ADVERTISEMENT

അരയന്റെ സ്വപ്നങ്ങൾക്ക് അതിരുകളുണ്ട്. അതിനപ്പുറത്തേക്ക് അവൻ ആശിച്ചു കൂടാ. മകൾക്കു വേണ്ടി മാത്രം ജീവിച്ച അച്ചൂട്ടിക്ക് തന്റെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച്, നിരാശയുടെ നടുക്കടലിലേക്ക് തന്നെ തള്ളിവിട്ടിട്ടുപോയ മകളെയോർത്തുള്ള വിങ്ങലൊടുങ്ങുന്നില്ല....

പാട്ടെഴുതാനിരിക്കെ തിരക്കഥാകൃത്ത് പറഞ്ഞു കൊടുത്ത കഥാസന്ദർഭത്തിലൂടെ കൈതപ്രത്തിന്റെ ചിന്തകളും മെല്ലെ കട്ടമരമേറി. അരയ ജീവിതത്തിന്റെ നിരാശകളും അച്ചൂട്ടിയുടെ ആത്മനൊമ്പരങ്ങളും തീർത്ത അലമാലകൾക്കു മീതെ അവ വല്ലാതെ ആടിയുലഞ്ഞു. പിതൃമനസ്സിന്റെ മുറിപ്പാടുകൾ ഉള്ളിൽ ആർത്തിരമ്പുന്നത് ആ മുഖത്തു നന്നായി നിഴലിക്കുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ ലോഹിതദാസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കടപ്പുറത്തിന്റെ പശ്ചാത്തലത്തിൽ കാറും കോളും നിറഞ്ഞ അരയജീവിതത്തെ സിനിമയാക്കണമെന്നത്. ‘ചെമ്മീൻ’ എന്ന ഇതിഹാസം മുന്നിലുള്ളപ്പോൾ ഒപ്പം നിൽക്കാൻ പോന്ന ഒരു കഥ തിരക്കി ഏറെ അലഞ്ഞിരുന്നു. ഒരു ദിവസം കടപ്പുറത്ത് കാറ്റു കൊള്ളാനിരിക്കെ, സ്കൂളിൽ പോകാൻ മടിച്ച മകളെ തല്ലുന്ന ഒരച്ഛനെ ലോഹിതദാസ് കണ്ടു. ഏറെ പ്രതീക്ഷകളുള്ള ആ അച്ഛന്റെയും തല്ലു വാങ്ങി ചിണുങ്ങുന്ന ആ മകളുടെയും ചിത്രം മനസ്സിൽനിന്നു മായും മുൻപേ സുഹൃത്തിന്റെ പതിവുകോളിൽ വിശേഷങ്ങൾക്കൊപ്പം ഒരു കൗതുക വാർത്തയും - മറ്റൊരു സുഹൃത്തിന്റെ മകൾ ഒരു യുവാവിനൊപ്പം ഒളിച്ചോടിയത്രേ! മലയാള ഹൃദയങ്ങളിൽ അമരത്വം നേടിയ ‘അമരം’ പിറക്കാൻ അത്രയും മതിയായിരുന്നു!

സംവിധാനം ചെയ്യുന്നത് മലയാളത്തിന്റെ ലെജന്ററി ഹിറ്റ് മേക്കർ ഭരതനാണ്. ലോഹിതദാസ് - ഭരതൻ ടീമിന്റെ ആദ്യ ചിത്രവും 1991 ൽ പുറത്തിറങ്ങിയ അമരം തന്നെയായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ അരയ ജീവിതം പഠിക്കാൻ മുഴുവൻ അഭിനേതാക്കളും കടപ്പുറം സന്ദർശിക്കുന്നതു പതിവാക്കണമെന്നു ശഠിച്ച അദ്ദേഹത്തിന് പാട്ടിന്റെ കാര്യത്തിൽ വല്ല കോംപ്രമൈസുണ്ടാവുമോ! 

സന്ദർഭത്തിലെ വൈകാരികതയും ജീവിതത്തിൽ ചതിക്കപ്പെട്ട ഒരു പിതാവിന്റെ നിരാശയും വരികളിൽ ഇഴയിടണമെന്നു പറഞ്ഞേൽപിക്കുമ്പോൾ,  ‘അതിനെന്താ നമുക്ക് ശരിയാക്കിക്കളയാം...’ ലോഹിതദാസിനോട് ഏറെയടുപ്പമുള്ള കൈതപ്രത്തിന്റെ സ്നേഹനിർഭരമായ ഉറപ്പ്. ഉത്തരവാദിത്വം ഏറ്റെടുത്ത നിമിഷംതന്നെ ഇടതൂർന്ന താടിരോമങ്ങളിൽ അലക്ഷ്യമായി വിരലുകളോടിച്ച്  കടപ്പുറത്തെ പച്ചജീവിതങ്ങളിലേക്ക് നമ്പൂതിരിയുടെ ചിന്തകളും തുഴയെറിയാൻ തുടങ്ങി. 

പതിവുപോലെ, ആകർഷകമായ ഒരു വാക്കുമായി വേണം പല്ലവി തുടങ്ങാനെന്നത് കവിക്ക് നിർബന്ധം. ‘വികാര നൗകയുമായി തിരമാലകളാടിയുലഞ്ഞു..’ വള്ളവും വലയുമായി കെട്ടുപിണഞ്ഞ അരയന്റെ ഹൃദയവ്യഥയെ വർണിക്കാൻ വാക്കുകൾക്കായി ഏറെ പരതേണ്ടി വന്നില്ല സംഗീതത്തിന്റെ അനന്തസാഗരത്തിൽ പതിറ്റാണ്ടുകളുടെ തഴക്കം കൈമുതലാക്കിയ കൈതപ്രത്തിന്. കണ്ണടച്ചു തുറക്കും മുമ്പ് വാക്കുകളുടെ ഒരു ചാകര തന്നെ ഉള്ളിലുണർന്ന് ആ സർഗതീരത്തേക്ക് അലയടിച്ചെത്തി. ‘കണ്ണീരുപ്പു കലർന്നൊരു മണലിൽ.....’ പാട്ടെഴുത്തിന്റെ ബ്രാഹ്മണ്യത്തിന് തുറയിലുതിരുന്ന അരയന്റെ കണ്ണീരിനെയറിയാം. നഷ്ടബോധത്തിന്റെ തിരയൊടുങ്ങാത്ത ഒരു അച്ഛന്റെ തേങ്ങൽ ആ വരികളിൽ ഒരു ക്ലാസിക്കൽ വിഷാദത്തിന്റെ വേലിയേറ്റംതന്നെ തീർക്കുന്നു. മകളെ പഠിപ്പിച്ച് വലിയ നിലയിലെത്തിച്ച് ഒത്ത ഒരാളുടെ കരം പിടിച്ചേൽപിക്കണമെന്ന സ്വപ്നങ്ങളാണ് ആ മണൽപ്പുറത്ത് വീണുടഞ്ഞിരിക്കുന്നത്. ഒരു പിൻവിളിക്കായി കൊതിച്ച ആ പിതാവിന്റെ നെഞ്ചു പൊട്ടിയുള്ള ‘രാക്കിളി പൊൻമകളേ...’ എന്ന വിളി ഒരുപക്ഷേ കവിയുടെ പ്രതീക്ഷകൾക്കുമപ്പുറത്തേക്കെത്തിക്കാൻ പാടിപ്പതിഞ്ഞ ദാസേട്ടന്റെ സ്വരത്തിനായി.  

മകളുടെ സ്നേഹവും അതിന്നടിപ്പെട്ട് ചെയ്യേണ്ടി വരുന്ന ചില വിട്ടുവീഴ്ചകളും ത്യാഗങ്ങളും വരികളിൽ ഉണ്ടാകണമെന്ന ലോഹിതദാസിന്റെ ഡിമാൻഡ് സാധിച്ചു കൊടുക്കേണ്ടതിനെപ്പറ്റിയായി നമ്പൂതിരിയുടെ അടുത്ത ചിന്ത. പുൽകാനെത്തുന്ന തിരകൾ കരിമ്പാറക്കെട്ടുകളിൽ തീർക്കുന്ന മാറ്റങ്ങളെ കണ്ടു പരിചയിച്ച കവി മെല്ലെ കുറിച്ചു - ‘വെൺനുര വന്നു തലോടുമ്പോൾ തടശിലയലിയുകയായിരുന്നു...’ നിഷ്കളങ്ക സ്നേഹത്തിനു മുമ്പിൽ അലിഞ്ഞു പോയ അച്ഛന്റെ കാഠിന്യത്തെ എത്ര ഹൃദയസ്പർശിയായി  അനുപല്ലവി അലങ്കരിച്ചു. ‘തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നു...’ കരുതലിന്റെ കരങ്ങളുമായി കാതങ്ങളോളം തുഴയെറിയുന്ന പിതാവിന്റെ  സ്വകാര്യയിഷ്ടങ്ങളെല്ലാം കാണാക്കരയിൽ മറവിയെ പുല്കുമ്പോൾ കവിഹൃദയവും വർഷകാല കടൽപോലെ പ്രക്ഷുബ്ധമായോ...

‘ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ 

കൗതുകമുണരുകയായിരുന്നു.’ മകളുടെ വളർച്ചയെ കണ്മുന്നിൽ കാണാനാവാതെ പോകുന്ന ഒരച്ഛന്റെ നിഷ്കളങ്ക പരിഭവം ചരണത്തിലൂടെ അനുഭവവേദ്യമാക്കണമെന്നതിൽ കൈതപ്രത്തിനു സംശയമില്ലായിരുന്നു. കൗമാരത്തിന്റെ കൗതുകക്കാഴ്ചകൾ എത്ര നിസ്സാരമായാണ് ആ  അച്ഛനെ ഒരു പാഴ് വഞ്ചിയാക്കി മാറ്റിയത്. 

‘എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ 

ജന്മം പാഴ്മരമായേനേ’. 

മകളോടുള്ള അകമഴിഞ്ഞ സ്നേഹം ആ ജീവിതത്തിന് എത്രമേൽ പ്രേരണയായിരുന്നു എന്ന് കവിക്കറിയാം. അച്ചൂട്ടി വീശിയെറിഞ്ഞ നിഷ്കളങ്കതയുടെ വലക്കണ്ണികളിൽപ്പെട്ട് പാട്ടെഴുത്തിന്റെ തമ്പുരാനും ഒന്നു കണ്ഠമിടറിയിട്ടുണ്ടാവണം, തീർച്ച!

രവീന്ദ്രൻ മാസ്റ്റർക്ക് വരികൾ ഏറെ ബോധിച്ചു. ഹാർമോണിയം മുമ്പിൽ വച്ച് അതിൻമേലൊന്നു സ്വരവിസ്താരം ചെയ്യവേ കൈതപ്രം രവീന്ദ്രൻ മാസ്റ്ററിനടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നു. പല രാഗങ്ങൾ ചേർത്ത് പല്ലവി മൂളി നോക്കുമ്പോൾ ആ വിരലുകൾ ഹാർമോണിയക്കട്ടകളിൽ 

അലസരാഗങ്ങളുടെ അലമാലയുതിർത്തുകൊണ്ടേയിരുന്നു.

ഒടുവിൽ തനിക്കേറ്റവും പ്രിയപ്പെട്ട മദ്ധ്യമാവതിയിൽ ഈണം പിടിക്കെ മുഖം തെളിഞ്ഞ, അറിയപ്പെടുന്ന കർണാടക സംഗീതജ്ഞൻ കൂടിയായ കവിയും രവീന്ദ്രനൊപ്പം ശ്രുതിയിട്ടുനോക്കി. ‘കൊള്ളാം!’ -

ഗാന്ധാരമോ ധൈതവമോ ഇല്ലാത്ത രവീന്ദ്രൻ മാഷിന്റെ മാസ്റ്റർപീസ് രാഗത്തിന് കവിയുടെ കീർത്തിപത്രം! പാട്ടിന്റെ അലയാഴിയിലേക്ക് അങ്ങനെ ഒരു എവർഗ്രീൻ ക്ലാസിക്കൽ എപ്പിക് കൂടി പിറവിയെടുത്തു.

കടലിന്റെ ചാരുതയെ ഗാനത്തിൽ ധ്വനിപ്പിക്കാൻ പല്ലവിയിൽത്തന്നെ ഒരു നിശബ്ദതയെ പിന്തുടർന്നെത്തുന്ന കടൽക്കാറ്റ്..... ചിലയിടങ്ങളിൽ ചേർത്ത തിരയിളക്കങ്ങൾ.... തബലയ്ക്കുമേൽ വീഴുന്ന വിരലോട്ടത്തിനും ഒരു പരിഭവപ്പെടലിന്റെ താളം... ഭാവതീവ്ര രംഗങ്ങൾക്കു യോജിച്ച ഷഹനായിയിലെ അദ്ഭുതം ചരണത്തിലെത്തുമ്പോൾ കേൾവിക്കാരനിലും ഒന്നു കണ്ണീരു പൊടിഞ്ഞേക്കും.  വീണയുടെയും ഫ്ലൂട്ടിന്റെയും ഉപയോഗം എത്ര കൃത്യവും ഹൃദ്യവുമായി! മധ്യമാവതിക്ക് കരയിക്കാനുമാവുമെന്ന് സംഗീതപ്രേമികളെ അറിയിച്ചു കൊടുത്തില്ലേ രവീന്ദ്രസംഗീതം!

∙∙

ചെന്നൈയിലെ കോദണ്ഡപാണി സ്റ്റുഡിയോ. സ്വന്തം ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയിൽ തനിക്കായി നിശ്ചയിച്ച പാട്ടുകളുടെ ട്രാക്ക് ഏറെ ശ്രദ്ധയോടെ കേൾക്കുകയാണ് ആ രാത്രിയിൽ എസ്.പി. ബാലസുബ്രഹ്മണ്യം. ഒന്നുകേട്ടു, രണ്ടുകേട്ടു, മൂന്നുകേട്ടു...... ഇടയ്ക്ക് ട്രാക്ക് നിർത്തിച്ച് എസ്പി.ബി ആർട്ടിസ്റ്റുകൾക്കു നിർദ്ദേശം നൽകിക്കൊണ്ടിരുന്ന രവീന്ദ്രന്റെ അരികിലെത്തി മെല്ലെ പറഞ്ഞു- ‘രവീ... ഈ പാട്ട് ആർക്കുവേണ്ടിയാണ് ചെയ്തിരിക്കുന്നതെന്നു മനസിലായി’. ഒന്നു നിർത്തി തെന്നിന്ത്യൻ ഇതിഹാസം തുടർന്നു -  ‘ഇന്ത പാടൽ അവർ താൻ പാടണം...’

ശരിയാണ്, അമരത്തിനു വേണ്ടി കൈതപ്രത്തിന്റെ വരികൾക്ക് ഈണം ചമയ്ക്കുമ്പോൾ സ്വരം പകരേണ്ടത് യേശുദാസ് തന്നെയാവണമെന്ന് രവീന്ദ്രൻ മാഷ് തീരുമാനിച്ചിരുന്നു. എന്നാൽ അണിയറക്കാരും യേശുദാസുമായുള്ള ബന്ധത്തിൽ വീണ ശ്രുതിഭംഗം മൂലം പകരക്കാരെ കണ്ടെത്തുന്നതിലേക്കു കാര്യങ്ങൾ നീണ്ടു. മനസ്സില്ലാമനസ്സോടെ ആത്മസുഹൃത്തിന്റെ മറുപക്ഷത്ത് മാഷിനും നിൽക്കേണ്ടി വന്നു. അങ്ങനെയാണ് പാടാനുള്ള നിയോഗം എസ്പിബിയിലേക്കു വന്നെത്തിയത്. ഒരു കുറ്റബോധത്തോടെയെങ്കിലും യാഥാർഥ്യം എസ്പിബിയെ ധരിപ്പിക്കേണ്ടി വന്നു. എന്നാൽ പാട്ടിന്റെ പാലാഴിയിൽ പകരക്കാരില്ലാത്ത പദമേറിക്കഴിഞ്ഞ പ്രതിഭയ്ക്ക് പാട്ടിനെയറിയാം, അതിൽത്തുടിക്കുന്ന ആത്മാവിനെയറിയാം. അസാധ്യ വിനയത്തിന്നുടമയായ ബാലു ഗുരുതുല്യനായ യേശുദാസ് തന്നെയാവണം ഈ പാട്ടു പാടാനെന്നുറപ്പിച്ച് അന്ന് സ്വയമൊഴിഞ്ഞു. (സിനിമ തെലുങ്കിലേക്കു മൊഴിമാറ്റം ചെയ്തപ്പോൾ ഈ ഗാനം എസ്പിബി  പാടി അനശ്വരമാക്കിയിരുന്നു.) മാത്രവുമല്ല, തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും യേശുദാസിനെക്കൊണ്ട് പാടിക്കുന്നതിനും ബാലുവിന്റെ വലിയ മനസ്സു തന്നെയായിരുന്നു അന്ന് മുൻപന്തിയിൽ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com