ADVERTISEMENT

സി.വി.രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ’ യിലെ ഒരു പ്രധാന കഥാപാത്രമാണ്, മാങ്കോയിക്കൽ ഇരവിപ്പെരുമാൻ കണ്ടൻകുമാരൻ കുറുപ്പ്. യുവരാജാവായ മാർത്താണ്ഡവർമയെ പത്മനാഭൻ തമ്പി, എട്ടുവീട്ടിൽ പിള്ളമാർ, സുന്ദരയ്യർ എന്നിവരുടെ ഉപജാപങ്ങൾനിന്നു  രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര എന്നിവരോടൊപ്പം മാങ്കോയിക്കൽ കുറുപ്പും മുന്നിട്ടിറങ്ങുന്നു. വാൾപയറ്റിലും വേൽമുറകളിലും നിപുണനായ കളരിഗുരുക്കൾ മാങ്കോയിക്കൽ കുറുപ്പിന്റെ വംശപരമ്പരയിൽ പത്തു മുന്നൂറുവർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു സംഗീതജ്ഞൻ  ജനിച്ചുവന്നു. അങ്ങേയറ്റത്തെ സാത്വികനും ദയാലുവുമായിരുന്ന ആ കലാകാരൻ  നാലു പതിറ്റാണ്ടുകാലത്തെ കലാജീവിതത്തിൽ ഒരിക്കലും ആരോടും പടവെട്ടാൻ പോയിട്ടില്ല. എന്നിട്ടും ഭാവഭംഗി തുളുമ്പുന്ന ഗാനങ്ങളാൽ അദ്ദേഹം എത്രയോപേരുടെ ഹൃദയങ്ങൾ കീഴടക്കി! ഇരുപത്താറു വർഷങ്ങളായി  കണ്ണുകളിൽനിന്നു മറഞ്ഞിട്ടും കാതുകളിൽ കമുകറ പുരുഷോത്തമന്റെ സംഗീതം ഇപ്പോഴും ജീവിച്ചിരിക്കുന്നു, അതിനു മരണമില്ല.

1953 മുതൽ 1993 വരെയുള്ള  സംഗീതജീവിതത്തിൽ കമുകറ നൂറ്റിയെഴുപത്താറോളം സിനിമാഗാനങ്ങൾ പാടി, ആയിരത്തിനു  മുകളിൽ ലളിതഗാനങ്ങളും. ഈ കാലയളവിലെ  മിക്കവാറും എല്ലാ സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും  പാട്ടുകൾ കമുകറ പാടിയിട്ടുണ്ട്. അദ്ദേഹം ഏറ്റവും കൂടുതൽ ഓർമിക്കപ്പെടുന്ന പാട്ടുകൾ ബ്രദർ ലക്ഷ്മണൻ- തിരുനായിനാർകുറിച്ചി മാധവൻനായർ കൂട്ടുകെട്ടിൽ പിറന്നവയാണ്. അവരുടെ സംഗീതസൗഹൃദത്തിൽ എൺപതിലധികം ഗാനങ്ങൾ നിർമിക്കപ്പെട്ടു. വി.ദക്ഷിണാമൂർത്തി എം.എസ്.ബാബുരാജ്, ജി.ദേവരാജൻ എന്നിവർക്കുവേണ്ടിയും യഥാക്രമം ഇരുപത്താറും  ഇരുപത്തിയൊന്നും പതിമൂന്നും പാട്ടുകൾ കമുകറ പാടിക്കൊടുത്തു. അവയെല്ലാംതന്നെ ഒന്നൊഴിയാതെ ജനപ്രിയങ്ങളായി. ഒടുവിൽ, പ്രദീപ് സംവിധാനം നിർവഹിച്ച, ‘കിളിവാതിൽ’ എന്ന സിനിമയിൽ  മോഹൻ സിതാരയുടെ ഈണത്തിൽ യൂസഫലി കേച്ചേരി എഴുതിയ ‘കാശേ  നീയാണ് ദൈവം’ എന്നു  തുടങ്ങുന്ന ഗാനം പാടിക്കൊണ്ട്, വെറും അറുപത്തിനാലാംവയസിൽ കമുകറ ഇരുട്ടിൽ മറഞ്ഞുപോയി. അതിനും എത്രയോ മുന്നേ അദ്ദേഹം സഹധർമിണി രമണിയോടു പറഞ്ഞു വച്ചിരുന്നു - 'സ്വരം നന്നായിരിക്കുമ്പം പാട്ടു നിർത്തണം. എനിക്ക് പാടാൻ കഴിയില്ല എന്നുള്ള ഒരു നിമിഷംപോലും എന്റെ ജീവിതത്തിൽ ഉണ്ടാകരുത്.' അതങ്ങനെതന്നെ സംഭവിച്ചു.

മലയാളസിനിമയിൽ, മത്സരബുദ്ധി ഏറ്റവും കുറഞ്ഞ ഗായകനായി കമുകറയെ ഞാൻ മനസിലാക്കുന്നു.  തനിക്കു  വിധിച്ചിട്ടുള്ള പാട്ടുകൾ  സ്വയം വന്നുചേരും എന്നു  വിശ്വസിച്ച കമുകറയിൽ ആധ്യാത്മിക ചിന്തയുടെ ഉയർന്നതലം കാണാൻ സാധിക്കും. അദ്ദേഹം വഴുതക്കാട്ടെ ‘രമാദേവിമന്ദിറി'ലെ മഠാധിപതിയും  മംഗലാപുരം സ്വദേശിനിയുമായ ശ്രീ മാതാ രമാദേവി അഥവാ രമാംബികയുടെ വിശ്വാസിയും അവരുടെ ആത്മീയവിചാരങ്ങളുടെ അനുയായിയുമായിരുന്നു. ഗൗഡസാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ശ്രീ രാമാംബികയുടെ വിശുദ്ധ വിശ്വാസങ്ങളെ അനുധാവനം ചെയ്യുകവഴി കലാരംഗത്തെ മാലിന്യങ്ങളിൽനിന്നു മാറിനടക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ ആധ്യാത്മികദീപ്തിയുടെ  പ്രതിഫലനം ജീവിതത്തിൽ മാത്രമല്ല, കമുകറയുടെ സംഗീതത്തിലും പ്രകടമായി. അദ്ദേഹം പാടിയിട്ടുള്ള ഭക്തിനിർഭരങ്ങളായ ഗാനങ്ങൾ ഇക്കാര്യം നമ്മെ വിശേഷമായി ഓർമിപ്പിക്കുന്നു.

സംഗീതാസ്വാദകരുടെ ചുണ്ടുകൾ സദാ ജപിക്കുന്ന നിരവധി ഗാനങ്ങൾ കമുകറയുടെ കലവറയിൽ ലഭിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ ഉപരിയായി കർണാടകസംഗീതത്തിൽ അദ്ദേഹം ആർജിച്ചെടുത്ത അപാരജ്ഞാനം എന്നെ അദ്ദേഹത്തിലേക്കു  കൂടുതലായി ചേർത്തടുപ്പിക്കുന്നു. കമുകറ പാടിയിട്ടുള്ള രാഗനിബദ്ധമായ അഥവാ രാഗഛായ പുലർത്തുന്ന ഏതാനും സിനിമാഗാനങ്ങൾ ഉദാഹരണാർദ്ധം  ഉദ്ധരിക്കട്ടെ. 'ഈശ്വരചിന്ത [ദർബാർ കാനഡ]  ആത്മവിദ്യാലയമേ [സാമ]  സുഖമേ  സുഖമേ [ശുദ്ധസാവേരി] തുമ്പപ്പൂ പെയ്യണ [ദേശ്]  മാതള മലരേ [വലചി] സംഗീതമേ ജീവിതം [മോഹനം] പഞ്ചവർണ തത്തപോലെ [ഗൗരിമനോഹരി] താഴുവതെന്തേ [ശുഭപന്തുവരാളി] കലാദേവതേ  [സരസ്വതി] നാളെ നാളെ  [ദേവഗാന്ധാരി- സഹാന]  ഏകാന്തതയുടെ [ഭീംപലാസി] മറ്റൊരു സീതയെ [മിശ്ര ശിവരഞ്ജനി] മിണ്ടാത്തതെന്താണ് [സിന്ധുഭൈരവി] പനിനീർമലർ  [മോഹനം]' തുടങ്ങിയ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവയിൽ പാലിക്കപ്പെട്ടിട്ടുള്ള ശാസ്ത്രീയസംഗീതശുദ്ധി ആരെയും ഇരുത്തിച്ചിന്തിപ്പിക്കും. അങ്ങനെ ചിന്തിക്കുമ്പോൾ  കേരളത്തിലെ കർണാടകസംഗീതത്തിന്റെ തനതു പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ  സർവഥാ യോഗ്യനായ ഗായകനായിരുന്നു കമുകറ എന്ന യാഥാർഥ്യം പൊടിനീങ്ങി പുറത്തുവരുന്നു. കെ.വി.നാരായണസ്വാമി, തൃശൂർ പി.രാമചന്ദ്രൻ, വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യർ, കെ.ആർ.കേദാരനാഥൻ, മാവേലിക്കര പ്രഭാകരവർമ, നെയ്യാറ്റിൻകര വാസുദേവൻ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ, പാലാ സി.കെ.രാമചന്ദ്രൻ എന്നിവരുടെ നിരയിൽ ചേർത്തുനിർത്താൻ കഴിയുന്ന സംഗീതജ്ഞാനവും പ്രയോഗവൈഭവവും അദ്ദേഹത്തിൽ സംയോജിച്ചുനിന്നു. അതിനുപോന്ന തെളിവുകൾ കമുകറയുടെ മകളും സംഗീതാധ്യാപികയുമായ ശ്രീലേഖയുടെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്. കമുകറയുടെ സഹോദരി ലീല ഓംചേരിയുടെ മാർഗനിർദ്ദേശത്തിൽ ഡോക്ടർ ബിരുദം നേടിയ ഡോ. ആർ.ശ്രീലേഖ ഇപ്പോൾ കേരള കലാമണ്ഡലത്തിൽ ഡീൻ സ്ഥാനവും വഹിക്കുന്നു. ഈ മകൾക്കു ചില സംഗീതപാഠങ്ങൾ പകർന്നുകൊടുത്തു എന്നതു മാറ്റിവച്ചാൽ കമുകറ മറ്റാരെയും സംഗീതം പഠിപ്പിച്ചിട്ടില്ല. 

പഴയകാലത്തുതന്നെ ബി.എ, എൽ,ടി. ബിരുദങ്ങൾ സ്വന്തമാക്കിയ  പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ പുരുഷോത്തമൻ കുഞ്ഞുപ്രായംമുതലേ  കർണാടക സംഗീതം പഠിച്ചുതുടങ്ങിയിരുന്നു. അന്ധ ഗായകനും  തേവാരസംഗീത വിദ്വാനുമായ തിരുവട്ടാർ അറുമുഖംപിള്ള, അരുണാചലം അണ്ണാവി. കുണ്ഡല കമ്പർ, ഇരണിയിൽ ശിവരാമപിള്ള എന്നിവരുടെ ശിഷ്യത്വമുള്ള കമുകറ പതിമൂന്നാംവയസ്സിൽ ആദ്യ കച്ചേരി നിർവഹിച്ചു. ശ്രീപത്മനാഭസ്വാമിയുടെ ജ്യേഷ്ഠനായി  കരുതപ്പെടുന്ന തിരുവട്ടാർ ആദികേശവ സ്വാമിയുടെ ക്ഷേത്രമായിരുന്നു വേദി. അതിനുശേഷം നാഗർകോവിലിലും കേരളത്തിലും അങ്ങോളമിങ്ങോളമുള്ള മിക്ക ദേവാലയങ്ങളിലും സംഗീതസഭകളിലും കമുകറ കച്ചേരികൾ നടത്തി. മാവേലിക്കര കൃഷ്ണൻകുട്ടിനായർ, മാവേലിക്കര വേലുക്കുട്ടിനായർ,  മാവേലിക്കര രാജു, വെങ്കടാചലം, ബി.ശശികുമാർ, കാർത്തികേയൻ എന്നിവരായിരുന്നു സ്ഥിരം പക്കവാദകർ. ‘വാതാപി. പക്കല നിലപടി, കാപാലി, കാർത്തികേയ, വാ മുരുകാ, പങ്കജലോചന, സതതം താവക, പരിപാലയ, സരോരുഹാസന’ തുടങ്ങിയവ കച്ചേരികളിൽ പ്രധാന ഇനങ്ങളായിവന്നു. സംഗീതകലാനിധി അരിയക്കുടി  രാമാനുജ അയ്യങ്കാരുമായി അദ്ദേഹം അടുത്ത സൗഹൃദം പുലർത്തി. ശെമ്മങ്കുടി  ശ്രീനിവാസ അയ്യർ പ്രിൻസിപ്പൽ ആയിരിക്കേ  സ്വാതിതിരുനാൾ സംഗീത അക്കാദമിയിലും  കമുകറ കച്ചേരി അവതരിപ്പിച്ചു. ഇവ കൂടാതെ, സംഗീതപണ്ഡിതർക്കുമാത്രം പ്രവേശനം ലഭിക്കുന്ന മദ്രാസ് മ്യൂസിക് അക്കാദമിയിലും രണ്ടുതവണ കച്ചേരി നിർവഹിച്ചു. പല  വിദേശരാജ്യങ്ങളിലും കമുകറയുടെ സംഗീതക്കച്ചേരികൾക്കു ശ്രോതാക്കളുണ്ടായി. മരണത്തിനു പത്തു ദിവസം മുമ്പും തൃശൂരിൽ അദ്ദേഹം കച്ചേരി നടത്തിയിരുന്നു. എന്നിട്ടും, കർണാടക സംഗീതത്തെ ഇത്രയേറെ ഉപാസിച്ച ഈ സംഗീതജ്ഞനു  മുന്നിൽ തിരുവനന്തപുരത്തെ  നവരാത്രിമണ്ഡപം ഒരിക്കലും തുറക്കപ്പെട്ടില്ല! ശാസ്ത്രീയ സംഗീതപ്രേമികളുടെ മനസിൽ ഈ അവഗണന ഒരു വിങ്ങലായി ഇന്നും നീറിക്കിടക്കുന്നുണ്ട്.

തമിഴകത്തെ വിശ്രുത ഗായകനായ എസ്.വി.സുബ്ബയ്യ ഭാഗവതരുടെ മലയാളം പതിപ്പായ കമുകറ പുരുഷോത്തമൻ സിനിമയിൽ നിരവധി ഹിറ്റു ഗാനങ്ങൾ പാടിയിയിട്ടും എത്തേണ്ട ഉയരങ്ങളിൽ   എത്തിയോ എന്നു  ഞാൻ ന്യായമായും സംശയിക്കുന്നു. സംഗീത നാടക അക്കാദമിയുടേതല്ലാതെ  വേറെ അവാർഡുകൾ യാതൊന്നുംതന്നെ അദ്ദേഹത്തിനു  ലഭിച്ചിട്ടില്ല. പത്മപുരസ്കാരങ്ങളിൽ കമുകറ ഒരിക്കലും പരിഗണിക്കപ്പെട്ടുപോലുമില്ല. വേണമെങ്കിൽ ഇതിനെല്ലാം  ചില കാരണങ്ങൾ പറയാം. മാതാപിതാക്കൾ സ്ഥാപിച്ച തിരുവട്ടാർ സ്കൂളിലെ പ്രധാനാധ്യാപകൻ എന്ന നിലയിലുള്ള ഉത്തരവാദിത്വം, സജീവമായി കലാരംഗത്തു  പ്രവർത്തിക്കാൻ അദ്ദേഹത്തിനു  തടസ്സമായി. ഉപരിയായി, സിനിമയിലെ നായകനിരയിൽ പിൽക്കാലത്തു വന്ന മാറ്റങ്ങളും  നായകസങ്കൽപങ്ങളിൽ കടന്നുകൂടിയ രുചിഭേദങ്ങളും ചലച്ചിത്രസംഗീതത്തിൽ പ്രത്യക്ഷപ്പെട്ട കുത്തക - വർത്തക സംസ്കാരവും  കമുകറയുടെ  ഗാനജീവിതത്തെ വിപരീതമായി ബാധിച്ചു. ഒരു പ്രത്യേകതരം പാട്ടുകൾക്കുമാത്രം ചേർന്നതായി അദ്ദേഹത്തിന്റെ ഗാനശൈലി പാർശ്വവൽക്കരിക്കപ്പെട്ടു. മെഹ്ബൂബിനു  സംഭവിച്ച ദുരന്തം കമുകറയെയും പിടികൂടി. പക്ഷേ ഈ സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാൻ ‘ഓൾഡ് ഈസ് ഗോൾഡ്’ അദ്ദേഹത്തെ സഹായിച്ചു. അതിലേറേ, മിത്രൻ  നമ്പൂതിരിപ്പാടിൽനിന്നു  മന്ത്രദീക്ഷ സ്വീകരിച്ചിട്ടുള്ള കമുകറയെ  സംബന്ധിച്ചിടത്തോളം ഇതൊന്നും മാനസികസംഘർഷങ്ങൾക്കുള്ള മതിയായ കാരണവുമായില്ല. മരച്ചീനിയുടെ നിരവധി ഹൈബ്രിഡ് ഇനങ്ങൾ കണ്ടുപിടിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞനായ പ്രൊഫെസർ എബ്രഹാം, സാഹിത്യ കുലപതിയായ പ്രൊഫെസർ ഗുപ്തൻനായർ എന്നിവരുടെ  പ്രിയങ്കരനായ വിദ്യാർഥിയുടെ ജീവിതദർശനം അത്രയും അടിയുറപ്പുള്ളതായിരുന്നല്ലോ! ഇരുപത്തിയാറാം ഓർമവർഷത്തിലും  മലയാളിമനസുകളിൽ സന്ധ്യാദീപംപോലെ പ്രകാശിച്ചു നിൽക്കുന്ന ഈ പാട്ടുകാരനു  മുന്നിൽ പ്രാർത്ഥനാപൂർവം ഞാൻ കൈകൂപ്പി നിൽക്കുന്നു.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com