ADVERTISEMENT

ഏഴരയുടെ ചലച്ചിത്രഗാനങ്ങള്‍ മുടങ്ങാതെ കേട്ടിരുന്ന ആ ആകാശവാണിക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അറിയാതെ മൂളുന്നൊരു ഗാനമുണ്ട്. ഒരു ദൃശ്യത്തിന്റെയും അകമ്പടിയില്ലാതെ ഹൃദയഹാരിയാവുന്ന പാട്ട്. അത് കേട്ട് കുളിര്‍ന്ന പ്രഭാതങ്ങളെത്ര.. ദിവസം മുഴുവന്‍ നിലം തൊടാതെ നടക്കുന്ന സങ്കല്‍പ ലോകങ്ങളിലേക്കു ക്ഷണിച്ചല്ലോ പാട്ടും പാട്ടുകാരനും..

പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി

കന്നിനിലാ കസവൊളി പുടവ ചുറ്റി...

ഒറ്റയ്ക്കാവുമ്പോഴൊക്കെ മനസ്സിലെപ്പോഴും ഒരു തേന്‍തുള്ളിയായി വി.ടി.മുരളിയുടെ പാട്ട്. സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ് നട്ടുച്ചയ്ക്ക് ആ പുഴക്കടവില്‍ തോണിക്കായി കാത്ത് നില്‍ക്കുമ്പോഴും വെയിലിനെ നിലാവുടുപ്പിച്ച് വന്നു ഈ ഈണം. ആ പെണ്‍കുട്ടി ഞാനല്ല എന്ന് കരുതാന്‍ കാരണങ്ങളൊന്നുമില്ലായിരുന്നു. കാല്‍പ്പനികമായൊരു ലോകത്ത് അലസമായി പറന്ന ആ ഹൈസ്‌കൂള്‍കാലത്ത് മാത്രമല്ല പിന്നീട് കേള്‍ക്കുമ്പോഴൊക്കെയും ആ കൗമാരക്കാരിയുടെ മനസ്സിലേക്ക് കൂടുമാറാറുണ്ട്. കേള്‍ക്കുന്ന ഓരോ പെണ്ണിനും ആ പെണ്‍കിടാവ് താനാണ് അല്ലെങ്കില്‍ താനായിരിന്നെങ്കില്‍ എന്ന് തോന്നും. അക്കാലത്തെ കാല്‍പനിക കാമുകന്‍മാര്‍ക്ക് അത് സ്വന്തം പ്രണയ പ്രഖ്യാപനമാണ്. അത്രയ്ക്കും പ്രണയാതുരമായാണല്ലോ ഈ ഗാനം വി.ടി.മുരളി പാടി വച്ചത്.

''ആയിരക്കണക്കിന് ആളുകള്‍ നിറഞ്ഞിരിക്കുന്ന ഒരു ഹാളിലും എന്റെ പാട്ട് കാതോര്‍ത്തിരിക്കുന്ന ഏതോ ഒരാള്‍ക്ക് മാത്രമുള്ളതാണ്. ഒരു പെണ്‍കുട്ടി/ സ്ത്രീ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നും. അത് ചിലപ്പോഴൊക്കെ ശരിയാവാറുമുണ്ട്, ആ ഒരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ പാടുന്നത്.''  ഗായകൻ പറയുന്നു.

കുന്നത്തക്കാവില്‍ വിളക്ക് കാണാന്‍ വന്നൊരുള്‍നാടന്‍ പെണ്‍കിടാവേ..

എന്റെ ഉള്ളില്‍ മയങ്ങുന്ന മാന്‍കിടാവേ...ആര്‍ദ്രമധുരമായി അയാള്‍ പാടുകയാണ്..

പ്രണയനിര്‍ഭരമായ ഒരു  ഹൃദയത്തില്‍ നിന്നും ഒഴുകുന്നതിന്റെ ഭംഗിയുണ്ട് പാട്ടിന്.  

1983ല്‍ ഇറങ്ങിയ ‘കത്തി’ എന്ന സിനിമയിലെ ഗാനമാണിത്. ഇന്നും കേള്‍ക്കുമ്പോള്‍ ഗൃഹാതുരമായ ഏതോ ഇടവഴികളിലേക്ക് ആ പാട്ടിന്റെ കൈപിടിച്ച്  നമ്മളും ഇറങ്ങിപ്പോവും. ശാലീന ഭംഗി തളിര്‍ത്ത് നില്‍ക്കുന്ന ആ ഗ്രാമവും ശംഖുപുഷ്പം പോലെ ചിരിക്കുന്ന ആ പെണ്‍കിടാവിനെയും കുറിച്ച് കേള്‍ക്കെ ഒന്നു പ്രണയിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്. അത്രയും ഹൃദ്യമാണ് ഒഎന്‍വിയുടെ പ്രണയ സംബോധനകള്‍. പ്രണയത്തെ, ഉള്ളിലെ പൊന്‍കിനാവ്, ആരോമല്‍ പെണ്‍കിടാവ് എന്നൊക്കെ അരുമയായേ അദ്ദേഹം വിളിക്കൂ.. ആ വിളിപ്പേരുകളൊക്കെയും വല്ലാതെ മധുരിക്കുന്നുണ്ട് മുരളിയുടെ ആലാപനത്തില്‍.

കഥാസന്ദര്‍ഭത്തിനപ്പുറത്തേക്ക് പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോകും പലപ്പോഴും  ഒഎന്‍വിയുടെ പാട്ടെഴുത്ത്. ആ വിധം മനോഹരമായ വരികള്‍ കിട്ടിയാല്‍ മതി മറന്ന് നൃത്തം ചെയ്യുമായിരുന്നത്രേ എംബിഎസ് എന്ന സംഗീത ശില്‍പി. ആ കവിതയ്ക്കു പരുക്ക് പറ്റാതെ സംഗീതം കൊണ്ട് ഒന്നു തലോടുകയേ ഉള്ളൂ അദ്ദേഹം. ഒഎന്‍വിയും എംബിഎസും ചേര്‍ന്നു സൃഷ്ടിച്ച അനുപമ ഗാനങ്ങളില്‍ മുന്‍ പന്തിയില്‍ തന്നെയുണ്ട് പൊന്നരളിപ്പൂവ്. ഒഎന്‍വിയും എംബിഎസും ചേര്‍ന്നൊരുക്കിയ പാട്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് മുരളി പറയുന്നു. ആ മനോഹര നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ  മനസ്സില്‍ ഇന്നും ഒളിമങ്ങാതെയുണ്ട് '. മദ്രാസിലെ പാ ഗ്രൂവ് ഹോട്ടലിലായിരുന്നു കമ്പോസിങ്. ഈ രണ്ട് പേർക്കിടയിലെ ഊഷ്മള ബന്ധം അവരുടെ സൃഷ്ടികളില്‍ കാണാനാവും. സാഹിത്യവും ചരിത്രവും രാഷ്ട്രീയവുമൊക്കെ പറഞ്ഞിരിക്കുന്ന ആ മഹത് വ്യക്തികളെ വളരെ കൗതുകത്തോടെയാണ് നോക്കി നിന്നിട്ടുള്ളത്. മറ്റ് സംഗീത സംവിധായകരില്‍ നിന്നും വ്യത്യസ്തമായി പല നിലപാടുകളും സൂക്ഷിച്ചിരുന്നു അദ്ദേഹം. വലുപ്പച്ചെറുപ്പമില്ലാതെ കലാകാരനെ സ്‌നേഹിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് ആധുനികമായ കാഴ്ചടപ്പാടുകള്‍ കാത്ത് സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ''

അന്ന് 28 കാരനായ യുവാവാണ് വി.ടി.മുരളി. മനസ്സിലെ പ്രണയം കൊണ്ടാണോ പാട്ട് നന്നായത് എന്നു ചോദിച്ചാല്‍ അദ്ദേഹം ചിരിക്കും. 'പ്രണയം എന്നുമുണ്ട്. പ്രണയിക്കാത്തതായി ആരാ ഉള്ളത്. നമ്മളെ  ഇങ്ങോട്ട് പെണ്‍കുട്ടികള്‍ പ്രണയിച്ചില്ലെങ്കിലും നമുക്കുള്ളില്‍ പ്രണയമുണ്ടാവുമല്ലോ. ഒരു പ്രത്യേക പെണ്‍കുട്ടിയോടുള്ള പ്രണയമല്ല മനസ്സിലെ പ്രണയാര്‍ദ്രമായ അവസ്ഥ എന്നുമുണ്ട്. അന്ന് അതുമാത്രമല്ല എംബിഎസിന്റെ മുന്നില്‍ പാടുമ്പോള്‍ ഇത്തിരി ഭയവും ഉണ്ടായിരുന്നു. '

ഏറെ ശ്രദ്ധിക്കപ്പെട്ട ഈ പാട്ടിന് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. അവാര്‍ഡ് കിട്ടിയില്ലെങ്കിലും പാട്ടിനെ ആസ്വാദകര്‍ ഏറ്റെടുത്തു. സിനിമയുടെ പ്രിന്റ് പോലും അവശേഷിക്കുന്നില്ലെങ്കിലും പാട്ട് പുതുതലമുറയും ഏറ്റുപാടുന്നു.

സിനിമയില്‍ നായകനായ സോമന്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ കേള്‍ക്കുന്ന രീതിയിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ കഥയെ ആസ്പദമാക്കി വി.പി.മുഹമ്മദ് സംവിധാനം ചെയ്ത സിനിമ. എം.ജി.സോമന്‍, സീമ, വേണുനാഗവള്ളി, മേനക, ജലജ  എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ടുകള്‍ ഹിറ്റായി.

വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും മലയാളി മനസ്സില്‍ വാടാതെയുണ്ട് ഇന്നും പൊന്നരളിപ്പൂവ്. അത്രയും ആര്‍ദ്രഹൃദയനായി ഗായകനും ഇന്നും പാടിക്കൊണ്ടിരിക്കുന്നുണ്ട്. പാടിയ പാട്ടിലൊക്കെ അദ്ദേഹം ഹൃദയം മറന്ന് വയ്ക്കുന്നത് പോലെയാണ് ആലാപനം. ലോകത്തിന്റെ വിദൂരകോണുകളില്‍ ഇന്നും അത് കേട്ട് ആനന്ദിക്കുന്ന എത്രയോ ആരാധകരുണ്ട്. കേട്ടു മതിയാവാത്ത ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ഒരു സംശയം ബാക്കിയാണ്, മലയാള സിനിമ കുറെക്കൂടി ഉപയോഗിക്കേണ്ടിയിരുന്നില്ലേ ഈ ശബ്ദം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com