ADVERTISEMENT

പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ..

മകര നിലാവേ നീയെൻ നീഹാരക്കോടി തരൂ.....

1991ൽ പത്മരാജൻ അവസാനമായി നമുക്ക് തന്ന പ്രേമോപഹാരമായ ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ ഗാനമാണിത്. ഞാനും ഇതുപോലെ ഗന്ധർവനെ പ്രണയിച്ച പെൺകുട്ടിയായിരുന്നു.

കൈതപ്രം നമ്പൂതിരിയുടെ വരികളിലെ കാവ്യാത്മകത കൊണ്ടാവാം അതു നമ്മെ ഭൂതകാലത്തേക്കു കൊണ്ടുപോവുന്നതും  വർഷങ്ങൾക്കു ശേഷവും നമ്മുടെ ഹൃദയത്തോടു ചേർന്നിരിക്കുന്നതും.

പാട്ടിന് ഈണം നൽകിയിരിക്കുന്നത് ജോൺസൻ മാഷാണ്. കേൾക്കാനിമ്പമുള്ള ഒരുപാടു ഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച ജോൺസൺ മാഷ് ആ പാട്ടുകളുടെ ഓർമ്മയിലൂടെ നമുക്കൊപ്പം എന്നുമുണ്ട്. മധുരമായ സ്വരത്തിൽ പാടി തന്ന ചിത്രക്കും നന്ദി.

സാധാരണ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് സിനിമാപാട്ടുകൾ. സംഗീതത്തെക്കുറിച്ച് ആധികാരികമായി പറയാനുള്ള അറിവില്ല. ഓരോ പാട്ടിനും ഓരോ ജീവിതഭാവമാണ്, അതു നമ്മെ ഭൂതകാല ഓർമ്മകളിലേക്കു കൂട്ടികൊണ്ടു പോകും. ചിലപ്പോൾ കിനാവുകൾക്കു സ്വർണത്തൂവൽ തന്നു നീലാകാശത്തിലേക്കു പറക്കാൻ വിടും. എന്റെ ജീവിതാനുഭവം ഈ പാട്ടിലുള്ളതുകൊണ്ടായിരിക്കണം ഇതെനിക്ക് ഏറ്റവും  പ്രിയപ്പെട്ടതായത്.

ഞങ്ങളുടെ നാടിന്റെ പേര് തന്നെ ആക്കിക്കാവ് എന്നാണ്. ആ കാവിലെ പാലപൂത്താൽ അവിടം മുഴുവൻ പാലപ്പൂവിന്റെ ഗന്ധം വരും. രാവിൽ ജാലകത്തിലൂടെ എത്തിനോക്കുന്ന നിലാവിനോപ്പം പാലപ്പു ഗന്ധമുള്ള കാറ്റുവരും. ഗന്ധർവ്വൻ വന്നാൽ ഞങ്ങൾ വെൺമേഘങ്ങളിലൂടെ പറന്നുപോയി കാവിലെ പാലച്ചുവട്ടിൽ കിന്നാരം പറഞ്ഞിരിക്കും. പാതിയടഞ്ഞ കണ്ണുകളിൽ ആദ്യമായ് തന്ന ചുംബനങ്ങൾക്കും പാലപൂവിന്റെ ഗന്ധമായിരുന്നു. നേരം പുലർന്നാൽ അതൊരു കിനാവായിരുന്നെന്നു വിശ്വാസം വരില്ല.

ദേവലോകത്തെ ഗന്ധർവന്മാർ ശാപം കിട്ടി ഭൂമിയിൽ കന്യകമാരെ പ്രണയിക്കാൻ വരുമെന്നുള്ള മുത്തശ്ശിക്കഥകൾ കേട്ടുവളർന്ന ബാല്യമായിരുന്നു എന്റെയും. ഒരു ഗന്ധർവനെ സ്വപ്നം കണ്ടു നടന്നതുകൊണ്ടാവണം വേറെയാരെയും പ്രണയിക്കാതിരുന്നതും.

എത്രയോ കളികൂട്ടുകാരൊക്കെ ഉണ്ടായിരുന്നു. കൈതപ്പൂ വേണമെന്നു പറഞ്ഞപ്പോൽ ദൂരെ കുന്നിൽ പോയി കൈതപ്പൂ പൊട്ടിച്ചുകൊണ്ടുവന്നു തന്നവനും. ഓണത്തിനു മനയ്ക്കലെ കുന്നത്തു തുമ്പപൂ പറിക്കാൻ കൂട്ടുവന്നവരും. മുത്തശ്ശിമാവിൽ ഊഞ്ഞാലിട്ടു ആട്ടിതരാറുള്ളവനും. തിരുവാതിരകുളിക്കാൻ പോകുമ്പോൾ ചൂട്ടും കൊണ്ടു മുന്നിൽ പോകുന്നവൻ.

മകരത്തിൽ ഒരാൾ വന്നു താലികെട്ടി, നീഹാരക്കോടിക്കു പകരം പച്ചപ്പട്ടു പുടവ തന്നു, ഞങ്ങൾ ദൂരെ കൂടു കൂട്ടാൻ പറന്നുപോയി. സംഗീതവും സ്വപ്നവും കുറഞ്ഞു. സന്തോഷത്തോടെയും  തിരക്കുകളിലുടെയും ജീവിതം  കടന്നു പോയി.

അന്നൊരു ഒഴുവുകാലത്തു നാട്ടിൽ വന്നപ്പോൾ ആണ് ടി വിയിൽ ഞാൻ ഗന്ധർവൻ എന്ന സിനിമ കണ്ടത്. അത്ഭുതത്തോടെ ഞാൻ  അറിഞ്ഞു, ഇതു ഞാൻ പണ്ടു കണ്ട സ്വപ്നങ്ങൾ ആയിരുന്നുവല്ലോ എന്ന്.  എന്റെ ഹൃദയത്തിലുള്ള ഗന്ധർവ രൂപം എത്ര മനോഹരമായാണ് നിതീഷ് ഭരദ്വാജ് എന്ന നടനിലൂടെ വരച്ചു തന്നത്. സുപർണ്ണ എന്ന് നായികയെ മറന്നിട്ടില്ല പക്ഷേ ഇഷ്ടപ്പെട്ട എല്ലാ സിനിമയിലെ നായിക ആയി രംഗത്ത് കാണുക എന്നെ തന്നെയാണ്. അവർ അഭിനയിക്കുമ്പോൾ അവർക്കൊപ്പം ജീവിക്കുകയാണ് ചെയ്യുക.

ഈ പാട്ട് കേട്ടാൽ ഓർമ്മകൾ പാലപൂക്കുന്ന കാവിലും, സതിരുവാതിരക്കുളിക്കാറുള്ള അമ്പല കുളത്തിലൊക്കെ എത്തിച്ചേരും. ഓർമ്മകളിലൂടെ പാലപ്പൂവിന്റെ ഗന്ധം പോലും അനുഭവപ്പെടും. ഞാൻ ഇന്നും ചില ദിവസങ്ങളിൽ വീണ്ടും വീണ്ടും ഈ  ഗാനം കേട്ടുകൊണ്ടിരിക്കും. രംഗങ്ങൾ കാണുവാനും  ഇഷ്ടമാണ്..  ഇതെന്റെ മനസ്സിൽ വല്ലാത്തൊരു അനുഭൂതി ഉണ്ടാക്കുകയും പ്രണയാതുരമാക്കുകയും ചെയ്യും. വിരസമായ ദിനങ്ങളിൽ വിഷാദം പൂവിടുന്നതിനേക്കാൾ നല്ലതല്ലേ ഇതു പോലെയുള്ള പാട്ടുകളൊക്കെ കേട്ടു സ്വയം പൂമരമാവുന്നത്.

ഞാൻ ഈ സിനിമ കാണുമ്പോൾ പത്മരാജനെ എന്നും ഓർക്കാറുണ്ട്. എന്റെ മനസ്സിലെ പ്രണയം തിരിച്ചറിഞ്ഞ ആ ഗന്ധർവനെ എനിക്ക് ദേവലോകത്ത് ചെന്നു കാണണം. എന്റെ കിനാവുകൾ കവർന്നു സിനിമയാക്കിയതിനു കേസ് കൊടുക്കുവാനല്ല, ഒരു ചുംബനം നൽകി നന്ദി രേഖപ്പെടുത്താനാണ്.

ഭൂമിയിലെ ഗന്ധർവൻമാരെ ഈ ഗാനത്തിന്റെ ചിറകിലേറി ഞാനൊരു പക്ഷിയായി നിങ്ങൾക്കു മുന്നിൽ എത്തുന്നു.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com