ലോകത്തെ ഒന്നിപ്പിച്ച ആഫ്രിക്കൻ താളം – ‘ജെറുസലേമ..’

jerusalema-song
SHARE

ഒരു ഗാനത്തിനൊപ്പം മതിമറന്നാടുകയാണു ലോകം. 2019 നവംബറിൽ ജൊഹാനസ്ബർഗിൽ റെക്കോർഡ് ചെയ്ത ‘ജെറുസലേമ..’ എന്ന ഗാനത്തിന്റെ ഒറിജിനൽ വിഡിയോ യൂട്യൂബിൽ ഇതുവരെ കണ്ടത് 32 കോടിയിലധികം പേർ. ആയിരക്കണക്കിനു വരുന്ന ‘ജെറുസലേമ ഡാൻസ് ചാലഞ്ച്’ വിഡിയോകൾക്കുമുണ്ട് മില്യൺ കണക്കിനു കാഴ്ചക്കാർ. ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ 10 കോടിയിലധികം തവണയാണ് ഈ ഗാനം ഇതിനകം സ്ട്രീം ചെയ്തത്. ലോകത്തിന്റെ പ്രിയപ്പെട്ട ജാം മ്യൂസിക് ആയി പുതുവർഷത്തിലും ജെറുസലേമ പൂത്തുലയുന്നു. 

∙ ഭൂഖണ്ഡങ്ങൾ താണ്ടി

‘ജെറുസലേമ... ഇഖയലാമി’... ദക്ഷിണാഫ്രിക്കയിലെ സുലു ഭാഷയിലാണു വരികൾ. ഭൂഖണ്ഡങ്ങൾ താണ്ടി ഒഴുകിപ്പരക്കുകയാണ് ആ ഈണവും ഈരടികളും. അർഥമറിയാത്തവർ പോലും അതിന്റെ മാസ്മരികതയിൽ അലിഞ്ഞുചേരുന്നു. ഹൃദയഹാരിയായ ഇലക്ട്രോ ബേസ് താളത്തിനൊത്തു ചുവടു വയ്ക്കുന്നു. മഹാമാരിയിൽ ലോകം വിറങ്ങലിച്ച ദിവസങ്ങളിൽ തുടക്കമിട്ട ജെറുസലേമ ഡാൻസ് ചാലഞ്ചിന്റെ അലയൊലികൾ 2021ലും തീരുന്നതേയില്ല. #jerusalemadancechallenge, #jerusalema എന്നീ ഹാഷ്ടാഗുകളിൽ ദിനംപ്രതിയെന്നോണം ലോകത്തിന്റെ നാനാഭാഗത്തുനിന്നും യൂട്യൂബിൽ പുതിയ വിഡിയോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നു. ആഫ്രിക്കയിലെ കുഞ്ഞുങ്ങളും ഇറ്റലിയിലെ നാവികരും മുതൽ കെനിയയിലെ പാർലമെന്റ് അംഗങ്ങളും സ്വിസ്, ഐറിഷ് പൊലീസുകാരും വരെ ഡാൻസ് ചാലഞ്ചിന്റെ ഭാഗമായിക്കഴിഞ്ഞു.

dance-challenge-2

∙ മാസ്റ്റർ കെജി

‘മാസ്റ്റർ കെജി’ എന്നറിയപ്പെടുന്ന ഇരുപത്തഞ്ചുകാരനായ ദക്ഷിണാഫ്രിക്കൻ ഡിജെ സംഗീതജ്ഞൻ ഗവോഗെലോ മൊവാഗി, 2019 നവംബറിൽ ഒരു സ്പിരിച്വൽ ബീറ്റ് ആയി ചെയ്തതാണ് ഈ ഈണം. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് വിഭാഗത്തിൽപെടുന്ന ഈണത്തിനു ലഭിച്ച വരവേൽപിന്റെ ആവേശത്തിൽ വരികൾ നൽകി പൂർ‌ണഗാനമായി പുറത്തിറക്കാനായി ശ്രമം. ഇതിനുവേണ്ടി ഗായിക നോംസെബോയെ ക്ഷണിച്ചു. ഇരുവരും ചേർന്നാണ് ഇപ്പോഴത്തെ ഹിറ്റ് വരികൾ എഴുതിയുണ്ടാക്കിയത‌്. 2019 ഡിസംബറിൽ ഡാൻസ് ഉൾപ്പെടെ ചിത്രീകരിച്ച് ഒറിജിനൽ വിഡിയോ ഇറക്കി. 2020 ജനുവരിയിലാണ് മാസ്റ്റർ കെജിയുടെ പുതിയ ആൽബത്തിൽ ഉൾപ്പെടുത്തി ഗാനം റിലീസ് ചെയ്തത്. 

∙ ലോകമാകെ ചാലഞ്ച്

അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയിൽ നിന്നുള്ള ഫിനോമിനസ് ഡു സെംബ ഡാൻസ് ടീമംഗങ്ങളുടെ ചാലഞ്ച് വിഡിയോ ആണ് ആദ്യമെത്തിയത്. ഇതു തരംഗമായതിനു പിന്നാലെ ചാലഞ്ച് വിഡിയോകളുടെ പ്രവാഹമായി. ആഫ്രിക്കൻ കിഡ്സിന്റെ, ഹരംകൊള്ളിക്കുന്ന ചടുലമായ ഡാൻസ് വിഡിയോ ഇതിനകം രണ്ടു കോടിയിലധികം പേർ കണ്ടുകഴിഞ്ഞു. നൈജീരിയൻ സൂപ്പർസ്റ്റാർ ബർണബോയ് ഗാനത്തിന്റെ റീമിക്സ് അവതരിപ്പിച്ചതോടെ ജെറുസലേമ പിന്നെയും കുതിച്ചുകയറി.

ഫ്രാൻസ്, ഹംഗറി, നെതർലൻഡ്സ്, സ്വിറ്റ്സർലന്റ്, ബെൽജിയം തുടങ്ങി എണ്ണമറ്റ രാജ്യങ്ങളിൽ ഗാനം ഹിറ്റ് ചാ‍ർട്ടിൽ മുന്നിലെത്തി. ബിൽബോർഡ് വേൾഡ് ചാർട്ടിലും ഒന്നാമതായി. ഡാൻസ് ചാലഞ്ച് ഏറ്റെടുത്ത്, വിവിധ രാജ്യ‌ങ്ങളിൽ ഫ്ലാഷ് മോബ് പോലെ ജനം ഒഴുകിച്ചേർന്നു. ഓഫിസുകളിലും തെരുവുകളിലുമെല്ലാം ഗാനം അലയടിച്ചു. വയോധികരും സ്ത്രീകളും കുഞ്ഞുങ്ങളും ചുവടുവച്ചു. 

∙ ആനന്ദം, ആത്മീയം

ഗോസ്പെൽ സ്വാധീനമുള്ളതാണു വരികൾ. കാന്തം പോലെ വലിച്ചടുപ്പിക്കുന്ന അപ്ബീറ്റ് സംഗീതത്തിന്റെ മാജിക്. മാസ്റ്റർ കെജിയുടെ വശീകരണ ശക്തിയുള്ള കോംപോസിഷനൊപ്പം, അതുവരെ അപ്രശസ്തയായിരുന്ന നൊംസെബോ എന്ന ഗായികയുടെ സവിശേഷമായ സ്വരം. മഹാമാരിക്കാലത്ത് വിശുദ്ധസംഗീതം പോലെയാണ് ആസ്വാദക ലക്ഷങ്ങൾക്ക് അത് അനുഭവപ്പെട്ടത്. വംശ, വർണ ദ്വേഷങ്ങളില്ലാതെ ആത്മാവിനെ ശുദ്ധീകരിക്കുന്ന അനുഭവം. ഒരേസമയം ആനന്ദവും പ്രതീക്ഷയും നിറയ്ക്കുന്ന ഗാനത്തിന്റെ കൈപിടിച്ച് ലോകം ഒന്നായി. വരികളും ആലാപനവും ഈണവും നൃത്തവുമെല്ലാം ചേരുംപടി ചേർന്നതോടെ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി ജെറുസലേമ ലോകത്തിനാകെ പ്രിയങ്കരമായി. പാൻ ആഫ്രിക്കൻ ഗാനത്തിൽ നിന്ന് പാൻ ഗ്ലോബൽ ഗാനമായി അതിവേഗം മാറി.

dance-challenge-new

വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള വരികളിൽ പുതിയ ദക്ഷിണാഫ്രിക്കയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകൾ കൂടി ഇഴചേർന്നിരിക്കുന്നു. ഈ പ്രതിസന്ധി കാലത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗാനത്തെക്കാൾ മികച്ച ആഘോഷമില്ലെന്നാണ് പ്രസിഡന്റ് സിറിൽ റാമഫോസ തന്നെ പറഞ്ഞത്. മറ്റൊരു വിധത്തിൽ, ആഫ്രിക്കൻ ഐക്യത്തിന്റെ ഈണമെന്ന നിലയിൽ ജെറുസലേമയ്ക്ക് രാഷ്ട്രീയമാനം കൂടി കൈവരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA