ആരെയും ഭാവഗായകനാക്കാൻ പോന്ന ആത്മസൗന്ദര്യം തുളുമ്പുന്ന ഒഎൻവി എഴുത്ത്; നഖക്ഷതങ്ങളിലെ പാട്ടും പിന്നണിയും

nakhakshathangal-songs
SHARE

‘ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ......’ മനസ്സിൽ സൗഹൃദം കൊണ്ടിടം പിടിച്ച കൂട്ടുകാരിയെപ്പറ്റി നായകൻ പാടുമ്പോൾ ക്ഷണനേരത്തേക്കെങ്കിലും എത്ര ഭാവഗായകരെയാണ് ഗാനം  സൃഷ്ടിച്ചുകളയുന്നത്! സ്ത്രീസൗന്ദര്യം തൂലികയിലൂടെ വരച്ചു കാട്ടാനുള്ള ഒഎൻവിയുടെ സാമർഥ്യം പലയാവർത്തി കാലം തെളിയിച്ചതാണ്. പ്രണയമായാലും വിരഹമായാലും ഋതുഭേദങ്ങളൊരുക്കുന്ന കാഴ്ചവിരുന്നായാലും ആ കല്പനയിൽ ഉണരുമ്പോൾ ഭംഗിയേറുന്നത് എത്ര വട്ടമാണ് മലയാളം കണ്ടിരിക്കുന്നത്.

1986ൽ ഇറങ്ങിയ, ഒരു നിഷ്കളങ്ക പ്രണയത്തിന്റെ കഥ പറയുന്ന സിനിമയായിരുന്നു ‘നഖക്ഷതങ്ങൾ’. ഒരു മ്യൂസിക്കൽ - ടീനേജ് റൊമാൻസ് ഹിറ്റ്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമയിലൂടെ മോനിഷയും വിനീതും അരങ്ങേറ്റം കുറിച്ചു. ഒപ്പം, അതിലെ ഗൗരിയെ അനശ്വരമാക്കിയതിന് മോനിഷയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും!    

പാട്ടെഴുത്തിന്റെ സകല തായവും അറിയാവുന്ന കവി അന്നു കുറിച്ച ആ വരികളിലല്ലേ സത്യത്തിൽ ആരെയും ഭാവഗായകനാക്കാൻ പോന്ന ആത്മസൗന്ദര്യം തുളുമ്പുന്നത്! പാട്ടുപിറന്നിട്ട് നാലു പതിറ്റാണ്ടോടടുക്കുമ്പോഴും കൗമാരക്കാഴ്ചകളിൽ വിരിഞ്ഞ ആ സൗന്ദര്യ വർണനയ്ക്ക് പാട്ടിടങ്ങളിലിന്നും തലമുറവ്യത്യാസമില്ലാതെ എന്തൊരു തലയെടുപ്പാണ്. ജരാനരകൾ ബാധിക്കാത്ത, ഒഎൻവിയുടെ കാവ്യസപര്യയിൽ പ്രണയമിങ്ങനെ അനുസ്യൂതം ശ്രുതിയിട്ടുണരവേ കുറിക്കപ്പെടുന്നവയ്ക്കൊക്കെയും ആത്മസൗന്ദര്യത്തിന്റെ ചേലു തന്നെയായിരുന്നുവല്ലോ! പാടാനറിയാത്ത ഈ ചുണ്ടിലും ക്ഷണിക്കപ്പെടാതെ ആ പല്ലവി വന്നു കയറിയപ്പോഴെല്ലാം, എന്തു പറയാൻ... ഭാവമേ വന്നിരുന്നുള്ളൂ, പാട്ട് വന്നില്ല!

സിനിമയിൽ നായകനിലെ പ്രണയമായിരുന്നില്ല പാട്ടിന്റെ കാതലെങ്കിലും കേൾവിക്കാരനിലേക്ക് ഒഴുകിയെത്തുന്ന ആ വാഗ്ഭംഗി പ്രിയപ്പെട്ട എന്തിനെയോ നെഞ്ചോടു കൂടുതൽ ചേർത്തു വയ്പ്പിക്കുന്നുണ്ട്. പതിനഞ്ചുകാരന്റെ ഭാവനാപരിസരത്തുനിന്നു കൊണ്ടുള്ളതാവണം വരികളെന്ന് ഉറപ്പിച്ചാണ് എഴുതാനിരുന്നത്. ‘മഞ്ഞൾപ്രസാദവും..’ എന്ന ഗാനം പലയാവർത്തിയാണ് കവി തൃപ്തി പോരാതെ തിരുത്തിയെഴുതിയതത്രേ! എഴുതിയതു മോശമാണെന്ന് ആരും പറഞ്ഞിട്ടല്ല, കൗമാരക്കാരന്റെ ചിന്തകൾക്കിണങ്ങുന്ന തരത്തിലേക്കു വരികളെ നിലവാരപ്പെടുത്തുകയായിരുന്നു കവി!

ലക്ഷ്മിയിൽ കളങ്കമറ്റ ഒരു സൗഹൃദത്തിനപ്പുറം മറ്റൊന്നും കാണാനാവാത്ത, പതിനഞ്ചു കടക്കാത്ത രാമുവിലേക്ക് ക്ഷണനേരത്തേക്കു കവിയൊന്ന് കൂടുവിട്ടു കൂടുമാറി. തന്റെ കൂട്ടുകാരിയോടുള്ള ആരാധനയിൽ അവളുടെ സൗന്ദര്യത്തെ ഇത്ര ഭാവാത്മകമായി രാമു വർണിക്കുമ്പോൾ കവിയുടെ കാൽപനിക ബോധത്തിന്റെ മാറ്റിൽ വല്ലാതെ അസൂയ തോന്നിപ്പോവുന്നു. കഥയൊഴുക്കിലെ രാമുവും ലക്ഷ്മിയും കണ്മുന്നിലില്ലെങ്കിൽ സംശയമില്ല, ഇത് നൂറുശതമാനവും ഒരു പ്രണയിനീവർണന തന്നെ. എത്ര പ്രപഞ്ചകൽപനകളെ കൂട്ടുപിടിച്ചാലും പ്രിയപ്പെട്ടവളുടെ സൗന്ദര്യത്തിനു പകരമാവില്ലെന്നതാണല്ലോ പ്രണയനിയമം. അപ്പോൾ ലക്ഷ്മിയോടുള്ള രാമുവിന്റെ ആരാധനയ്ക്ക് കേൾവിയിടങ്ങളിൽ പ്രണയത്തിന്റെ ഭാഷ കൈവന്നതിൽ ആരെ കുറ്റപ്പെടുത്താൻ!

‘കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും.......’ രാമുവിന്റെ വർണനകളിങ്ങനെ നീളവേ കഥാവഴിയിൽ ലക്ഷ്മിയിലും മുള പൊന്തുകയാണല്ലോ ചില ഇഷ്ടങ്ങൾ. നക്ഷത്രകന്യകൾ പോലും ശിരസ്സു നമിക്കുന്ന ആ സൗന്ദര്യത്തെ വാനവും കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലുമെല്ലാം പ്രപഞ്ച ഹൃദയവീണയിലൂടെ പ്രകീർത്തിക്കുന്നതായുള്ള കാവ്യഭാവന... എന്റെ പാട്ടിടങ്ങളിൽ പകരക്കാരനില്ലാത്ത ആ പാട്ടെഴുത്തു പ്രതിഭ ഇരിപ്പുറപ്പിച്ചതിനു പിന്നിലെ മുഖ്യ കാരണങ്ങളിലൊന്നും അതുതന്നെയായിരുന്നല്ലോ! 

ഹൃദയത്തിന്റെ സഹസ്രദളപത്മ മധ്യത്തിൽ പ്രതിഷ്ഠിച്ച ഒരു ബിംബത്തിൽ സൗന്ദര്യത്തിന്റെ സകല ഭാവങ്ങളെയും കാണാനാവുക സ്വാഭാവികം. എന്നാൽ പോരായ്മകൾക്കും കാവ്യചാരുത പകർന്ന കവി എന്റെ സങ്കൽപങ്ങളെ വല്ലാതൊന്നു ഞെട്ടിച്ചു കളഞ്ഞു! പതിറ്റാണ്ടുകളെ എഴുത്തൊപ്പം ചേർത്തുവച്ച കവി ‘നിന്റെ ശാലീന മൗനമാകുമീ പൊൻമണിച്ചെപ്പിനുള്ളിലായ്....’ എന്നു പാടുമ്പോൾ ശബ്ദത്തിന്റെ ലോകത്തുനിന്നു പടിയിറക്കപ്പെട്ട നായികയുടെ കുറവുകൾക്കുമപ്പുറം ഒരു തികവിന്റെ ചാരുതയല്ലേ കണ്മുന്നിൽ തെളിയുന്നത്... കേവലം മർത്യഭാഷ കേൾക്കാത്ത ദേവദൂതിക എന്ന് ഇതേ നായികയെ വിളിച്ചപ്പോൾ അക്ഷരങ്ങളിൽ പടർന്നു വീണ നിറം തികഞ്ഞ മാനുഷികതയുടേതു തന്നെയായിരുന്നു എന്നതു പറയാതെ തരമില്ല. അതേ മൗനത്തിന്റെ പൊൻമണിച്ചെപ്പിനുള്ളിൽ ഒളിപ്പിച്ചു വച്ച നിഗൂഢഭാവങ്ങൾ പൂക്കളും ശലഭങ്ങളുമായി പ്രപഞ്ച നടനവേദിയിൽ നൃത്തലോലരാവുമ്പോൾ ഏതോ മായിക ലോകത്തേക്കെത്തിപ്പെടുകയല്ലേ ആസ്വാദക ഹൃദയങ്ങളും.

ആയിരം വർണങ്ങളിങ്ങനെ പൂക്കളും ശലഭങ്ങളുമായി അഴകു വിടർത്തുന്ന ഹൃദയാരാധനയുടെ ഈ പകർത്തിയെഴുത്തിനായിരുന്നു ആ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ്.  മോഹനരാഗത്തിന്റെ സർവ ചാരുതയും പേറി ഗാനമിങ്ങനെ ഒഴുകി വരുമ്പോൾ ഗാനഗന്ധർവൻ യേശുദാസിന്റെ സ്വരഭംഗിയെ എത്ര വാഴ്ത്തിയാലാണ് മതിയാവുക! 

കവിതയെ സംഗീതമാക്കുന്ന രാസപ്രക്രിയ പൂർത്തിയാക്കിയതോ.... പിൽക്കാലത്ത് മലയാളത്തിനുവേണ്ടി നിരവധി ഹിറ്റുകൾ സമ്മാനിച്ച ഉത്തരേന്ത്യൻ മെലഡി കിങ് രവിശങ്കർ ശർമയെന്ന ബോംബെ രവിയും! ആ പേരിൽ അന്ന് ആദ്യമായി മലയാളത്തിലേക്കു വരുമ്പോൾ അതൊരു തുടക്കമായിരുന്നു. ഗാനത്തിന്റെ അനുപല്ലവിയിലും ചരണത്തിലും താളഗതിയിൽ അണുവിട മാറ്റം വരുത്താതെ ടെംപോയിൽ മാറ്റം വരുത്തി അത് തികച്ചും ആസ്വാദ്യകരമാക്കാൻ കഴിഞ്ഞ വിദ്യ വല്ലാത്ത മാന്ത്രികത തന്നെ! ഇതേ സിനിമയിലെ മുഴുവൻ ഗാനങ്ങൾക്കും ഈണമൊരുക്കിയ അദ്ദേഹത്തിലെ പ്രതിഭയെ ആ വർഷത്തെ മികച്ച സംഗീത സംവിധായകനെന്ന ബഹുമതി നൽകിയാണ് മലയാളം ആദരിച്ചത്! ആ ഈണത്തെ ഏറ്റു പാടിയാണ് ചിത്ര മികച്ച ഗായികയ്ക്കുള്ള ദേശീയ അംഗീകാരം ആദ്യമായി നേടുന്നതും! 

മുഹമ്മദ് റാഫിയെക്കൊണ്ട് ‘ചൗധ്വി കാ ചാന്ദ് ഹോ’ പാടിച്ച് ഹിന്ദിയിൽ തിളങ്ങി നിന്ന രവിജിക്ക് ഉത്തരേന്ത്യയിൽ മാത്രമല്ല, ഈ കൊച്ചു കേരളത്തിലും അന്ന് ആരാധകർ ഏറെയുണ്ടായി. അക്കൂട്ടത്തിൽപ്പെട്ട രണ്ടു പേരായിരുന്നു എംടിയും ഹരിഹരനും. ‘നഖക്ഷതങ്ങളി’ലെ ഗാനങ്ങൾക്ക് ഈണം പകരാൻ രവിജിയെ വിളിക്കാനുള്ള ആഗ്രഹം ഹരിഹരൻ തന്നെയാണ് എംടിയോടു പറഞ്ഞത്. എംടിക്കാണേൽ പൂർണ സമ്മതം. ‘ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയല്ല തന്റേതെന്ന് തുടക്കത്തിൽത്തന്നെ അദ്ദേഹം വ്യക്തമാക്കി. വരികൾ ആദ്യം കിട്ടണം, അർഥം അറിയണം, കഥാപശ്ചാത്തലം വിവരിച്ചു കേൾക്കണം... എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ഞങ്ങൾക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.’ രവിജിയുമായി മുംബൈയിൽ വച്ചു നടന്ന ആദ്യ കൂടിക്കാഴ്ചയ്ക്ക് ഹരിഹരന്റെ ഓർമകളിൽ എന്നും ചെറുപ്പം. ഗുരുവായൂർ അമ്പലത്തിലെ നട തുറക്കുന്നതു മുതൽ നടയടയ്ക്കും വരെയുള്ള മുഴുവൻ ശബ്ദങ്ങളും ഒരു സഹായിയെക്കൊണ്ട് റെക്കോർഡ് ചെയ്ത് അതു മുഴുവനും കേട്ടു മനസ്സിലാക്കിയ ശേഷമായിരുന്നു പെർഫെക്‌ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കൊരുക്കമില്ലാത്ത രവിജി ‘മഞ്ഞൾ പ്രസാദവും....’ കംപോസ് ചെയ്യാൻ തുടങ്ങിയതത്രേ! 

സലിൽ ചൗധരി, ഉഷാ ഖന്ന, നൗഷാദ്, രവീന്ദ്ര ജെയിൻ..... സംഗീതത്തിനു ഭാഷയുടെ അതിർരേഖകളില്ലെന്നു തെളിയിച്ച് ഹിന്ദിയിൽനിന്ന് ഇതിനോടകം മലയാളത്തിലേക്കു വന്നു പോയവരെത്ര! സലിൽ ദാ യ്ക്കു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് ഈണം പകരാൻ നിയോഗം കിട്ടിയിട്ടുള്ളത് ബോംബെ രവിക്കു തന്നെയാണ്. വാക്കുകളെ തൊട്ട് വജ്രശോഭമാക്കുന്ന ആ മാന്ത്രികതയിൽ ആരെയും ഭാവഗായകനാക്കാൻ പോന്ന ഈ ഗാനവും പിറന്നു വീണത് മലയാളത്തിന്റെ പുണ്യമല്ലാതെ മറ്റെന്ത്!  കാവ്യകൈരളിക്ക് അക്ഷരങ്ങൾ കൊണ്ട് അമൃതേത്തൊരുക്കുന്ന, സാഗരങ്ങളെപ്പോലും പാടിയുണർത്താൻ സാമസംഗീതത്തിനാവുമെന്ന് ഉള്ളറിഞ്ഞുപറഞ്ഞ ഒഎൻവിയുടെ വരികൾക്കുതന്നെ ഈണം പകർന്നുകൊണ്ട് മലയാളത്തിലേക്കുള്ള ആ കാലെടുത്തു വയ്ക്കൽ.... അന്ന് താരാരാധന മൂത്ത് രവിശങ്കർ ശർമയെത്തേടി മുംബൈയ്ക്കു വണ്ടി കയറാൻ തോന്നിയ എംടിയോടും ഹരിഹരനോടും എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! മഹാപ്രതിഭകളുടെ ആ സർഗ സംഗമത്തിൽ മലയാള ഗാനശാഖയ്ക്കു കൈവന്ന ആത്മസൗന്ദര്യം കാലമെത്ര കടന്നു പോയാലും ചോർന്നു പോകില്ലെന്നതു തീർച്ച!! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA