ADVERTISEMENT

കഥ പറഞ്ഞു കഥ പറഞ്ഞു ഓര്‍ക്കാപ്പുറത്ത് ഒരീണം പെയ്തു നിറയുക.. രവീന്ദ്രനെന്ന സംഗീതജ്ഞന്‍ ഈണമിടുന്നതിന് സാക്ഷിയായിട്ടുളള ഗാനരചയിതാക്കളും സംവിധായകരും ഏറെ വിസ്മയത്തോടെ കണ്ടു നിന്നിട്ടുണ്ട് ഈ കാഴ്ച. .കാട് കയറിപ്പോവുന്ന കഥകളെ എവിടെ പിടിച്ചു കെട്ടണമെന്നറിയാതെ ചുറ്റുമുള്ളവര്‍ വിഷമിക്കുമ്പോഴാവും പെട്ടന്നൊരു ചാറ്റലായി രവീന്ദ്രസംഗീതം പെയ്തു തുടങ്ങുന്നത്.. ചന്നം പിന്നം പെയ്തു തുടങ്ങിയ ആ ചാറ്റല്‍ മഴ പെരുമഴയാവുന്നത് കണ്ട് നില്‍ക്കുന്നവരെ വിസ്മയിപ്പിക്കും.

ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രിയ പത്‌നി ശോഭന രവീന്ദ്രന്‍ പറയുന്നതിങ്ങനെയാണ്.'' വീട്ടില്‍ കമ്പോസിങ്ങ് നടക്കുന്ന ദിവസങ്ങളില്‍ രാവിലെ തന്നെ അസിസ്റ്റന്റും തബല പ്ലെയറും എത്തും. രവിയേട്ടന്‍ എന്തെങ്കിലും മരാമത്ത് പണികളിലായിരിക്കും. ഇടയ്ക്ക് തബലിസ്റ്റിനോട് ഈ താളത്തില്‍ വായിച്ചോളൂ എന്നു പറയും. ഏറെ നേരം കഴിഞ്ഞും രവിയേട്ടനെ കാണാതാവുമ്പോള്‍ അവര്‍ വായന നിര്‍ത്തും. ഉടനെ ഏട്ടന്‍ വിളിച്ചു പറയും, നിര്‍ത്തേണ്ട വായിച്ചോളൂ എന്ന്. പക്ഷേ പണിയൊക്കെ പൂര്‍ത്തിയാക്കി കുളിച്ച് പൂജാമുറിയില്‍ കയറി പ്രാര്‍ത്ഥിച്ചാണ് പിന്നെ കമ്പോസിങ്ങ് മുറിയിലേക്ക് ചെല്ലുന്നത്. ഹാര്‍മോണിയം മുന്നില്‍ വച്ച് വിരലുകള്‍ ചലിപ്പിക്കുന്നതോടൊപ്പം ഈണവുമുണ്ടാകും. അഞ്ച് മിനിട്ടിനുള്ളില്‍ പാട്ട് റെഡി. ''കാത്തിരുന്ന് മുഷിഞ്ഞവരും പുഞ്ചിരിച്ചു പോവും രവീന്ദ്രസംഗീതത്തിന്റെ മായാജാലത്തില്‍. 

''എന്നാല്‍ വീട്ടില്‍ പണിയൊന്നും ചെയ്യാനില്ലെങ്കില്‍ വന്നിരിക്കുന്നവരുമായി കഥ പറയാന്‍ തുടങ്ങും. ഗാനരചയിതാവോ, നിര്‍മ്മാതാവോ, സംവിധായകനോ ആരായാലും കഥകള്‍ അങ്ങനെ വന്നുകൊണ്ടിരിക്കും. പലരും മനസ്സല്‍ ചിന്തിച്ച് തുടങ്ങും. ഈ സംസാരം കഴിഞ്ഞ് കമ്പോസിങ് തുടങ്ങുന്നതെപ്പോഴാണ് എന്ന്. നീണ്ട സംസാരമവസാനിക്കുമ്പോള്‍ ചുണ്ടില്‍ മനോഹരമായ ട്യൂണുണ്ടാവും. അത് എല്ലാര്‍ക്കും സ്വീകാര്യമാവുകയും ചെയ്യും. ''ശോഭന പറയുന്നു.

രവീന്ദ്രനോടൊപ്പം അതിമനോഹരമായ നിരവധി ഹിറ്റുകളൊരുക്കിയിട്ടുളള  ഗീരീഷ് പുത്തഞ്ചേരിയും ഇങ്ങനെയൊരനുഭവം  പങ്കുവച്ചിട്ടുണ്ട്.. കഥയേറെ പറഞ്ഞിട്ടും ഈണത്തെക്കുറിച്ചൊരക്ഷരം മിണ്ടാത്തതു കണ്ട് ഒരിക്കല്‍ ഗിരീഷ് ആധിയെടുത്ത് ചോദിച്ചു.

''എന്താ ഇങ്ങനെ മടിയനായിരിക്കുന്നത് നമുക്ക് ഒന്ന് ശ്രമിച്ചാലോ?'' എത്രയോ ഈണങ്ങളെ നെഞ്ചേറ്റിയ   ആ പ്രതിഭ ഉടനെ ഒരു മറുചോദ്യമെറിഞ്ഞു പുത്തഞ്ചേരിയോട്'' ഇതങ്ങനെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കാനുള്ളതാണോ?  വരട്ടെടാ.. സംഗീതം ഉള്ളില്‍ നിന്നും വരട്ടെ..'' പുത്തഞ്ചേരിയുടെ വെപ്രാളം കണ്ട്  പാട്ടിന് മുന്നോടിയായുള്ള കഥ പറച്ചിലിന്റെ  സംഗതി  കൂടി അദ്ദേഹം വിവരിച്ചു.

''ഗിരീഷേ, സംവിധായകനെ പറ്റിക്കാന്‍ ഒരു രാഗമെടുത്ത് സൂത്രത്തില്‍ ഒരു ട്യൂണ്‍ ഒപ്പിച്ചെടുക്കാം. അത് പോരാ, നമ്മളുണ്ടാക്കുന്ന പാട്ട് നമ്മുടെ മുദ്രയുള്ളതായിരിക്കണം. അത് കേള്‍ക്കുന്നവരുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുക കൂടി വേണം. ഈ  പഴമ്പുരാണങ്ങളൊക്കെ പറയുമ്പോഴും എന്റെ മനസ്സില്‍ പാട്ടിനെക്കുറിച്ചുള്ള ചിന്തയാണ്. ഈ സന്ദര്‍ഭത്തിന് യോജിച്ച രാഗം തിരഞ്ഞ് പിടിക്കാനുള്ള വെമ്പലാണ്. ഞാനത് പുറമേ കാണിക്കുന്നില്ലെന്നേയുള്ളൂ"  ഇത്രയും കേട്ടപ്പോഴാണ് ഗിരീഷിനും ശ്വാസം നേരെ വീണത്.

ഒരു സിനിമയുടെ കമ്പോസിങ്ങിനു വന്നാല്‍ ഒന്നും ചെയ്യാതെ ഒന്നും രണ്ടും ദിവസം ഒരു പണിയും ചെയ്യാതെ കുഴിമടിയനായി ഇരിക്കും രവിയേട്ടൻ എന്നാണ് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുള്ളത്. പഴയ കാലത്തെ കഷ്ടപ്പാടുകളും പ്രശസ്തരില്‍ നിന്നുള്ള അവഗണനകളുമാവും മിക്കവാറും വിഷയം. അല്ലെങ്കില്‍  കുട്ടിക്കാലത്തെ വികൃതി, തിരുവനന്തപുരം മ്യൂസിക് കോളേജില്‍ യേശുദാസിനോടും എം.ജി.രാധാകൃഷ്ണനോടുമൊപ്പം പഠിച്ച കാലം, വല്ലായ്മകള്‍ക്കിടയിലും കണ്ട ഇത്തിരി സ്‌നേഹവെട്ടങ്ങള്‍, വിപ്ലവകരമായ കല്യാണം, മക്കള്‍ എല്ലാം കഥയില്‍ മാറിമറിഞ്ഞു വരുമത്രേ. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത കഥകള്‍ സങ്കടപ്പെട്ടല്ല ഇത്തിരി പൊടിപ്പും തൊങ്ങലുമൊക്കെയിട്ട് രസകരമായിട്ടു തന്നെയാണ് അവതരണമെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളളവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍  ആ വിരലുകള്‍ ഹാര്‍മ്മോണിയത്തില്‍ തൊട്ടാല്‍ വിരിയുന്ന രാഗങ്ങളുടെ നറുമണം എല്ലാ പരിഭവങ്ങളെയും നിഷ്പ്രഭമാക്കും.

മഴയെ ഏറെയിഷ്ടപ്പെട്ടിരുന്നു അദ്ദേഹം. മഴയത്ത് കമ്പോസ് ചെയ്യാനേറെ ഇഷ്ടപ്പെട്ട മെന്നും പറഞ്ഞിട്ടുണ്ട്.. ചാറി ത്തുടങ്ങുന്ന മഴ പെരുമഴയായി നിറയുന്നതിനെ ഓര്‍മ്മിപ്പിച്ചു ആ സംഗീതവും ജീവിതവും. 

"കവിത കയ്യിലെടുത്തു മൂളി മൂളി പൊടുന്നനെ ഈണത്തിലെത്തുന്ന രവീന്ദ്രന്റെ ആ ഇരിപ്പ് തന്നെ ഒരു രസമായിരുന്നു എന്ന് ഒഎന്‍വിയും പറഞ്ഞിട്ടുണ്ട്''. പൊടുന്നനെ ഒരു പക്ഷി ചിറക് വിടര്‍ത്തി കുടഞ്ഞ് ആകാശത്തേക്ക് പറന്ന് പോവുന്നത് പോലെയാണ് ആ  ഈണമുണ്ടാവുന്നത്'' അദ്ദേഹം പറയുന്നു.

താരകേ മിഴി ഇതളിൽ കണ്ണീരുമായ് താഴെ തിരയുവതാരേ... 1979ല്‍ ‘ചൂള’ എന്ന ചിത്രത്തിലെ ആദ്യ ഗാനം കൊണ്ടു തന്നെ പ്രേക്ഷകരെ കയ്യിലെടുത്ത സംഗീത ശില്‍പി ഊതി മിനുക്കിയ ഗാനങ്ങളോരോന്നും അനശ്വരമായി.  പിന്നീട് മനസ്സിന്റെ മണിച്ചെപ്പിലെടുത്തോമനിക്കാന്‍ തേൻ തുളളിയായി എത്രയെത്ര ഗാനങ്ങള്‍.

ഏഴുസ്വരങ്ങളും, ഒറ്റക്കമ്പി നാദം മാത്രം, തേനും വയമ്പും, മകളേ പാതിമലരേ, പുഴയോരഴകുള്ള പെണ്ണ്, വാനമ്പാടി ഏതോ, സുഖമോ ദേവി, മൂവന്തിത്താഴ്‌വരയില്‍ വെന്തുരുകും വിണ്‍ സൂര്യന്‍, മഞ്ഞക്കിളിയുടെ, ഗംഗേ, കളഭം തരാം,  ഗോപികേ, കാര്‍മ്മുകില്‍ വര്‍ണന്റെ ചുണ്ടില്‍, പ്രമദവനം, ദേവസഭാതല, ഹരിമുരളീരവം, വികാരനൗകയുമായി, മിണ്ടാത്തതെന്തേ, ഏതോ നിദ്രതന്‍, പ്രേമോദാരനായ്, വാര്‍മ്മഴവില്ലേ, എന്തിനായ് നിന്‍, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കും, ആനക്കെടുപ്പത് പൊന്നുണ്ടേ.., ഇത്രമേല്‍ മണമുള്ള,  സിന്ദൂര സന്ധ്യക്ക് മൗനം, ഇനിയെന്റെ ഓമലിനായൊരു ഗീതം,  ചന്ദനമണിവാതില്‍, വാർമുകിലേ, ഏകാകിയാം നിന്റെ സ്വപ്‌നങ്ങള്‍ക്കൊക്കെയും. മുത്തും പവിഴവും കോർത്തു വെച്ചതു പോലെ ഇനിയുമെത്രയോ മനോഹര ഗാനങ്ങളുണ്ട് ആ സംഗീത മാലയിൽ. ഗാനങ്ങളിൽ മികച്ചത് തിരഞ്ഞെടുക്കൽ വളരെ ദുഷ്ക്കരമാണ് .. ആ മനസ്സ് പാടിയ ഈണങ്ങളൊക്കെയും അത്രമേൽ അനശ്വരമാണല്ലോ.

ആരോ ഒരിക്കല്‍ ചോദിച്ചത്രേ, "രവിയേട്ടന്റെ ഈ കുടവയര്‍ നിറയെ സംഗീതമാണോ? വയര്‍ മാത്രമല്ല ശരീരം മുഴുവന്‍ സംഗീതമാണ് രവിയേട്ടന് എന്ന് പറയുന്നു ശോഭന രവീന്ദ്രന്‍. പാട്ടുകള്‍ ഏറെ പ്രകീര്‍ത്തിക്കെപ്പെട്ടെങ്കിലും കൂടുതലായി വെളിച്ചത്ത് കൊണ്ടു വരാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായില്ല. 26 വര്‍ഷങ്ങളില്‍ 250 ഓളം ചിത്രങ്ങള്‍. ആയിരത്തിലധികം ഗാനങ്ങള്‍. ആല്‍ബങ്ങളും സീരിയല്‍ ഗാനങ്ങളും. എങ്കിലും അകാലത്തില്‍ പൊലിഞ്ഞില്ലായിരുന്നെങ്കില്‍ ഇനിയുമെത്രയോ ഈണങ്ങള്‍ പാടുമായിരുന്നു ആ ഹൃദയം.

2005 മാര്‍ച്ച് മൂന്നിനാണ് ഏവരെയും ദുഖത്തിലാഴ്ത്തി അപ്രതീക്ഷിതമായി അദ്ദേഹം വിട വാങ്ങുന്നത്. രവീന്ദ്രസംഗീതത്തില്‍ വീണലിഞ്ഞവരെല്ലാം ഇന്നും ഏറെ വേദനയോടെയാണ് ആ വേര്‍പാടിനെക്കുറിച്ചോര്‍ക്കുന്നത്. "മറക്കാനാവാത്ത ഓര്‍മ്മകളുടെ  നിലാവെളിച്ചങ്ങളില്‍ ആ പാട്ടുകളൊക്കെയും നിശാശലഭങ്ങള്‍ പോലെ നെഞ്ചില്‍ പറന്നു നടക്കുന്നു , ഓർക്കുമ്പോൾ കണ്ണ് നിറയുന്നു എന്നാണ്  ഗിരീഷ് പുത്തഞ്ചേരി ആ വിയോഗത്തെ  വിങ്ങലോടെ അനുസ്മരിച്ചത്. അതെ പൂമ്പാറ്റച്ചിറകുകള്‍ ഉണ്ടായിരുന്നു ആ ഗാനങ്ങള്‍ക്ക്. രവീന്ദ്രൻ തന്നെ ഈണമിട്ട പുലര്‍കാല സുന്ദര സ്വപ്‌നത്തില്‍ എന്ന ഗാനം പോലെ...

രവീന്ദ്രസ്മൃതികളും നിലയ്ക്കുന്നില്ല. മനോഹരമായ ഈണങ്ങളായി പൂമ്പാറ്റകളായി അവ നമ്മുടെ മനസ്സിലെന്നുമുണ്ടല്ലോ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com