ADVERTISEMENT

"ഈ പുഴയും സന്ധ്യകളും നീല മിഴിയിതളുകളും" ആദ്യം ആര്‍ദ്രമാക്കിയത് സംവിധായകന്‍ പ്രിയനന്ദനന്റെ മനസ്സിനെ ആയിരുന്നു. മുത്തണിക്കിനാവുകള്‍ പൂത്തുലഞ്ഞ ആ സംഗീതരാവുകള്‍ ഇന്നും ആ ഓര്‍മകളില്‍നിന്ന് മങ്ങി മാഞ്ഞിട്ടില്ല. തന്റെ സിനിമയിലൂടെ ആദ്യമായി കേള്‍ക്കേണ്ട പ്രണയഗാനം മറ്റൊരു സിനിമയിലേക്ക് എത്തിയതില്‍ നിരാശയുമില്ല, മലയാള സിനിമ സംഗീതത്തിലെ അപൂര്‍വമായ സംഭവങ്ങളുടെ കഥ പറയാനുണ്ട് ഇന്ത്യന്‍ റുപ്പിയിലെ ഈ പുഴയും സന്ധ്യകളും എന്ന ഗാനത്തിന്. ഷഹബാസ് അമന്‍ - മുല്ലനേഴി കൂട്ടുകെട്ടില്‍ പിറന്ന ശ്രദ്ധേയമായ ഗാനം. വിജയ് യേശുദാസിന്റെ സ്വരമാധുരികൂടി ചേര്‍ന്നതോടെ മലയാളത്തിലെതന്നെ മികച്ച ഗാനങ്ങളില്‍ ഒന്നായി അത് മാറി. 2004ല്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്യാനിരുന്ന 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രത്തിൽ നിന്ന് 2011ല്‍ പുറത്തിറങ്ങിയ 'ഇന്ത്യൻ റുപ്പി'യിലേക്ക് എത്താനായിരുന്നു ആ നല്ല പാട്ടിന്റെ വിധി. ഷഹബാസ് അമന്‍ ആദ്യമായി ചലച്ചിത്രത്തിനുവേണ്ടി സംഗീതം ചെയ്ത ഗാനം കൂടിയായിരുന്നു അത്. വൈകിയെത്തി എങ്കിലും മുല്ലനേഴി നീലകണ്ഠന്‍ എന്ന ഗാനരചയിതാവിന്റെ അവസാന കാലഘട്ടത്തിലെ ശ്രദ്ധേയമായ ഗാനം കൂടിയായി മാറി.

'നെയ്ത്തുകാരനി'ലൂടെ ദേശീയ പുരസ്‌കാര നിറവില്‍ പ്രിയനന്ദനന്‍ നില്‍ക്കുന്ന കാലം. അടുത്ത ചിത്രത്തിനായി കൈകൊര്‍ത്തത് എം. ടി. വാസുദേവന്‍നായർക്കൊപ്പമായിരുന്നു. അദ്ദേഹത്തിന്റെ 'നാലുകെട്ട്' എന്ന നോവലിലെ കഥാപാത്രങ്ങളായ യശോദരയും വാസുദേവന്‍ നമ്പൂതിരിയും തമ്മിലുള്ള പ്രണയവും അയാളുടെ മരണശേഷവും തന്റെ പ്രണയം സൂക്ഷിക്കുന്ന യശോദയുടെ മാനസിക സംഘര്‍ഷങ്ങളുമൊക്കെ ചേര്‍ത്തൊരു സിനിമ. 'അത്' എന്നു പേരിട്ട ചിത്രത്തില്‍ പൃഥ്വിരാജിനേയും കാവ്യമാധവനേയും കേന്ദ്ര കഥാപാത്രങ്ങളായി തീരുമാനിക്കുകയും ചെയ്തു. കഥാഗതിയില്‍ സംഗീതത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. ഷഹബാസ് അമന്‍ എന്ന പുതുമുഖ സംഗീതസംവിധായകന്റെ പേര് പ്രിയനന്ദനന്‍ പറയുമ്പോള്‍ എല്ലാവരും ഒരു നിമിഷമൊന്നു ഞെട്ടി. ഒരു ചിരികൊണ്ട് പ്രിയനന്ദനന്‍ അവരെയൊക്കെ നേരിട്ടു.

'മസ്‌ക്കറ്റിലെ ഒരു യാത്രയ്ക്കിടയിലാണ് ഞാനാദ്യമായി ഷഹബാസിന്റെ ഗാനങ്ങള്‍ കേള്‍ക്കുന്നത്. ഗഫൂറെന്ന സുഹൃത്തിന്റെ കാറില്‍ കേള്‍ക്കുന്നതൊക്കെയും ഷഹബാസിന്റെ ഗാനങ്ങള്‍ മാത്രം. ആ പാട്ടുകളിലൊക്കെ എന്തൊക്കയോ സവിശേഷത ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. സംഗീതത്തിലേക്ക് വല്ലാതെ ഭ്രമിപ്പിച്ച ആ ചെറുപ്പക്കാരന്‍ അന്നു  മുതല്‍ എന്റെ മനസ്സിലുണ്ട്. ആ സവിശേഷതകളൊക്കെ പ്രതീക്ഷിച്ചുകൊണ്ടാണ് ഞാന്‍ ഷഹബാസിനെ എന്റെ ചിത്രത്തിലേക്ക് വിളിക്കുന്നത്. അടുത്ത സുഹൃത്തായ റഫീഖ് അഹമ്മദിനെ ഗാനങ്ങള്‍ എഴുതാനും വിളിച്ചു.' പ്രിയനന്ദനന്‍ ആ കാലത്തെ ഓര്‍ത്തെടുത്തു.

'എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാളായിരുന്നു മുല്ലനേഴി മാഷ്. അതുകൊണ്ടു തന്നെ ഞാനെന്റെ ചിത്രത്തിന്റെ ഭാഗമാക്കുകയായിരുന്നു ഒരു പാട്ടിലൂടെയെങ്കിലും മാഷിനെ. കാരൂരിന്റെ 'മാലപ്പടക്കം' അദ്ദേഹമൊരു ഹ്രസ്വചിത്രമായി ഒരുക്കുമ്പോള്‍ ഞാനായിരുന്നു അസോസിയേറ്റ് ഡയറക്ടര്‍. പക്ഷെ ചിത്രം വന്നപ്പോള്‍ സംവിധാനം എന്ന ടൈറ്റിലില്‍ മാഷിനൊപ്പം എന്റെ പേരും ചേര്‍ത്തത് കണ്ട് ഞാന്‍ അതിശയിച്ചു നിന്നിട്ടുണ്ട്. മാഷങ്ങനെ ഇടയ്ക്കൊക്കെ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തും. അതുകൊണ്ടു തന്നെ, സംവിധായകനാവാനുള്ള എന്റെ തീരുമാനം ഞാനാദ്യമായി പങ്കിട്ടതും  മാഷിനോടായിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നെയ്ത്തുകാരന്റെ ഓരോ ഘട്ടവും കടന്നു പോയത്. അങ്ങനെ ഒരു ഘട്ടത്തില്‍ അപ്രതീക്ഷിതമായി മാഷെന്നെ സഹായിച്ചിട്ടുണ്ട്. ഒരു ദിവസം അഭിനയിക്കാന്‍ എത്തിയപ്പോള്‍ എന്റെ മുഖം നോക്കി ആ പ്രതിസന്ധി മാഷ് തിരിച്ചറിഞ്ഞു. മാഷിന്റെ ഭാഗങ്ങള്‍ വൈകുന്നേരമേ ചിത്രീകരിക്കൂ എന്നറിഞ്ഞതോടെ ഞാനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പുറത്തേക്കു പോയി തിരികെ വരുമ്പോള്‍ എനിക്ക് തന്നത് കുറച്ചു തങ്കമാണ്. ഇത് വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തോളൂ എന്ന് എന്നോടു പറഞ്ഞു. പിന്നീടാണ് ഞാനറിഞ്ഞത് കാശന്വേഷിച്ച് നടന്ന മാഷിന് ഒല്ലൂരിലെ ഒരു സ്വര്‍ണപ്പണിക്കാരന്‍ നല്‍കിയത് ആയിരുന്നു അത്. അത്രമേല്‍ ആത്മബന്ധമുണ്ട് എനിക്ക് മാഷിനോട്. ചിത്രത്തിലെ ഒരു ഗാനം എഴുതാന്‍ ഞാന്‍ മാഷിനോട് ആവശ്യപ്പെടുമ്പോഴും അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. ഇത്രമേല്‍ ഹൃദയബന്ധമുണ്ടായിട്ടും എനിക്കെന്തേ ഒരു പാട്ടുമാത്രമേയുള്ളോ എന്നൊരിക്കലും മാഷെന്നോട് ചോദിച്ചിട്ടില്ല. അതായിരുന്നു ആ ഹൃദയവിശാലത. ഞാനടക്കമുള്ളവരുടെ മനസ്സില്‍ മാഷ് ഏറ്റവും പ്രിയപ്പെട്ട ഒരാളായി തല ഉയര്‍ത്തി നില്‍ക്കുന്നതും അതുകൊണ്ടാണ്. മറ്റു ഗാനങ്ങളെഴുതുന്നത് റഫീഖ് ആണെന്ന് പറഞ്ഞപ്പോള്‍ പറഞ്ഞ വാചകം എനിക്കിന്നും ഓര്‍മയുണ്ട്, മിടുക്കനാണ് അവന്‍, മിടുക്കന്‍... അതായിരുന്നു മുല്ലനേഴി മാഷ്,' പ്രിയനന്ദനന്‍ പറയുന്നു

ഷഹബാസിന്റെ സംഗീതത്തിനനുസരിച്ച് എഴുതിയ വരികളായിരുന്നു "ഈ പുഴയും സന്ധ്യകളും." തൃശൂരിലെ സിറ്റി ലോഡ്ജിലായിരുന്നു കമ്പോസിങ്. അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തതും മുല്ലനേഴി തന്നെ. എന്തിനും ഏതിനും മുല്ലനേഴിയുടെ നിര്‍ദേശ പ്രകാരം സുധീര്‍ എന്നൊരു സഹായിയും അവിടെയുണ്ട്. പാട്ടും മേളവുമൊക്കെയായി പ്രിയനന്ദനനും സുഹൃത്തുക്കളും ഷഹബാസിനൊപ്പം അവിടം സംഗീതമയമാക്കിയ ദിവസങ്ങള്‍. ഷഹബാസിന് ഏതാണോ സൗകര്യം അങ്ങനെതന്നെ എനിക്കും എന്ന് മുല്ലനേഴി മുന്‍കൂട്ടി പറഞ്ഞതോടെ ആദ്യം സംഗീതം ചിട്ടപ്പെടുത്താനായി തീരുമാനം. ഉറക്കം വരാത്ത രാത്രികളില്‍ പ്രിയനന്ദനന്റെ കഥപറച്ചിലിന്റെ ലഹരിയില്‍ ഷഹബാസ് ട്യൂണ്‍ മൂളി. ആദ്യ  കേള്‍വിയില്‍ തന്നെ ഷഹബാസിന്റെ പാട്ടുകളില്‍ മാത്രം കേട്ടറിയുന്ന സവിശേഷത വീണ്ടും അനുഭവപ്പെട്ട പ്രിയനന്ദനന്‍ ഇതുമതിയെന്ന് ഉറച്ചു നിന്നു. അതോടെ രാവിലെ തന്നെ മുല്ലനേഴിയെ പോയി കാണാനും തീരുമാനിച്ചു. 

അടുത്ത ദിവസം രാവിലെ മുല്ലനേഴിയുടെ വീട്ടില്‍ പ്രിയനന്ദനനും ഷഹബാസും എത്തി. ട്യൂണ്‍ കേട്ടതോടെ മുല്ലനേഴിയുടെ മുഖവും തെളിഞ്ഞു. ചൂടുകാപ്പി ഊതികുടിക്കുമ്പോഴും മുല്ലനേഷിയുടെ ഉള്ളിലൊരു കുളിരായിരുന്നു. കഥയും സന്ദര്‍ഭവുമൊക്കെ നേരത്തെ തന്നെ അറിയുന്നതിനാല്‍ എഴുതി തുടങ്ങി. ആദ്യ കുറച്ചു ഭാഗങ്ങള്‍ വീട്ടിലിരുന്നും ബാക്കി സിറ്റി ലോഡ്ജിലിരുന്നുമൊക്കെയാണ് മുല്ലനേഴി പൂര്‍ത്തിയാക്കുന്നത്. വൈകാതെ തൃശൂര്‍ ചേതന സ്റ്റുഡിയോയില്‍ ഗാനം റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഗിറ്റാറിന്റെ നേര്‍ത്ത സംഗീതത്തില്‍ ഷഹബാസ് തന്നെയായിരുന്നു ആ ഗാനം ആലപിച്ചത്.

മന്ദാരപ്പൂവില്‍ നിന്ന് ഇന്ത്യൻ റുപ്പിയിലേക്ക്...

പ്രതീക്ഷകളുടെ അടുത്ത ചിത്രം, എം.ടി. വാസുദേവന്‍ നായരുടെ കഥ, ശ്രദ്ധേയരായ പുതിയ താരനിര, ഒപ്പം പ്രതീക്ഷ നല്‍കുന്ന  സംഗീതവും. 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രത്തില്‍ പ്രിയനന്ദനന്റെ പ്രതീക്ഷ വാനോളമായിരുന്നു. ഷഹബാസിന്റെ സംഗീത്തില്‍ ഇന്ത്യന്‍ റുപ്പിയില്‍ കേട്ട "ഈ പുഴയും സന്ധ്യകളും," വി. ആര്‍. സന്തോഷ് രചിച്ച "പോകയായ് വിരുന്നുകാരി" അടക്കം ആറ് ഗാനങ്ങളായിരുന്നു 'അത് മന്ദാരപ്പൂവല്ല' എന്ന ചിത്രത്തിലേക്കായി ഒരുക്കുന്നത്. ചിത്രീകരണം തുടങ്ങി അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ചിത്രം ചില പ്രതിസന്ധികളെ തുടര്‍ന്ന് നിര്‍ത്തിവച്ചു. അതോടെ അനാഥമായത് ഈ ഗാനങ്ങള്‍കൂടിയായിരുന്നു. മറ്റേതെങ്കിലും ചിത്രത്തില്‍ സന്ദര്‍ഭോചിതമായി ഈ ഗാനങ്ങള്‍ ഉപയോഗിക്കമെന്ന് പ്രിയനന്ദനന് ഉണ്ടായിരുന്നെങ്കിലും അതൊന്നും നടക്കാതെ പോയി.

ഷഹബാസില്‍ നിന്നും ഈ പാട്ടുകള്‍ കേട്ട് ഇഷ്ടം തോന്നിയ രഞ്ജിത്ത് 'ഇന്ത്യന്‍ റുപ്പി'യിൽ ഈ ഗാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 'ഒരു ദിവസം രഞ്ജിയേട്ടന്റെ ഫോണ്‍ എനിക്കു വന്നു, പ്രിയ, ഷഹബാസിനെകൊണ്ട് ചെയ്യിച്ച ആ പാട്ടുകള്‍ ഞാന്‍ എടുത്തോട്ടെ എന്നു ചോദിച്ചു. എനിക്ക് മറിച്ചൊന്നു ചിന്തിക്കുവാനേ ഉണ്ടായിരുന്നില്ല. സ്നേഹത്തോടെ ഞാനതിന് സമ്മതം മൂളി. ആകെ ഡിമാന്‍ഡ് വെച്ചത് മുല്ലനേഴി മാഷിന് എന്തെങ്കിലും പ്രതിഫലം നല്‍കണം എന്നു മാത്രമാണ്. കാരണം, ഈ പാട്ടെഴുതി മാഷ് പൂര്‍ത്തിയാക്കുമ്പോള്‍ ഞാന്‍ കൊടുത്ത് ആകെ ആയിരം രൂപയാണ്. രഞ്ജിയേട്ടൻ നൂറുവട്ടം അതിന് സമ്മതം മൂളിയതോടെയാണ് അത് ഇന്ത്യൻ റുപ്പി'യില്‍ ഉപയോഗിച്ചത്.' പ്രിയനന്ദനന്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com