പാടാത്ത പാട്ടിന് പുരസ്കാരമെന്ന് വിവാദം, നഷ്ടമായത് അക്കാദമി അംഗീകാരം; അനു കടമ്മനിട്ടയുടെ മറ്റാർക്കും അറിയാത്ത ജീവിതം

anu-v-kadammanitta
SHARE

പുരസ്‌കാരങ്ങള്‍ക്ക് പ്രതീക്ഷകളുടെ തിളക്കമുണ്ട്. ആ തിളക്കം പെട്ടെന്ന് ഇരുട്ടിനു വഴിമാറിയാലോ? മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചിട്ടും ലഭിക്കാതെ പോകുക, അത്യപൂര്‍വമായ ഈ വിധിയേയും പാട്ടുപാടി തോല്‍പിച്ചൊരു ഗായകനുണ്ട്, അനു വി. കടമ്മനിട്ട. പാട്ടിന്റെ തുടക്കകാലത്ത് അപ്രതീക്ഷിതമായി കിട്ടിയ അംഗീകാരം കൈയെത്തുംദൂരത്തുനിന്നു നഷ്ടമായിട്ടും തളരാത്ത പാട്ടുകാരന്‍. പടയണിപ്പാട്ടും ശാസ്ത്രീയ സംഗീതവും സിനിമാഗാനവുമൊക്കെ കോര്‍ത്തിണക്കി പുതുമയുള്ള സംഗീതാവതരണം കാഴ്ചവയ്ക്കുന്ന അനു വി. കടമ്മനിട്ട ചലച്ചിത്ര പിന്നണി ഗായകന്‍ കൂടിയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി നടത്തിവന്ന സംഗീതചികിത്സയിലൂടെയും ശ്രദ്ധേയനാണ് ഇദ്ദേഹം.

കണ്ണൂരില്‍ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചുവെന്ന വാര്‍ത്ത അനുവിനെ തേടിയെത്തുന്നത്. അപ്രതീക്ഷിതമായി കിട്ടിയ സന്തോഷത്തിന്‍മേല്‍ കാര്‍മേഘം മൂടിയത് നിമിഷനേരം കൊണ്ടായിരുന്നു. ആ കാര്‍മേഘങ്ങള്‍ കണ്ണീരായി പെയ്തൊഴിഞ്ഞ കാലം അനുവില്‍ നിറഞ്ഞു. ‘അടുത്ത ദിവസം ചില മാധ്യമങ്ങളില്‍ പുരസ്‌കാര വാര്‍ത്തയ്ക്കൊപ്പം ഞാനാലപിച്ച ഗാനമായി രേഖപ്പെടുത്തിയിരിക്കുന്നത് ഇതേ നാടകത്തിലെതന്നെ മറ്റൊരാള്‍ ആലപിച്ച ഗാനമായിരുന്നു. അതോടെ മറ്റു ചില ഗായകര്‍ അത് വിവാദമാക്കി. പരാതിയുമായി വലിയൊരു വിഭാഗം അണിനിരന്നു. ഞാന്‍ ആലപിക്കാത്ത ഗാനത്തിനാണ് പുരസ്‌കാരം എന്ന തരത്തില്‍ വാര്‍ത്ത പരത്തി. ഞാനാലപിച്ച ഗാനമല്ലെങ്കില്‍ ആ പുരസ്‌കാരം വേണ്ട എന്നു ഞാന്‍ സംഘാടകരെയും അറിയിച്ചു. ശത്രുക്കളായ ചിലര്‍ തക്കം പാര്‍ത്തിരുന്ന നേരമായിരുന്നു അത്. അന്നത്തെ ജൂറിയോടും നേരിട്ട് അന്വേഷണം നടത്തി. എനിക്കു തന്നെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്ന് അവര്‍ തീര്‍ത്തു പറഞ്ഞെങ്കിലും എല്ലാം തകിടം മറിഞ്ഞു. സംഭവം വിവാദമായതോടെ പുരസ്‌കാരം മറ്റൊരു ഗായകനു നല്‍കി. അര്‍ഹിക്കാത്ത അംഗീകാരം തേടി ഞാന്‍ പോയി എന്നു പലരും എന്നെപ്പറ്റി അടക്കം പറഞ്ഞു. അന്നൊക്കെ നിരാശ തോന്നിയെങ്കിലും അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. അതുവരെ ഒരു വര്‍ഷം പതിനഞ്ചോളം നാടകങ്ങളില്‍ പാടികൊണ്ടിരുന്ന എനിക്ക് അവസരങ്ങള്‍ തന്നെ കുറഞ്ഞു വന്നു’ – അനു വി. കടമ്മനിട്ട പറയുന്നു.

പടയണി ആചാര്യന്‍ കടമ്മനിട്ട വാസുദേവന്‍പിള്ളയുടെ മകനായ അനുവില്‍ കുട്ടിക്കാലത്തു തന്നെ സംഗീത താല്‍പര്യം ഉണ്ടാകാന്‍ കാരണം അച്ഛന്റെ സംഗീതപഠനമാണ്. അച്ഛന്‍ സംഗീതം പഠിക്കുന്നത് കേട്ടു താല്‍പര്യം തോന്നുകയായിരുന്നു അനുവിന്. ജോലിത്തിരക്കില്‍ കടമ്മനിട്ട വാസുദേവന്‍ പിള്ളയ്ക്ക് സംഗീത പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മകനത് ഏറ്റെടുത്തു. വെണ്‍മണി സുകുമാരപിള്ളയാണ് ആദ്യ ഗുരു. തുടര്‍ന്ന് കടയ്ക്കാവൂര്‍ എസ്. രത്‌നാകര ഭാഗവതരില്‍നിന്നു തുടര്‍പഠനം. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍നിന്നു ഗാനപ്രവീണ പൂര്‍ത്തിയാക്കി. ജനിച്ചനാള്‍ മുതല്‍ കേട്ടുവളര്‍ന്ന പടയണി സംഗീതവും അനുവില്‍ വലിയ സ്വാധീനമുണ്ടാക്കി.

കൈതപ്രത്തിനൊപ്പം...

അനു വി. കടമ്മനിട്ടയെന്ന പാട്ടുകാരന്റെ ജീവിതത്തിലെ നിര്‍ണായകമായ മറ്റൊരു വഴിത്തിരിവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുമൊത്തുള്ള അനുഭവങ്ങളായിരുന്നു. അവിചാരിതമായാണ് കൈതപ്രത്തിന്റെ അടുത്തെത്തുന്നത്. ദൂരദര്‍ശനില്‍ അവതരിപ്പിച്ച ഒരു പാട്ടു കേട്ട് കൈതപ്രം അനുവിനെക്കുറിച്ച് പലരോടും തിരക്കി, ഇതാരാണ് ഈ പാട്ടുകാരന്‍? ഒടുവിലത് അനുവും അറിഞ്ഞതോടെ കൈതപ്രത്തിനെ നേരിട്ടു വിളിച്ചു. ഗുരുവായൂരില്‍ ‘വിനയപൂര്‍വം വിദ്യാധരന്‍’ എന്ന ചിത്രത്തിന്റെ കംപോസിങ്ങിന്റെ തിരക്കിലാണപ്പോള്‍ കൈതപ്രം. ഫോണ്‍ വയ്ക്കും മുന്‍പ് അദ്ദേഹം തന്നെ വന്നൊന്നു കാണാന്‍ ആവശ്യപ്പെട്ടു. അന്നുതന്നെ ഗുരുവായൂരിലെത്തിയ അനുവിനെ തിരക്കുകള്‍ക്കിടയിലും കൈതപ്രം അടുത്തിരുത്തി. വിശേഷങ്ങള്‍ തിരക്കി. പോകുംമുന്‍പ്, യേശുദാസിനായി ഈ പാട്ട് താനൊന്ന് ട്രാക്ക് പാടണമെന്ന് കൈതപ്രം പറയുമ്പോള്‍ അനു നിസ്ശബ്ദനായി. അപ്രതീക്ഷിതമായി വന്ന അവസരം അനുവില്‍ ഞെട്ടലുണ്ടാക്കി. ആശങ്കകള്‍ ഇരച്ചു കയറുമ്പോഴേക്കും ‘പാടാനറിയില്ല’ എന്ന ഗാനം കൈതപ്രം പാടി തുടങ്ങി. വരികളൊക്കെ അറംപറ്റിയതുപോലെ... പാടാന്‍ കഴിയാത്ത അവസ്ഥ. നിരാശനായി മടങ്ങാന്‍ ഒരുങ്ങുമ്പോള്‍, അടുത്ത ദിവസം വീണ്ടും വിളിക്കാം എന്നു പറഞ്ഞെങ്കിലും അതൊന്നും സംഭവിച്ചില്ല. ആ വിളിക്കായി കാത്തിരുന്നെങ്കിലും ചിത്രം ഇറങ്ങിയതോടെ അതിനും അവസാനമായി.

വര്‍ഷങ്ങള്‍ക്കു ശേഷം കര്‍ണാട്ടിക് സംഗീതവും സിനിമാസംഗീതവുമൊക്കെ ഇഴ ചേര്‍ത്ത് ദൂരദര്‍ശനില്‍ ഒരു പരിപാടിയുമായി അനു എത്തുമ്പോള്‍ കൈതപ്രത്തിന്റെ വിളി വീണ്ടുമെത്തി. ഒന്നു കാണണം എന്നു മാത്രം വീണ്ടും ആവശ്യപ്പെട്ടു.  കൈതപ്രത്തിന്റെ കോഴിക്കോട്ടെ സംഗീതവിദ്യാലയമായ സ്വാതി കലാക്ഷേത്രത്തിലെത്തി കണ്ടു. കൈതപ്രം തന്റെ ശിഷ്യര്‍ക്ക് അനുവിനെ പരിചയപ്പെടുത്തുകയും പാടിക്കുകയുമൊക്കെ ചെയ്തതോടെ ആ ബന്ധം കൂടുതല്‍ വളര്‍ന്നു. തന്റെ വിദ്യാലയത്തിലെ അധ്യാപകനായി ക്ഷണിച്ചു. വൈകാതെ അനു കലാക്ഷേത്രത്തിലെ ഗുരുവും കൈതപ്രത്തിന്റെ ശിഷ്യനുമായി. കൈതപ്രം തന്റെ പരിപാടികളിലും ഒപ്പം കൂട്ടി. സംഗീതചികിത്സയുമായി കൈതപ്രം അദ്ഭുതങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതിലൊരു പങ്ക് അനുവിന്റേതു കൂടിയായി. 'എന്റെ ഏറ്റവും വലിയ സ്വാധീനങ്ങളില്‍ ഒന്ന് കൈതപ്രം സാര്‍ തന്നെയായിരുന്നു. മകനെപ്പോലെ അദ്ദേഹമെന്നെ സ്നേഹിച്ചു. അതു വലിയ പ്രോത്സാഹനമായിരുന്നു.’– അനു പറയുന്നു.

യേശുദാസിനൊപ്പം...

‘കൂടാരം’ എന്ന ചിത്രത്തില്‍ കൈതപ്രം വിശ്വനാഥന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ ‘ആര്‍ദ്രമായ നിന്റെ നീലമിഴിയില്‍’ എന്ന ഗാനത്തിന് ട്രാക്ക് പാടിയത് അനുവാണ്. റെക്കോര്‍ഡിങ്ങിനെത്തിയ യേശുദാസിന് ട്രാക്ക് കേട്ട് ഇഷ്ടമായതോടെ പാട്ടുകാരനെ തിരക്കി. തന്നെ അത്യാവശ്യമായി വിളിക്കണമെന്ന നിര്‍ദേശവും നല്‍കി. സംഭവം അറിഞ്ഞ അനു ഞെട്ടല്‍ മാറും മുന്‍പു തന്നെ യേശുദാസിനെ വിളിച്ചു, നേരിട്ടു കാണണമെന്നായി ആവശ്യം. അടുത്ത ദിവസം തന്നെ ചുനക്കര തിരുവൈരൂര്‍ മഹാദേവ ക്ഷേത്രത്തില്‍ കച്ചേരിക്കെത്തിയ യേശുദാസിനെ കാണാനായി പോയെങ്കിലും നിരാശനായി. കച്ചേരി യേശുദാസിന്റേതല്ലേ! വലിയ ജനക്കൂട്ടത്തിനിടയില്‍ അദ്ദേഹത്തെ കാണാന്‍ പോലും കഴിയാത്ത അവസ്ഥ. പൊലീസും സംഘാടകരുമൊക്കെ മുന്നോട്ടു വരുന്നവരെ തള്ളി മാറ്റി. തിരികെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് പഴയൊരു സുഹൃത്തിനെ അവിചാരിതമായി കാണുന്നത്. സംസാരത്തിനിടയില്‍, യേശുദാസ് പരിപാടി കഴിഞ്ഞ് അന്നു തങ്ങുന്നത് സുഹൃത്തിന്റെ വീട്ടിലാണെന്നറിഞ്ഞതോടെ അനുവിന് നഷ്ടപ്പെട്ട പ്രതീക്ഷ തിരികെയെത്തി. യേശുദാസ് എത്തും മുന്‍പ് സുഹൃത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. പരിപാടി കഴിഞ്ഞെത്തിയ യേശുദാസിനെ കാണാന്‍ മുന്നിലുണ്ടായിരുന്ന അനു കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചു. ആളെ തിരിച്ചറിഞ്ഞതോടെ യേശുദാസ് കൈപിടിച്ച് അകത്തേ മുറിയിലേക്ക് കൊണ്ടുപോയി. ഒരു കീര്‍ത്തനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. പാടിത്തുടങ്ങിയ അനുവിനൊപ്പം യേശുദാസും കൂടി. അതവസാനിച്ചതാകട്ടെ മണിക്കൂറുകള്‍ കഴിഞ്ഞ്. തന്റെ പാട്ടുജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നാണ് അനുവിന് ഈ സംഭവം.

ഇതിനിടയില്‍ മോഹന്‍ സിത്താര, വയലിനിസ്റ്റ് എല്‍. സുബ്രഹ്‌മണ്യം, അനില്‍ ഗോപാല്‍ എന്നിവരുടെ സംഗീതത്തില്‍ ചില ചിത്രങ്ങളില്‍ പാടിയെങ്കിലും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാതെ പോയതോടെ പാട്ടുകളും പുറത്തിറങ്ങിയില്ല. ‘തുടര്‍ച്ചയായ മൂന്നു സിനിമകള്‍, അതും ശ്രദ്ധേയമായ ഗാനങ്ങള്‍, സംഗീത സംവിധായകര്‍... വലിയ പ്രതീക്ഷയുണ്ടായിരുന്നു. മൂന്നും വരാതെ പോയതോടെ വലിയ നിരാശ തോന്നി,’ അനു പറയുന്നു. തുടര്‍ന്ന് 2006 ലാണ് 'പളുങ്ക്' എന്ന ചിത്രത്തില്‍ ഡി. വിനയചന്ദ്രന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കിയ ‘നേരു പറയണം നേരേ പറയണം’ എന്ന ഗാനം അനുവിനെ തേടിയെത്തുന്നത്. വലിയ കാത്തിരിപ്പുകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ തേടിയെത്തിയത് ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്നും.

കൈതപ്രം വിശ്വനാഥിന്റെ സംഗീതത്തില്‍ ‘ആമ്പലിനോടോ’ (നീലാംബരി), കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സംഗീത്തില്‍ ‘ഹേ സൂര്യാ’ (രാമരാവണന്‍), ബിജിബാലിന്റെ സംഗീത്തില്‍ ‘പടവാളും പരിചയും’ (ഐസക് ന്യൂട്ടന്‍ സണ്‍ ഓഫ് ഫിലിപ്പോസ്) തുടങ്ങിയ ചലച്ചിത്രഗാനങ്ങളും ആയിരത്തി അഞ്ഞൂറിലധികം ആല്‍ബം ഗാനങ്ങളും നാടകഗാനങ്ങളും അനു ആലപിച്ചു. 2004 ല്‍  മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരവും കര്‍ണാട്ടിക് സംഗീതത്തിനുള്ള സീനിയര്‍ സ്‌കോളര്‍ഷിപ്പും നേടിയിട്ടുണ്ട്. കേരള കലാമണ്ഡലത്തിലെ കര്‍ണാട്ടിക് സംഗീത അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഗീത സംവിധാനത്തിലും സജീവമാണ്. പടയണിപ്പാട്ടുകളെ കോര്‍ത്തിണക്കി സംഗീതത്തിലെ വേറിട്ട പരീക്ഷണങ്ങളുടെ തിരക്കിലാണ് അനുവിപ്പോള്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA