വൈശാലിയിലെയും പഞ്ചാഗ്നിയിലെയും ഈ പാട്ടുകളുടെ അനുപല്ലവിയും ചരണവും മാറിപ്പോകാറുണ്ടോ? പാട്ടുകളുടെ ഹൃദയബന്ധങ്ങൾ തേടുമ്പോൾ

vaisali-Panchagni
SHARE

പാടിവരുമ്പോള്‍ ഒരു പാട്ടില്‍ നിന്നും മറ്റൊരു പാട്ടിലേക്ക് അറിയാതെ കയറി പോവുന്ന രണ്ട് പാട്ടുകളുണ്ട് മലയാള സിനിമയില്‍. രണ്ട് പാട്ടുകളുടെയും വരികൾ ഒ എൻ വിയുടേതാണ്. ഈണമിട്ടതും പാടിയതും ബോംബെ രവിയും ചിത്രയും ആണെന്നതും ആ സാമ്യത്തിനു കാരണമാവാം. ഹിറ്റ് സിനിമകളായ പഞ്ചാഗ്നി, വൈശാലി എന്നിവയിലെ പാട്ടുകളാണിവ. രണ്ട് സിനിമകള്‍ക്കായും ഒഎന്‍വി കവിത തുളുമ്പുന്ന ഗാനങ്ങള്‍ തന്നെയെഴുതി.വൈശാലിയിലെ ഏറെ പ്രസിദ്ധമായ ഒരു പാട്ടാണ്  'ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളില്‍ ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നു, ഇന്നൊരു ഹൃദയത്തിന്‍ കുന്ദലതാഗൃഹത്തില്‍ പൊന്‍മുളം തണ്ടുമൂതി നീയിരിപ്പൂ..'

പഞ്ചാഗ്നിയിലെ പാട്ട് കവിത 'ആ രാത്രി മാഞ്ഞുപോയി.. ആ രക്ത ശോഭമാം. ആയിരം കിനാക്കളും പോയി മറഞ്ഞു’ എന്നു തുടങ്ങുന്നു. പല്ലവിക്കു ശേഷം അനു പല്ലവിയും ചരണവും പലര്‍ക്കും ഈ രണ്ട് പാട്ടുകളും തമ്മില്‍ മാറി പോകാറുണ്ട്. ഇതു രണ്ടും ഒരു പാട്ടാണെന്ന് ധരിച്ചിരിക്കുന്നവരും കുറവല്ല. 

എംടിയുടെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണ് വൈശാലി. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. അംഗരാജ്യത്തെ വരള്‍ച്ചമാറ്റാനുള്ള പൂജക്കായി ഋശ്യശൃംഗനെന്ന മുനികുമാരനെ വശീകരിച്ചു കൊണ്ട് വരുന്നു. കൊട്ടാരത്തിലെ  ദേവദാസിയുടെ മകളായ അതിസുന്ദരി പെൺകുട്ടി ഇതിനായി നിയോഗിക്കപ്പെടുകയും ദൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ തഴയപ്പെടുന്നതുമൊക്കെയാണ് കഥ. ദേവദാസിയായ അമ്മ വേഷത്തിൽ ഗീതയും മകളായി സുപര്‍ണയും അഭിനയവത്തികവിനാൽ ശ്രദ്ധേയമാക്കിയ കഥാപാത്രങ്ങള്‍.

1986ലാണ് പഞ്ചാഗ്നി റിലീസാവുന്നത്. എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രവും ഏറെ ജനപ്രിയമായിരുന്നു. ചിത്രത്തില്‍ ഇന്ദിര എന്ന നക്‌സല്‍ നേതാവിന്റെ വേഷത്തിലെത്തിയ ഗീതയാണ് പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത്. മുതലാളിത്തത്തിനെതിരെയുള്ള പോരാട്ടത്തിലാണ് അവള്‍ ജയിലിലാവുന്നത്. തുടര്‍ന്ന് പരോളിലിറങ്ങുമ്പോഴും സംഘര്‍ഷ ഭരിതമായ ജീവിതമുഹൂര്‍ത്തങ്ങളാണ് അവളെ കാത്തിരിക്കുന്നത്.

കൊടിയ ദുഖങ്ങളിലും അവഗണനകളിലും വെളിച്ചത്തിന്റെ തിരി നീട്ടുന്ന ഒരു സ്‌നേഹനാളമുണ്ട് രണ്ട് സിനിമയിലെയും കഥാപാത്രങ്ങളുടെയും ജീവിതത്തില്‍. ആ സ്‌നേഹങ്ങള്‍ അവരോട് പറയുന്നതിങ്ങനെയാണ്.. പൂവിനെപ്പോലും നുള്ളിനോവിക്കാനരുതാത്ത കേവല സ്‌നേഹമായ് നീ അരികില്‍ നില്‍പ്പൂ (പഞ്ചാഗ്നി..), അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ.. (വൈശാലി).

വരികൾക്കൊപ്പം സ്‌നേഹത്തിന്റെ കൊടുമുടികൾ കയറിയിറങ്ങുന്നുണ്ട് ചിത്രയുടെ ആലാപനം. തീര്‍ത്തും വ്യത്യസ്തമായ രണ്ട് സന്ദര്‍ഭങ്ങളെങ്കിലും ആ ഈണവും വരികളും പരസ്പരപൂരകമാവുന്നത് ആ സ്ത്രീകളുടെ ഹൃദയ വികാരങ്ങൾക്കൊപ്പം സഞ്ചരിച്ചത് ഒരേ കവി മനസ്സിലെ മൃദുല വികാരങ്ങളായതിനാലാവാം. 

ആത്മശോഭയുള്ളവരെങ്കിലും ജീവിതം ഏല്‍പിക്കുന്ന ആഘാതങ്ങളില്‍ പതറിപ്പോവുന്നുണ്ട് രണ്ട് സിനിമയിലെയും നായികമാര്‍. അധികാരത്തിന്റെയും ആണിന്റെയും ക്രൗര്യമാണ് അവരിൽ സാരമായ പരുക്കുകള്‍ വീഴ്ത്തുന്നത്. തോറ്റു കൊടുക്കാന്‍ തയ്യാറല്ലെങ്കിലും പൊരുതിത്തളർന്ന് ഒടുവിൽ തോറ്റു പോകുന്നുണ്ടവര്‍. കണ്ണീരും പുഞ്ചിരിയും പോരാട്ടവുമുള്ള ആ ജീവിതങ്ങളെ നമുക്കും പ്രിയപ്പെട്ടതാക്കിയത് ഈ പാട്ടുകളാണ്. നിർമ്മലമായ സ്നേഹത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ പെട്ടന്ന് മനസിലേക്കെത്തുന്നതും ഈ പാട്ടുകൾ തന്നെയാണല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA