‘ഇതെന്തു പാട്ടാണ്... അയ്യോ അയാൾ മലയാളസംഗീതം നശിപ്പിച്ചിരിക്കുന്നു’; വിമർശകർക്കിടയിലൂടെ പാടിക്കയറിയ ജാസി ഗിഫ്റ്റ്

jassie-gift-song
SHARE

പരീക്ഷണങ്ങളേറെ വന്നു പോയിട്ടുണ്ടെങ്കിലും മലയാള സിനിമസംഗീതത്തിലെതന്നെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്ന്. അതുവരെ കേട്ട പാട്ടുകള്‍ക്കുമേലുള്ള പൊളിച്ചെഴുത്തുമായി ആയിരുന്നു ഫോര്‍ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെ ജാസിഗിഫ്റ്റെന്ന സംഗീതസംവിധായകന്റെയും പാട്ടുകാരന്റെയും കടന്നു വരവ്. സംഗീതശീലങ്ങളില്‍ പുതിയ ചേരുവകള്‍ ചേര്‍ത്തു. സ്വരമാധുരിയേക്കാള്‍ ആസ്വാദ്യമായി പാടുവാന്‍ കഴിഞ്ഞാല്‍ ജനം സ്വീകരിക്കുമെന്ന് തിരിച്ചറിഞ്ഞു. പാശ്ചാത്യ സംഗീതവും അതിലേക്കു മലയാളിക്കു പ്രിയപ്പെട്ട മെലഡിയും കലര്‍ത്തി. തമിഴ്സിനിമകളില്‍ മാത്രം കേട്ടു പരിചയിച്ച ഡെപ്പാംകൂത്തിനേയും മലയാളത്തിലേക്കു കടംവാങ്ങി. അങ്ങനെ പുതുതരംഗ സംഗീതത്തിന്റെ തുടക്കവും മലയാളി അനുഭവിച്ചു. ആര്‍ത്തിരമ്പി വരുന്ന കടല്‍പോലെ ജാസിഗിഫ്റ്റ് ഒന്നൊന്നര വരവുവന്നു. ചെറുപ്പക്കാരുടെ മനസ്സ് ഉഴുതുമറിച്ച് പുതുസംഗീതത്തിന്റെ വിത്തും വളവുമിട്ടു. ചിലരൊക്കെ പരാതി പറഞ്ഞ് പരിഭവിച്ചു നിന്നു. അയ്യോ... മലയാള സംഗീതം നശിച്ചിരിക്കുന്നു. അയാള്‍ നശിപ്പിച്ചിരിക്കുന്നു. കടന്നുവരവില്‍തന്നെ ഇത്രയേറെ പ്രശംസയും വിമര്‍ശനവും ഏറ്റുവാങ്ങിയ മറ്റൊരു സംഗീതാജ്ഞന്‍ നമുക്കുണ്ടെന്നു തോന്നുന്നില്ല. എന്തായാലും ചെറുപ്പക്കാര്‍ക്ക് അതൊരു വികാരം തന്നെയായിരുന്നു. ലജ്ജാവതി എന്ന ഗാനം മലയാളക്കരയും കടന്നു പാടി. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്കും പോയി ഏറ്റവും വലിയ ഹിറ്റായ സംഗീതമെന്ന ഖ്യാതി ഇന്നും ഈ ഗാനത്തിനു തന്നെ.

ഇംഗ്ലിഷ് ശകലങ്ങള്‍ ഇതിനു മുന്‍പും മലയാള ഗാനങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ലജ്ജാവതിയില്‍ അതു പാടിയപ്പോള്‍ മാതൃഭാഷപോലെ പലര്‍ക്കും കാണാപാഠമായി. മിണ്ടി തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിലും പ്രായം കുസൃതികാട്ടുന്ന ചുണ്ടിലും ഒരുപോലെ ഒഴുകി എത്തി. പാട്ട് ജനപ്രീതി നേടിയതോടെ കാസറ്റു വിപണിയിലും വലിയ ചലനമുണ്ടാക്കി. പുതുമുഖങ്ങള്‍ മാത്രം അണിനിരന്ന ചിത്രത്തിലേക്കു പ്രേക്ഷക ശ്രദ്ധ നേടുന്നതിനും ജാസിഗിഫ്റ്റിന്റെ പാട്ടുകള്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ലജ്ജാവതി കേള്‍ക്കാന്‍വേണ്ടി മാത്രം തിയറ്ററില്‍ പോയവരും ഉണ്ടെന്നത് മറ്റൊരു വാസ്തവം. അതോടെ സിനിമയുടെ അവസാനഭാഗത്ത് ഗാനം ഒരിക്കല്‍കൂടി ചേര്‍ത്തുവച്ചു. അത്തരമൊരു അപൂര്‍വമായ പാട്ടുചരിത്രംകൂടി പറയാനുണ്ട് ലജ്ജാവതിക്ക്.

ജാസിഗിഫ്റ്റ്, പേരില്‍തന്നെയുണ്ടൊരു പുതുമ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനകാലയളലില്‍ സംഗീതത്തെ ഒപ്പം കൂട്ടിയ ജാസിഗിഫ്റ്റ് ആല്‍ബം ഗാനങ്ങളിലൂടെയാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. ഇംഗ്ലിഷ്, ഹിന്ദി ആല്‍ബം ഗാനങ്ങള്‍ കേരളത്തിലടക്കം വന്‍ജനപ്രീതി നേടിയെടുത്ത രണ്ടായിരം കാലഘട്ടം. വിദേശചാനലുകളുടെ പ്രചാരമായിരുന്നു അതിനു പ്രധാനകാരണം. അതുകൊണ്ടാകാം ആ സ്വാധീനത്തില്‍ നിന്നുകൊണ്ട് തന്റെ പാട്ടുകളിലും ജാസിഗിഫ്റ്റ് തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരുന്നു. യുവത്വം ഇഷ്ടപ്പെടുന്ന ചടുലതയ്ക്കൊപ്പം ആ സംഗീതം സഞ്ചരിച്ചുകൊണ്ടിരുന്നു.

സംഗീതം ആവേശമായിരുന്നെങ്കിലും ജീവിതമായി കണ്ടത് സിനിമയെ ആയിരുന്നു. പൂനെ ഫിലിം ഇന്റിസ്റ്റ്യൂട്ടില്‍ ക്യാമറ പഠിക്കാന്‍ ആഗ്രഹിച്ച ജാസിഗിഫ്റ്റിന് കാലം വിധിച്ചതാകട്ടെ സംഗീതവും. സംവിധായകന്‍ ജയരാജിന്റെ സഹോദരന്‍ മഹേഷ്‌രാജാണ് ജാസിഗിഫ്റ്റിനെ ജയരാജിന് പരിചയപ്പെടുത്തുന്നത്. ആ ഗാനങ്ങളിലെ പുതുമ തിരിച്ചറിഞ്ഞ ജയരാജ് അദ്ദേഹത്തെ നിരാശനാക്കി അയച്ചില്ല. തന്റെ ഹിന്ദി ചിത്രമായ ഭീബത്സത്തില്‍ സംഗീതസംവിധായകനാക്കി. അപ്പോള്‍തന്നെ തന്റെ അടുത്ത ചിത്രത്തിനും കൈകൊടുത്തു. 

രണ്ടായിരത്തോടെ മലയാള സിനിമസംഗീതത്തിലേക്കു പശ്ചാത്യസംഗീതത്തിന്റെ സ്വാധീനം കൂടുതലായി പ്രകടമായി തുടങ്ങി. ഓരോ ദിവസവും സിനിമയിലെന്നപോലെ സംഗീതത്തിലും പുതിയ പുതിയ പരീക്ഷണങ്ങള്‍ വന്നു കൊണ്ടിരുന്നു. ഇന്ത്യയില്‍ തന്നെ അത്തരത്തില്‍ പുതിയ നിരവധി പരീക്ഷണങ്ങളാണു നടന്നു വന്നത്. 2003ല്‍ തമിഴില്‍ എ. ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ വന്ന ബോയ്സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ അതിന്റെ വലിയ ഉദാഹരമാണ്. എക്കാലത്തും പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിച്ച റഹ്‌മാന്റെ ബോയ്സിലെ ഗാനങ്ങള്‍ മലയാളിക്കും ചുണ്ടിന് മധുരമായി. അതുകൊണ്ടാകാം സിനിമയിലും സംഗീതത്തിലും അത്തരമൊരു പരീക്ഷണം നടത്താന്‍ സംവിധായകന്‍ ജയരാജും മുന്നിട്ടിറങ്ങിയത്. പൂര്‍ണമായും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തിലെ സംഗീതത്തിലും കാര്യമായ മാറ്റങ്ങള്‍ ആഗ്രഹിച്ച ജയരാജ് അതിനു ജാസിഗിഫ്റ്റിനെ നിയോഗിക്കുകയും ചെയ്തു.

യുവത്വത്തിന്റെ സ്പന്ദനങ്ങള്‍ നിറയുന്ന ഗാനങ്ങളായിരിക്കണം ചിത്രത്തില്‍ വേണ്ടത്, ജയരാജിന്റെ നിര്‍ദേശം ഇതുമാത്രമായിരുന്നു. ജാസിഗിഫ്റ്റിന് പിന്നെ കൂടുതലൊന്നും ചിന്തിക്കുവാന്‍ ഉണ്ടായിരുന്നില്ല. ഉള്ളിലെ പാശ്ചാത്യ സംഗീതത്തിലേക്കു തന്റെ മലയാളിത്വം കൂടി കലര്‍ത്തി. ആദ്യം കുറച്ച് ഡെമ്മി ഗാനങ്ങള്‍ ഉണ്ടാക്കി സംവിധായകനെ കേള്‍പ്പിക്കുവാന്‍ തീരുമാനിച്ചു. തന്റെ സിനിമകളിലൊക്കെ സംഗീതത്തിനു വലിയ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് ജയരാജ്. അതുകൊണ്ടുതന്നെ പുതിയൊരു പരീക്ഷണത്തിനു തന്നെ അദ്ദേഹം ഒരുങ്ങുമ്പോള്‍ കൃത്യമായ മുന്നൊരുക്കം വേണമെന്ന് ജാസിഗിഫ്റ്റിനും അറിയാമായിരുന്നു. അങ്ങനെ എറണാകുളം പനമ്പള്ളിനഗറിലെ ജയരാജിന്റെ താല്‍ക്കാലിക സങ്കേതത്തിലേക്ക് ജാസിഗിഫ്റ്റ് ഡെമ്മി ഗാനങ്ങളുമായി യാത്രയായി. അദ്ദേഹത്തിന്റെ പുതുസംഗീത താല്‍പര്യങ്ങള്‍ എങ്ങനെയെന്നത് അറിയുക എന്നതായിരുന്നു പ്രധാനം. സംവിധായകന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാട്ടിനെ പുതുക്കുവാനും തീരുമാനിച്ചു. ഉള്ളിലെ ആശങ്കകളെയൊക്കെ മറച്ചുവച്ച്് ജാസിഗിഫ്റ്റ് പാടി തുടങ്ങി. തയാറാക്കിയ മൂന്നുഗാനങ്ങളും കേട്ടതോടെ തനിക്ക് വേണ്ടത് ഇത്തരത്തിലുള്ള ഗാനങ്ങളല്ല, ഇതുതന്നെയാണെന്ന് ജയരാജും പറഞ്ഞു. അതോടെ പിറന്ന ഗാനങ്ങളാണ് ലജ്ജാവതിയും, അന്നക്കളിയും, ബെല്ലെ ബെല്ലേയുമൊക്ക.  

മധുരമാ നിമിഷം.. മധുരമീ നിമിഷം....

താളത്തിനൊത്ത് ഒരു ഒപ്പിച്ചുവയ്ക്കല്‍ ഗാനമായിരുന്നില്ല ലജ്ജാവതി. താളത്തിന്റെ അതിര്‍വരമ്പുകള്‍ കടക്കാതെ ലാളിത്യത്തിന്റെ സൗന്ദര്യം ആവോളം വിളമ്പാന്‍ കൈതപ്രത്തിനായി. വെണ്ണിലാചന്ദനക്കിണ്ണം പോലെ ബാല്യകാല സ്മരണകളുടെ മാമ്പഴക്കാലമായിരുന്നു ലജ്ജാവതിയും. തൊട്ടാവാടിയായ ലജ്ജാവതിയോട് തൊട്ടുരുമ്മി നില്‍ക്കാന്‍ പറയുമ്പോഴും ഓര്‍മകള്‍ ഒരുപാടുണ്ട് കാമുകനു പറയാന്‍. ട്യൂണ്‍ പാടി കൊടുത്തപ്പോള്‍ തന്നെ കൈതപ്രം തിരുമേനി ആദ്യം എഴുതിയത് ലജ്ജാവതിയേ എന്നാണ്. കേട്ടപ്പോള്‍ എനിക്കും ഇഷ്ടം തോന്നിയെങ്കിലും പാടിവരുമ്പോള്‍ എങ്ങനെയായി തീരുമെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ ആ പ്രയോഗം ജയരാജ് സാറിനു നന്നായി സുഖിച്ചു. പിന്നെ കണ്ണടച്ചുതുറക്കും മുന്‍പായിരുന്നു അദ്ദേഹം ലജ്ജാവതിയെ എഴുതി പൂര്‍ത്തിയാക്കിയത്, ജാസിഗിഫ്റ്റ് പറയുന്നു.

ഇംഗ്ലിഷ് വരികളും ചേര്‍ത്തു പാട്ട് വന്നാല്‍ നന്നായിരിക്കുമെന്ന ആശയവും ജയരാജിന്റെയായിരുന്നു. തമിഴും ഹിന്ദിയുമൊക്കെ മാറി മാറി പരീക്ഷിച്ചെങ്കിലും ഒടുവില്‍ എത്തിച്ചേര്‍ന്നത് ഇംഗ്ലിഷിലേക്കാണ്. ജാസിഗിഫ്റ്റ് തന്നെ ആ വരികള്‍ എഴുതുകയും ചെയ്തു. വാച്ച് വാച്ച് വാച്ചോണേ വാച്ച്.. എന്നു തുടങ്ങുന്ന വരികള്‍ മലായാളിക്ക് മലയാളം പോലെ ഒഴുകി വന്നു. അര്‍ത്ഥമറിയാത്തവർപ്പോലും ആ വരികള്‍ മനപാഠമാക്കി പാടി എന്നത് മറ്റൊരു കൗതുകം.

സിനിമാഗാനങ്ങളുടെ സ്ഥിരം ഫോര്‍മുലകളെ പിന്തുടരാതെ അതുവരെ ചെയ്തുവന്ന ആല്‍ബം ഗാനങ്ങളുടെ ശൈലി ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളില്‍ ജാസിഗിഫ്റ്റ് പിന്‍തുടര്‍ന്നു എന്നത് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. സ്വതന്ത്രമായ ചിന്തകളില്‍ പാട്ടിന്റെ പുതിയ വഴികള്‍ അത് തുറന്നിടുകയായിരുന്നു. തൃപ്പൂണിത്തുറ പൂജ സ്റ്റുഡിയോയിലായിരുന്നു ഗാനങ്ങളുടെ റെക്കോര്‍ഡിങ്. ഓര്‍ക്കസ്ട്രേഷന്‍ നടക്കുമ്പോള്‍ എല്ലാവരുടെയും ഐഡിയകള്‍ സ്വീകരിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതിനേക്കാള്‍ പാട്ട് നന്നാവാന്‍ അത് സഹായിച്ചു, ജാസിഗിഫ്റ്റ് പറയുന്നു.

അങ്ങനെ ജാസിഗിഫ്റ്റ് പാട്ടുകാരനായി

യൂത്തന്‍മാരെ ലക്ഷ്യംവച്ചുള്ള പടം ആയതുകൊണ്ടുതന്നെ ചിത്രത്തിലെ ഗാനങ്ങളില്‍ സംവിധായകന്‍ വലിയ ശ്രദ്ധ നല്‍കി. വിദേശ ഗായകന്‍ അദ്നന്‍ സമിക്ക് ഇന്ത്യയിലും ആരാധകര്‍ ഏറിയ കാലവുമാണത്. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഒരു ഗാനം അദ്നന്‍ സ്വാമി പാടട്ടെ എന്നൊരാഗ്രഹം ജാസിഗിഫ്റ്റിന്റെ മനസ്സിലുദിച്ചു. അങ്ങനെ ലജ്ജാവതിയേ എന്ന ഗാനം അദ്ദേഹത്തെകൊണ്ട് പാടിക്കുവാനും തീരുമാനമായി. അന്വേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ സാമ്പത്തികവും സമയവുമൊക്കെ പ്രശ്നമായതോടെ ആ ശ്രമം തന്നെ ഉപേക്ഷിച്ചു. ഇതിനിടയില്‍ ചിത്രീകരണം ആരംഭിച്ചതോടെ ജാസിഗിഫ്റ്റ് തന്നെ ട്രാക്ക് പാടി. എങ്കിലിത് തന്നെ സിനിമയിലും ഉപയോഗിക്കാമെന്ന് ജയരാജ് പറഞ്ഞെങ്കിലും മറ്റൊരു ഗായകനായാല്‍ നന്നായിരിക്കുമെന്നായി ജാസിഗിഫ്റ്റ്

ചിത്രീകരണത്തിന് ഇടയില്‍ ട്രാക്ക് കേട്ട് ഇഷടം തോന്നിയ എല്ലാവരും ഇതാരാണെന്ന് ചോദിക്കുവാന്‍ തുടങ്ങി. ഇൗ ശബ്ദം തന്നെ ഉപയോഗിച്ചാല്‍ നന്നായിരിക്കുമെന്നായി കേട്ടവരെല്ലാം. ശബ്ദത്തിലെ പുതുമ തന്നെയായിരുന്നു എല്ലാവരുടേയും ചര്‍ച്ചാ വിഷയം. സഹപ്രവര്‍ത്തകരുടെ ആവേശം കണ്ടതോടെ ഹിറ്റുറപ്പായ ജയരാജിന് പിന്നെ ഒന്നും ചിന്തിക്കുവാനുണ്ടായിരുന്നില്ല. ജാസിഗിഫ്റ്റ് അങ്ങനെ പാട്ടുകാരനായി.

ചിത്രത്തിലെ അന്നക്കിളി എന്ന ഗാനം കാര്‍ത്തിക്കിനെകൊണ്ട് പാടിക്കുവാനായിരുന്നു തീരുമാനം. അങ്ങനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയില്‍ എത്തി കുറച്ചു ഭാഗങ്ങള്‍ പാടിക്കുകയും ചെയ്തു. എന്നാല്‍  ആ പാട്ടിന്റെ റെക്കോര്‍ഡിങ് വിചാരിച്ച സമയത്ത് കഴിയാതെ വന്നതോടെ ആ ഗാനവും ജാസിഗിഫ്റ്റ് തന്നെ പാടി. ജാസിഗിഫ്റ്റിന്റെ ശബ്ദം ഒരു ട്രെന്‍ഡായി മാറുമെന്ന് തോന്നിയതോടെ ജയരാജാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുന്നത്.

മമ്മൂട്ടിയുടെ വീട്ടില്‍ നിന്നു തുടക്കം...

മമ്മൂട്ടിയുടെ വീട്ടില്‍ കേട്ടത് നാട്ടില്‍ പാട്ടായി എന്നു പറയുന്നതാകും ലജ്ജാവതിയുടെ കാര്യത്തില്‍ ശരി. ഫോര്‍ ദ് പീപ്പിള്‍ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊക്കെ പൂര്‍ത്തിയായി റിലീസിന് കാത്തിരിക്കുന്ന സമയം. ഓഡിയോ കാസറ്റും റിലീസായിട്ടില്ല. ഒരു സ്വകാര്യ ചാനലില്‍ മാത്രം ലജ്ജാവതി ഇടയ്ക്കിടെ കാണിക്കുന്നുണ്ട്. ആ ദിവസമായിരുന്നു മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണം. ടിവിയില്‍ ഈ പാട്ടുകേട്ടതോടെ മൈലാഞ്ചി കല്യാണത്തിന് മാറ്റുകൂട്ടാന്‍ ഈ ഗാനവും കേള്‍പ്പിക്കണമെന്നായി മമ്മൂട്ടിയുടെ വീട്ടിലുള്ളവര്‍ക്കെല്ലാം. ഓഡിയോ കാസറ്റ് അന്വേഷിച്ചിട്ട് കിട്ടാനുമില്ല. ചിത്രത്തിന്റെ നിര്‍മാതാവ് സാബു ചെറിയാനുതന്നെ മമ്മൂട്ടിയുടെ വീട്ടില്‍ നിന്നു വിളി എത്തി. അങ്ങനെ സിനിമാക്കാരും നാട്ടുകാരുമൊക്കെ ഒത്തുകൂടിയ ആ വേദിയിലൂടെ കൂടുതല്‍പേരിലേക്ക് ലജ്ജാവതി എത്തി. 

ഇതെന്തു പാട്ടാണ്...

മധുരശബ്ദത്തില്‍ മാത്രം പാട്ടുകേട്ടു ശീലിച്ച മലയാളിക്ക് മുന്നിലേക്കാണ് ജാസിഗിഫ്റ്റിന്റെ വരവ്. ചിലര്‍ക്കൊന്നും അത് ദഹിച്ചില്ല. ഇതെന്തു പാട്ടാണ്, ശബ്ദമാണെന്ന് പരസ്യമായി പ്രതിഷേധം അറിയിച്ചു. അതില്‍ സംഗീത രംഗത്തുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കെല്ലാമുള്ള മറുപടിയായിരുന്നു പാട്ടിന്റെ ജനകീയത. ഒടുവില്‍ വിമര്‍ശിച്ചവര്‍പോലും പില്‍ക്കാലത്ത് ജാസിഗിഫ്റ്റിന്റെ സഹപ്രവര്‍ത്തകരായി. ട്രെന്‍ഡുകള്‍ സൃഷ്ട്ടിച്ച ജാസിഗിഫ്റ്റില്‍ നിന്നു തന്നെ സ്നേഹത്തുമ്പിയും അരയാലില മഞ്ഞച്ചരടിലെ പൂത്താലിയും പിറന്നു. എല്ലാത്തരം പാട്ടുകളും തനിക്ക് വഴങ്ങുമെന്ന മറുപടി കൂടിയായിരുന്നു അത്.

കടല്‍ക്കടന്ന പാട്ട്...

ലജ്ജാവതിയുടെ തരംഗം ദക്ഷിണേന്ത്യയില്‍ മുഴുവന്‍ നിറഞ്ഞു നിന്നു. ആരാലും അറിയപ്പെടാതെ പനമ്പള്ളി നഗറിലെ ഫ്ളാറ്റില്‍ കഴിഞ്ഞിരുന്ന ജാസിഗിഫ്റ്റിനെ തേടി ആളുകളെത്തി. ലജ്ജാവതിയും അന്നക്കിളിയും ബെല്ലേ ബെല്ലേയും മലയാളി മാറി മാറി പാടി. ഇത്ര വലിയ ഹിറ്റ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പാട്ടിറങ്ങി കഴിഞ്ഞ് മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ ആരെങ്കിലുമൊക്കെ വന്ന് ഏതെങ്കിലും പരിപാടികള്‍ക്കു വിളിക്കും. വരുന്നവരുടെ ബൈക്കിനു പിന്നില്‍ കയറി പോകും. ലജ്ജാവതി പാടുന്നതോടെ വലിയ സ്വീകാര്യത കിട്ടുന്നുവെന്നു മനസ്സിലായി. ബസിലൊക്കെയാണ് അന്ന് സ്ഥിരം യാത്രകള്‍. ഫോര്‍ ദ് പീപ്പിളിലെ പാട്ട് വരുന്നതോടെ എല്ലാവരും നിശബ്ദരായി ഇരുന്ന് കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്്. സ്വന്തം പാട്ടിന്റെ അനുഭവം അടുത്തറിഞ്ഞ ജാസിഗിഫ്റ്റ് പറയുന്നു.

പാട്ട് അന്യഭാഷയിലേക്കും പോയതെടെ അവിടേയും ജാസിഗിഫ്റ്റ് തന്റെ സാന്നിധ്യം അറിയിച്ചു. അക്കാലത്ത് ദക്ഷിണേന്ത്യന്‍ സംഗീതത്തെക്കുറിച്ചു പഠനം നടത്തിയ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സംഘത്തെയും അതിശയിപ്പിച്ചത് ലജ്ജാവതിയുടെ തരംഗമായിരുന്നു. അതോടെ ചിക്കാഗോ യൂണിവേഴ്സിറ്റിയിലേക്കു പ്രത്യേക ക്ഷണിതാവായി പോകാനും ഫോര്‍ ദ് പീപ്പിളിലെ ഗാനങ്ങള്‍ ജാസിഗിഫ്റ്റിന് അവസരമൊരുക്കി. സംഗീത ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ അദ്വൈതത്തിലേയും ബുദ്ധിസത്തിലേയും സമാനതകള്‍ എന്ന വിഷയത്തില്‍ ഡോക്ടറേറ്റും നേടി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA