ആ വരികളും രംഗങ്ങളും ശോഭയെ എന്നെന്നും ഓർമിപ്പിക്കും; കവിത നൃത്തം ചെയ്ത എംഡിആറിന്റെ പാട്ടെഴുത്ത്

mdr
SHARE

ചങ്ങമ്പുഴയുടെ മഞ്ഞത്തെച്ചിപൂങ്കുലയും വയലാറിന്റെ സ്വര്‍ണച്ചാമരം വീശിയെത്തുന്ന സ്വപ്‌നവും കേട്ട് അങ്ങനെയൊരു പാട്ടെഴുതാന്‍ മോഹിച്ചിട്ടുണ്ട് എംഡിആര്‍. ആ ഒരു മോഹത്തില്‍ നിന്നാണ്' ഹിമശൈല സൈകത ഭൂമിയില്‍ നിന്നും 'എന്ന പാട്ടിന്റെ പിറവി. എന്തായാലും മോഹത്തെ സഫലമാക്കുന്ന ചാരുതയുണ്ടായി 'ശാലിനി എന്റെ കൂട്ടുകാരി' യിലെ ഈ ഗാനത്തിന്. വാക്കിന്റെ മണിച്ചെപ്പില്‍ നിഗൂഢമായ ആനന്ദങ്ങളെ ഒളിപ്പിച്ച് എന്നെന്നും വിസ്മയിപ്പിച്ചു പിന്നെ ഈ കവി. അതെ പാട്ടെഴുത്തിലെ വേറിട്ട പേരാണ് എംഡി ആർ എന്ന എംഡി രാജേന്ദ്രൻ.

പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍ പൂവായ് വിരിഞ്ഞൊരു കവിതയെ തേടും ഈ കവി. എഴുതിയതൊക്കെയും അതിഗൂഢസുസ്മിതം ഉള്ളിലൊതുക്കുന്ന പാട്ടുകള്‍. ഓര്‍ത്തുനോക്കുമ്പോള്‍ , കേട്ടു മൂളുമ്പോള്‍ തേന്‍ കിനിയും ആ പാട്ടുകളില്‍. വരികളിലൊക്കെയും കവിത തുളളിത്തുളുമ്പും.

തോപ്പിൽ ഭാസി സംവിധാനം ചെയ്ത മോചനം എന്ന സിനിമയിലൂടെ എഴുപതുകളിലാണ് എംഡിആര്‍ സിനിമയിലേക്കെത്തുന്നത്. ഇതില്‍ നഗ്നസൗഗനന്ധികപ്പൂ വിരിഞ്ഞു ഉള്‍പ്പടെ നാല് ഗാനങ്ങള്‍ എഴുതി്‌യ എംഡി ആര്‍ തുടര്‍ന്ന്  മലയാളഗാനശാഖയില്‍  കവിതയുടെ കാല്‍പനിക വസന്തം തന്നെയൊരുക്കി. എംഡി രാജേന്ദ്രന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ പാട്ട് പ്രേമികള്‍ ആദ്യമോര്‍ക്കുക' ഹിമ ശൈലസൈകത ഭൂമിയില്‍ നിന്ന് നീ പ്രണയ പ്രവാഹമായ് വന്നു 'എന്ന് തന്നെയാണ്. മാധുരി പാടിയ ഈ ഗാനത്തിന്റെ രസാനുഭൂതിയില്‍ അത്രക്കലിഞ്ഞ് പോയതല്ലേ നമ്മള്‍?.അഭ്രപാളിയില്‍ ഒരു കണ്ണീര്‍കണം പോലെ തിളങ്ങിയ നായിക ശോഭ ഈ സിനിമയ്ക്ക് ശേഷം കണ്ണീരോര്‍മ്മയാവുകയും ചെയ്തു.വരികള്‍ അറം പറ്റിയത് പോലെയായി എന്നാണ് അദ്ദേഹം തന്നെ ഇതെക്കുറിച്ച് പറയുന്നത്. എന്തായാലും ആ പാട്ടിലെ വരികളും രംഗങ്ങളും ശോഭയെ എന്നെന്നും ജീവിപ്പിക്കും. ഇതേ സിനിമയിലെ തന്നെ' നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍ മുടിയില്‍ തുളസിക്കതിരില ചൂടി' എന്ന പാട്ടിലും കുടുങ്ങിക്കിടന്നല്ലോ ഏറെനാള്‍ മലയാളിയുടെ യൗവ്വനം.

അതെ, തീവ്രമായി മോഹിക്കാനും പ്രണയിക്കാനും സ്വപ്‌നം കാണാനുമൊക്കെ നമ്മെ പ്രേരിപ്പിച്ചു എംഡിആറിലെ കവി. വരികള്‍ക്കിടയിലെ വസന്തം തിരഞ്ഞുപോയി മധുരിക്കാന്‍ നമ്മെ ശീലിപ്പിച്ചു ആ പാട്ടുകള്‍. ആനന്ദവും ദുഖവുമൊക്കെ അതിന്റെ പരകോടിയില്‍ നമ്മളിലേക്ക് പടര്‍ത്തി. കല്ലില്‍ കൊത്തിയ പോലെ കവിതയിലും ലക്ഷണമൊത്ത രതി ശില്‍പങ്ങള്‍ മെനയാമെന്ന് തെളിയിച്ചു.

ഗാനരചന വലിയ തപസ്സ് ഒന്നുമല്ല അദ്ദേഹത്തിന്. പേനത്തുമ്പില്‍ കവിതയൊളിപ്പിച്ച പോലെ അനായാസമായി എഴുതും. ഇളയരാജ ട്യൂണി്ട്ട് നല്‍കിയ' മംഗളം നേരുന്നു' എന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെ നിമിഷനേരം കൊണ്ടാണ് പിറന്നത്. ഏറെ പ്രശസ്തമായ ഋതുഭേദ കല്‍പനയും, അല്ലിയിളം പൂവുമൊക്കെ അഞ്ചു മിനിറ്റിനുള്ളില്‍ എഴുതി തീര്‍ത്തെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? കവിതയും പാട്ടും മാത്രമല്ല, തിരക്കഥയും നാടകവും നോവലുമൊക്കെ അദ്ദേഹത്തിന് വഴങ്ങി. പ്രശസ്ത കവി പൊന്‍കുന്നം ദാമോദരന്റെ മകനായ എംഡിആറിന് ഈ സര്‍ഗ ഗുണങ്ങള്‍ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. ഒരു പാട്ടു മുറിക്കുള്ളിൽ ധ്യാനിച്ചിരിക്കും പോലെയുള്ള ആകാശവാണിയിലെ അനൗൺസർ ജോലിയും ആ മനസിലെ സംഗീതത്തെ നട്ടുനനച്ചു.

വിഷയം ഏതായാലും അതില്‍ ലയിച്ചലിയുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. വാചാലം എന്‍ മൗനവും നിന്‍ മൗനവും എന്നെഴുതിയ ആള്‍ തന്നെ തത്വജ്ഞാനിയായി കുറിവരച്ചാലും കുരിശ് വരച്ചാലും എന്നുമെഴുതും. നഗ്നസൗഗന്ധികപ്പൂ വിരിഞ്ഞു എന്ന് പുരുഷകാമനകള്‍ വെളിപ്പെടുത്തും പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍ പാടെ മറന്ന് ഞാന്‍ നിന്നു.എന്ന് വികാരതരളിതയെ വരയ്ക്കും.. പൂവിനെ പോലും താലോലം പാടി ഉറക്കും (ആലോലമാടി താലോലമാടി പൂവേ നീയുറങ്ങ്).എസ്.ജാനകിയുടെ മന്ത്രമധുരമായ ശബ്ദത്തില്‍ എംബിഎസ്സിന്റെ സംഗീതത്തില്‍ പൂക്കളല്ല ചരാചരം തന്നെ ഉറങ്ങിപ്പോവുമെന്ന് തോന്നും. പാട്ടിന്റെയൊടുക്കം ഒരു മധുരക്കിനാവിലേക്കെ എംഡിആര്‍ നമ്മെയുണര്‍ത്തൂ' സ്വപ്‌നത്തിന്‍ തോണിയില്‍ വന്നതാരോ.. പുഷ്പങ്ങള്‍ ചൂടിച്ച് തന്നതാരോ...

സങ്കല്‍പങ്ങളുടെ മനോഹര തീരത്തേക്ക് കൈ പിടിക്കുന്നുണ്ട് 'താരണിക്കുന്നുകള്‍ കാത്ത് സൂക്ഷിച്ച തടാകം'. കഥയറിയാതെ എന്ന ചിത്രത്തിലെ ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ പിറന്ന മറ്റൊരു മാസ്റ്റര്‍ പീസ്. ജോണ്‍സണ്‍ മാസ്റ്ററുടെ ഈണത്തില്‍ പിറന്ന ഒരു കഥ നുണക്കഥയിലെ ഗാനമോ? അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായ് വന്നു തുളുമ്പി എന്ന് ചിത്ര പാടമ്പോള്‍ മനസ് അറിയാതൊന്ന് തുളമ്പിയിട്ടില്ലേ? താരാട്ട് പാട്ടുകളില്‍ ഏറെ പ്രശസ്തമാണ് എംഡിആറിന്റെ അല്ലിയിളം പൂവോ എന്ന ഗാനം. കീരവാണിയുടെ സംഗീതത്തിന്റെ മായിക അലകളില്‍ മുങ്ങിയ ദേവരാഗത്തിലെ പാട്ടുകളെ പറയാതിരിക്കാനാവുമോ? കരി വരി വണ്ടുകള്‍, കുറു നിരകള്‍... എന്നു തുടങ്ങുന്ന സ്ത്രീവര്‍ണ്ണന നായികയായ ശ്രീദേവിയുടെ അംഗവടിവുകളിലത്രമേല്‍ തഴുകിത്തലോടുന്നുണ്ട്. ശശികല ചാര്‍ത്തിയ ദീപാവലയവും താഴം പൂ മുടിമുടിച്ചും വരികളില്‍ തന്നെയൊരുക്കുന്നുണ്ട് മനോഹരമായ ദൃശ്യഭംഗി. ശിശിരകാല മേഘമിഥുന രതിപരാഗം.. മറക്കാനാവുമോ ആ ഗാനം?മദനഗാന പല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങള്‍ ധന്യം ധന്യം... സിനിമയുടെ തന്നെ ജീവനാഡിയായല്ലോ ആ പാട്ട്.

രതി ഭാവനകളെ മോഹനസങ്കല്‍പങ്ങളിലേക്കുയര്‍ത്തുന്നതില്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല കവി. പാര്‍വതി എന്ന സിനിമക്കായി എഴുതിയ 'കുറു നിരയോ മഴമഴ മുകില്‍ നിരയോ കുനു കുനു ചികുരമദന ലാസ്യ ലഹരിയോ' പ്രണയപടികളിലേക്ക് ആസ്വാദകരെ കൈ പിടിച്ചു കയറ്റുന്നൊരു ഗാനമാണ്. പ്രേംനസീറും തമിഴ്‌നടി ലതയും തീർക്കുന്ന വികാര വലയത്തിൽ പാട്ടും വല്ലാതെ ഇഴുകിച്ചേരുന്നുണ്ട്. സംവിധായകന്‍ ഭരതന്റെ പ്രത്യേക നിര്‍ദേശ പ്രകാരം തന്നെയാണ് വശ്യമനോഹരമായ ഈ ഗാനം എംഡിആര്‍ എഴുതുന്നത്. ജോണ്‍സന്റെ മനോഹരമായ സംഗീതത്തില്‍ ഉന്മാദം ഒരു പുഴയായി ഒഴുകുന്നു ഈ പാട്ടില്‍. ആയിരം രാവിന്റെ ചിറകുകളില്‍, നഗ്നസൗഗന്ധികപ്പൂ വിരിഞ്ഞു, നാണത്തിന്‍ ലഹരിയില്‍ വിരിയും പെണ്‍ പൂവേ. തുടങ്ങി സങ്കല്‍പങ്ങള്‍ക്ക് ഭാവതീവ്രത പകര്‍ന്ന് ആസ്വാദകരെ കോരിത്തരിപ്പിച്ച ഗാനങ്ങളും നിരവധി.

പാർവതിയിലെ തന്നെ 'നന്ദസുതാ,വര, തവ ജനനം' ഏറെ പ്രശസ്തമായ പാട്ടാണ്. എഡിആര്‍ നേരത്തേ ആകാശവാണിക്കായെഴുതിയ ഭക്തിഗാനമാണ് ഇത്. സംവിധായകനായ ഭരതന്റെ നിര്‍ദേശപ്രകാരം ട്യൂൺ ശ്രീരാഗത്തിലേക്ക് മാറ്റുകയായിരുന്നു. 'നീലാഞ്ജനത്തില്‍'  എംഡിആര്‍ തന്നെ സംഗീതം നല്‍കിയ നീലാഞ്ജനം നിന്‍ നീള്‍മിഴിയില്‍ ഗോരോചനം നിന്‍ കുളിര്‍ നെറ്റിയില്‍ മറ്റൊരു പ്രശസ്തമായ ഭക്തിഗാനം.

അനുഭൂതി എന്ന ചിത്രത്തിലെഴുതിയ അനുഭൂതി തഴുകീ ആദ്യവര്‍ഷ മേഘത്തിലും കവിതയുടെ ഓളം ദൃശ്യമാണ്.. സ്വത്തിലെ 'ഓം മായാമാളവ ഗൗളരാഗം' ദേവരാജൻ മാസ്റ്ററും എം ഡി ആറും ചേർന്നൊരുക്കിയ മറ്റൊരു അനശ്വര സൃഷ്ടിയാണ്. പ്രമാണിയിലെ ഒരു വെണ്ണിലാ പൂപ്പാടവും കൂടും തേടിയിലെ വാചാലം എന്‍ മൗനവും, അകലത്തെയമ്പിളിയിലെ നീ അകലെ നീ അകലെ എന്നോമല്‍ സ്വപ്‌നമേ.., സാക്ഷ്യത്തിലെ ഉദയം ചാമരങ്ങള്‍ വീശി ഭാവുകം, പ്രജയിലെ അകലെയാണെങ്കിലും നീയെനിക്കെപ്പോഴും, അന്യരിലെ പുള്ളിക്കുയിലേ എന്നീ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

മലയാളത്തിലെ പ്രശസ്തരായ എല്ലാസംഗീത സംവിധായകര്‍ക്കൊപ്പവും നിന്ന് മികച്ച സൃഷ്ടികള്‍ മലയാളിക്ക് സമ്മാനിച്ചു അദ്ദേഹം. ദേവരാജന്‍ മാസ്റ്ററെ കൂടാതെ എംബി ശ്രീനിവാസന്‍, ഇളയരാജ, കീരവാണി, രവീന്ദ്രന്‍, ശ്യാം, എംജി രാധാകൃഷ്ണൻ, ജോണ്‍സണ്‍, ജെറി അമല്‍ ദേവ്, എംഎസ് വിശ്വനാഥന്‍, എംജയചന്ദ്രന്‍, ഔസേപ്പച്ചന്‍ എന്നിവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച് സമ്പന്നമായ ഒരു പാട്ടുകാലത്തിൽ വ്യക്തിമുദ്രയുള്ള പാട്ടുകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2019ൽ ഇറങ്ങിയ ഫൈനൽസ് എന്ന സിനിമയിലെ പറക്കാം പറക്കാം എന്ന ഗാനവും ഹിറ്റായിരുന്നു. അമ്മ നിലാവ് എന്ന സിനിമയിലൂടെ സംവിധായകന്റെ വേഷത്തിലുമെത്തി.

തൊട്ടതെല്ലാം പൊന്നാക്കിയ ഈ പ്രതിഭയുടെ തനിത്തങ്കമായ പാട്ടാണ് മൗനത്തില്‍ അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഗാനം. യേശുദാസ് പാടിയ ' 'കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും'. മനുഷ്യസ്‌നേഹത്തിന് മുകളില്‍ മതത്തിന്റെ വേലികെട്ടി മനുഷ്യര്‍ നിസ്സാരരാവുമ്പോഴൊക്കെ ഏറെ പ്രസക്തമാവുന്നുണ്ട്  ഈ ഗാനം. പമ്പാസരസ്തടം ലോകമനോഹരം  പങ്കിലമാക്കരുതേ.. വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ വിത്ത് വിതയ്ക്കരുതേ വര്‍ഗീയ വിത്തുവിതയ്ക്കരുതേ.. ലോകം മുഴുവൻ സുഖം പകരുന്ന ഈ പാട്ടിലുണ്ടല്ലോ എം ഡി ആർ എന്ന മൂന്നക്ഷരത്തിന്റെ വലുപ്പം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA