പങ്കജ് ഉധാസ് - എഴുപതിലും പതിനാറാം നിലാവ്

HIGHLIGHTS
  • എഴുപതാം പിറന്നാൾ ആശംസകൾ
Pankaj-udhas
SHARE

‘നാ കജരേ  കീ ധാർ 

നാ മോതിയോം കേ  ഹാർ

നാ കോയി കിയാ സിംഗാർ

ഫിർഭി കിതനി സുന്ദർ ഹോ

തും കിതനി സുന്ദർ ഹോ.’

1994-ൽ  രാജീവ് റായ്  സംവിധാനം നിർവഹിച്ച  മൊഹ്റയിലെ ഈ പ്രണയഗാനം എഴുതിയ  പ്രസിദ്ധ കവി ഇന്ദീവറിനെ  ഒരിക്കൽ ദില്ലിയിലെ ‘ജനസത്ത’യുടെ ഓഫീസിനു മുന്നിൽവച്ചു  കാണാൻ സാധിച്ചു. മുന്നൂറിലേറെ സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങൾ എഴുതിയിട്ടുള്ള ഇന്ദീവർജി വഴിയരികിലെ ഒരു ചെറിയ പാൻകടയുടെ മുന്നിൽ നിന്നുകൊണ്ടു പറഞ്ഞ ഒരു വാക്യം ഇപ്പോഴും മനസ്സിൽ കിടക്കുന്നു- ‘ഞാൻ എത്രയോ പാട്ടുകൾ എഴുതി. പക്ഷേ ‘നാ കജരേ  കീ ധാർ’ എനിക്കു  മറക്കാൻ പറ്റില്ല. അതിൽ വരികളുടെ മേന്മയോ കേമത്തമോ ഒന്നുമില്ല! അതിനെ ഇത്രയും മനോഹരമാക്കിയത് പങ്കജ് ഉധാസാണ്. ഞാൻ ഉറപ്പു പറയുന്നു, റഫിജി പാടിയാലും കിഷോർജി പാടിയാലും ആ പാട്ടിൽ  ഇത്രയും ഫീൽ ഉണ്ടാകണമെന്നില്ല. സത്യത്തിൽ ‘നാ കജരേ  കീ ധാർ’ ഒരു പ്രേമഗാനമല്ല, ഒരു ഗാനം സ്വയം പ്രേമമായി  മാറിയതാണ്.’ വായിൽ കിടന്ന പാൻ റോഡിലേക്കു തുപ്പിയശേഷം ഇടറിയ ശബ്ദത്തിൽ ആ പാട്ടിലെ രണ്ടു വരികൾ ഇന്ദീവർജി പാടി. തുടർന്നുള്ള വരികൾ  മുന്നോട്ടുപോകാൻ  കണ്ണീർത്തുള്ളികൾ അദ്ദേഹത്തെ അനുവദിച്ചില്ല.

പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ ഈ അനുഭവം പങ്കജ് ഉധാസുമായി നേരിൽ പങ്കിടാനുള്ള സൗഭാഗ്യവും എനിക്കു  ലഭിച്ചു. അന്നേരം ഞങ്ങൾ നിർമാണം നടന്നുകൊണ്ടിരുന്ന ചോയിസ് ടവറിന്റെ ഏറ്റവും മുകളിലെ ഹെലിപ്പാഡിൽ നിൽക്കുകയായിരുന്നു. ഞങ്ങളുടെ മുന്നില്‍ രത്നക്കല്ലുകള്‍ വിതറിയതുപോലെ എറണാകുളം നഗരം. അതിലും വലിയ അത്ഭുതമായി എനിക്കരികില്‍ പങ്കജ് ഉധാസ് എന്ന വിശ്വോത്തര ഗായകന്‍. ഇന്ദീവർജി  കുറിച്ചുള്ള പരാമർശം പങ്കജ് ഉധാസിനെ ലേശം ഉലച്ചു. സ്വർണലായനി നിറഞ്ഞ സ്ഫടിക ചഷകം കയ്യിലിരുന്ന വിറച്ചു. അതിനെ അദ്ദേഹം പാരപ്പറ്റിൽ എടുത്തുവച്ചു. പിന്നീട്. ‘നാ കജരേ  കീ ധാർ’ പാടാൻ ഉണ്ടായ സാഹചര്യവും അതിലൂടെ കൈവന്ന അഭൂതപൂർവമായ കീർത്തിയും ജനപ്രിയതയും വളരെ വികാരതീവ്രതയോടെ അദ്ദേഹം വിവരിച്ചു- ‘രാജ്യത്തിനകത്തും പുറത്തുമായി അൻപതിലേറെ അവാർഡുകൾ എനിക്കു ലഭിച്ചിട്ടുണ്ട്.. പക്ഷേ  ‘നാ കജരേ  കീ ധാർ’ സംഗീത ജീവിതത്തിൽ എനിക്കു കിട്ടിയ ഏറ്റവും വിലപിടിച്ച ഒരു മൊഹ്‌റയാണ്. അതിപ്പോഴും എൻറെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നു. നിങ്ങൾ കാണുന്നില്ലേ ഭയ്യാ? പാട്ടുകൾ ഗായകനെ തേടിവരുമ്പോഴേ ഏതു പാട്ടിനും പൂർണത ലഭിക്കൂ. അതിൽ ലഹരി വന്നു നിറയുകയുള്ളു. മിർസ ഗാലിബ് സാഹിബ് കുറേക്കാലം കൽക്കത്തയിലെ ഷിംലാ ബസാറിനു സമീപമുള്ള ഒരു ഹവേലിയിൽ താമസിച്ചിട്ടുണ്ട്. അവിടെ ഇരുന്നുകൊണ്ട് അദ്ദേഹം എഴുതിയ ഒരു ഗസലിൽ പറയുന്നു, ‘ഖനിയിൽ ധാരാളം സ്വർണം കിടക്കുന്നു. പക്ഷേ സ്വർണപ്പണിക്കാരന്റെ കൈകളിൽ എത്തിച്ചേരുന്ന സ്വർണത്തിനു മാത്രമേ ആഭരണങ്ങളാകാനുള്ള കിസ്മത് ലഭിക്കുന്നുള്ളൂ.’

പങ്കജ് ഉധാസ്ജിയുടെ വാക്കുകൾ സംഗീതംപോലെ മധുരവും വികാരഭരിതവുമായിരുന്നു. ജീവിതത്തിൽ  അദ്ദേഹം പുലർത്തിയ നിർമലതയും ലാളിത്യവും ജീവകാരുണ്യവും സംഭാഷണത്തിൽ രത്‌നംപോലെ തിളങ്ങിനിന്നു. അതെന്നെ പിന്നെയും ആ വിഖ്യാതഗായകന്റെ വിനീത ദാസനാക്കി മാറ്റി. അലുക്കുവച്ച ആദരങ്ങൾ ഹൃദയത്തിൽ ചെറിയ തിരകൾ ഉയർത്തി. ഈ മഹത്തായ അനുഭവത്തിനു ഞാൻ യഥാർഥത്തിൽ കടപ്പെട്ടിരിക്കുന്നയാൾ അന്നേരം സംഭാഷണത്തിനിടയിൽ കടന്നുവന്നു. മോഹൻലാലിനോടൊപ്പം ജേറ്റിയും- ജോസ് തോമസും- വർത്തമാനത്തിൽ ചേർന്നുനിന്നു. അന്നത്തേതിനേക്കാൾ മനോഹരമായ മറ്റൊരു രാത്രി എൻറെ ജീവിതത്തിൽ വന്നുപോയിട്ടുണ്ടോ? ഞാനിപ്പോൾ ചിന്തിച്ചുനോക്കുന്നു! അങ്ങനെ വേറൊന്നും ഓർമയിൽ വരുന്നില്ല.

ഒരു പതിറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഗസൽ രാജകുമാരൻ പങ്കജ് ഉധാസുമായി നേരിൽ സംസാരിക്കാനും മനസിൽ പൊടിമൂടിക്കിടന്ന സംശയങ്ങൾ തുടച്ചെടുക്കാനും ലഭിച്ച സന്ദർഭം  മറക്കുന്നതെങ്ങനെ? അന്നത്തെ  ദിവസം ലൊക്കേഷനില്‍ ഷോട്ടുകളുടെ ഇടവേളയില്‍ കാരവനിലിരുന്നു സംസാരിക്കേ മോഹന്‍ലാല്‍ ചോദിച്ചു, 'വരുന്നോ, വൈകുന്നേരം ജേറ്റി പാക്കില്‍ പോകാം. പങ്കജ് ഉധാസ് പാടുന്നുണ്ട്.’ അതു കേട്ടതേ ഓരോ രോമവും ഉണർന്നെണീറ്റ സ്ഥിതിയിലായി ഞാൻ! തേവരയിലെ വീട്ടില്‍നിന്നും ഞങ്ങള്‍ ഒരുമിച്ചിറങ്ങി. ഉധാസിനെ കാണാനും ആശംസകൾ നേരാനുമായി  ലാല്‍ ഗ്രീന്‍ റൂമിലേക്കു ചെന്നപ്പോള്‍ ഞാനും പിന്നാലെ കൂടി. പളപള തിളങ്ങുന്ന പട്ടുടുപ്പു ധരിച്ചു നിൽക്കുന്ന  പ്രിയ ഗായകനെ ആദ്യമായി ഇത്രയും അരികിൽ  കണ്ടപ്പോൾ, ചാര്‍ളി റോസ് ഷോ നടക്കുന്ന വേദിയുടെ പുറകില്‍, കയ്യില്‍ ഒരു ഗിഥാറുമേന്തി അലസമായി ഇരിക്കുകയായിരുന്ന ബ്രൂസ് സ്പ്രിങ്സ്റ്റണ്‍ എന്ന പാശ്ചാത്യ ഗായകനെ നേരിട്ടുകണ്ടപ്പോള്‍ എറിക് ആള്‍ട്ടര്‍മാന്‍ അനുഭവിച്ച വികാരവിക്ഷോഭങ്ങള്‍ എന്നിലുമുണ്ടായി.

രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന സംഗീതനിശ കനത്ത കരഘോഷത്തോടെ സമാപിച്ചു. പിന്നെയും ഞങ്ങൾ ഗ്രീൻ റൂമിൽ ഒത്തുകൂടി. അപ്പോള്‍ ജോസ് തോമസ് കടന്നുവന്നു എല്ലാവരെയും വിരുന്നിനു ക്ഷണിച്ചു.. ഞങ്ങള്‍ ചോയിസ് ടവറിലേക്കു നീങ്ങി. കൊച്ചിയിലെ ഏറ്റവും പൊക്കമുള്ള  കെട്ടിടസമുച്ചയം, നാല്‍പതുനിലകളില്‍ ഉയര്‍ന്നു വരുന്നു. പണി പൂര്‍ത്തിയായിരുന്നില്ല. അതിനു മുമ്പില്‍ ഞങ്ങള്‍ കാത്തുനിന്നു. അല്‍പസമയത്തിനുള്ളില്‍ പുതിയൊരു വേഷത്തിൽ ഉധാസും വന്നെത്തി. പക്കവാദകരില്ലാതെ, തനിയെ. അദ്ദേഹത്തെ കണ്ടതും അവിടെ ചുറ്റിപ്പറ്റിനിന്ന, കെട്ടിടംപണിക്കായി അന്യ ദേശത്തുനിന്നും എത്തിച്ചേർന്ന ജോലിക്കാരില്‍ ഒരു പയ്യന്‍ നിലവിളിയോടെ കാലില്‍ ചെന്നുവീണു! എന്താണു സംഭവം എന്നു ഞങ്ങള്‍ക്കു മനസ്സിലായില്ല. പക്ഷേ ഉധാസിനു മനസിലാക്കാൻ കഴിഞ്ഞു. അദ്ദേഹം അവനെ പതുക്കേ പിടിച്ചുയര്‍ത്തി. തൊഴുതു പിടിച്ച കൈകളില്‍ മുറുകേ പിടിച്ചു. പിന്നെ ഗാഢമായി കെട്ടിപ്പിടിച്ചു അവന്‍ വിതുമ്പലോടെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവര്‍ക്കു മാത്രമറിയുന്ന ഭാഷയില്‍ ചില വികാരവിനിമയങ്ങൾ നടന്നു. സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഹൃദയത്തിൽ ഈ ഗസൽഗായകൾ ചെലുത്തിയ സ്വാധീനത എത്ര ഗഹനമായിരിക്കുന്നു എന്നു സ്വയം ബോധ്യപ്പെടാൻ  അതും എനിക്കൊരു സന്ദർഭമായി.

പങ്കജ് ഉധാസ് മനസിൽ വരുമ്പോഴെല്ലാം, സമാന്തരമായി കൊച്ചി സര്‍വകലാശാലയിലെ ഗതികെട്ട ജീവിതവും മനസില്‍ നുരയും. അവിടെവച്ചാണല്ലോ ഉധാസിനെ ഞാന്‍  പ്രണയിച്ചു തുടങ്ങിയതും. 'ഥോഡീ ഥോഡീ പിയാ കരോ, ചാന്ദീ ജൈസേ രംഗ് ഹേ തേരാ,   സബ്‌കോ മാലൂം ഹേ, ചിട്ടീ ആയീ ഹേ' 'ജിയേ തോ ജിയേ കൈസേ, തൂ പാസ് ഹേ, ഓ സാഹിബാ, പൈമനേ ടൂട് ഗയേ, ഏക് തരഫ് ഉസ്‌കാ ഘര്‍, ഖുദാ കാ ശുകര്‍ ഹേ, ജിസ് ദിന്‍ സേ ജൂദാ, ദീവാരോം സേ മില്‍കര്‍, ആഹിസ്താ കീജിയേ, കര്‍വടേം ബദല്‍, കിസീ നസര്‍ കോ'  എന്നിങ്ങനെ അന്നു കേട്ട പാട്ടുകള്‍ ഇന്നും ദീർഘായുസോടെ ജീവിച്ചിരിക്കുന്നു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന സഹോദരന്‍ ‘അകായി’യുടെ ഒരു വോക്മാന്‍ കൊണ്ടുവന്നുതന്നപ്പോള്‍ കുറച്ചു കസറ്റുകള്‍ പലവഴിയിൽനിന്നു പകര്‍ത്തിയെടുത്തു. ചില രാത്രികളില്‍ വോക്മാനുമായി ഞാന്‍ സനാതനയുടെ ടെറസ്സില്‍ ചെന്നിരിക്കും. മുകളില്‍ അപാരസുന്ദര നീലാകാശം. അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ ചിതറിക്കിടക്കുന്നു. അതിനു താഴെ  ഉധാസ്ജി ഹൃദ്യമായി പാടുന്നു. കേള്‍ക്കാന്‍ ഞാനൊരാള്‍മാത്രം. ഹൃദയം പറയുന്നു, നിനക്കായി ഈ ഭൂമിയിൽ ഒരു പ്രണയംപോലുമില്ലെന്ന വേദന ഇനി എന്തിനാണ്? എല്ലാം കൊണ്ടുവന്നു തരുന്നില്ലേ, ഈ ലഹരി പിടിപ്പിക്കുന്ന  സംഗീതം? അതായിരുന്നു പങ്കജ് ഉധാസ് പഠിപ്പിച്ച പ്രപഞ്ചസത്യം! ക്യാംപസില്‍ തുടക്കംകുറിച്ച നല്ലതും ചീത്തയുമായ ശീലങ്ങളിൽ  വിട്ടുപോകാത്തവയുടെ കൂട്ടത്തില്‍ ഇന്നും അദ്ദേഹമുണ്ട്. അതിനിടെ തെക്കും വടക്കും പടിഞ്ഞാറുമുള്ള ധാരാളം ഗായകര്‍ ഉറ്റബന്ധുക്കളായി വന്നുകയറി. അവരുടെ നിരന്തര സമ്പര്‍ക്കത്തിലൂടെ സംഗീതബോധത്തിലും കാലാനുസാരിയായ മാറ്റങ്ങള്‍ വന്നു. അപ്പോഴും പങ്കജ് ഉധാസിനെ ഞാൻ ഉള്ളിൽ പരിപാലിച്ചുകൊണ്ടിരുന്നു.

വീണ്ടും ഓർമകൾ ചോയിസ് ടവറിന്റെ നാല്പത്തിയൊന്നാം നിലയിലേക്കു കയറിപ്പോകുന്നു. അവിടെ ഞങ്ങൾക്കു ചുറ്റും രാത്രി വളര്‍ന്നുകൊണ്ടിരിക്കുന്നു.. അതിനു ചേര്‍ന്ന ഏതാനും ഗസല്‍ ചിന്തുകള്‍ ഉധാസ്ജിയും പാടി. പ്രണയഹർഷങ്ങളും വിരഹദുഃഖങ്ങളും  അവയിലൂടെ വാർന്നൊഴുകി. അതിനിടെ ഇങ്ങനെ ചില തത്ത്വചിന്താപരങ്ങളായ മൊഴിമുത്തുകളും അദ്ദേഹം വിതറി- 'ഓരോ നഗരത്തിലും രാത്രികള്‍ ഓരോ തരത്തിലാണ്. രാത്രികള്‍ക്കു മണങ്ങളുണ്ട്. പനിനീര്‍പൂക്കളുടെ, വാസനത്തൈലങ്ങളുടെ, മദിരയുടെ, ചിലപ്പോഴെങ്കിലും വിയര്‍പ്പിന്റെയും. നമ്മള്‍ തിരിച്ചറിയുന്നതുപോലെയിരിക്കും രാത്രിയുടെ മണങ്ങള്‍. കരയുവാന്‍ വേണ്ടിയുള്ളതല്ല ജീവിതം. കരയുവാന്‍വേണ്ടി എന്റെ പാട്ടുകള്‍ ആരും കേള്‍ക്കരുത്. ഞാന്‍ അതാഗ്രഹിക്കുന്നില്ല. കേള്‍ക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞേക്കാം. പക്ഷേ അതിലൂടെ ഹൃദയത്തില്‍ സന്തോഷം വന്നുനിറയണം,' ഉധാസ്ജിയുടെ രസനയിലൂടെ നിസാമീ ഗൻജവീ,  സാദീ  ശീറാസീ, ജലാലുദ്ദീൻ റൂമി എന്നിവരെയും ഞാൻ ശ്രദ്ധയോടെ കേട്ടു.

വേർപാടിനു സമയമായപ്പോൾ എല്ലാവരെയും അദ്ദേഹം ആലിംഗനം ചെയ്തു  ഞാനും  സ്വാതന്ത്ര്യത്തോടെ ഉധാസ്ജിയെ മെല്ലെ   കെട്ടിപ്പിടിച്ചു. 'ഫിര്‍ മിലേംഗേ ' അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കുശേഷം അങ്ങനെതന്നെ സംഭവിച്ചെങ്കിലും അന്നേരം അതു ഞാൻ വിശ്വസിച്ചിരുന്നില്ല. ഒരു രാത്രിയുടെ അപ്പുറത്തേക്കു നീളാനുംമാത്രം ഇതിലെന്തു ബാക്കിയിരിക്കുന്നു എന്നേ അപ്പോൾ  ഓർത്തതുള്ളൂ ?

നാൽപതിലേറെ വർഷങ്ങളായി പങ്കജ് ഉധാസ് പാടിക്കൊണ്ടിരിക്കുന്നു. ഈ എഴുപതാംവയസ്സിലും അദ്ദേഹം പാടുന്നതു കേൾക്കാൻ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇതിനകം സ്വന്തം രാജ്യത്തുനിന്നും മറു രാജ്യങ്ങളിൽനിന്നുമായി അൻപതിലധികം പുരസ്‌കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചുകഴിഞ്ഞു. സാങ്കേതികമായി ചിന്തിച്ചാൽ  പങ്കജ് ഉധാസിനേക്കാൾ  ഞാൻ ആരാധിക്കുന്ന  ഗസൽ ഗായകർ വേറെയുണ്ട്. ബീഗം അക്തറും ഫരീദ ഖാനും ആബിദ പർവീണും അമാനത് അലിഖാനും മെഹ്ദി ഹസനും ഗുലാം അലിയും തലത് മഹ്മൂദും അദ്ദേഹത്തെക്കാൾ പ്രകാശമുള്ള നക്ഷത്രങ്ങളാണ്. എന്നിട്ടും പങ്കജ് ഉധാസ് പാടുമ്പോള്‍ അക്കാര്യങ്ങളെല്ലാം ഞാന്‍ മനപ്പൂര്‍വം മറന്നുകളയും. കാരണം ആര്‍ക്കും നിഷേധിക്കാനാവാത്ത തരത്തില്‍ പങ്കജ് ഉധാസ്ജിയുടെ പാട്ടുകളുടെ ഉള്ളറകളില്‍ തുളുമ്പുന്ന  മാധുര്യമുണ്ട്. ഏതൊരാളോടും വ്യക്തിപരമായി സംവദിക്കാനുള്ള ഹൃദയ നൈർമല്യത്താൽ ഉധാസ്ജിയുടെ ഗസലുകൾ അനുഗൃഹീതമായിരിക്കുന്നു. എത്ര കാമിനിമാര്‍ വന്നുപോയാലും ആണൊരാളുടെ ഉള്ളിൽ നിത്യസുഗന്ധത്തോടെ അവശേഷിക്കുന്ന ആദ്യാനുരാഗംപോലെ അതെന്നും നമ്മളിലുണ്ടാവും. വസീം ബരേലവി എഴുതി. പങ്കജ് ഉധാസ് ഈണമിട്ടു  പാടിയ ഈ ഗസൽ വെളിപ്പെടുത്തുന്ന സത്യവും വേറൊന്നല്ല -

'മൊഹബ്ബത് നാസമഝ് ഹോതി  ഹേ

സമഝാനാ   ജരൂരി ഹേ

ജോ ദിൽ മേം ഹേ ഉസേ

ആംഖോം സേ കഹ് ലാനാ ജരൂ രി ഹേ'.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA