ADVERTISEMENT

ബന്ധുരേ.....ബന്ധുരേ.... രാസനിലാവിന് താരുണ്യം രാവിന് മായികഭാവം എന്നെഴുതിയത് കൈതപ്രമാണ്. രാത്രിയുടെ മാസ്മരികഭംഗിയെക്കുറിച്ച് എത്രയെഴുതിയാലും മതി വരാറില്ല നമ്മുടെ പാട്ടെഴുത്തുകാര്‍ക്ക്. രാത്രിക്കു തന്നെയുണ്ട് വശ്യ ഭംഗി. ആ രാത്രിയിലേക്ക് നീല നിലാവും കുളിരും പെയ്തു തുടങ്ങിയാല്‍ പ്രണയികളും വിരഹികളുമൊക്കെ വീടുവിട്ടിറങ്ങും. നീല ചന്ദ്രനോ, ചിരിച്ചും കരഞ്ഞും പാടി നടക്കുന്ന നായികാ നായകരെ ഉന്മത്തരാക്കും. രാത്രിയുടെ നീലിമയും പ്രണയനിലാവിന്റെ കാന്തിയുമിണങ്ങി ഹിറ്റായ ആ പാട്ടുകളിലൂടെ....

ബ്രഹ്മാന്രന്ദന്‍ എന്ന ഗായകന്റെ കാമുക സ്വരത്തില്‍ കേട്ട ഒരു പ്രേമഗാനം ഒരു കാലത്ത് മലയാളക്കരയാകെ ഏറ്റു ചൊല്ലി. സിഐഡി നസീര്‍ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പിയെഴുതിയ മനോഹര ഗാനം നീലരാത്രിയുടെ മാസ്മരിക ഭംഗിയിലേക്ക് പ്രേക്ഷകനെ ക്ഷണിക്കുന്നു.  

നീല നിശീഥിനി നിന്‍മണിമേടയില്‍

നിദ്രാവിഹീനയായ് നിന്നു

നിന്‍ മലര്‍വാടിയില്‍ നീറുമൊരോര്‍മ്മ പോല്‍

നിര്‍മ്മലേ ഞാന്‍ കാത്തു നിന്നൂ

നിന്നു നിന്നു ഞാന്‍ കാത്തു നിന്നൂ..

കടല്‍ത്തീരത്തുകൂടി പാടി നടന്നു സോമന്‍ കയറിയത് പ്രണയികളുടെ മനസ്സിലേക്കാണ്. കടല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ യേശുദാസ് പാടി അനശ്വരമാക്കിയ ഗാനം. നീല നിലാവില്‍ അലിഞ്ഞു പാടുന്ന ഒരു കാമുകന്റെ മനസ്സ് എത്ര വികാരതീവ്രമായാണ് ബിച്ചു തിരുമല വരച്ചിടുന്നത്. പാട്ടിന് പ്രണയോന്മത്തമായ ഭാവം പകര്‍ന്നത് എ.ടി. ഉമ്മറാണ്.

നീല നിലാവൊരു തോണി

അരയന്നച്ചിറകുള്ള തോണി

നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ

നീല നിലാവൊരു തോണീ

കടല്‍കാക്കകള്‍ എന്ന ചിത്രത്തില്‍ പൂവച്ചല്‍ ഖാദര്‍ രചിച്ച് എ.ടി. ഉമ്മര്‍ സംഗീതം നല്‍കിയ ഗാനത്തില്‍ രാവൊരു നീലക്കായലാണ്. എസ്. ജാനകിയാണ് ആലാപനം.

രാവൊരു നീലക്കായല്‍

ഈ രാവൊരു മോഹക്കായല്‍

കായലിലേതോ തോണി

പൂന്തോണിയില്‍ നിന്‍ വരവായി

പ്രേമാഭിഷേകം എന്ന ചിത്രത്തിലെ മനോഹരമായ ഗാനം നീലാകാശത്തിലെ ചന്ദ്രക്കലയെ തൊട്ടുവിളിക്കുന്നു. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ഗംഗൈ അമരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീല വാനച്ചോലയില്‍

നീന്തിടുന്ന ചന്ദ്രികേ

ഞാന്‍ രചിച്ച കവിതകള്‍

നിന്റെ മിഴിയില്‍ കണ്ടു ഞാന്‍

വരാതെ വന്ന എന്‍ ദേവീ..

രാത്രിയുടെ വശ്യതയെക്കുറിച്ച് ഏറെ പാട്ടില്‍ പറഞ്ഞിട്ടുണ്ട് കൈതപ്രം. സോപാനത്തിലെ ഗാനം ആരെയും പ്രണയാര്‍ദ്രരാക്കും.

താര നൂപുരം ചാര്‍ത്തി മൂകയാമം

ശ്യാമ പരിഭവം പെയ്തു മഞ്ഞു വീണു

മൗനരാഗമോടെ പ്രിയ ചന്ദ്രലേഖ നിന്നൂ..

പുടവയായ് നിലാവുലഞ്ഞു ഋതു പരിണയം തുടങ്ങി...

പൊന്നുനൂലരഞ്ഞാണം കുളിരരുവിയില്‍ കിലുങ്ങീ...

എന്നു പോകുന്നു ഈ മനോഹര ഗാനത്തിന്റെ വരികള്‍.

നീലരാവിന്റെ സൗന്ദര്യത്തില്‍ മുങ്ങിയ മറ്റൊരു കൈതപ്രം  ഗാനമാണ് കുടുംബ സമേതം എന്ന ചിത്രത്തിലുള്ളത്. രാത്രിയുടെ ഭംഗി മുഴുവന്‍ ഒപ്പിയെടുത്താണ് സംവിധായകന്‍ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നതും. നിലാവു വീണു നനഞ്ഞ പുഴക്കരയിലൂടെ വെളുത്ത വസ്ത്രങ്ങളണിഞ്ഞ് നടന്നു നീങ്ങുന്ന മനോജ് കെ. ജയന്റെയും  മോനിഷയുടെയും ദൃശ്യവും പാട്ടും പകരുന്ന രസാനുഭൂതിയും ഒരിക്കലും മറക്കാനാവില്ല.

നീല രാവിലിന്നു നിന്റെ താരഹാരമിളകി

സോമബിംബകാന്തിയിന്നു ശീതളാംഗമേകി

പാര്‍വ്വതി പരിണയയയാമമായ്

ആതിരേ ദേവാംഗനേ

കുളിരഴകില്‍ ഗോരോചനമെഴുതാനണയൂ..

കമലിന്റെ പാവംപാവം രാജകുമാരന്‍ എന്ന ചിത്രത്തിലെഴുതിയ ഗാനത്തിലും കൈതപ്രം നീല രാത്രിയെ വര്‍ണ്ണിക്കുന്നു.

പാതിമെയ്മറഞ്ഞതെന്തേ.. സൗഭാഗ്യതാരമേ

രാവിന്‍ നീലകലികയില്‍ ഏകദീപം നീ...

ഉദ്യാന പാലകന്‍ എന്ന ചിത്രത്തില്‍ നീല നിലാവ് മഞ്ഞുടയാട ചുറ്റിയാണ് വരുന്നത്. കൈതപ്രത്തിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്നു.

ഏകാന്തരാവിന്‍ പിന്‍വാതില്‍ ചാരി

വെണ്‍ചന്ദ്രലേഖ കണ്‍മുന്നില്‍ നിന്നു

രാമഴയില്‍ നനഞ്ഞു രജനി

നീലനിലാവിന്റെ മഞ്ഞുടയാടയും

ജാലക വാതിലില്‍ മെല്ലെയുലഞ്ഞൂ...

ഗിരീഷ് പുത്തഞ്ചേരിയുടെ നീലഭസ്മക്കുറി മറക്കാനാവുമോ? അഗ്‌നി ദേവന്‍ എന്ന ചിത്രത്തിലെ പ്രണയഗാനം അത്രമേല്‍ ഹൃദ്യമായ പ്രണയത്തെ വരച്ചിടുന്നു.

നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ

കാതിലോല കമ്മലിട്ടു കുണുങ്ങി നില്‍പ്പവളേ

ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി

നിന്‍ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

തിരുത്തല്‍വാദി എന്ന ചിത്രത്തിൽ ഗീരീഷ്  എഴുതിയ പാട്ടിലുമുണ്ട് നീല രാത്രി. ഇവിടെ രാത്രിയുടെ നീലിമയിലേക്ക് ഗാനത്തിലെ ദു:ഖമാണ് അരിച്ചിറങ്ങുന്നത്. എസ്.പി.വെങ്കിടേഷിന്റെ സംഗീത സംവിധാനത്തില്‍ യേശുദാസാണ് ഗാനം പാടിയിരിക്കുന്നത്.

നീലയാമിനി നിന്‍ കരളിന്‍ നൊമ്പരം

മൂകതാരമായ് ഒരു മിഴിനീര്‍തുള്ളിയോ..

ഇനിയും മനസ്സേ നിറമേറുമോര്‍മ്മകള്‍

കനവായ് വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ ..

ധ്വനി എന്ന ചിത്രത്തില്‍  നൗഷാദിന്റെ മാസ്മരിക സംഗീതത്തില്‍ യൂസഫലി കേച്ചേരിയുടെ വരികള്‍ അലിഞ്ഞു ചേര്‍ന്നപ്പോള്‍ പിറന്ന അനുരാഗലോലഗാത്രിയില്‍ സംഗീതം ലഹരിപോലെ പതഞ്ഞൊഴുകുന്നുണ്ട്. ഒരു പ്രണയരാത്രിയുടെ മാസ്മരിക സൗന്ദര്യം മുഴുവന്‍ കുടഞ്ഞിടുന്നുണ്ട് യേശുദാസിന്റെയും പി.സുശീലയുടെയും.. ആലാപന ഭംഗി.

അനുരാഗ ലോലഗാത്രി

വരവായി നീല രാത്രി

നിനവിന്‍...മരന്ദചഷകം

നെഞ്ചില്‍ പതഞ്ഞ രാത്രി

കോട്ടയം കുഞ്ഞച്ചന്‍  എന്ന ചിത്രത്തില്‍  ചുനക്കര രാമന്‍ കുട്ടി എഴുതിയ ഗാനവും നീല രാവിന്റെ ഭംഗി തേടുന്ന കാമുകനെ അവതരിപ്പിക്കുന്നു. ശ്യാമിന്റെ സംഗീതത്തില്‍ യേശുദാസാണ് ആലാപനം

ഈ നീല രാവില്‍ സ്‌നേഹാര്‍ദ്രനായ് ഞാന്‍

പൂനുള്ളി നിന്‍ മുന്നില്‍ വന്നൂ

മണവാട്ടിയായ് നീ മലര്‍മാല ചാര്‍ത്തി

തേന്‍ തൂകും മോഹങ്ങളായീ..

ചിരിമൂടിയൊളിവീശി നിന്നൂ..

വിനയന്റെ സംവിധാനത്തിലിറങ്ങിയ 'ഊമപെണ്ണിന്  ഉരിയാടാ പെണ്ണ്' എന്ന ചിത്രത്തില്‍ അദ്ദേഹം തന്നെ എഴുതിയ പാട്ടിലും നീലയുടുത്ത നിലാവിനെ കാണാം. മോഹന്‍ സിത്താരയുടെ ഈണവും വിനയന്റെ വരികളും യേശുദാസിന്റെ ആലാപനവുമാകുമ്പോള്‍ കേള്‍വിക്കാരുടെ കണ്ണും നനയും.

നീലനിലാവേ നീ കേഴുകയാണോ

നീറുകയാണോ നിന്‍ നെഞ്ചകമിന്നും

ഒരു നൊമ്പരമായി എന്‍ ഗദ്ഗദമായി

ഞാന്‍ പാടുകയാണീ ശോകങ്ങള്‍

ലാവണ്ടര്‍ എന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദും നീലരാത്രിയെ വര്‍ണിക്കുന്നുണ്ട്. ദീപക് ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീലരാവായ് മായുന്നിതേതോ നിഴല്‍

മേലെ മൂകാംബരത്തിന്റെ ഓരങ്ങളില്‍

ശ്യാമമേഘങ്ങള്‍ ഇന്നെങ്ങു പോയ്...

അങ്കരാജ്യത്തെ ജിമ്മന്‍മാര്‍ എന്ന ചിത്രത്തില്‍ ഒ.എസ് . ഉണ്ണിക്കൃഷ്ണന്‍ എഴുതിയ നെഞ്ചിന്‍ നിനവേ..കൊഞ്ചും മൊഴിയേ.. എന്ന ഗാനത്തിലും ഉണ്ട് നീല രാവ്.. ഗീരീഷ്‌സൂര്യനാരായണന്റെ സംഗീതത്തില്‍ നിഖിത മാത്യുവാണ് ആലാപനം.

ദൂരത്ത് മിന്നും താരകം

നാണിച്ചു കണ്ണു ചിമ്മവേ..

നീ നീലരാവായ് താരാട്ട് പാടും

രാപ്പാടിയാകാം ഞാന്‍...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com