എഴുത്തുമായി ബന്ധമില്ലാത്ത ഒരാളാണ് ഈ പാട്ടുകൾക്ക് പിന്നിലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ബാബ്ജിയുടെ വരികളിലൂടെ

Microsoft Word - Postponment of Examinations
SHARE

കുടജാദ്രി, ഭക്തിയുടെ അനഘമായ മഞ്ഞുപെയ്യുന്ന പ്രകൃതി. അവിടേക്ക് പ്രണയം കുടിയിരുത്തിയാലോ? അതിനുമൊരു സുഖമുണ്ട്. കുടജാദ്രിയില്‍ പൊതിയുന്ന മഞ്ഞുപോലെ ആര്‍ദ്രമായ അനുഭവമാണ് പ്രണയമെന്ന് അത് അനുഭവിച്ചവര്‍ക്ക് അറിയാം. ഭക്തിയുടെ കര്‍പ്പൂര ഗന്ധം നിറഞ്ഞ തീരത്തു നിന്ന് പ്രണയത്തിന്റെ പൂക്കള്‍ നിറഞ്ഞ താഴ്‌വരയിലേക്കു നമ്മെ കൂട്ടികൊണ്ടുപോകുകയായിരുന്നു 'കുടജാദ്രിയിൽ കുടചൂടുമ കൊടമഞ്ഞുപോലെയീ പ്രണയം' എന്ന ഗാനം. പ്രാര്‍ത്ഥനയുടെ കൊടുമുടിയിലെത്തി തൊഴുതു നിന്നപ്പോള്‍ അറിയാതെ എം. എ ബാബ്ജിയുടെ മനസ്സില്‍ തോന്നിയ വരികളും അതിനെ പൊതിഞ്ഞ സംഗീതവും മലയാളിയിലേക്ക് അതിവേഗത്തിലാണ് പെയ്തുവീണത്. മൂകാംബികയില്‍ നിന്നും കുടജാദ്രിയിലേക്ക് അമ്മയെ അറിയാനുള്ള ബാബ്ജിയുടെ യാത്ര. അതു പകര്‍ന്ന അനുഭവത്തിന്റെ തണുപ്പില്‍ ഉണര്‍ന്ന പ്രണയം... കുടജാദ്രിയില്‍ എന്ന ഗാനം ബാബ്ജിക്ക് അതൊക്കെയാണ്.

ആല്‍ബം ഗാനങ്ങളുടെ സുവര്‍ണകാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലുകളാണ് എം. എ ബാബ്ജി എന്ന മന്‍സൂര്‍ അഹമ്മദ് എഴുതിയതും സംഗീതം നല്‍കിയതുമായ ഗാനങ്ങള്‍. ‘മോഹം’ എന്ന ആല്‍ബത്തിലെ ‘കുടജാദ്രിയില്‍ കുടചൂടു’മ എന്ന ഗാനം മലയാളിക്ക് എക്കാലത്തും പ്രിയപ്പെട്ടതാകുന്നത് അതില്‍ നിറഞ്ഞു തുളുമ്പുന്ന പ്രണയം കൊണ്ടുകൂടിയാണ്. എം. എ. ബാബ്ജി തന്നെയായിരുന്നു ഈ ഗാനത്തിന്റെ രചനയും സംഗീതവും.

ദൈവത്തിനും പ്രണയം തോന്നുന്നൊരിടം, കുടജാദ്രി പകരുന്ന സുഖം അതാണ്. അതില്‍ ലയിച്ച് സുഹൃത്തിനൊപ്പം ശങ്കരപീഠത്തില്‍ ഇരുന്ന ബാബ്ജിയെ കൊടമഞ്ഞ് തഴുകി തലോടി. ഒരു പാട്ടെഴുതാനുള്ള ആഗ്രഹത്തോടെയൊന്നും വന്നതല്ലെങ്കിലും ഉള്ളിലെ കാമുകനും കവിയും ഉണര്‍ന്നു. കുടജാദ്രിയില്‍ എന്ന പാട്ടിന്റെ ആദ്യ വരി പിറന്നത് അവിടെനിന്നായിരുന്നു. പാട്ടില്‍ നിറയുന്ന പ്രകൃതിയും തണുപ്പും പ്രണയവുമൊക്ക കുടജാദ്രിയുടെ സൗന്ദര്യത്തില്‍ നിന്നു പിറന്നതാണ് ബാബ്ജിക്ക്. ആദ്യ വരികളുടെ ചുവടു പിടിച്ച് പിന്നെ യാത്രകളിലും ഏകാന്തതകളിലുമൊക്കെ ആ ഗാനം എഴുതി പൂര്‍ത്തിയാക്കി.

'എന്റെ ആദ്യ ആല്‍ബമായ പ്രണയത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്ത കണ്ണന്‍ സൂരജിനെകൊണ്ട് പുതിയ ആല്‍ബത്തിനും സംഗീതം ചെയ്യിക്കണം എന്നായിരിന്നു എനിക്ക്. കുടജാദ്രി അടക്കമുള്ള പാട്ടുകള്‍ എഴുതി കഴിഞ്ഞ് ഞാന്‍ കണ്ണനെ കണ്ടു. വരികള്‍ക്കൊപ്പം എന്റെ ഉള്ളിലെ സംഗീതവും ചേര്‍ത്താണ് ഞാന്‍ കണ്ണനു മുന്നില്‍ പാട്ടുകള്‍ അവതരിപ്പിച്ചത്. പാട്ടുകള്‍ കേട്ടതോടെ ഇതിലിനി ഞാനെന്തു ചെയ്യാനാണെന്നാണ് കണ്ണന്‍ സൂരജ് ചോദിച്ചത്. ഈ മ്യൂസിക്കുമായി മുന്നോട്ടു പോകാമെന്നും ഞാന്‍ കൂടെ നില്‍ക്കാം എന്നും  പറഞ്ഞ് കണ്ണന്‍ ധൈര്യം തന്നതോടെ ഞാന്‍ സംഗീത സംവിധായകനായി', ബാബ്ജി തന്നെ സംഗീത സംവിധായകനാക്കിയ കണ്ണനെ ഓര്‍ത്തെടുത്തു.

ഷഹബാസ് അമനെന്ന പാട്ടുകാരനെ ശ്രദ്ധേയനാക്കിയ ഗാനം കൂടിയായിരുന്നു കുടജാദ്രിയില്‍. ഈ പാട്ടിലേക്ക് ഷഹബാസ് എത്തിയതിലും ചില കൗതുകങ്ങളുണ്ട്. പാട്ട് എഴുതി പൂര്‍ത്തിയായപ്പോള്‍ കേട്ടവര്‍ക്കൊക്കെയും നല്ല അഭിപ്രായം. വരികളിലൊക്കെ ജീവന്‍ തുടിച്ചു നിന്നതോടെ ഇതൊരു സിനിമാഗാനമായി വന്നാല്‍ നന്നായിരിക്കുമെന്ന് ബാബ്ജിക്കും ഒരാഗ്രഹം. അടുത്ത സുഹൃത്തായ ഷഹബാസ് അമന്‍ പുതിയൊരു ചിത്രത്തിന്റെ പാട്ടൊരുക്കവുമായി തൃശൂര്‍ ചേലൂര്‍ ടവറിലുണ്ടെന്ന് അറിഞ്ഞ് അവിടേക്ക് പുറപ്പെട്ടു.

ഞാനവിടെ ചെല്ലുമ്പോള്‍ ഷഹബാസ് എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു. കുടജാദ്രിയുടെ വരികളൊക്കെ വായിച്ച ശേഷം എന്നെ ഒന്നു നോക്കി. ഒട്ടും സുഖിച്ചില്ല എന്ന ആ മുഖ ഭാവം തന്നെ പറഞ്ഞു. പിന്നെ ഞാനവിടെ നിന്നില്ല. തിരികെ വരും വഴി തന്നെ ഷഹബാസിന്റെ കോള്‍ എനിക്കു വന്നു, രണ്ട് വികലാംഗര്‍ ഒരേ സൈക്കിളില്‍ പോയാല്‍ എന്തു സംഭവിക്കുമെന്നാണ് ആദ്യത്തെ ചോദ്യം തന്നെ. വീഴും എന്ന് ഞാന്‍ പറഞ്ഞതോടെ ഷഹബാസ് ചിരിച്ചു. നിന്റെ പാട്ടിപ്പോള്‍ എടുത്താല്‍ അതാണ് സംഭവിക്കുക. എന്നെയും നിന്നെയും ഒരാളിനും അറിയില്ല. പേരുള്ള ആര്‍ക്കെങ്കിലും ഒപ്പം സഹകരിക്കുന്നതാണ് ഇപ്പോള്‍ നമുക്ക് നല്ലതെന്നു തോന്നുന്നു. നിന്റെ വരികളാണെങ്കില്‍ നന്നായിട്ടും ഉണ്ട്. അതോടെ എനിക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടു.

പിന്നീട് ഞാനും കണ്ണനും മോഹത്തിലെ പാട്ടുകള്‍ക്കു വേണ്ടി പാലാരിവട്ടത്ത് ഒരു ഹോട്ടലില്‍ ഒത്തുകൂടി. അടുത്ത മുറിയിലന്ന് ഷഹബാസും മറ്റ് ചില വര്‍ക്കുകളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. അന്ന് വൈകുന്നേരം ഞങ്ങള്‍ ഒത്തുകൂടി സംസാരിച്ചിരുന്നു. അപ്പോഴാണ് കുടജാദ്രി നമുക്ക് ഷഹബാസിനെ കൊണ്ട് പാടിച്ചാലോ എന്ന ചിന്ത ഞങ്ങള്‍ക്കിടയില്‍ വരുന്നത്. അടുത്ത ദിവസം തന്നെ ഷഹബാസിനെകൊണ്ട് പാടിച്ചു. അതു കഴിഞ്ഞ് ഞങ്ങള്‍ പറയുമായിരുന്നു രണ്ടു വികലാഗംര്‍ ഒന്നിച്ചൊരു സൈക്കിളില്‍ പോയാലും കുഴപ്പമില്ലെന്ന്... ബാബ്ജി ഒരു ചിരിയോടെ പോയകാലത്തെ ഓര്‍ത്തെടുത്തു. സ്വര്‍ണലതയുടെ മലയാളത്തിലെ ശ്രദ്ധേയമായ ഗാനങ്ങളില്‍ ഒന്നുകൂടിയാണ് കുടജാദ്രി.

സിനിമാനടനാകാന്‍ കൊതിച്ചു...

സിനിമാനടനാകാന്‍ കൊതിച്ച ബാബ്ജി സംഗീതഞ്ജനായി പരിണമിച്ചത് അവിചാരിതമായാണ്. അന്വേഷണങ്ങള്‍ക്കൊടുവില്‍ വീണുകിട്ടിയ സിനിമയിലെ സഹനായക വേഷം സമ്മാനിക്കുമ്പോള്‍ സംവിധായകന്‍ ഒരാവശ്യം കൂടി മുന്നോട്ടുവച്ചു. ചിത്രത്തിലെ ഗാനങ്ങളുടെ വിതരണം കൂടി ഏറ്റെടുക്കണം. ആദ്യമായി വീണുകിട്ടയ അവസരം നഷ്ടപ്പെടരുതെന്ന ചിന്ത വന്നതോടെ തന്റെ അടുത്ത സുഹൃത്തിനേയും ഒപ്പം കൂട്ടി ഗാനങ്ങളുടെ വിതരണം ഏറ്റെടുത്തു. കാസറ്റുകള്‍ കേരളത്തിലെ എല്ലാ കാസറ്റുകടകളിലും ബാബ്ജി തന്നെ നേരിട്ട് എത്തിച്ചു. കഷ്ടകാലമായതുകൊണ്ടാകാം, ആ സിനിമ നടന്നില്ല, അതുകൊണ്ടുതന്നെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവില്‍ കടക്കാര്‍ക്കും കാസറ്റ് ഒരു ബാധ്യതയായതോടെ അത് തിരികെ ഏറ്റു വാങ്ങാനായി ബാബ്ജി തന്നെ വീണ്ടും ഇറങ്ങി പുറപ്പെട്ടു. ആദ്യയാത്രയില്‍ കാസറ്റുകള്‍ എല്ലാംതന്നെ തിരികെ ശേഖരിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടുമൊരു യാത്രകൂടി ആവശ്യമായി വന്നു. കാസറ്റു കച്ചവടക്കാരായി ഒരു പരിചയമൊക്കെ വന്നതോടെ അടുത്ത യാത്രയില്‍ പുതിയൊരു കാസറ്റ് കൂടി കൈയില്‍ കരുതിയാല്‍ എന്തായി എന്നായി ചിന്ത. നഷ്ടങ്ങള്‍ നികത്താനതൊരു സഹായമാകുമെന്ന പ്രതീക്ഷയില്‍ അടുത്ത യാത്രയില്‍ കരുതിയത് ബാബ്ജി തന്നെ നിര്‍മിച്ച കോമഡിക്കാരുടെ ശ്രദ്ധയ്ക്ക് എന്ന തമാശ കാസറ്റുകളായിരുന്നു. കാസറ്റ് വിപണിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കച്ചവടത്തെ ഗൗരവമായി കണ്ടു. ആല്‍ബങ്ങള്‍ വിപണിയില്‍ ചലനമുണ്ടാക്കുന്ന കാലമാണ്. അങ്ങനെ എങ്കില്‍ അടുത്തത് പ്രണയഗാനമാകട്ടെ എന്ന തീരുമാനത്തില്‍ എത്താന്‍ ബാബ്ജിക്ക് ഒരുപാട് ചിന്തിക്കേണ്ടി വന്നില്ല.

ഇഷ്ടം എനിക്കിഷ്ടം...

ആരോടും തോന്നാത്തൊരിഷ്ടം...

ആദ്യമായ് തോന്നിയൊരിഷ്ടം...

ഞാന്‍ ചെയ്യുന്ന സംഗീത ആല്‍ബം നിര്‍മിക്കാമോ എന്ന് അടുത്ത സുഹൃത്തും വ്യവസായിയുമായ യാസിന്‍ എലൈറ്റിനോട് ബാബ്ജി ആവശ്യപ്പെടുമ്പോള്‍ ഒരു ചിരിയോടെ അദ്ദേഹമത് കേട്ടിരുന്നു. മറുപടി ഒന്നും കിട്ടിയില്ലെങ്കിലും പാട്ട് ചെയ്യാന്‍ തന്നെയായി തീരുമാനം. ആരെഴുതുമെന്ന ചോദ്യത്തിന് മലയാളത്തിലെ പല പ്രമുഖരുടെയും പേരുകള്‍ ആ മനസ്സിലൂടെ പെരുമഴപോലെ പെയ്തു കൊണ്ടിരുന്നു. നിര്‍മാതാവിനെ തന്നെ ഉറപ്പാക്കിയിട്ടില്ല, അപ്പോള്‍ പിന്നെ അവര്‍ക്കെങ്ങനെ പ്രതിഫലം നല്‍കുമെന്ന ചിന്ത വന്നതോടെ ആ ഭാരവും ബാബ്ജി തന്നെ ഏറ്റെടുത്തു. അതുവരെ പാട്ടെഴുതി ശീലമില്ല. എഴുത്തുവശങ്ങളും സങ്കേതങ്ങളും പരിചയമില്ല, എന്നാലും എഴുതുക തന്നെ, ബാബ്ജി തീരുമാനിച്ചുറപ്പിച്ചു നിന്നു. പിന്നെ വരികള്‍ക്കായുള്ള യാത്രകളായി. ഒരു തുടക്കവും വരികളും വരാതെ വന്നതോടെ ചെറിയ നിരാശകളൊക്കെ തോന്നി തുടങ്ങി.

ഇതിനിടയിലാണ് അടുത്ത സുഹൃത്തിനൊപ്പം ചാവക്കാട്ടെ വീട്ടിലേക്ക് ബൈക്കിലൊരു യാത്ര നടത്തുന്നത്. യാത്രയ്ക്കിടയില്‍ അജിത്ത് നായകനായ ‘പൂവെല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടതോടെ ചില ചിന്തകള്‍ ഓടി എത്തി. വീട്ടിലെത്തി പേപ്പറില്‍ ആദ്യമായി കുറിച്ചു, പൂവോ നിന്‍ ചിരി പൂപ്പന്തലോ... ആ വരികള്‍ ഒരാവേശമായി അങ്ങനെ ബാബ്ജിയുടെ ആദ്യ ഗാനം പിറന്നു, അതിലേക്ക് അക്കാലത്ത് വായിച്ചുകൊണ്ടിരുന്ന ഒ.എന്‍.വിയുടെ കോതമ്പുമണികള്‍ എന്ന കവിതയുടെ ആവേശം കൂടി ആവാഹിച്ചതോടെ ആദ്യ ഗാനം പെറ്റുവീണു, ഇഷ്ടം എനിക്കിഷ്ടം ആരോടും തോന്നാത്തൊരിഷ്ടം...

ഒരു പാട്ടില്‍ നിന്ന് ഒന്‍പത് പാട്ടിലേക്ക് ബാബ്ജി അതിവേഗത്തില്‍ എത്തി. തേജ് മെര്‍വിന്റെ സംഗീതവും അതിലേക്ക് ഇഴുകി ചേര്‍ന്നതോടെ പ്രണയത്തിന്റെ പുത്തന്‍ പാട്ടനുഭവമായി പ്രണയം എന്ന ആല്‍ബം. പാട്ടുകള്‍ കേട്ടതോടെ യാസിന്‍ എലൈറ്റ് നിര്‍മ്മാണം ഏറ്റെടുത്തു.

എഴുത്തുമായി ബന്ധമില്ലാത്ത ബാബ്ജി എങ്ങനെ പാട്ടെഴുത്തുകാരനായെന്ന ചോദ്യത്തിന് അദ്ദേഹത്തിനും കൃത്യമായ ഉത്തരമില്ല. അറിവില്ലായ്മയില്‍ നിന്നാണ് എന്റെ പാട്ടുകളൊക്കെ സംഭവിച്ചതെന്ന് തോന്നുന്നു. എഴുതാന്‍വേണ്ടി ഇരുന്നു, ആകെ കൈമുതലായ അനുഭവങ്ങളെ അതിലേക്ക് ഇഴചേര്‍ത്തു. പാട്ടുകളൊക്കെ എങ്ങനെയോ സംഭവിക്കുകയായിരുന്നു, ബാബ്ജി പറയുന്നു.

ശങ്കര്‍ മഹാദേവന്റെ ഗാനമേളകള്‍ക്ക് തേജ് മെര്‍വിന്‍ ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്ന കാലമാണത്. അതുകൊണ്ടുതന്നെ ശങ്കര്‍ മഹാദേവനിലേക്ക് വേഗത്തിലെത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ശങ്കര്‍മഹാദേവന്‍ ആലപിച്ച ഇഷ്ടം എനിക്കിഷ്ടം എന്ന ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചു. എസ്. പി. ബാലസുബ്രഹ്‌മണ്യം, പി. ജയചന്ദ്രന്‍, ഹരിഹരന്‍, സുജാത തുടങ്ങിയ ഗായകര്‍ ആലപിച്ച പ്രണയത്തിലെ ഗാനങ്ങള്‍ ഇന്നും മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളാണ്.

എന്റെ മനസ്സ് നിന്റെയല്ലേ...

നിന്റെ മനസ്സ് എന്റെയല്ലേ...

പ്രണയത്തിലെ പാട്ടുകളുടെ തുടര്‍ച്ചയായിരുന്നു പ്രണയത്തിന്‍ ഓര്‍മയ്ക്കായ് എന്ന ആല്‍ബം. എം. എ. ബാബ്ജി - തേജ് മെര്‍വിന്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളിലെ മുഖ്യ ആകര്‍ഷണം ഉദിത് നാരായണന്‍ പാടിയ എന്റെ മനസ്സ് നിന്റെയല്ലേ എന്ന ഗാനം തന്നെയായിരുന്നു. ഉദിത് നാരായണന്റെ മലയാളത്തിലെ ആദ്യ ഗാനം കൂടിയായിരുന്നു അത്.

അദ്നാന്‍ സമിയെ കൊണ്ട് പാടിച്ച് ചരിത്രമാകേണ്ട പാട്ട് ഉദിത് നാരായണിനിലേക്ക് എത്തിയപ്പോഴത് ബാബ്ജിയുടെ ജീവിതത്തിലെ തന്നെ ചരിത്ര നിമിഷമായി. അദ്‌നാന്‍ സമിയ്ക്ക്് തിരക്കൊഴിഞ്ഞ നേരമില്ലാത്ത കാലമാണ്. മറ്റൊരു ഗായകനെ ചിന്തിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഉദിത് നാരായണനിലേക്ക് എത്തി. സിനിമാഗാനങ്ങളും സ്റ്റേജ് ഷോകളുമായി ഉദിത് നാരായണനും കത്തി നില്‍ക്കുന്ന സമയം. ചില സുഹൃത്തുക്കള്‍ വഴി അദ്ദേഹവുമായി ബന്ധപ്പെട്ടു. പാടാമെന്നു സമ്മതിച്ചതോടെ ബാബ്ജി മുംബൈയിലെ സ്റ്റുഡിയോയിലെത്തി.

റെക്കോര്‍ഡിങ് ദിവസമാണ്. പക്ഷെ യാത്രാക്ഷീണവും കാലാവസ്ഥ മാറ്റവുമൊക്കെ കൊണ്ട് ബാബ്ജി ശാരീരികമായി തളര്‍ന്നു പോയി. തേജ് മെര്‍വിനും ഒപ്പം ഇല്ലാത്തതുകൊണ്ട് പാട്ടു പാടി കേള്‍പ്പിക്കേണ്ട ഉത്തരവാദിത്തവുമുണ്ട്. മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചാല്‍ പിന്നെയിത് നടക്കുമോ എന്നും അറിയില്ല. എന്തായാലും ധൈര്യം സംഭരിച്ചു. വരുന്നതു വരട്ടെ. ഉദിത് നാരായണന്‍ പാട്ടുകേള്‍ക്കാന്‍ ഇരുന്നതോടെ ബാബ്ജിക്ക് ചുമയും തുടങ്ങി. എങ്കില്‍ നമുക്ക് അടുത്ത ദിവസത്തേക്ക് റെക്കോര്‍ഡിങ് മാറ്റാം എന്ന് ഉദിത് നാരായണന്‍ തന്നെ പറഞ്ഞതോടെ ബാബ്ജി നിരാശനായി. ആ നിരാശയെ മറയ്ക്കാനെന്നവണ്ണം തുടക്കഭാഗത്തെ ചില ഹമ്മിംഗുകള്‍ മാത്രം പാടി അദ്ദേഹം അന്ന് യാത്ര പറഞ്ഞു.

അടുത്ത ദിവസങ്ങളില്‍ ഉദിത്ജീക്ക് മറ്റു ചില സംസ്ഥാനങ്ങളിലാണ് പരിപാടികള്‍. അതെനിക്ക് അറിയാം. അതോടെ ആകെ ടെന്‍ഷനായി. ഞാനദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. ഉച്ചയ്ക്ക് വീട്ടിലേക്ക് വരൂ എന്നു പറഞ്ഞു. ഇനിയുള്ള ഒരാഴ്ച് വലിയ തിരക്കാണെന്നും എങ്കിലും ഈ ഗാനം ഞാന്‍ തന്നെ പാടിയിരിക്കും എന്നും ഉറപ്പു നല്‍കി. അതോടെ എനിക്ക് സന്തോഷമായി. ഞാനീ പാട്ട് പാടി അയയ്ക്കാം, അല്ലെങ്കില്‍ നിങ്ങള്‍ ഒരാഴ്ച ഇവിടെ നില്‍ക്കൂ. അതിനുള്ള ചെലവ് കാശ് ഞാന്‍ തന്നേക്കാം എന്നു കൂടി അദ്ദേഹം പറഞ്ഞതോടെ ഞാന്‍ ഞെട്ടി പോയി. അദ്ദേഹം എനിക്ക് തന്ന ഉറപ്പിനൊപ്പം സഞ്ചരിക്കുകയായിരുന്നു അപ്പോഴും. പിന്നീട് എട്ട് ദിവസം കഴിഞ്ഞാണ് ഉദിത്ജി ഈ ഗാനം പാടാന്‍ എത്തുന്നത്. ആദ്യ മലയാള ഗാനമല്ലേ... വലിയ മുന്നൊരുക്കങ്ങളോടെയാണ് എത്തിയതു തന്നെ. പരിപാടികള്‍ക്കിടയിലും സമയം കണ്ടെത്തി അദ്ദേഹം മലയാളം വരികള്‍ പഠിച്ചു. എന്നിട്ടും വിചാരിച്ചതിലും കൂടുതല്‍ സമയം റെക്കോര്‍ഡിങ്ങിന് എടുത്തു. നമ്മുടെ ബജറ്റിന്റെ പരിമിതിയൊക്കെ നന്നായി അറിയാവുന്നതുകൊണ്ടാകാം സ്റ്റുഡിയോ വാടക പകുതിയേ വാങ്ങിയുള്ളു. പ്രതിഫലം നല്‍കിയപ്പോഴും പകുതി കാശ് തിരികെ നല്‍കി. പാട്ടുകൊണ്ടും ഇടപെടല്‍കൊണ്ടും അതിശയിപ്പിക്കുകയായിരുന്നു ആ പാട്ടുകാരന്‍. ബാബ്ജി പറയുന്നു.

ഇതേ ആല്‍ബത്തിലേ മഴക്കാലമല്ലേ മഴയല്ലേ, ഇനിയെന്നു കാണും സഖീ, സുന്ദരനല്ല ഞാന്‍ സുന്ദരിപൂവേ.. തുടങ്ങി ഗാനങ്ങളും യുവാക്കള്‍ ഏറ്റുപാടി.

ഒരുപൂവിന്‍ പേര്‍ ചൊല്ലി വിളിക്കാന്‍

എന്റെ ഹൃദയം പറയുന്നു

ചെമ്പകമെന്നോ ചെന്താമരയെന്നോ

ചെമ്പരത്തിയെന്നോ...

നിന്നേ എന്തുപേര്‍ ഞാന്‍ വിളിക്കും...

പറയാതെപോയ പ്രണയത്തിന്റെ സുഖമുള്ള നോവായിരുന്നു മോഹത്തിലെ ഒരു പൂവിന്‍ പേര്‍ ചൊല്ലിവിളിക്കാന്‍ എന്ന ഗാനം. ബാബ്ജിയുടെ വരികളും സംഗീതവും പി. ജയചന്ദ്രന്റെ ശബ്ദത്തില്‍ മുങ്ങി കുളിച്ചപ്പോള്‍ അതുമൊരു സുഖമുള്ള പാട്ടായി. ഒരു ട്രെയിന്‍ യാത്ര സമ്മാനിച്ച ഓര്‍മകളുടെ പാട്ടടയാളമാണ് ബാബ്ജിക്ക് ഇന്നീ ഗാനം. എന്റെ അനുഭവങ്ങളുമായി ഇത്രമേല്‍ ചേര്‍ന്ന മറ്റൊരു ഗാനമില്ല. ഓരോ വരിയിലും ഞാനത് കുറിച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്. ബാബ്ജി അവളുടെ ഓര്‍മകളിലേക്ക് മടങ്ങി.

തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയില്‍ ബാബ്ജി അവിചാരിതമായി റെയില്‍വേ സ്റ്റേഷനില്‍ കണ്ടുമുട്ടിയ സുന്ദരി. പിന്നെ മനസ്സ് അവള്‍ക്കൊപ്പമായി. തന്റെ ഏകാന്തതകളില്‍ പ്രണയം വിതറിയ സങ്കല്‍പ്പത്തിലെ അതേ രൂപം... ട്രെയിനില്‍ ഓരേ ബോഗിയില്‍ എത്തിയപ്പോഴും അതൊരു നിമിത്തമായി. കണ്ടു കണ്ണെടുക്കാതെ അവളെ നോക്കിയിരുന്നു. തന്നെ ശ്രദ്ധിക്കുന്നുവെന്നു തോന്നിയതോടെ അവള്‍ മുഖം തിരിച്ചു. കിട്ടിയ മറകളിലൊക്കെ അവള്‍ ഒളിക്കാന്‍ ശ്രമിച്ചു. അങ്ങനെ വിട്ടു കളയുവാനാകുമോ... ട്രെയിന്‍ യാത്ര അല്‍പ്പനേരത്തേക്കെങ്കിലും മേഘങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയായി ബാബ്ജിക്ക്. ഒരു സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴേക്കും ആലുവ സ്റ്റേഷന്‍ എത്തിയിരിക്കുന്നു. തിരക്കില്‍ അവളെ കാണാനുമില്ല. പിന്നെ കാണുന്നത് പ്ലാറ്റ് ഫോമിലൂടെ നടന്നു നീങ്ങിയ അവള്‍ ബാബ്ജിയെ നോക്കി ഒന്നു പുഞ്ചിരിക്കുന്നതാണ്. ഇറങ്ങാന്‍ ശരീരം വെമ്പിയെങ്കിലും ട്രെയിന്‍ നീങ്ങി തുടങ്ങി...  കണ്‍മുന്നില്‍ നിന്നും അകലേക്കു മാഞ്ഞ, പേരറിയാത്ത, അവളുടെ ഓര്‍മകള്‍ പിന്നെ പൂത്തുലഞ്ഞത് ഈ ഗാനത്തിലൂടെയായിരുന്നു. പാട്ടിലുടനീളം നിറഞ്ഞു നില്‍ക്കുന്നതും ഇന്നോളം തിരഞ്ഞ ആ രൂപത്തിന്റെ നിറങ്ങളായിരുന്നു.

മലയാളത്തില്‍ ആകാശമിഠായി, കന്നഡയില്‍ ബിര, തമിഴില്‍ കാതല്‍ ഇരുന്താല്‍ എന്നീ ചിത്രങ്ങള്‍ക്കും എം. എ. ബാബ്ജി സംഗീത സംവിധാനം നിര്‍വഹിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA