുതിഭംഗം വരാതെ പദങ്ങളെ അനുഗമിച്ച്, അല്പം ധൃതിയിൽ, തബലയിൽ പെയ്തൊഴിയുന്ന താള വിസ്മയം... അഭിനന്ദിക്കാൻ വാക്കുകളില്ല!

മലയാളത്തെ വാൽക്കണ്ണെഴുതി വനപുഷ്പം ചൂടിച്ച, ഒരു തലമുറയുടെതന്നെ ഈണമായി മാറിയ എം.കെ. അർജുനൻ മാസ്റ്ററിനെയായിരുന്നു ഈണമിടാൻ നിയോഗിച്ചത്. തന്റെ ആദ്യ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതമൊരുക്കേണ്ടത് ഓസേപ്പച്ചൻ തന്നെയാവണമെന്ന കമലിന്റെ ആഗ്രഹവും ഇവിടെ സഫലമാകാതെ പോയി. കമലിന്റെ അത്തരമൊരു നിരാശയെപ്പറ്റി മാസ്റ്ററും അറിഞ്ഞിരുന്നു. എന്നാൽ തികച്ചും ശുദ്ധഗതിക്കാരനായ മാസ്റ്റർക്ക് അതിൽ യാതൊരു പരിഭവവും തോന്നിയില്ല. ‘അർജുനനായാലും ഭീമനായാലും ജോലി ഭംഗിയായില്ലെങ്കിൽ ഞാൻ പറഞ്ഞു വിടും’ - ആദ്യമായി ദേവരാജൻ മാഷിനു മുന്നിലെത്തിയപ്പോൾ കേട്ട വാക്കുകൾ  മറന്നിട്ടില്ലാതിരുന്ന മാഷ് തന്നിലെ പ്രതിഭ കൊണ്ടു തന്നെ കമലിന്റെ നിരാശ മാറ്റിയെടുക്കാനുറച്ചു. വരികളിലൂടെയൊന്നു കണ്ണോടിച്ച മാഷിന് അവ വഴങ്ങിവരാൻ ഏറെ വൈകിയില്ല. രേവതീരാഗത്തിന്റെ ചിട്ടവട്ടങ്ങൾകൊണ്ട് അണിയിച്ചൊരുക്കി കൂടി നിന്നവരെ കേൾപ്പിക്കുമ്പോൾ ഏവരും അദ്ഭുതപ്പെട്ടുപോയി. വരികളും അതിലെ മെലഡിയും കമലിനെ വല്ലാതെ ആകർഷിക്കുക തന്നെ ചെയ്തു. മാഷിനെ ആ ഗാനത്തിലെ ഓർക്കസ്ട്രേഷന് അന്ന് അസിസ്റ്റ് ചെയ്തതോ... സാക്ഷാൽ ജോൺസൺ!

ഭാവമധുരമായ യേശുദാസിന്റെ സ്വരം കൂടിയായപ്പോൾ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. മോഹൻലാൽ നായകനായ സിനിമ വിജയമായിരുന്നില്ല എങ്കിലും ഈ ഗാനത്തെ രണ്ടുകയ്യും നീട്ടിയാണ് മലയാളം സ്വീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA