‘മാഷേ ഇത് കലക്കും’ ആ വാക്കുകള്‍ കാലം ശരിവച്ചു; കാർ യാത്രയ്ക്കിടെ കവിമനസ്സിൽ പൂത്ത ‘ദേവദാരു’, പിന്നണിക്കഥ

chunakkara-ramankutty-song
SHARE

‘കഥ കേട്ടിട്ട് സൂപ്പർ. പക്ഷേ പാട്ടുകളും കൂടി നന്നായെങ്കിലേ പടം ഹിറ്റാവൂ. അക്കാര്യം നിങ്ങളെ ഏൽപിക്കുകയാണ്, നിങ്ങൾ എങ്ങനെയും അത് സാധിച്ചു തരണം.’ അക്കാലത്തെ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്കായി സമ്മാനിച്ച അരോമ മണിയുടെ ആവശ്യം. പാതി മാത്രം മലയാളിയായ സംഗീത സംവിധായകൻ സാമുവേൽ ജോസഫ് എന്ന ശ്യാമും ഒരു കാലത്ത് പാട്ടുകാരനാവാൻ മോഹിച്ച് സിനിമാരംഗത്തേക്കു കടന്നു വന്ന് പാട്ടെഴുത്തുകാരനായി മാറിയ ചുനക്കര രാമൻകുട്ടിയും അതു കേട്ട് ഒന്നു മുഖത്തോടു മുഖം നോക്കി. സിനിമയുടെ സംവിധായകൻ കൂടിയായ നിർമാതാവിന്റെ ആവശ്യം അത്ര പുതുമയുള്ളതല്ലെങ്കിലും ഒരു വെല്ലുവിളി പോലെയാണ് അവർക്ക് അന്നു തോന്നിയത്. 

ജോലി ഏറ്റെടുത്തു കഴിഞ്ഞ ശ്യാമാണ് ആദ്യം ചിന്താഭാരത്തിലായത്. കാരണം പാട്ടു പിറക്കാനുള്ള ട്യൂൺ ആദ്യം കണ്ടെത്തണമല്ലോ! വരികൾക്ക് ട്യൂണിടുന്ന രീതി ഏറെക്കുറെ ഉപേക്ഷിച്ചു കഴിഞ്ഞ സംഗീതജ്ഞന് പതിവില്ലാത്ത ഒരു പിരിമുറുക്കം അന്നുണ്ട്. നിരവധി ഈണങ്ങളാണ് ആ മനസ്സിൽ തുടരെ കെട്ടഴിഞ്ഞു വീണത്. ഒടുവിൽ ആറു പാട്ടുകൾക്കുമുള്ള ഈണങ്ങൾ മനസ്സിലേക്ക് ഓടിയെത്തുകയും അത് ടേപ്പിലാക്കി ചുനക്കരയെ ഏൽപിക്കുകയും ചെയ്തപ്പോൾ തികഞ്ഞ ആത്മവിശ്വാസമായിരുന്നു ആ മുഖത്ത്. ഒപ്പം തന്റെ റോൾ കഴിഞ്ഞു എന്ന ഭാവവും! ‘മാഷേ ഇത് സ്വസ്ഥമായി കേട്ടിട്ട് വരികളെഴുത്. നമുക്ക് ഒരാഴ്ച സമയം തന്നിട്ടുണ്ട്. പാട്ട് ഹിറ്റായാലേ പറ്റൂ.’_ ടേപ്പ് നൽകി ഒരു മുന്നറിയിപ്പെന്ന വണ്ണം പറയുമ്പോൾ മേമ്പൊടിയായി ട്യൂണുകൾ മൂളി കേൾപ്പിക്കുവാനും തെന്നിന്ത്യൻ ഹിറ്റ്മേക്കർ അന്നു മറന്നില്ല. 

‘ലാ.. ലലാലാ.. ലാലാ, ലലലാ.. ലാലലാ....’ മഹാബലിപുരത്തെ പ്രാഥമിക ചർച്ചകൾക്കുശേഷം ബീച്ചുഹോട്ടൽ ഉപേക്ഷിച്ച് ചെന്നൈയിലെ അരോമയുടെ താമസസ്ഥലത്തേക്കു പോകുമ്പോൾ സംഗീത സംവിധായകൻ മൂളിയ ആ ട്യൂൺ വിട്ടുമാറാത്തവണ്ണം ചുനക്കരയുടെ ചുണ്ടിൽ തത്തിക്കളിച്ചുകൊണ്ടേയിരുന്നു. വല്ലാതെ ഹൃദയം കവർന്ന ഈണത്തിന് വരികൾ പരതിയ കവിയിലേക്ക് ഒരു മാന്ത്രികതയിലെന്നവണ്ണമാണ് പൂത്തുലഞ്ഞ ദേവവൃക്ഷം ഓടിയെത്തിയത്...

കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യാമും എം മണിയും ഉറക്കം പിടിച്ചതോടെ ചുനക്കര തന്റെ ഡയറിയെടുത്തു. കാറിന്റെ ഉലച്ചിൽ ശരീരത്തെയും ശ്യാമിന്റെ ഈണം മനസ്സിനെയും താളാത്മകമാക്കുമ്പോൾ ആ തൂലിക ചലിച്ചു തുടങ്ങി.... മലയാളികളുടെ ഹൃദയതാഴ്‌വരകളിൽ പൂത്തിറങ്ങിയ ദേവദാരു പോലെ വരികൾ ഒന്നൊന്നായി പിറന്നു.... ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ....’

കാർ ചെന്നൈയിലെത്തി നിൽക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവരെ തട്ടിയുണർത്തി സ്ഥലമെത്തിയ വിവരം പറയുന്നതോടൊപ്പം ‘ദാ ഇതൊന്നു കേൾക്കണേ..’ ഹമ്മിങ് മൂളി ചുനക്കര വരികൾ കേൾപ്പിക്കവേ ശ്യാം ഒന്നന്ധാളിച്ചു... ‘ഇത്ര പെട്ടെന്നോ? അതും ഇത്രയും സൂപ്പർ വരികൾ!!’ ഹാർമോണിയമെടുത്ത് ഈണം പിടിച്ച് വരികൾ മൂളി നോക്കിയ സംവിധായകൻ വിശ്വാസം വരാതെ എഴുത്തുകാരനെ നോക്കിയിരുന്നുപോയത് ചരിത്രം. ‘മാഷേ ഇത് കലക്കും!’ എഴുപത് - എൺപതുകളിലെ ചലച്ചിത്ര ഗാനശാഖയ്ക്ക് ഒരു നവകാൽപനിക പരിവേഷം സമ്മാനിച്ച ശ്യാമിന്റെ അന്നത്തെ പ്രസ്താവനയെ കാലവും ശരിവയ്ക്കുന്ന കാഴ്ചയായിരുന്നല്ലോ പിന്നീട് കണ്ടത്.

ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ, 1983ൽ പുറത്തിറങ്ങിയ ‘എങ്ങനെ നീ മറക്കും’ എന്ന ശങ്കർ - മോഹൻലാൽ - മേനക ചിത്രത്തിനു വേണ്ടിയായിരുന്നു ആ ചുനക്കര - ശ്യാം കൂട്ടുകെട്ട്. ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും ഹിറ്റുകളുടെ ശ്രേണിയിൽ ഇടം പിടിച്ചുവെങ്കിലും ഈ ഗാനത്തോട് മലയാളിക്കുള്ള ഹൃദയ ബന്ധം പറഞ്ഞറിയിക്കുക പ്രയാസം. സാന്ദർഭികമായി രണ്ടു മൂഡിലായിരുന്നു പാട്ടിന്റെ സൃഷ്ടിയെങ്കിലും രണ്ടും ആസ്വാദന വഴിയിൽ ഏറ്റക്കുറച്ചിലുകളില്ലാതെ എത്ര തലമുറകളാണ് നെഞ്ചേറ്റിപ്പോരുന്നത്!  

ഗായകനായ നായകനോട് നായികയ്ക്കു തോന്നിയ പ്രണയമാണ് പ്ലസന്റ് മൂഡിലെ പാട്ടിന് പശ്ചാത്തലമാകുന്നത്. മലയാള ചലച്ചിത്ര ഗാനശാഖ അതിന്റെ സുവർണ ദശകങ്ങളിലൂടെ കടന്നുപോയ കാലത്ത് ആസ്വാദക ലോകം എന്നും കേൾക്കാൻ കൊതിച്ച സ്വര സൗന്ദര്യങ്ങളിലൊന്നായ ആന്ധ്രാ സ്വദേശിനി പുലപക സുശീലയെന്ന പി. സുശീലയുടെ ശബ്ദത്തിൽത്തന്നെ മലയാളത്തിന് അത് കേൾക്കാനുമായി. 

പ്രണയവും സൗഹൃദവും ഏറെക്കുറെ മാറ്റുരയ്ക്കുന്ന കഥയിൽ ശോഭയുടെ സന്തോഷത്തോടൊപ്പം നിൽക്കാൻ ചുനക്കര എന്ന കവിയിലെ പ്രണയാതുര ഹൃദയത്തിനാവുന്നു. മാനമാകെ തെളിഞ്ഞ രാത്രിയിൽ ദേവദാരു പൂക്കുമ്പോൾ ദേവലോകം മതിമറന്ന് ആഹ്ലാദിക്കുമത്രേ! ആ ആഹ്ലാദത്തെ ശോഭയിലേക്കും അതിലൂടെ ആസ്വാദക മനസ്സുകളിലേക്കും പകരാൻ കവിക്ക് അനായാസം കഴിയുമ്പോൾ ആ കാൽപനികതയ്ക്ക് വല്ലാത്തൊരു കാവ്യഭംഗി തന്നെ! 

‘മഴവില്ലിൻ അഴകായി

ഒരു നാളിൽ വരവായി

ഏഴഴകുള്ളൊരു തേരിൽ

എന്റെ ഗായകൻ...’ യൗവന കൽപനകൾക്ക് എന്നും ഏഴഴകു തന്നെയാണ്. നായികയുടെ ഹൃദയാഴങ്ങളിൽ ഒരു കാത്തിരിപ്പ് ഒടുങ്ങിയതായും സ്വപ്നങ്ങളെ സഫലമാക്കിക്കൊണ്ട് തന്റെ നായകൻ അവിടെ ഇരിപ്പുറപ്പിച്ചുകഴിഞ്ഞതായും ഏതു ഭാവനാലോകത്തേക്കു കൂട്ടിക്കൊണ്ടു പോയാണ് നായിക പറയുന്നത്! മഴവില്ലിന്റെ അഴകു പോലെ, ഏഴഴകുള്ള തേരിലായിരുന്നത്രേ അവന്റെ വരവ്! ഏറെ കിനാവുകൾ കണ്ട് ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ നായികയിലേക്ക് ഏഴു സ്വരങ്ങളും പകർന്നേകാനുള്ള നായകന്റെ വരവ്... ഹൊ! ഒരു ഗ്രാമീണ പെൺകൊടിയുടെ ഹൃദയം തുടിക്കുന്നത് എങ്ങനെയാവാമെന്ന് ഗ്രാമീണതയെ നെഞ്ചേറ്റുന്ന കവിക്ക് എത്ര നിശ്ചയമാണ്!  ഭാവനകളിങ്ങനെ ചിറകുവിടർത്തി പ്രേമ ഗായകന്റെ വരവിനെ ആഘോഷമാക്കി ആഹ്ലാദിക്കുന്ന യൗവനത്തെ കാല്പനിക വാങ്മയങ്ങളിലൂടെ അവതരിപ്പിച്ച കവിയെ ആ ഒരൊറ്റ ഗാനം മതിയല്ലോ മലയാളത്തിനെന്നും ഓർക്കാൻ! മലയാളത്തെ ഒന്നടങ്കം പാട്ടു പാടിയുറക്കാനായി വലംകാൽ വച്ചു വന്നു കയറിയ സുശീലാമ്മയ്ക്ക് 12 ഇന്ത്യൻ ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങളാലപിച്ചതിന്റെ ഗിന്നസ് റെക്കോർഡ് നേടാനായത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാനും ഈ ഗാനം നല്ല ഉദാഹരണം തന്നെ! ഗായികയ്ക്കൊപ്പം അന്ന് ഗാനത്തിൽ പശ്ചാത്തലമായി മനോഹരമായ ഹമ്മിങ് പാടിയതോ.... അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല... പാട്ടൊരുക്കിയ സാക്ഷാൽ ശ്യാം തന്നെ!

മെയിൽ വേർഷനിൽ യേശുദാസിനെക്കൊണ്ടും ഈ ഗാനം പാടിച്ചേ മതിയാവൂ എന്ന ആവശ്യം ഉയർന്നപ്പോൾ ഏത് സന്ദർഭത്തിലേക്കാണ് വേണ്ടതെന്നായി ഏവരുടേയും ചിന്ത. അവസാനത്തിലേക്ക് പാട്ട് വേണമെന്ന് അരോമ, അതിനുള്ള സാധ്യതയില്ലെന്ന് ചുനക്കരയടക്കം മറ്റുള്ളവരും. ഒടുവിൽ മൂഡു മാറ്റിപ്പിടിക്കാമെന്ന യേശുദാസിന്റെ തീരുമാനം തർക്കങ്ങളവസാനിപ്പിച്ചു. മാത്രവുമല്ല കഥയ്ക്ക് സാന്ദർഭികമായി ആ വിഷാദച്ഛായയിലെ ആലാപനം തികച്ചും അനുയോജ്യമാവുകയും ചെയ്തു!

സ്വന്തം കാമുകി ആത്മമിത്രമായ ശംഭുവിന്റെ ഹൃദയം കവര്‍ന്ന പെണ്ണെന്നറിയുന്ന പ്രേംകുമാറിനു തന്റെ പ്രണയത്തെക്കാൾ വലുതായിരുന്നു ശംഭുവിനോടുള്ള ബന്ധം. കൂട്ടുകാരനു വേണ്ടി തന്റെ പ്രണയബന്ധത്തിൽനിന്നു പിൻവാങ്ങിയ പ്രേംകുമാർ മനസ്സുരുകി ജീവനൊടുക്കുന്ന കഥ ദുഃഖ പര്യവസായിയാണ്. ക്ലൈമാക്സിലേക്കു പോകുമ്പോൾ വേണ്ട മെയിൽ വേർഷന് ആവശ്യമായ ചേരുവകളൊരുക്കി ഹിറ്റാക്കുവാനും ശ്യാമിന് ഏറെ പാടുപെടേണ്ടി വന്നില്ല. ‘ഡെഫനിറ്റിലി അതിന്റെ ക്രെഡിറ്റ് യേശുദാസിനു തന്നെയാണ്..’ - ആലാപന മികവിനെ തുറന്ന് അംഗീകരിക്കാൻ പക്ഷേ ആ സംഗീത മാന്ത്രികന് ഒട്ടും മടിയില്ല.

‘കൗമാരപ്രായം’ (1979) മുതൽ തുടങ്ങിയ ചുനക്കര - ശ്യാം കൂട്ടുകെട്ട് മലയാള സിനിമാ ഗാനങ്ങളുടെ രണ്ടു ദശകങ്ങളെ നിയന്ത്രിച്ച കൂട്ടുകെട്ടുകളിൽ ഒന്നുമായിരുന്നു. ഒത്തുചേർന്നപ്പോഴൊക്കെയും പാട്ടും പടവും ഹിറ്റായതോടെ ഭാഗ്യ കൂട്ടുകെട്ടാണ് അതെന്ന് സിനിമാലോകം അംഗീകരിച്ചതും മറ്റൊരു ചരിത്രം! പാട്ടെഴുത്തിൽ വിഷാദത്തിനിടം കൊടുക്കാതെ ഏവരെയും സന്തോഷിപ്പിക്കാനായിരുന്നു ചുനക്കരയ്ക്ക് എന്നുമിഷ്ടം. എപ്പോഴും സന്തോഷിക്കാനെങ്ങനെ കഴിയുന്നു എന്ന ചോദ്യത്തിന് ‘സങ്കടപ്പെടാൻ എനിക്ക് സമയമില്ല’എന്ന നിഷ്കളങ്കമായ മറുപടിയിലും ചിരിയായിരുന്നു. പക്ഷേ പ്രണയാർദ്രമായ കഥയിലെ മനസ്സു നോവിക്കുന്ന ക്ലൈമാക്സിൽ പ്രേംകുമാർ വിഷം കഴിച്ച് മരിക്കട്ടെയെന്ന് തിരക്കഥയെഴുതിയ പ്രിയദർശനെ ഉപദേശിച്ചത് ചുനക്കരയാണെന്ന വിരോധാഭാസം ഇന്നും വല്ലാത്ത തമാശ തന്നെ!

ഇരുനൂറിലധികം പാട്ടുകളെഴുതിയ ചുനക്കരയ്ക്കും ദശാബ്ദങ്ങളെ സൂപ്പർഹിറ്റുകൾ കൊണ്ടലങ്കരിച്ച ശ്യാമിനും തങ്ങളുടെ കൂട്ടുകെട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഗാനവും ഇതുതന്നെ. അവസാന കാലം വരെ തന്റെ ഫോണിലെ റിങ്ടോണായി ചുനക്കര സെറ്റു ചെയ്ത് വെച്ചിരുന്നതും ‘ദേവദാരു പൂത്തൂ...’ തന്നെയായിരുന്നു. അതെ.. പൂത്തിറങ്ങുകയാണ് ദേവദാരു... കേൾവിയിടങ്ങളിൽ ഹരം പിടിപ്പിക്കുന്ന സൗരഭം പകർന്ന്.... ലാ.. ലലാലാ.. ലാലാ, ലലലാ.. ലാലലാ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA