‘നാളെ അത്യാവശ്യമായി ഒരു പാട്ടുവേണം, പെട്ടെന്നു തീരുമാനിച്ചതാണ്’, നട്ടപ്പാതിരയ്ക്ക് പാട്ടൊരുക്കാനിരുന്ന ബിച്ചുവും ശ്യാമും

Bichu-shyam
SHARE

കണ്ണദാസനെ കൊതിപ്പിച്ച, എം.എസ്. വിശ്വനാഥനെ അതിശയിപ്പിച്ച പാട്ട്. ശ്യാമിനും ബിച്ചു തിരുമലയ്ക്കുമാകട്ടെ അത് നിമിഷങ്ങൾക്കൊണ്ട് സംഭവിച്ച പാട്ടും. മഞ്ഞിന്‍ തേരേറി, തെയ്യം തിറയാടി വന്ന പാട്ട് മലയാളിയേയും കുളിരണിയിച്ചു. ഒരു കുളിയില്‍ ഒരായിരം കാര്യമുണ്ടെന്ന് ഓര്‍മിപ്പിച്ച പാട്ട് പിറന്നതാകട്ടെ അതിവേഗത്തിലും.

"മഞ്ഞിന്‍ തേരേറി...

ഓ.. കുളിരണ് കുളിരണ്

തെയ്യം തിറയാടി...

ഓ.. ചിലുചിലെ ചിലുചിലെ

ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ"

ശ്യാം - ബിച്ചുതിരുമല കൂട്ടുകെട്ടില്‍ 1978ല്‍ പുറത്തിറങ്ങിയ 'റൗഡി രാമു'വിലെ ഈ ഗാനത്തിന് പറയാന്‍ കഥകളേറെയുണ്ട്. എസ്. ജാനകിയും വാണി ജയറാമും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തില്‍ മെലഡിയ്ക്കൊപ്പം നിറഞ്ഞ ചടുലത തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. കൂട്ടിച്ചേര്‍ക്കലുകളോ തിരുത്തലുകളോ ഇല്ലാതെ അവിചാരിതമായി സംഭവിച്ച "മഞ്ഞിന്‍ തേരേറി" എന്ന ഗാനത്തിന്റെ സ്വീകാര്യത അണിയറ പ്രവര്‍ത്തകരെപോലും അതിശയിപ്പിക്കുന്നതായിരുന്നു. "മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെ ചെയ്ത ഗാനമായിരുന്നു അത്. വരുന്നതു പോലെ വരട്ടെ എന്ന ഭാവത്തില്‍, എന്തായാലും മലയാളികള്‍ക്കത് വലിയ ഇഷ്ടമായി," ശ്യാമില്‍ പാട്ടിന്റെ കുളിര് ഒഴുകി എത്തി.

മറ്റൊരു ചിത്രത്തിന്റെ കമ്പോസിങ്ങിനായി ശ്യാമും ബിച്ചുതിരുമലയും മദ്രാസിലെ മോറിസ് ഹോട്ടലിലാണ്. രാത്രി വൈകിയും ജോലികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. ആ രാത്രിയുടെ അവസാനത്തെ സിഗരറ്റും പുകച്ച് ശ്യാം രാത്രിയോട് നിശബ്ദമായി സംസാരിച്ചു. 'പന്ത്രണ്ടരയായി, നമുക്ക് ഉറങ്ങിയാലോ?' എന്നു തിരക്കി ബിച്ചു തിരുമല ശ്യാമിനെ നോക്കി. ചുണ്ടിലെ പുക ഊതികളഞ്ഞ് അവിടെയൊരു പാട്ടിനേയും പ്രതിഷ്ഠിച്ച് ശ്യാം ചിരിച്ചു. പെട്ടെന്നാണ് 'ശ്യാമിനൊരു കോള്‍ വന്നിരിക്കുന്നു' എന്ന സന്ദേശവുമായി റിസപ്ഷനിലെ ചിന്നപ്പയ്യനോടി എത്തുന്നത്. ഇതാരാണ് ഈ നട്ടപ്പാതിരയ്‌ക്കെന്നു ചിന്തിച്ച് ശ്യാം ഫോണെടുത്തു. വിളിച്ചത് നിർമാതാവ് അരോമ മണിയാണ്. 'പെട്ടെന്നു തീരുമാനിച്ചതാണ്. നാളെ അത്യാവശ്യമായി ഒരു പാട്ടുവേണം. വൈകിട്ട് അത് ഷൂട്ടു ചെയ്യണ്ടതാണ്. രാവിലത്തേക്ക് സ്റ്റുഡിയോ ബുക്ക് ചെയ്തിട്ടുണ്ട്. 'ശ്യാം ആശങ്കയോടെ കേട്ടിരുന്നു. തുടർന്ന് സംസാരിച്ചതാകട്ടെ സംവിധായകന്‍ എം. കൃഷ്ണന്‍നായരും. സന്ദര്‍ഭം കൃത്യമായി പറഞ്ഞുകൊടുത്ത് എല്ലാ സ്വാതന്ത്ര്യവും ശ്യാമിനു നല്‍കി.

അല്‍പ്പം ടെന്‍ഷനോടെ തിരികെ മുറിയിലെത്തി ബിച്ചു തിരുമലയോടു കാര്യം പറഞ്ഞു. അതിപ്പോ ശരിയാക്കാമല്ലോ എന്ന ഭാവത്തില്‍ ബിച്ചു തിരുമല പേനയും പേപ്പറുമെടുത്തു. ശ്യാമൊന്ന് കണ്ണടച്ച് ആലോചിച്ചു. പതിയെ മൂളി തുടങ്ങി. "ആ ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നത് അത്ര എളുപ്പമല്ലെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, ബിച്ചു ഞെട്ടിച്ചുകൊണ്ട് അതിവേഗത്തിലാണ് എഴുതിയത്. ഞാനോരോ ഭാഗവും മൂളുമ്പോള്‍ ബിച്ചു ശ്രദ്ധിച്ചിരുന്ന് കേള്‍ക്കും. പ്രയാസമേറിയ ഭാഗമൊക്കെ വരുമ്പോഴും  ഒട്ടും താമസിച്ചില്ല. ആ വേഗത അന്ന് എന്നെയും അതിശയിപ്പിച്ചു. എന്റെ സംഗീതജീവിതത്തിലെ തന്നെ മറക്കാനാവാത്ത അനുഭവമാണ് ഈ ഗാനം," ശ്യാം പറയുന്നു. "അതിവേഗത്തിലാണ് ശ്യാം സംഗീതം ചെയ്തത്. അതിനൊത്ത് ഞാനും എഴുതി. തുടക്കം കിട്ടുക എന്നതു മാത്രമായിരുന്നു പ്രയാസം, പിന്നെ അതിനെ ബന്ധിപ്പിച്ച് എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു," ബിച്ചു തിരുമല പറയുന്നു.

തമിഴിലേക്കും എത്തിയ ഗാനം

1978ല്‍ പുറത്തിറങ്ങിയ 'മനിതരില്‍ ഇത്തനൈ നിറങ്കളാ' എന്ന തമിഴ് ചിത്രത്തിലും ഈ സംഗീതമെത്തി. കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പാട്ട് കേട്ട് ഇഷ്ടം തോന്നിയ സംവിധായകന്‍ ആര്‍. സി. ശക്തിയാണ് ശ്യാമിനെ തമിഴിലേക്ക് ക്ഷണിക്കുന്നത്. "പൊണ്ണേ ഭൂമിയടീ" എന്നു തുടങ്ങുന്ന ഗാനം രചിച്ചതാകട്ടെ കവിയരസ് കണ്ണദാസനും. "കണ്ണദാസന്‍ സാറിന്റെ അടുത്ത് ഞാനീ പാട്ടു മൂളുമ്പോള്‍ അദ്ദേഹം അതിശയത്തോടെയാണ് കേട്ടിരുന്നത്. 'റൊമ്പ ഡിഫിക്കല്‍റ്റ് മ്യൂസിക്ക് തമ്പീ...' അദ്ദേഹം ആദ്യം  തന്നെ പറഞ്ഞത് ഇതായിരുന്നു. മലയാളത്തില്‍ എഴുതിയതാര് എന്നതായിരുന്നു അടുത്ത ചോദ്യം. ബിച്ചു തിരുമല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നു ചിരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ അദ്ദേഹവും പാട്ടെഴുതി പൂര്‍ത്തിയാക്കി,' ശ്യാം കണ്ണദാസനൊപ്പമുള്ള പാട്ടുനേരം ഓര്‍ത്തെടുത്തു.

റെക്കോര്‍ഡ് ചെയ്ത പാട്ടുമായി ശ്യാം തന്നെ എത്തണമെന്ന് ആവശ്യപ്പെട്ടത് കണ്ണദാസനാണ്. കൊതിയോടെ പാട്ട് കേട്ടിരുന്ന ശേഷം അദ്ദേഹം ആദ്യം വിളിക്കുന്നത് അടുത്ത സുഹൃത്തായ എം. എസ്. വിശ്വനാഥനെയാണ്. 'നിന്റെ ശിഷ്യനൊരു പാട്ട് ശെയ്തത് കേളടാ, എനക്കത് പുടിച്ച പാട്ടടാ...' എന്ന് പറഞ്ഞു. എം.എസ്.വിയ്ക്ക് കാര്യം പിടികിട്ടിയില്ല. കണ്ണദാസന്‍ ഫോണ്‍ ശ്യാമിന് കൊടുത്തു, 'നീ ഏതോ പാട്ട് ചെയ്തിട്ടുണ്ടെന്ന് കവി പറയുന്നു, ഏതു പാട്ടടാ അതെന്നു' ചോദിച്ചു. ശ്യാം പാട്ടു മൂളിയതോടെ എം.എസ്.വിയ്ക്കും അതിശയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA