റാസ്പുടിൻ ഗാനം പാടി ആടിയ ബോബി ഫാരലിനെ കാത്തിരുന്നത് അതേ വിധി; വിചിത്രമായ ചരിത്ര വഴികൾ

bobby-farrel
SHARE

മെഡിക്കൽ വിദ്യാർഥികളായ നവീന്റെയും ജാനകിയുടെയും നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിനു പിന്നാലെ റാ റാ റാസ്പുടിൻ എന്ന പാശ്ചാത്യ സംഗീതലോകത്തെ ഹിറ്റ് ഗാനത്തിലേക്കും ആ ഗാനം അവതരിപ്പിച്ച ബോണി എം എന്ന സംഗീത ട്രൂപ്പിലേക്കും വീണ്ടും കാതുകൾ കൂർപ്പിക്കുകയാണ് സംഗീതപ്രിയർ. ഏറെക്കാലം നമ്മെ നൃത്തം ചെയ്യിച്ച ബോബി ഫാരൽ എന്ന ബോണിഎം ട്രൂപ്പ് ഗായകനെ പതിറ്റാണ്ടുകൾക്കു ശേഷം കേൾക്കുമ്പോഴും കാതിൽ അതേ പുതുമ..ആനന്ദം..

റഷ്യൻ രാജ്‌ഞിയുടെയും പ്രഭുകുമാരിമാരുടെയും രഹസ്യാനുരാഗിയായ റാസ്പുട്ടിന്റെ കഥയാണ് ബോബി ഫാരലിന്റെ നിത്യഹരിത നമ്പർ ‘റാ റാ റാസ്‌പുടിൻ...’ വെറും ട്രിപ്പിളും ഗിറ്റാറും മാത്രം പിന്നണി ചേർന്ന ഗാനം. ഫ്രാങ്ക് ഫാരിയനാണ് ഈ മനോഹര ഗാനം എഴുതിയത്.

ബോണിഎമ്മിന്റെ ഏറ്റവും ജനപ്രീതിയാർന്ന ഹിറ്റുകളിൽ ഒന്നായി മാറി റാസ്‌പുടിന്റെ ജീവിതകഥ പാടുന്ന ഗാനം. മെയ്‌സി വില്യംസ്, ലിസ് മിഷേൽ, മാർസിയ ബാരറ്റ്... റാസ്‌പുടിൻകഥയുമായി വേദികളിൽ നിന്ന് വേദികളിലേക്കു ചിറകുവച്ച് പറക്കുമ്പോൾ ഈ മൂന്നു സുന്ദരികൾ കൂടിയുണ്ടായിരുന്നു ബോബി ഫാരലിനൊപ്പം. 1976ൽ ആണ് ഈ നാൽവർ സംഘം ബോണിഎം എന്ന ഗായകസംഘത്തിനു വേണ്ടി ആദ്യമായി പാടിയൊരുമിക്കുന്നത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും പാശ്‌ചാത്യ സംഗീതലോകത്ത് ഇവർ നാലുപേരും ചേർന്നെഴുതിയ പാട്ടുകെട്ടിന്റെ കൂട്ടുവിലാസം പിന്നീടങ്ങോട്ട് നാളിതുവരെ മാഞ്ഞുപോയിട്ടില്ല. 1976ൽ പുറത്തിറങ്ങിയ ടേക്ക് ദി ഹീറ്റ് ഓഫ് മീ എന്ന ആദ്യ ആൽബം മുതൽ തുടങ്ങിയ അശ്വമേധമാണ് ബോണിഎമ്മിന്റേത്. തുടർന്ന് ലവ് ഫോർ സെയിൽ, നൈറ്റ് ഫ്ലൈറ്റ് ടു വീനസ്, ഓഷ്യൻസ് ഓഫ് ഫാന്റസി, ടെൻ തൗസന്റ് ലൈറ്റ് ഇയേഴ്‌സ്... ഐ ഡാൻസ്, റി മിക്‌സ് 88 തുടങ്ങി ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ഒരു മൂളിപ്പാട്ടു വേഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബോണി എമ്മിന്. രണ്ടാമത്തെ ആൽബമായ നൈറ്റ് ഫ്ലൈറ്റ് ടു വീനസിലേതാണ് റാ റാ റാസ്‌പുടിൻ എന്ന ഡിസ്‌കോ ഹിറ്റ് ഗാനം.

മുങ്ങിമരിച്ചെന്നു കരുതപ്പെടുന്ന നേവാ നദിയുടെ തണുപ്പിൽ നിന്നും കെട്ടുകഥകളിലെ റഷ്യൻ രാജ്ഞിയുടെ പ്രണയ മണിയറയിൽനിന്നും  റാസ്‌പുടിന്റെ ഗംഭീരമായ തിരിച്ചുവരവായിരുന്നു ബോബി ഫാരലിന്റെ ചുണ്ടുകളിലേക്ക്. ലോകത്തെ മുഴുവൻ ഒരേ പാട്ടുലഹരിയിൽ നൃത്തമാടിച്ച ഫാരൽചുവടുകളുടെ ചടുലതയിലേക്ക്. കൊടുങ്കാറ്റുവേഗം ആടിയുലഞ്ഞ യൂറോപ്പിലെ നൂറായിരം പാട്ടുവേദികളിലേക്ക്...  ലോകത്തിന്റെ മുഴുവൻ ഹിറ്റ് ചാർട്ടുകളിലേക്ക്...

bobby-farrell-1

പക്ഷേ, എത്ര ഗംഭീരമായി പുനർജ്‌ജീവിച്ചിട്ടും റാസ്‌പുടിന്റെ മരണക്കൊതി തീർന്നുകാണില്ല. അതുകൊണ്ടല്ലേ റാസ്‌പുടിന്റെ അതേ മരണനിയോഗം ബോബിയെയും കാത്തിരുന്നത്! റാസ്‌പുടിൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ, അതേ സെന്റ് പീറ്റേഴ്‌സ്‌ബർഗ് നഗരത്തിൽ തന്നെയായിരുന്നു ബോബി ഫാരലിന്റെ മരണവും. ഒരു ദുർമരണത്തിന്റെ ദുരാവർത്തനം.

അറുപത്തൊന്നുകാരനായ ബോബി ഫാരലിനെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നിട്ടെന്നും ശ്വാസതടസ്സമുണ്ടായിട്ടെന്നും ഹൃദയാഘാതം മൂലമെന്നും പല കാരണങ്ങൾ നിരത്തപ്പെട്ടു. കാരണം, അതൊരു ഒറ്റ മരണമായിരുന്നില്ലല്ലോ! ബോബി ഫാരലിനൊപ്പം റാസ്‌പുടിൻ ഒരിക്കൽകൂടി മരിക്കുകയായിരുന്നോ ? റാസ്‌പുടിന്റെ കഥ പാടിത്തീരുംമുമ്പേ, മുഖത്തെ കടുംചായങ്ങൾ മായ്‌ച്ചുകളയുംമുമ്പേ, രാത്രിയുടെ നിശ്ശബ്‌ദരഥങ്ങളിൽ എപ്പോഴോ സാക്ഷാൽ റാസ്‌പുടിൻ വന്ന് ബോബി ഫാരലിനെ തൊട്ടുവിളിച്ചുകൊണ്ടുപോയിരിക്കണം...

റാസ്‌പുടിനിലൂടെ ബോബി ഫാരൽ ജീവിക്കുകയായിരുന്നു, ഇനിയൊരിക്കലും മരണമില്ലാത്തൊരു പാട്ടുകാരനായി ലോകത്തിന്റെ മുഴുവൻ കാതുകളിലേക്കു പാടിപ്പാടി പുനർജനിക്കുകയായിരുന്നു. അതെ, അതുകൊണ്ടാണ് ഇന്നും നാം ബോബിയെ കേൾക്കുന്നത്; ആ റാസ്‌പുടിൻകഥയും. ചില പാട്ടുകൾ വെറും പാട്ടുകൾ മാത്രമല്ല!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിങ്ങൾ എപ്പോഴും ഒരുമിച്ചാണോ? ചിരിപ്പിച്ച് സജിയേട്ടനും അസിസ്റ്റന്റും | Jan E Man | Manorama Online

MORE VIDEOS
FROM ONMANORAMA