ADVERTISEMENT

ഹൃദയത്തിന്റെ മുറിവുകളിലേക്ക് സ്‌നേഹത്തുള്ളികള്‍ പോലെ ഓര്‍മ്മകള്‍ പെയ്തു തുടങ്ങുമ്പോള്‍ കാണാന്‍ കൊതിക്കുന്നതേതൊരു മുഖമാവാം? ഒന്നു മിണ്ടാനും കാണാനും കൊതിക്കുന്ന പ്രണയങ്ങളെ പിന്നെയും പിന്നെയും മോഹിപ്പിക്കും കൈതപ്രത്തിന്റെ ഈ പാട്ട്. എത്രയോ പേര്‍ക്ക് ഇന്നലെകളുടെ നോവുകളിലേക്ക് സ്‌നേഹഗീതമായി പെയ്തിറങ്ങിയ ‘ഒന്നുരിയാടാന്‍ കൊതിയായി.. കാണാന്‍ കൊതിയായി’ എന്ന ഗാനം.

സ്‌നേഹഗായകനായ കൈതപ്രത്തിന്റെ വരികളിലെ ആര്‍ദ്രത എത്രയെത്ര മനസ്സുകളില്‍ സ്‌നേഹലേപനമായിരിക്കണം. പ്രണയ പരിഭവങ്ങള്‍ പറഞ്ഞു തീര്‍ത്തു പെയ്തു തോര്‍ന്ന മാനം പോലെ രണ്ട് ഹൃദയങ്ങളില്‍ പിന്നെ സ്‌നഹമങ്ങനെയൊഴുകും.

'എന്താണെന്നറിയില്ല നിറഞ്ഞു പോയ് മനം..

എങ്ങാണെന്നറിയില്ല രഹസ്യമര്‍മ്മരം..’

എന്നിങ്ങനെ മനം നിറഞ്ഞുപാടുകയാണ് അവളിലെ പ്രണയിനി. വന്നെങ്കില്‍ ചൊരിയുമെന്‍ സ്‌നേഹകുങ്കുമം എന്നാണ് അവളുടെ കാത്തിരിപ്പ്. പാട്ടിന് സംഗീതം നല്‍കിയ എസ്.പി. വെങ്കിടേഷിന്റെ കലാവിരുതില്‍ അവളുടെ സ്‌നേഹം പുഴ പോലെയങ്ങനെ നിറഞ്ഞൊഴുകുകയാണ്. ചിത്ര പാടിയ പ്രണയഗാനങ്ങളില്‍ അതീവ ഹൃദ്യമായൊരു ഗാനം കൂടിയാണിത്. മാപ്പു പറഞ്ഞാ പാദം പുല്‍കാന്‍ മോഹമേറെയായി എന്നൊരു ഏറ്റ് പറച്ചില്‍ പാട്ടില്‍ വരുന്നുണ്ടെങ്കിലും കല്യാണത്തിന് ദിവസങ്ങള്‍ എണ്ണിയെണ്ണിരിക്കുന്ന പ്രതിശ്രുത വധുവിന്റെ കാത്തിരിപ്പാണ് പാട്ടിന്റെ സന്ദര്‍ഭമായി സിനിമയില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഗാനത്തിനു ചേരുന്ന കഥാസന്ദര്‍ഭങ്ങള്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ സംഭവിക്കുന്നുമുണ്ട്. 1993ല്‍ പുറത്തിറങ്ങിയ 'സൗഭാഗ്യം' എന്ന കുടംബചിത്രത്തിലാണ് ഈ ഗാനമുള്ളത്. ജഗദീഷ്-സുനിത എന്നിവരാണ് ചിത്രത്തില്‍ ജോഡികളായെത്തുന്നത്.

ഒന്നുരിയാടാന്‍ കൊതിയായി

കാണാന്‍ കൊതിയായി

മഴവില്‍ മുനയാല്‍ നിന്‍ രൂപം

എഴുതാന്‍ കൊതിയായി

മാപ്പ് പറഞ്ഞാ പാദം പുണരാന്‍

മോഹമേറെയായി

(ഒന്നുരിയാടാന്‍)

എന്താണെന്നറിയില്ല

നിറഞ്ഞ് പോയ് മനം

എങ്ങാണെന്നറിയില്ല

രഹസ്യമര്‍മ്മരം

വന്നെങ്കില്‍ ചൊരിയുമെന്‍

സ്‌നേഹ കുങ്കുമം

കണ്ടെങ്കില്‍ തെളിയുമെന്‍ ഭാഗ്യജാതകം

മാപ്പ് പറഞ്ഞാ പാദം പുണരാന്‍ മോഹമേറെയായി..

മുള്‍ മുനയില്ലെന്നുള്ളില്‍  വസന്തമേ വരു

മലരാണിന്നെന്‍ ഹൃദയം

സുഗന്ധമേ വരൂ

കാതരമാം പ്രണയമായ് നേര്‍ത്ത നോവുകള്‍

രാഗിലമാം വിരഹമായ് വിങ്ങുമോര്‍മ്മകള്‍

മാപ്പ് പറഞ്ഞാ പാദം പുണരാന്‍ മോഹമേറെയായി..

(ഒന്നുരിയാടാന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com