'മോളേ, നീയെന്താ കാറ്റിനോട് മത്സരിക്കുകയാണോ'? പാതിവഴിയിൽ വിടപറഞ്ഞ നർത്തകി, ശാന്തി ബിജിബാൽ ഓർമ

HIGHLIGHTS
  • നാല്പതാം ജന്മദിനത്തിൽ ഓർമ
shanthi-bijibal
SHARE

ലോകത്തിലെ സകലതിന്നോടും ജിജ്ഞാസ പുലർത്തിയ പെൺകുട്ടി. എല്ലാറ്റിലും വിശ്വാസമർപ്പിച്ചു ജീവിച്ച കലാകാരി. വിസ്മയമായിരുന്നു, അവളുടെ അംഗീരസം. വർണപ്പകിട്ടാർന്ന സ്വപ്നങ്ങളുടെ ചിറകിലേറി അവൾ  ഉയരങ്ങളിൽ പറന്നു. അതിനേക്കാൾ  ഉയരങ്ങളിൽ അവൾക്കു പറക്കാൻ സാധിക്കും എന്നുതന്നെ കരുതി, പ്രിയപ്പെട്ടവർ. ഞൊടിയിൽ എവിടെയും എത്തിച്ചേരുന്ന ചലനവേഗത കണ്ടുപേടിച്ച അമ്മ ഒരിക്കൽ ശാസനപോലെ ചോദിച്ചുപോയി, 'മോളേ, നീയെന്താ കാറ്റിനോട് മത്സരിക്കുകയാണോ'? സത്യത്തിൽ  ഒന്നിനോടും അവൾ മത്സരിച്ചില്ല. ജീവിച്ച കാലമത്രയും സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും ഒരു സ്വർണമിന്നൽപോലെ മാഞ്ഞുപോയി. ശാന്തിയുടെ നാല്പതാം പിറന്നാൾദിനത്തിൽ ഏറെ ഹൃദയഭാരത്തോടെ ഞാൻ വിചാരിച്ചു പോകുന്നു, ദൈവങ്ങൾ ദീർഘായുസു നൽകിയിരുന്നുവെങ്കിൽ നൃത്തകലയുടെ ഏതേതു ശൃംഗങ്ങൾ അവൾ കയറുമായിരുന്നില്ല!

അബുദാബിയിൽ വളർന്ന ശാന്തിയിൽ ബാല്യംമുതലേ ഒരു നർത്തകിയാകുക എന്നതിനപ്പുറം മറ്റൊരു ജീവിതകാമനയും ഉണ്ടായിരുന്നില്ല. കലാക്ഷേത്ര അശോകൻ ശാന്തിയെ നൃത്തകലയുടെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു. കലയോടുള്ള പ്രണയത്തിനിടയിലും ഔപചാരികവിദ്യാഭ്യാസം ശാന്തി വിട്ടുകളഞ്ഞില്ല. എംജി സർവകലാശാലയിൽനിന്നും എംകോം ബിരുദം നേടിയ ശാന്തി വീണ്ടും നൃത്തത്തിലേക്കു തിരിച്ചുവന്നു. 'ധരിണി' നൃത്തവിദ്യാലയത്തിലെ ഗുരു ശ്യാമള സുരേന്ദ്രനു കീഴിലെ കടുത്ത നൃത്തപരിശീലം ശാന്തിയെ നന്നായി പാകപ്പെടുത്തി. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പരമ്പരയെ പുതിയ തലമുറയിലൂടെ മുന്നോട്ടുകൊണ്ടുപോകാൻ ശപഥമെടുത്ത ശ്യാമള ടീച്ചർ ശാന്തിയെയും മോഹിനിയാട്ടത്തിന്റെ സാമ്പ്രദായികവഴിയിലൂടെ ശ്രദ്ധയോടെ നയിച്ചു

വിദൂരവിദ്യാഭ്യാസപദ്ധതിയിൽ  മോഹിനിയാട്ടം ലഭ്യമല്ലാതിരുന്നതിനാൽ, അക്കാദമിക വിഷയമായി ശാന്തി ഭരതനാട്യം തിരഞ്ഞെടുത്തു. കലൈ കാവേരി കോളേജ് കേന്ദ്രമാക്കി, ഭാരതീദാസൻ സർവകലാശാലയിൽനിന്നും ഭരതനാട്യത്തിൽ എംഎഫ്എ നേടി. എങ്കിലും ഭരതനാട്യ നർത്തകിയാകാൻ ശാന്തി ആഗ്രഹിച്ചില്ല. ഏതാനും വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചശേഷം അവർ പ്രിയപ്പെട്ട മോഹിനിയാട്ടത്തിലേക്കു തിരിച്ചുപോയി. വ്യത്യസ്ത ചിട്ടകളും പരിശീലനപദ്ധതികളും അഭിനയസമ്പ്രദായങ്ങളും വച്ചുപുലർത്തുന്ന രണ്ടു നൃത്തരൂപങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ശാന്തിയും തീരുമാനിച്ചു.

മോഹിനിയാട്ടം പഠിച്ചും പരിശീലിച്ചും മുന്നേറുന്നതിനൊപ്പം അതിൽ ഗവേഷണം ചെയ്യാനുള്ള മോഹവും സ്വാഭാവികമായും ശാന്തിയിലുണ്ടായി. കാലടി സർവകലാശാലയിൽ ഒരു റിസർച്ച് ഗൈഡിനെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിവച്ചു. മോഹിനിയാട്ടത്തെയും ദേവദാസി സമ്പ്രദായത്തെയും  വിഷയമാക്കിക്കൊണ്ടുള്ള ഗവേഷണം പക്ഷേ യാഥാർഥ്യമായില്ല. അതേസമയംതന്നെ വിഖ്യാത നർത്തകിയും ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫെസറുമായ ഡോ. ദീപ്തി ഓംചേരി ഭല്ലിയുടെ വിദഗ്ധശിക്ഷണം ലഭിച്ചാൽ കൊള്ളാമെന്ന ചിന്തയും ശാന്തിയിൽ ജനിച്ചു. എന്നാൽ മറ്റെന്തിനേക്കാളും കുടുംബത്തിനും അതിൽനിന്നു ലഭിക്കുന്ന പരമാനന്ദങ്ങൾക്കും പ്രാധാന്യം കൊടുത്ത ശാന്തി, ഉള്ളതിൽ സംതൃപ്തികൊള്ളാൻ നേരത്തേ ശീലിച്ചിരുന്നു.

shanthi-bijibal-2
ശാന്തി ബിജിബാൽ

ജനപ്രിയ  സംഗീതത്തിൽ അഭിരമിക്കുന്ന ബിജിബാലിനോടൊത്തുള്ള പ്രേമസാന്ദ്രമായ ദാമ്പത്യം മകംപിറന്ന ശാന്തിയെ കലാപ്രവർത്തനങ്ങളിൽ കൂടുതൽ പ്രോത്സാഹിപ്പിച്ചു. അയൽപക്കത്തെ കുട്ടികളെ തികച്ചും സൗജന്യമായി നൃത്തം പഠിപ്പിച്ചുകൊണ്ട് ശാന്തി പതിയേ  നൃത്താധ്യാപനത്തിലും പ്രവേശിച്ചു. 'ബോധി സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്കി'ൽ ശാന്തിയുടെ ശിഷ്യകളായി മുപ്പതോളം കുട്ടികളുണ്ടായിരുന്നു. ടീച്ചർ എന്നതിനേക്കാൾ അവരെല്ലാം ശാന്തിയിൽ  ഒരു ചേച്ചിയെ കണ്ടു. അത്രമേൽ സ്നേഹസമ്പന്നയായ ഗുരുവിനെ അവർക്കൊന്നും പിന്നീടും കിട്ടിയിട്ടുണ്ടാവില്ല. അപ്പോഴും, പല നൃത്താധ്യാപികമാർക്കും സംഭവിക്കാറുള്ള ദുരന്തം വന്നുപെടാതിരിക്കാൻ ശാന്തി സവിശേഷമായി ശ്രദ്ധിച്ചു. അതിനാൽ പെർഫോമിങ് ആർട്ടിസ്റ്റ് എന്ന നിലയിലും അവരുടെ കല മിന്നിത്തിളങ്ങി.

കേന്ദ്ര സംഗീത നാടക അക്കാദമി ജോധ്പുരിൽ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവത്തിൽ, കാവാലം എഴുതിയ ഒരു പദം ശാന്തി വളരെ ഭംഗിയായി അവതരിപ്പിച്ചു. അവിടെനിന്നു  തിരിച്ചുപോരുമ്പോൾ ശാന്തിയുടെ കയ്യിൽ ഒരു പുരസ്കാരമുണ്ടായിരുന്നു - 'നൃത്യപ്രതിഭ'. മുംബൈയിലെ 'നാളന്ദ ഡാൻസ് റിസർച്ച് സെന്റർ' സംഘടിപ്പിച്ച നൃത്തോത്സവത്തിലും ശാന്തി മോഹനിയാട്ടം അവതരിപ്പിച്ചു, യശ:ശരീരനായ കലാമണ്ഡലം ഹൈദരലി എഴുതി, ദ്വിജാവന്തി രാഗത്തിൽ  ചിട്ടപ്പെടുത്തിയ 'കാമോപനാം കമനൻ' എന്നു തുടങ്ങുന്ന വശ്യസുന്ദരപദം. അവിടെയും ശാന്തി ആദരിക്കപ്പെട്ടു, 'നൃത്യനിപുണ' പുരസ്കാരവും സ്വന്തമാക്കി. 'ധരിണി'യുടെ നേതൃത്വത്തിലുള്ള  നൃത്തസംഘത്തിൽ അംഗമായിക്കൊണ്ട്, ഗുരു ഗംഗാധർ പ്രസാദ് 1986ൽ തുടക്കമിട്ട കൊണാർക്കിലെ പ്രസിദ്ധ നൃത്തോത്സവത്തിലും ശാന്തി പങ്കെടുത്തു. ഇതിനിടെ 'അർധനാരീശ്വരം, ഓമനത്തിങ്കൾ, തൃക്കയ്യിൽ, സകല ദേവനുതേ, മായേ മീനാക്ഷി' എന്നിങ്ങനെ ഏതാനും യൂട്യൂബ് വിഡിയോകളും അവർ ആസ്വാദകർക്കായി നൽകി. ഇവയിൽ ഏറ്റവും മുന്നിട്ടുനിൽക്കുന്ന 'സകല ദേവനുതേ' ആവർത്തിച്ചു കാണുമ്പോൾ, ദില്ലിയിലെ ഗന്ധർവ മഹാവിദ്യാലയത്തിലെ പ്രധാന അധ്യപികയും  ഒഡീസി നർത്തകിയുമായ മാധവി മുദ്ഗലിന്റെ നൃത്ത വിഡിയോകൾ ഞാൻ പേർത്തും പേർത്തും ഓർത്തുപോകുന്നു.

ഒരു നല്ല ഗായികകൂടിയായ ശാന്തിയെ വ്യക്തിപരമായി പരിചയപ്പെട്ടവരാരും അവരിലെ  ആർദ്രതയെ മറന്നു പോകില്ല. അത്രയും നിർമലവും സുതാര്യവുമായിരുന്നു ശാന്തിയുടെ പെരുമാറ്റം. അവർ വിടവാങ്ങിയ ദിവസം പ്രകൃതിപോലും കണ്ണീർ വാർത്തുനിന്നു. അന്നു ഞാൻ അവിടെ സാക്ഷ്യം വഹിച്ച  ജനാവലി, ബിജിബാലിനോടുള്ള ബന്ധംകൊണ്ടുമാത്രം രൂപപ്പെട്ടതല്ല. പലരും കരച്ചിൽ ഒതുക്കിപ്പിടിച്ചു. എത്രയോ സഹനങ്ങളിലൂടെ പീഡനങ്ങളിലൂടെ ഉൾക്കരുത്താർജിച്ച, ഇപ്പോൾ മന്ത്രിപദം അലങ്കരിക്കുന്ന സഖാവിന്റെ കൺകോണിൽ പൊടിച്ചുനിന്ന നേർത്ത നീർക്കണങ്ങൾ, മഴത്തുള്ളികൾ തെറിച്ചുവീണതല്ലെന്നു മനസ്സിലാക്കാൻവേണ്ട വിവേകം എനിക്കും ഉണ്ടായിരുന്നു. ലോകസത്യമാണ്, എല്ലാവരും മരിക്കും. പക്ഷേ ഇങ്ങനെയൊരു മരണത്തെ എന്റെ ഹൃദയം ഇന്നും സ്ഥിരീകരിച്ചിട്ടില്ല. അപ്പോൾപിന്നെ 'മഴനിലാ കുളിരുമായ്' കടന്നുവന്ന ഒരുവളുടെ ഓർമയിൽ ബിജി എങ്ങനെ സ്വസ്ഥതപ്പെടാനാണ്?

ശാന്തിയെ പല സന്ദർഭങ്ങളിലും ഞാൻ കണ്ടു സംസാരിച്ചിട്ടുണ്ട്. 'സർ സിപി' എന്ന സിനിമക്കുവേണ്ടി ഞാൻ എഴുതി, സെജോ ജോൺ ഈണമിട്ട 'കട്ടുറുമ്പിനും' എന്ന ഗാനം പാടിയ ബാലസംഘത്തിൽ ബിജി-ശാന്തി ദമ്പതികളുടെ മക്കളായ ദേവദത്തും ദയയും ഉണ്ടായിരുന്നു. കടവന്ത്രയിലെ എൻഎച്ക്യുവിൽ സെജോ  കുട്ടികൾക്കു പരിശീലനം നൽകിക്കൊണ്ടിരിക്കേ, ഇപ്പുറത്തെ സന്ദർശകമുറിയിൽ ശാന്തിയും ഞാനും സംസാരിച്ചിരുന്നു. ജവഹർ ബാലഭവനിലെ  മഹിളാമണി ടീച്ചറുടെ സ്വാധീനത കാരണം ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തത്തിൽ ഭ്രമിച്ചുപോയ ഞാൻ ഒരു നർത്തകിയെ മുന്നിൽ കിട്ടിയപ്പോൾ അറിയാതെ വാചാലനായിപ്പോയി. 'സ്പിക്മാകെ'യുടെ സംഘാടകനിരയിലൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കൈക്കാരനായി നൃത്തപരിപാടികളുടെ പിന്നാലെ പിരാന്തെടുത്തു നടന്നതും മഹാനർത്തകിമാർക്കുവേണ്ടി പെട്ടി ചുമക്കുകപോലുള്ള ഭൃത്യവേലകൾ ചെയ്തതുമായ അനുഭവവിവരണങ്ങൾ കേട്ട് ശാന്തി വായപൊത്തി ചിരിച്ചു, ചിലപ്പോൾ 'അയ്യോ' എന്നും ആശ്ചര്യംകൊണ്ടു. പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകയും ഭരതനാട്യം നർത്തകിയും കൊറിയോഗ്രാഫറുമായ ശീമാ കെർമാനീയുടെ വെല്ലുവിളി നിറഞ്ഞ കലാജീവിതത്തെപ്പറ്റി സൂചിപ്പിച്ചപ്പോൾ, പേര് ഒരിക്കൽകൂടി പറയാൻ ആവശ്യപ്പെട്ടതും കയ്യിലെ ചെറിയ ബുക്കിൽ എഴുതിവച്ചതുംകൂടി ഞാനോർക്കുന്നു. റെക്കോർഡിങ് പൂർത്തിയായശേഷം താഴത്തെ നിലയിൽ ഇറങ്ങിവന്നതേ, ശാന്തി ഒരു ചോദ്യം ചോദിച്ചു, 'സാറിന് ഈ ഡാൻസിലൊക്കെ എങ്ങനെയാണ് ഇത്രയും താല്പര്യം വന്നത്?' അതിനുള്ള  ഉത്തരം ഞാൻ ഒറ്റവരിയിൽ നിർത്തി, 'നിങ്ങളെപ്പോലെയുള്ള അനുഗ്രഹീത കലാകാരികൾനിന്നും'. അതുകേട്ടപ്പോൾ സങ്കോചത്തോടെ കൈകൂപ്പിനിന്ന ശാന്തിയുടെ വട്ടമൊത്ത മുഖം നിറഞ്ഞുകൊണ്ട് ഒരു ഗന്ധരാജൻ വിടർന്നു. 

ഈ സംഭാഷണം മറ്റൊരിക്കൽ തുടരുകയുണ്ടായി. ബിജിയെ കാണാൻ 'ബോധി'യിൽ ചെന്നനേരം അദ്ദേഹം വലിയ തിരക്കിലായി കാണപ്പെട്ടു. ഞാൻ താഴേക്കിറങ്ങി. അവിടെ ഹാളിൽ ശാന്തി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നത് ഞാൻ പടി കയറുമ്പോഴേ നോക്കിവച്ചിരുന്നു. ജനാലക്കൽ മുഖപരിചയം കണ്ടിട്ടാകണം, അവർ അകത്തേക്കു ക്ഷണിച്ചു, 'വന്നോളൂ എനിക്ക് ബുദ്ധിമുട്ടില്ല. സാറിന് വേണമെങ്കിൽ കാണാം'. ഞാൻ തറയിൽ ചെന്നിരുന്നു. മുന്നിൽ ചമയങ്ങൾ ഒന്നുമില്ലാത്ത പരിശുദ്ധ നൃത്തം. ഓരോ കുട്ടിയിലും അവരുടെ ചലനങ്ങളിലും മുദ്രകളിലും കണ്ണെത്തുന്ന ഗുരുവൈഭവം ഞാൻ സാദരം കണ്ടു. എനിക്കു വേണ്ടിയാകണം എന്നു  ഞാൻ വിശ്വസിച്ചു, ഒരു പദത്തിന്റെ മധ്യേയുള്ള ഭാഗം അവർ കുട്ടികൾക്കെന്ന മട്ടിൽ തനിയെ ആടിക്കാണിച്ചു. അപ്പോൾ അഭൗമമായ ചൈതന്യത്താൽ അവരുടെ സ്വരൂപം ഭഗവതിയെപ്പോലെ പ്രകാശിച്ചു. ശിഷ്യകളെ പരിശീലനത്തിനു വിട്ടുകൊണ്ട്  ശാന്തി  വീണ്ടും അടുത്തേക്കുവന്നു. 'സർ പുതിയ കുട്ടികളുടെ നൃത്തം കാണാറുണ്ടോ?' ഞാൻ  ഒന്നു പതറി. പകയും പോരും പുലരുന്ന കലാരംഗത്ത്, ഒരു നർത്തകി മറ്റൊരു നർത്തകിയെപ്പറ്റി പ്രശംസിച്ചു കേൾക്കാൻ ഇഷ്ടപ്പെടുമോ! ശാന്തി എന്റെ മനസു വായിച്ചു. 'ഓരോരുത്തരുടെയും താൽപര്യങ്ങൾ വേറേയല്ലേ? യൂട്യൂബിൽ നോക്കാല്ലോ?' മേധാ ഹരി, ശ്വേത പ്രചണ്ഡ, ഹരിണി, ജനനി സേതുനാരായണൻ, ജാനകി രംഗരാജൻ, സാത്വക ശങ്കർ, മീര ശ്രീനാരായണൻ, ഐശ്വര്യ ബാലസുബ്രഹ്മണ്യൻ, രുക്മിണി വിജയകുമാർ, സുധർമ വൈദ്യനാഥൻ, അപൂർവ  ജയരാമൻ, സന്ധ്യ രാജു, പ്രതീക്ഷ കാശി, സുജാത മഹാപാത്ര, സുരഭി ഭരദ്വാജ്, ശിവശ്രീ സ്കന്ദപ്രസാദ്, സാന്ദ്ര പിഷാരടി എന്നിങ്ങനെ നാവിൽ പെട്ടെന്നുവന്ന ചില പേരുകൾ  ഒട്ടും ഔചിത്യമില്ലാതെ, ഉളുപ്പില്ലാതെ, അല്പജ്ഞാന പ്രദർശനംപോലെ ഞാൻ വാരിയിട്ടു. ശാന്തിയിൽ വിസ്മയങ്ങളുടെ ഓളങ്ങളിളകി. 'അവരുടെയെല്ലാം യൂട്യൂബ് ലിങ്ക് അയക്കുമോ' എന്നു ചോദിച്ചു, ശാന്തി. ഞാൻ ഏറ്റു. പക്ഷേ ശാന്തിയുടെ നമ്പർ വാങ്ങാൻ എനിക്കെന്തോ സ്വാതന്ത്ര്യം തോന്നിയില്ല, എന്റെ നമ്പർ അവരും ചോദിച്ചില്ല.

മറ്റൊരിക്കൽ ബിജിബാലിന്റെ ക്ഷണത്തിൽ ഞങ്ങൾ മൂന്നുപേരുംകൂടി അന്നമനട ക്ഷേത്രത്തിൽ പോയി. അവിടെ ഉത്സവത്തോടു  ചേർന്നുള്ള സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ, ആലപ്പുഴയിലെ ചില പഴയ ക്ഷേത്രങ്ങളുടെ പ്രധാന വാതിലുകളുടെ പുറകിലായി തിരുവ് കഴുക്കോലുകളുടെ നിർമാണവിദ്യപോലെയുള്ള, തച്ചുശാസ്ത്രത്തിലെ സങ്കീർണങ്ങളായ കണക്കുകൾ ഉള്ളികൊണ്ട് കോറിയിട്ടുള്ള കാര്യം ഞാൻ സൂചിപ്പിച്ചു. തട്ടിൽനിന്നു  താഴെ ഇറങ്ങിയപ്പോൾ ഉടനെ ശാന്തി  ചോദിച്ചു, 'അത് കണ്ടിട്ടുണ്ടോ?' ഞാൻ മറുപടി കൊടുത്തു, 'ഇല്ല, ചെല്ലപ്പനാശാരി പറഞ്ഞു കേട്ടതാണ്'. എന്തും വിശ്വസിക്കുന്ന ശാന്തി സംശയമുഖം കാണിച്ചു. ഞാൻ വിശദമാക്കി, 'കോട്ടയത്തെ എന്റെ സ്വന്തം നാലുകെട്ട് പണിയാൻ വന്നയാളാണ് രാമങ്കരിയിലെ ഈ ചെല്ലപ്പനാശാരി'. ഈ വർത്തമാനം കഴിഞ്ഞതേ ഞങ്ങൾ തൊട്ടടുത്തുള്ള, ബിജിയുടെ ബന്ധുവീട്ടിൽ കയറി. അവിടെ ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നു. പ്രധാന വിഭവം കപ്പകുഴച്ചത്. എന്റെ കൊതികണ്ട ശാന്തി ഉടനെ വീട്ടുകാരിയായി മാറുകയും പ്ലേറ്റിലേക്ക് വീണ്ടും വീണ്ടും കപ്പ കുഴച്ചതും ഉള്ളിച്ചമ്മന്തിയും കോരിയിടുകയുംചെയ്തു. ബിജി പറഞ്ഞതുപോലെ, ശാന്തി എന്നും ഇങ്ങനെയായിരുന്നു. എല്ലാവരോടും എളുപ്പത്തിൽ ഇണങ്ങും. ആരെപ്പറ്റിയും ചീത്ത വിചാരമില്ല. എന്തിനോടും അത്ഭുതംമാത്രം. ഒരു ചെറിയ കുട്ടി ഡാൻസ് ചെയ്യുന്നതു കണ്ടാൽപോലും പറയും, 'എന്ത് രസമാണ് അല്ലേ!'

ശാന്തിയുടെ ഗുരുഭക്തി 'ശ്രീഗുരുഗീത'യിൽ പരാമർശിക്കുന്ന തരത്തിൽ അചഞ്ചലമായിരുന്നു. 'ഗുരുഗീത'യിലെ  എൺപത്താറാം ശ്ലോകത്തിൽ മഹേശ്വരൻ ഉമയോടു പറയുന്നതിങ്ങനെയാണ്-

'ശിവേ രുഷ്ടേ ഗുരു സ്ത്രാതാ.

 

ഗുരൗ രുഷ്ടേ ന കശ്ചന'.

എന്നു വച്ചാൽ 'പരമശിവൻ കോപിച്ചാൽ ഗുരു രക്ഷിക്കും. എന്നാൽ ഗുരുകോപത്തിൽനിന്നു രക്ഷിക്കാൻ ആരുംതന്നെ ഇല്ല'. ഈ പ്രമാണം മാനിക്കാത്ത പലരും  നൃത്തരംഗത്തുണ്ട്. നാട്ടുമ്പുറത്തെ ക്ഷേത്രവളപ്പിൽ കുട്ടികളുടെ അരങ്ങേറ്റം നടക്കുന്നതിനിടയിൽ, ഡാൻസ് കളിക്കാൻ അവസരം കൊടുത്തില്ല എന്ന ഒറ്റക്കാരണത്താൽ ഡാൻസ് ടീച്ചറെ പള്ളു പറഞ്ഞുപിരിഞ്ഞ ഒരു നൃത്തവിദ്യാർഥിനിയെ എനിക്കറിയാം. ഇങ്ങനെയുള്ളവർക്കെല്ലാം മാതൃകയാക്കാൻ പാകത്തിൽ, സമസ്തവും ഗുരുവിൽ സമർപ്പിക്കുന്ന വിശിഷ്ട മനോഭാവം ശാന്തി എന്നും പുലർത്തിപ്പോന്നു.

ഒരു ദക്ഷിണേന്ത്യൻ ഫിലിം അവാർഡുനിശയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽ പോയപ്പോൾ ശാന്തിയുടെ നൃത്തത്തെപ്പറ്റി ഞാനും ബിജിയും ദീർഘമായി സംസാരിച്ചു. അന്നു ഞാൻ ഒരു ആശയം ബിജിയുടെ മുന്നിൽ വച്ചു, പ്രകൃതിമാതാവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം. അതിൽ ശാന്തിയുടെ കോസ്റ്റ്യൂംവരെ സംഭാഷണത്തിൽ വന്നു, പച്ചനിറത്തിലുള്ള ചിത്രവേലകൾചെയ്ത വെളുത്ത സാരിയും പച്ചനിറത്തിലുള്ള ആഭരണങ്ങളും. ഇക്കാര്യം അപ്പോൾതന്നെ ബിജി ഫോണിൽ ശാന്തിയോടു പറഞ്ഞു. ആറു ചരണങ്ങളുള്ള നൃത്തഗീതം ഞാൻ ഏതാണ്ട് എഴുതി പൂർത്തിയാക്കിയതുമാണ്. അതിനു ജീവൻ പകരേണ്ടയാൾ പക്ഷേ സ്വന്തം ജീവൻവെടിഞ്ഞു പോയിക്കഴിഞ്ഞല്ലോ!

ദീർഘായുസിനാൽ അനുഗ്രഹീതരായ ധാരാളം ശാസ്ത്രീയ നർത്തകിമാർ ഭാരതത്തിലുണ്ട്. അമല ശങ്കർ നൂറ്റൊന്നു വയസുവരെ ജീവിച്ചു, മൃണാളിനി സാരാഭായി തൊണ്ണൂറ്റേഴു വയസുവരെയും. പക്ഷേ  വെറും മുപ്പത്തിയാറാം വയസിൽ പൊലിഞ്ഞു തീരാനായിരുന്നു ശാന്തിയുടെ വിധി! അതാലോചിക്കുമ്പോൾ ഇരുപത്തിയൊന്നാം വയസിൽ മരിച്ചുപോയ എമാ ലിവെറിയെയും ഇരുപത്തിമൂന്നാം വയസിൽ ദിവംഗതയായ ക്ലാര വെബ് സ്റ്റേഴ്സിനെയും ഞാൻ വേദനയോടെ ഓർത്തുപോകുന്നു. ഇവർ രണ്ടുപേരും പാരീസിലെ അതിപ്രശസ്ത ഒപേറേ നർത്തകിമാരായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന അക്കാലത്ത്, വേദിയിൽ കത്തിച്ചുവച്ചിരുന്ന വലിയ വിളക്കിൽനിന്നും വസ്ത്രത്തിൽ തീ പടർന്നുപിടിച്ച്‌ അവർ രണ്ടുപേരും ദാരുണമായി കത്തിയെരിഞ്ഞു മരിച്ചു. ഇറ്റലിക്കാരിയായിരുന്ന എമാ ലിവെറിയെപ്പറ്റി പാരീസ് സ്വദേശിനിയും കലാനിരൂപകയുമായ അന്ന കിസൽഗാഫ് എഴുതിയ വരികൾ തീർച്ചയായും ശാന്തി ബിജിബാലിനും ചേർന്നുവരുന്നു- 'അവൾ വേദിയിൽ ഒരു ചിത്രശലഭമായിരുന്നു. അവളുടെ മനോഹരങ്ങളായ ചിറകുകൾ കരിഞ്ഞുപോയെങ്കിലെന്ത്, അവയുടെ മൃദുവായ ചിറകടി മർമരങ്ങൾ കലാസ്നേഹികളുടെ ഹൃദയത്തിൽ ഇപ്പോഴും സ്പന്ദിക്കുന്നില്ലേ?'

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA