ADVERTISEMENT

ഓര്‍മ്മകള്‍ക്ക് ചെമ്പക പൂവിന്റെ ഗന്ധമാണ് ചിലനേരങ്ങളില്‍. ഹൃദയത്തിന്റെ പാട്ടുപെട്ടിയില്‍ സുഗന്ധം പരത്തുന്നവയില്‍ മുൻ നിരയിലുണ്ട് ഒഎന്‍വി-എംബിഎസ് ഗാനങ്ങൾ. സംഗീതവും സൗഹൃദവും കൂട്ടിയിണക്കിയ ഈ മധുര ഗീതങ്ങളിലുണ്ടല്ലോ ജീവിതത്തിന്റെ നിറവു മണവും നിഴലും നിലാവും. ഒന്നു കാതോർക്കെ കേൾക്കാം ഹൃദയത്തിന്റ ആഴങ്ങളിൽ നിന്നും ഒരു പാട്ട്.

'ചമ്പക പുഷ്പ സുവാസിത യാമം

ചന്ദ്രികയുണരും യാമം'.  

ചെമ്പകത്തെ ചമ്പകമാക്കിയതില്‍ പോലും ഒരു സുഗന്ധമുള്ളതു പോലെ. വാക്കും ഈണവും ചേര്‍ന്ന ലയഭംഗിയുള്ള ആ പാട്ട് കേള്‍ക്കുന്നവര്‍ക്കുള്ളിലും ഒരു  ചെമ്പകമൊട്ട് വിരിയാതിരിക്കില്ല. വെറുതെ പാടുന്ന ഓര്‍മ്മകള്‍ക്കും പറയാനുണ്ട് കഥകള്‍.

അന്നൊരിക്കല്‍, ബോംബെ സാന്താക്രൂസ് സ്‌കൂള്‍ മൈതാനത്ത് കെട്ടിയുയര്‍ത്തിയ കൂറ്റന്‍ സ്റ്റേജില്‍ നിന്ന് മെലിഞ്ഞു നീണ്ടൊരു ചെറുപ്പക്കാരന്‍  പാടുകയാണ്' കതിരറുപ്പോം പോര്‍ കതിരറുപ്പോം...' മുഴക്കമുള്ള ആ ശബ്ദത്തെ കോരിത്തരിപ്പോടെ കേട്ടിരുന്നൊരു ശ്രോതാവിന്റെ മനസ്സില്‍ ആ മുഖവും ശബ്ദവും ആഴത്തില്‍ പതിഞ്ഞു. പിന്നീടെത്രയോ മനോഹര സങ്കല്‍പങ്ങളുടെ തീരത്തിരുന്ന് ഭാവഗാനങ്ങളൊരുക്കിയ രണ്ട് ആത്മ സുഹൃത്തുക്കളുടെ ആദ്യസമാഗമമായിരുന്നു അത്.  

രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ച കാലം അത് സുവര്‍ണലിപികളില്‍ എഴുതിയിട്ടു. ചെറിയ മൂന്നക്ഷരമുള്ള പേരുകളില്‍ പിന്നീടവര്‍ പ്രശസ്തരായി. ആന്ധ്രപ്രദേശില്‍ ജനിച്ച് പിന്നീട് തമിഴകത്തേക്കും ഒടുവില്‍ എംബിഎസ് എന്ന് മലയാളി മനസ്സിലും കുടിയേറിയ മനമധുരൈ ബാലകൃഷ്ണന്‍ ശ്രീനിവാസയ്യങ്കാര്‍ ആണ് അന്നത്തെ ഗായകന്‍. അത്ഭുതാദരങ്ങളോടെ ആ ഗാനം കേട്ടിരുന്ന ശ്രോതാവിനെയും നാമറിയും ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്ന മലയാളത്തിന്റെ സ്വന്തം ഒഎന്‍വി.

ബോംബെയില്‍ നടന്ന ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ ) ദേശീയ സമ്മേളനത്തില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് എംബിഎസിന്റെ ആലാപനം. വര്‍ഷം 1952. സമ്മേളനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒഎന്‍വിയെക്കൂടാതെ തോപ്പില്‍ ഭാസിയും ദേവരാജനും ഉണ്ട്.

സംഗീതം മാത്രമല്ല ഇടതു പക്ഷ ആശയങ്ങളോടുള്ള ആഭിമുഖ്യവും കലയിലും സംസ്‌ക്കാരത്തിലും സജീവമായി ഇടപെടാനുള്ള താത്പര്യവും ഈ രണ്ട് പ്രതിഭകള്‍ക്കിടയിലെ സൗഹൃദത്തെ ഊട്ടിയുറപ്പിച്ചു. അതിന്റെ സര്‍ാഗാത്മക പ്രതിഫലനം അവരുണ്ടാക്കിയ പാട്ടുകളെയും മനോഹരമാക്കി. 1966ല്‍ പുത്രി എന്ന ചിത്രത്തിലൂടെയാണ് ഈ അപൂര്‍വ്വ കൂട്ടുകെട്ടിന് തുടക്കമാവുന്നത്. തുടര്‍ന്ന് മധുവിധു, ഓണപ്പുടവ, ബന്ധനം എന്ന ചിത്രങ്ങളിലും സൗഹൃദത്തിന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹരഗാനങ്ങളുണ്ടായി.

1979ല്‍ റിലീസായ കെ.ജി. ജോര്‍ജിന്റെ ഉള്‍ക്കടല്‍ എന്ന ചിത്രത്തോടെയാണ് എംബിഎസ് ഒഎന്‍വി കൂട്ടുകെട്ട് ചര്‍ച്ചയായിത്തുടങ്ങുന്നത്. ഒരു തെറ്റിദ്ധാരണയുടെ പേരില്‍ ട്രെയിന്‍ യാത്രക്കിടെ പോലിസ് പിടിച്ചിറക്കിയ തിക്താനുഭവത്തിന്റെ വേദനയും പേറിയാണ് എംബിഎസ് ഈ മനോഹര ഗാനങ്ങളുണ്ടാക്കിയെന്നറിയുമ്പോള്‍ വിസ്മയം തോന്നും. പാട്ട് ചിട്ടപ്പെടുത്താനായി മദ്രാസ് മെയിലില്‍ വന്നിറങ്ങുന്ന എംബിഎസിനെ സ്വീകരിക്കാന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ സമയത്ത് തന്നെ എത്തിയിരുന്നു കെ.ജി. ജോര്‍ജും കഥാകൃത്ത് ജോര്‍ജ് ഓണക്കൂറും ഒഎന്‍വിയും. അവസാനയാത്രക്കാരനിറങ്ങിയിട്ടും കാത്തിരുന്ന ആളെ മാത്രം കാണാനില്ല. പരിഭ്രമത്തോടെ അന്നത്തെ ഡിജിപി എം.കെ.ജോസഫിനോട് കാര്യങ്ങള്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഫലമായി ഒരു വിവരം കിട്ടി. റെയില്‍വേ പോലീസുമായി എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഒരാളെ കോട്ടയം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്.

onv-mbs
ഒ.എൻ.വി എംബിഎസ്, വി.ടി.മുരളി എന്നിവർക്കൊപ്പം

അലസമായ വേഷവും ചീകിയൊതുക്കാത്ത നീണ്ട മുടിയുമായി സിനിമയുടെ പകിട്ടൊന്നുമില്ലാതെ കമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്ന സംഗീതജ്ഞനെ റെയില്‍വേ പൊലീസ് എന്തോ തെറ്റിദ്ധാരണയുടെ പേരിൽ  ചോദ്യം ചെയ്യുകയും മറുപടിയിൽ തൃപ്തി പോരാതെ പിടിച്ചിറക്കുകയുമായിരുന്നു. എന്തായാലും ഡിജിപിയുടെ ഇടപെടല്‍ മൂലം പൊലീസ് എസ്‌കോര്‍ട്ടോടെ തന്നെ അദ്ദേഹത്തെ തിരുവനന്തപുരത്തെത്തിച്ചു. ഹോട്ടല്‍ മുറിയിലെത്തി കുളിച്ച് ഉഷാറായി എംബിഎസ് നേരെ ഒഎന്‍വിയുടെ വീടായ ഇന്ദീവരത്തിലെത്തി.  

ആ പകലിന്റെ വേദന പുറത്തു കാട്ടാതെ അടിമുടി പ്രൊഫഷണല്‍ ആയ ആ പ്രതിഭ ' ഒഎന്‍വി വര്‍ക്ക് ഈസ് അവര്‍ ലൈഫ്, ലെറ്റസ് സ്റ്റാർട്ട് എന്ന് പറഞ്ഞ് ഹാര്‍മോണിയത്തില്‍ ദ്രുതഗതിയില്‍ വിരലോടിച്ചു. സംഗീതം നിറഞ്ഞ ആ മനസിനുള്ള സാന്ത്വനം ഒഎന്‍വിയുടെ വരികളില്‍ തന്നെയുണ്ടായിരുന്നു. ശരദിന്ദു മലര്‍ ദീപ നാളം നീട്ടി സുരഭില യാമങ്ങള്‍ ശ്രുതി മീട്ടി... എന്നെന്നും പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത ശരദിന്ദു മലര്‍ദീപം ഇരുവരും ചേര്‍ന്ന് കൊളുത്തിയത് ആ സന്ധ്യക്കാണ്.

ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ

ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ

മധുരമായ് പാടി വിളിക്കുന്നു

ആരോ മധുരമായ് പാടി വിളിക്കുന്നു

സംഘര്‍ഷത്തില്‍ നിന്ന് സംഗീതത്തിലേക്കുള്ള മനസ്സിന്റെ സഞ്ചാരം ഈ പാട്ടിന്റെ ഈണത്തിലലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന് ഒഎന്‍വി പറഞ്ഞിട്ടുണ്ട്. മനോഹരങ്ങളായിരുന്നു ഉള്‍ക്കടലിലെ ഗാനങ്ങളെല്ലാം. എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ പെണ്‍ കൊടീ.. ആദ്യാനുരാഗത്തിന്റെ അഴകു വിടര്‍ത്തുന്ന ഈ കവിത ഒഎന്‍വിയുടെ അക്ഷരം എന്ന കവിതാ സമാഹാരത്തിലുള്ളതാണ്.

കടിഞ്ഞൂല്‍ പ്രണയകഥയിലെ പെണ്‍കൊടിക്ക് പുറമെ കൃഷ്ണതുളസി കതിരുകള്‍ ചൂടുമൊരു, നഷ്ടവസന്തത്തിന്‍ തപ്തനിശ്വാസമേ എന്നീഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായി. ഉള്‍ക്കടല്‍, യവനിക, ചില്ല്, പരസ്പരം ഈ  ചിത്രങ്ങള്‍ മലയാളി ഇന്നും ഓര്‍ത്തിരിക്കുന്നത് അവയിലെ മനോഹരമായ  പാട്ടുകള്‍ കൊണ്ട് കൂടിയാണ്. സാഹിത്യവും സംഗീതവുമായുള്ള ലയനം തന്നെയാണ് മനപൊരുത്തമുള്ള രണ്ടു പേര്‍ ചേര്‍ന്നുണ്ടാക്കിയ പാട്ടുകളുടെ ഭംഗി.

കെ.ജി. ജോര്‍ജിന്റെ തന്നെ യവനികയിലെ പാട്ടുകളും വരികളും ഈണവുമായുള്ള മനോഹരമായ ഇണക്കം കൊണ്ട് ഹൃദ്യമാണ്. ചമ്പക പുഷ്പ സുവാസിതയാമവും, ഭരതമുനിയൊരു കളം വരച്ചു.. എന്നീ ഗാനങ്ങളും കൂടാതെ പാട്ടിലെ വരികള്‍ പോലെ തന്നെ മധുരമൊരനുഭൂതി പകര്‍ന്ന മിഴികളില്‍ നിറകതിരായ ഗാനവും.

'മിഴികളില്‍ നിറകതിരായി സ്‌നേഹം

മൊഴികളില്‍ തേന്‍കണമായി.

മൃദുകര സ്പര്‍ശനം പോലും

മധുരമൊരനുഭൂതിയായി ..'

വരിയിലെ സ്‌നേഹ ഭാവത്തിന് സൗന്ദര്യം പകരുന്ന യേശുദാസിന്റെ  ആലാപനവും പാട്ടിനെ  തഴുകിയിറങ്ങുന്ന എംബിഎസിന്റെ സംഗീതവും എത്ര ആര്‍ദ്രമായാണ് പെയ്തിറങ്ങുന്നത്.  

  

ഒരു വാക്കിന്‍ തേന്‍കണമായി സ്‌നേഹം...

ഒരു നോക്കിലുത്സവമായി

തളിരുകള്‍ക്കിടയിലെ പൂക്കള്‍

പ്രേമലിഖിതത്തിന്‍ പൊന്‍ലിപിയായി...'  

ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിലെ ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന പാട്ടിന് ഇന്നും ആരാധകരേറെയാണ്. ഒരു ബാലസാഹിത്യ കൃതിയായി എഴുതിയ ഒഎന്‍വി കവിത സിനിമയുടെ സന്ദര്‍ഭത്തിനിണങ്ങുമെന്ന് തോന്നിയതിനാല്‍ സിനിമയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മനോഹരമായ ഒരു കവിതയെഴുതിക്കിട്ടിയാല്‍ ആഹ്ലാദ നൃത്തം ചവിട്ടുന്ന ആ സംഗീതസംവിധായകന്റെ സുന്ദരച്ചിത്രം ഒഎന്‍വി  പല തവണ ഹൃദയ സ്പര്‍ശിയായി വിവരിച്ചിട്ടുമുണ്ട്.ചെന്നൈ മറീനാ ബിച്ചിലിരുന്നാണ് 'ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന എന്ന പാട്ടിന്റെ വരികള്‍ ചര്‍ച്ച ചെയ്യുന്നത്. 'വെറുതേയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം എന്ന വരികേട്ടപ്പോള്‍ സന്തോഷം കൊണ്ട് ഒരു കുട്ടിയെപ്പോലെ തുള്ളിച്ചാടിയ എബിഎസിനെക്കുറിച്ച് കവി അനുസ്മരിച്ചിട്ടുണ്ട്. ഒരു ബാവുല്‍ ഗായകനെപ്പോലെ രണ്ടു കറക്കം കറങ്ങിയായിരുന്നു ആ വരികള്‍ എംബിഎസ് ഏറ്റു പാടിയത്.  

ഇതേ ചിത്രത്തിലെ ചൈത്രം ചായം ചാലിച്ച പാട്ടില്‍ പ്രണയിനിയുടെ മനോഹര രൂപം വരച്ചിടുമ്പോള്‍ മിഴിവാര്‍ന്ന് വരുന്നത് കാല്‍പനികത തുളുമ്പുന്ന  ഒഎന്‍വിയിലെ കാമുകഹൃദയം തന്നെയാണ്.  

ചൈത്രം ചായം ചാലിച്ചു.

നിന്റെ ചിത്രം വരയ്ക്കുന്നു.

എങ്ങു നിന്നെങ്ങുനിന്നീ  കവിള്‍ തട്ടിലീ

കുങ്കുമവര്‍ണം പകര്‍ന്നൂ

മാതളപ്പൂക്കളില്‍ നിന്നോ മലര്‍വാക

തളിര്‍ത്തതില്‍ നി‌ന്നോ...

പാടിപ്പറന്നുപോം എന്‍ കിളിതത്ത തന്‍

പാടലമാം ചുണ്ടില്‍ നിന്നോ...

പോക്കുവെയില്‍ പൊന്നുരുകിയ പാട്ടിലാവട്ട, നഷ്ടപ്രണയത്തിന്റെ വേദനയെയുംമാസ്മരികമായ സംഗീതത്തിലൂടെ എംബിഎസ് സൗന്ദര്യവത്ക്കരിക്കുന്നു. ഓര്‍ക്കസ്ട്ര കൊണ്ട് പാട്ടിനെ നോവിക്കാനിഷ്ടമില്ലാത്ത സംഗീത സംവിധായകനായിരുന്നു അദ്ദേഹം.

പോക്കുവെയില്‍ പൊന്നുരുകി

പുഴയില്‍ വീണു

പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...

കണ്‍നിറയെ അത് കണ്ട് നിന്നു പോയി

എന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയി..

സിനിമയും കഥയും വിസ്മൃതിയിലായാലും  മറക്കാനാവില്ലല്ലോ ഈ പാട്ടുകള്‍... മലയാളിയുടെ ഹൃദയസ്പന്ദനങ്ങളില്‍ പ്രണയവും വിരഹവും ആനന്ദവുമൊക്കെ കോരിയിട്ട ചിത്രങ്ങളും അതിലെ മറക്കാനാവാത്ത പാട്ടുകളും. പരസ്പരം എന്ന ചിത്രത്തില്‍ ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഗാനം കേട്ടാല്‍ ഏതു കഠിന ഹൃദയവും ഒന്ന് തൂവിപ്പോവും.  

നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍

മറഞ്ഞ സന്ധ്യകള്‍ പുനര്‍ജനിക്കുമോ

മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ...

വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും

തഴുകി  നിന്നെക്കാത്തിരിക്കയാണു ഞാന്‍...

കാത്തിരിപ്പിന്റെ വേദന ശ്രുതിയിട്ട ഈ രണ്ടുവരികളില്‍ ജീവിതത്തെ എന്നെന്നേക്കുമായി കെട്ടിയിട്ടവരുമുണ്ട്. കത്തിയില്‍ വി.ടി. മുരളി പാടിയ ഗാനം പകര്‍ന്ന വിഷാദമധുരം കൊണ്ട് മറക്കാനാവാത്തൊരു പാട്ടാണ്. ഈ പാട്ടിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മുരളിക്ക് മദ്രാസിലെ പാം ഗ്രോവ് ഹോട്ടലിലെ കമ്പോസിങ് മുറി ഓര്‍മ്മവരും. പാട്ടുമാത്രമായിരുന്നില്ല അവിടുത്തെ വര്‍ത്തമാനം. സാഹിത്യവും ചരിത്രവും രാഷ്ട്രീയവുമെല്ലാം സംസാരിച്ചിരിക്കുന്ന ആ മഹദ് വ്യക്തികളുടെ സൗഹൃദം വലിയ കൗതുകത്തോടെയാണ് കണ്ടു നിന്നത് എന്ന് വി.ടി.മുരളി പറയുന്നു.

പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി

കന്നിനിലാ കസവൊളി പുടവ ചുറ്റി

കുന്നത്തെകാവില്‍ വിളക്ക് കാണാന്‍ വന്നൊരുള്‍നാടന്‍ പെണ്‍കിടാവേ

എന്റെ ഉള്ളില്‍ മയങ്ങുന്ന മാന്‍കിടാവേ..

മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ പാട്ടും കേള്‍ക്കുന്ന മാത്രയില്‍ മനസ്സില്‍ ഇടം പിടിക്കും..

നെറ്റിയില്‍ പൂവുള്ള

സ്വര്‍ണച്ചിറകുളള പക്ഷീ

നീ പാടാത്തതെന്തേ.  

പാട്ടിനപ്പുറം എന്തും തുറന്ന് പറയുന്ന രണ്ട് പ്രതിഭകള്‍ക്കിടയിലെ സൗഹൃദം കൂടി കയ്യൊപ്പു വെച്ചിട്ടുണ്ട് ഈ പാട്ടുകളിലെല്ലാം. എന്നാല്‍ സുഹൃത്ത് മാത്രമല്ല എംബിഎസ് തനിക്ക് സഹോദരനെപ്പോലെയായിരുന്നുവെന്നാണ് ഒഎന്‍വി പറഞ്ഞിട്ടുള്ളത്. ഒഎന്‍വിയുടെ കവിത തുളുമ്പുന്ന പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ വലിയ ഹരം തന്നെയായിരുന്നു എംബിഎസിന്. പലപ്പോഴും ആ വരികളിലെ സൗന്ദര്യം തൊട്ടറിയുമ്പോള്‍ 'ആഹാ ബ്യൂട്ടിഫുള്‍ ഒഎന്‍വി.. വണ്ടര്‍ഫുള്‍ ഒഎന്‍വി എന്നു പറഞ്ഞ് തുള്ളിച്ചാടുകയും ചെയ്തു എംബിഎസിലെ നിഷ്‌കളങ്കനായ സംഗീതജ്ഞന്‍.

മലയാളം എഴുതാനും വായിക്കാനും അറിയില്ല എംബിഎസിന്. കേട്ടാല്‍ പക്ഷേ മനസ്സിലാവും. ഇംഗ്ലീഷിലായിരുന്നു ഇരുവര്‍ക്കുമിടയിലെ ആശയവിനിമയം. ഒഎന്‍വിയെഴുതുന്ന വരികള്‍ തമിഴില്‍ എഴുതിയെടുത്ത് ഓരോ വാക്കിന്റെയും അര്‍ത്ഥം മനസ്സിലാക്കിയാണ് ഈണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ആ സര്‍ഗ സപര്യ ദീര്‍ഘനാള്‍ കൊണ്ടു പോകാന്‍ വിധി അനുവദിച്ചില്ല. 1988ല്‍ 62ാം വയസില്‍ തികച്ചും അപ്രതീക്ഷിതമായി എംബിഎസ് വിടവാങ്ങി.  

പാടിത്തീരാതെനിലച്ചുപോയ ഗാനം എന്നായിരുന്നു ആ വിയോഗത്തില്‍ ഉള്ളു നീറിയ ഒഎന്‍വി അനുസ്മരിച്ചത്. ഓര്‍മ്മച്ചെപ്പിലേക്ക് മോഹിപ്പിക്കുന്ന കുറെ പാട്ടുകള്‍ കൂടി തന്ന് ഏതോ മധുരഗാനത്തെ പിന്‍പറ്റി ഒഎന്‍വിയും ഒടുവില്‍ യാത്രയായി..

പെയ്‌തൊഴിയാത്ത ഗാനങ്ങളില്‍ സ്വയമലിഞ്ഞ് കേള്‍വിക്കാര്‍ പിന്നെയും  പാടുകയാണ്.. ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ.. ചിറകാര്‍ന്ന സ്വപ്‌നങ്ങള്‍ നിങ്ങളാരോ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com