'സാന്ദ്രമാം മൗനത്തിൻ കച്ച പുതച്ചു നീ'; ലാൽ സലാമിലെ ആ യാത്രാമൊഴി ഗാനത്തിനു പിന്നിൽ

lalsalam-song
SHARE

‘ഒരു ജനനായകനുള്ള യാത്രാമൊഴിയാണു വേണ്ടത്. തികച്ചും വൈകാരികമാകണം.’ തന്റെ ആവശ്യം ഉന്നയിക്കുമ്പോൾ തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി ഇത്തിരി ആവേശത്തിലായിരുന്നോ? ഒപ്പമുണ്ടായിരുന്ന സംവിധായകൻ വേണു നാഗവള്ളി തൃപ്തമായൊരു പുഞ്ചിരിയിൽ കവിയുടെ മുഖത്തേക്കു നോക്കി. മലയാളത്തിന്റെ പ്രിയ കവി, ഒഎൻവി എന്ന ഇതിഹാസം, എല്ലാം താനേറ്റുവെന്ന മട്ടിൽ തലയാട്ടിയൊന്നിരുത്തി മൂളി. തുടർന്ന് ഇരുവരും കൂടി വിവരിച്ച കഥാപശ്ചാത്തലം ശ്രദ്ധയോടെ കേട്ടിരുന്നു. വൈകിയില്ല.... കഥാവഴിയിലൂടെ സഞ്ചരിച്ചു തുടങ്ങിയ കവിയുടെ ഓർമകളിലേക്കും മെല്ലെ ചുവപ്പു പടരാൻ തുടങ്ങി. 

ഇങ്ക്വിലാബിന്റെ അലയൊലിയിൽ ജന്മിത്തം കടപുഴകി വീഴുമ്പോൾ പുതിയ പുലരിക്കു വഴികാട്ടിയായി അമരത്തു നിന്ന പ്രിയ നേതാവാണ് കഥയിൽ ഓർമയായിരിക്കുന്നത്. ജനഹൃദയങ്ങളിലെ വിപ്ലവതാരകം, സഖാവ് ടികെ. ഒരു വേർപാടിന്റെ മുറിവിലേക്കും അതേൽപിക്കാവുന്ന ഹൃദയ നൊമ്പരങ്ങളിലേക്കും തന്റെ ചിന്തകളെ അഴിച്ചുവിട്ട് കവി മെല്ലെ ചാരുകസേരയിലേക്ക് അമർന്നു. കണ്ണട ഊരി ഇടംകയ്യിൽ വച്ചു. അതിന്റെ ഒരു കാൽ ചിന്താമഗ്നനായ കവിയുടെ ചുണ്ടുകൾക്കിടയിൽ അലക്ഷ്യമായി തത്തിക്കളിക്കുന്നുണ്ട്. ‘സാന്ദ്രമാം മൗനത്തിൻ കച്ചപുതച്ചു നീ, ശാന്തമായ് അന്ത്യമാം ശയ്യ പുൽകി.....’ കണ്ണീരു കിനിയുന്ന വാക്കുകൾ മെനഞ്ഞുകൊണ്ടുതന്നെ ഹൃദയ വികാരങ്ങളുടെ പകർത്തിയെഴുത്തിൽ പിശുക്കു കാട്ടാത്ത കവിയുടെ തൂലിക ചലിച്ചു തുടങ്ങി...

ഓരോ മണൽത്തരിയേയും ചുവപ്പണിയിച്ച വിപ്ലവവീര്യത്തിന്റെ വിടവാങ്ങൽ വാക്കുകളിൽ വരഞ്ഞു വീഴേണ്ടത് എത്രമേൽ തീവ്രമായായിരിക്കണം എന്ന് കവിക്കു നന്നായറിയാം. ആത്മസംഘർഷങ്ങളുടെ നെരിപ്പോടെരിയുന്ന മനസ്സുമായി അന്ത്യയാത്രയെ പുൽകിയ സഖാവ് ടികെയെ ആദ്യകേൾവിയിലേ മഹാകവി മനസ്സിൽ വരച്ചെടുത്തു കഴിഞ്ഞിരുന്നു!

ചലിച്ചു തുടങ്ങിയാൽപ്പിന്നെ ആ തൂലികയിൽനിന്നു സർഗാത്മകതയുടെ ഒരു പ്രവാഹമാണ്. ‘മറ്റൊരാത്മാവിൻ ആരുമറിയാത്ത ദുഃഖമീ മഞ്ചത്തിൽ പൂക്കളായി...’ 

ദുഃഖം ഘനീഭവിച്ച ഒരു വിലാപയാത്രയുടെ കൃത്യമായ നേർക്കാഴ്ചയൊരുക്കാൻ ആ വാക്കുകൾക്ക് എത്ര അനായാസം കഴിഞ്ഞു!

ടികെയ്ക്കു നേരിടേണ്ടിവന്ന സകല ജീവിത സംഘർഷങ്ങളുടെയും പകർത്തിയെഴുത്തു കൂടിയാവണം കാവ്യമെന്നതിൽ ഒഎൻവിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല.

പല്ലവിയിൽത്തന്നെ കദനം കനം തൂങ്ങവേ കേട്ടിരുന്ന രവീന്ദ്രൻ മാഷിനും എന്തെന്നില്ലാത്ത ആഹ്ലാദം. കവി വെറുതെയൊന്നു പറഞ്ഞു നോക്കിയ വരികളെ രവീന്ദ്രൻ മാഷ് കണ്ണുമടച്ചൊന്ന് മൂളി.... മ്യൂസിക്കൽ ഇന്റലിജൻസിൽ അദ്വിതീയനായ മാഷിന്റെ ഈണം ചെന്നു തൊട്ടതോ... വിഷാദത്തെ അതിന്റെ പൂർണ ഭാവത്തിൽ പ്രതിഫലിപ്പിക്കാനാവുന്ന ശിവരഞ്ജിനീ രാഗത്തിൽ! എങ്ങോ കേട്ടിരുന്നു... വരികളെ വരുതിയിലാക്കാൻ മാഷിനന്ന് നിമിഷങ്ങൾ തന്നെ ധാരാളമായിരുന്നത്രേ!

ആയിരങ്ങളുടെ ദീനരോദനങ്ങളിൽ ഉയിർ കൊണ്ട ഊർജവുമായി പോരാട്ടത്തിന്റെ കനൽവഴികൾ താണ്ടിയ വിപ്ലവകാരിയാണ് സഖാവ് ടികെ. 

പോരാട്ട വീഥിയിൽ തളരാത്ത ആ ചങ്കൂറ്റത്തിനുള്ള ജനസമ്മതിയാവണം അനുപല്ലവിയിൽ നിഴലിക്കാനെന്നുറപ്പിച്ചാണ് കവി തന്റെ ചിന്തകളെയും ആ വിലാപയാത്രയിലേക്കു കണ്ണി ചേർക്കുന്നത്.

‘എത്രമേൽ സ്നേഹിച്ചൊരാത്മാക്കൾ തൻ ദീന ഗദ്ഗദം പിൻതുടരുമ്പോൾ....’ പ്രിയ സഖാവിന്റെ ശവമഞ്ചത്തിനടുത്തേക്കു വിതുമ്പിയാർക്കുന്ന ജനസഞ്ചയത്തെ ഹൃദയമിഴിയിൽ കവിക്കു കാണാനാവുന്നു. പ്രത്യയശാസ്ത്രങ്ങളുടെ കൈപിടിച്ചു നടന്ന ചിന്തകളിൽ കാവ്യരചനയ്ക്കും എന്നും വേറിട്ട കൈവഴികൾ തന്നെയായിരുന്നല്ലോ!

‘നിന്നെപ്പൊതിയുമാ പൂവുകളോടൊപ്പം എങ്ങനെ ശാന്തമായ് നീയുറങ്ങും?’ ഹൊ! ഒരു നിമിഷം.... കേൾവിയുടെ ഓരത്ത് സകലതും ഉപേക്ഷിച്ച് ദേഹി ദേഹം വിട്ടകന്ന ഒരു മരവിപ്പ്! കീഴ്സ്ഥായിയിൽ ദാസേട്ടന്റെ സ്വരവും ഒന്നു വിറച്ചിരുന്നോ? ലോകമേറെക്കണ്ട കവി കേൾവിക്കാരനിലേക്കു പകരുന്നത് വല്ലാത്ത ഒരു ഫീലിംഗ് തന്നെ...  

പ്രത്യയശാസ്ത്രങ്ങളുടെ ചട്ടക്കൂടിനപ്പുറത്താണ് മാനുഷിക വികാരങ്ങൾ എന്നത് കഥയിൽ ടികെ സ്വജീവിതംകൊണ്ട് കോറിയിടുന്നു. ഒളിവുകാല ജീവിതത്തിൽ നിരാലംബയായ ഒരു പെൺകുട്ടിയോടുണ്ടായ അടുപ്പവും അവളിൽ ഒരു കുട്ടിയുണ്ടായതും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ പുറം ലോകത്തെ യാതൊന്നും അറിയിക്കാനാവാതെ പോയതും ടികെയെ വല്ലാതെ തളർത്തിക്കളഞ്ഞു. നിസ്സഹായതയുടെ ഈ കറുത്ത ഏടും കാവ്യത്തിൽ പറഞ്ഞേ തീരൂ: കവി ഉറപ്പിച്ചു. നിറവേറ്റപ്പെടാതെ പോകുന്ന ചില കടമകളെയോർത്ത്, കാവ്യ സാമ്രാജ്യത്തിലെ രത്നഖചിത സിംഹാസനത്തിൽ ദശാബ്ദങ്ങൾ പിന്നിട്ട മനീഷിയിലും, ചരണം കുറിക്കവേ ഒരു നീറ്റൽ പൊടിയുന്നുണ്ട്. പബ്ലിക് ഇമേജിന്റെ പൊയ്മുഖച്ചാർത്തിൽ അനാഥരെപ്പോലെ സ്വന്തം മകനെയും പ്രിയപ്പെട്ടവളേയും ഉപക്ഷിക്കേണ്ടി വന്നത് അവസാന നിമിഷവും ടികെയെ വേട്ടയാടിക്കൊണ്ടേയിരുന്നു. അന്ത്യകർമങ്ങൾക്കു പോലും സ്വന്തം രക്തത്തിൽ പിറന്ന ഏക മകന് അവകാശമില്ല!  ‘ബന്ധങ്ങളേറ്റിയ ഭാരമിറക്കാതെ എങ്ങനെ ശാന്തമായ് നീ മടങ്ങും?’ മതി, ഇത്രയും മതി, ഇനിയെഴുതാൻ ആവതില്ല തനിക്ക്.... ആത്യന്തികമായ കടമകൾ നിർവഹിക്കാൻ കഴിയാതെയുള്ള സഖാവ് ടികെയുടെ മടക്കം എഴുത്തിന്റെ വഴിയിലെ ആ കമ്യൂണിസ്റ്റ് ഹൃദയത്തെയും ഒന്നുലച്ചുവോ? ഒരു ദീർഘ നിശ്വാസത്തിൽ പേന താഴ്ത്തി വച്ച് മുഖമുയർത്തുമ്പോൾ കവിയുടെ കണ്ണുകൾ നീരണിഞ്ഞിരുന്നത് സുഹൃത്തുക്കളും കാണാതിരുന്നില്ല.

രവീന്ദ്രൻ മാസ്റ്ററിന്റെ കയ്യിൽ ഒട്ടും വൈകാതെ കുറിപ്പടിയെത്തി. വരികളിലൂടെ കണ്ണോടിക്കുമ്പോൾത്തന്നെ മാഷിന്റെ കണ്ണുകൾ വിടർന്നു. ‘ചെറിയാനേ ഇത് നമുക്കു തകർക്കണം..’ കഥാകൃത്തിനെ ചേർത്തു പിടിച്ച് ആവേശത്തള്ളിച്ചയിൽ ഈണങ്ങളുടെ ഐന്ദ്രജാലികൻ പറഞ്ഞു. ഒട്ടും വൈകിയില്ല, സാമഗാനങ്ങളുടെ പിറവിക്കു നിദാനമായ ഹാർമോണിയത്തിൽ ശിവരഞ്ജിനി അണിഞ്ഞൊരുങ്ങി.... മധ്യ- കീഴ് സ്ഥായിയിൽ ശ്രുതി ഒഴുകി; വിഷാദത്തെ അതിന്റെ ഉച്ചസ്ഥായിയിൽ പകർന്ന്.. 

ഓരോ പാട്ടിനെയും വ്യത്യസ്തമാക്കാൻ ചമയ്ക്കുന്ന ‘രവീന്ദ്രരസതന്ത്രം’ ഇവിടെയും അനുവർത്തിക്കാൻ  മാസ്റ്റർ മറന്നിരുന്നില്ല. തന്റെ മുൻഗാമികൾ യേശുദാസിന്റെ ഹൈ-റേഞ്ചിനെ കൂടുതലായുപയോഗപ്പെടുത്തിയപ്പോൾ രവീന്ദ്രൻ മാസ്റ്റർ അദ്ഭുതങ്ങൾ ഒരുക്കി വച്ചതൊക്കെയും മിഡിൽ റേഞ്ചിലായിരുന്നു.

വൈകാരിക ഭാവങ്ങളെ സ്വരങ്ങളിൽ സന്നിവേശിപ്പിക്കുവാൻ ഗാനഗന്ധർവനോട് പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു. ‘ദാസേട്ടൻ പാട്ടു പാടുന്നത് നിർത്തിയിരുന്നേൽ ഞാൻ എന്നേ വല്ല ആക്രിക്കച്ചവടത്തിനും പോകുമായിരുന്നു..’ - തുറന്നു പറയാൻ മടിയില്ലാത്ത മാഷ് ഒരിക്കൽ ദാസേട്ടന്റെ ശ്രുതി ഭംഗിയ്ക്ക് നൽകിയ സാക്ഷ്യപത്രമാണ്!

തന്റെ എംബിബിഎസ് പഠനത്തിന്റെ അവസാന വർഷമാണ് ചെറിയാൻ വർഗീസ് വേണു നാഗവള്ളിയെ പരിചയപ്പെടുന്നത്. പരിചയം ഒരാത്മബന്ധമായി വളരാൻ ഒട്ടും താമസമുണ്ടായില്ല. ‘സുഖമോ ദേവി’യും ‘സർവകലാശാല’യുമൊക്കെ ഹിറ്റായി നിൽക്കുന്ന സമയത്തുതന്നെ വേണു നാഗവള്ളിയുടെ വീട്ടിലെ പതിവു സന്ദർശനം ചെറിയാന്റെ മനസ്സിലെ ഡോക്ടറാവാനുള്ള ശ്രമത്തെ പാടേ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. ഒപ്പം, വേണു നാഗവള്ളിയുടെ കഥയെഴുത്തിലെ കൈവഴക്കം കണ്ട് ആ മനസ്സിലും മെല്ലെ സിനിമാക്കമ്പം ചേക്കേറാൻ തുടങ്ങി.

‘എന്റെ അപ്പായുടെ കഥ ഒരു സിനിമയ്ക്കുള്ളതുണ്ട്. നമുക്കതൊന്നു നോക്കിയാലോ?’ കഥയെഴുത്തിന്റെ ബാലപാഠങ്ങൾ സഹോദരതുല്യനായ ആത്മ സുഹൃത്തിൽനിന്നു പഠിച്ച് ‘സർവകലാശാല’യിലൂടെ യോഗ്യതയും തെളിയിച്ചു കഴിഞ്ഞ ചെറിയാൻ ഒരു ദിവസം വേണു നാഗവള്ളിയോടു ചോദിച്ചിടത്ത് മറ്റൊരു കഥയ്ക്ക് തുടക്കമാവുകയായിരുന്നു. ആലപ്പുഴയുടെ മണ്ണിൽ കമ്യൂണിസത്തിന്റെ ആളിപ്പടരലിനും അതിൽ ടി.വി. തോമസ് എന്ന അതികായന്റെയും സന്തതസഹചാരി വർഗീസ് വൈദ്യന്റെയും പങ്കിനും ശക്തമായൊരു കഥാഭാഷ്യം ചമയ്ക്കേണ്ടത് കാലത്തിന്റെ കൂടി ആവശ്യമായിരുന്നുവെന്ന് വർഗീസ് വൈദ്യന്റെ മകനായ ചെറിയാന് അന്നു തോന്നിയിരുന്നു. അങ്ങനെയാണ് 1990 ൽ ചെറിയാൻ കൽപകവാടിയുടെ തിരക്കഥയുമായി വേണു നാഗവള്ളിയുടെ സംവിധാനത്തിൽ ‘ലാൽസലാം’ ഒരുങ്ങുന്നത്. ഇടതു സഹയാത്രികനായ ഒഎൻവിയെത്തന്നെ ഗാനരചനയുടെ ചുമതലയേൽപിക്കാൻ മറുത്തൊരു ചിന്തയുടെ ആവശ്യവും അവർക്കന്ന് ഇല്ലായിരുന്നു. അങ്ങനെ സഖാവ് ടികെയും നെട്ടൂരാനുമൊക്കെ ആസ്വാദക ഹൃദയങ്ങളിൽ ആവേശമായി പടർന്നു കയറിയതോടൊപ്പം യേശുദാസ് - ഒഎൻവി - രവീന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനവും സൂപ്പർഹിറ്റുകളുടെ ശ്രേണിയിൽ ഇടം പിടിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA