പാടാനെത്തിയ യേശുദാസ് പിണങ്ങിപ്പോയി, ഇനി ആ സിനിമകളിൽ പാടില്ലെന്നും തീരുമാനം; ഉള്ളടക്കത്തിന്റെ അപ്രതീക്ഷിത ‘ക്ലൈമാക്സ്’

yesudas-ulladakkam
SHARE

പാതിരാമഴപോലെ മലയാളിയുടെ ഉള്ളില്‍ പെയ്തിറങ്ങിയ ഗാനങ്ങള്‍. അന്തിവെയില്‍ പൊന്നുതിര്‍ന്നപോല്‍ അത് ആസ്വാദകരിലേക്ക് പടര്‍ന്നു. സുഗന്ധതീരത്തെ തളിര്‍വാടിയില്‍ നിറഞ്ഞ വസന്തരാഗങ്ങളായിരുന്നു 'ഉള്ളടക്ക'ത്തിലെ ഗാനങ്ങളൊക്കെയും. കൈതപ്രം - ഔസേപ്പച്ചന്‍ കൂട്ടുകെട്ടിനൊപ്പം സംവിധായകന്‍ കമലിനുകൂടി അവകാശപ്പെട്ടതാണ് ആ പാട്ടുകളുടെ വിജയം. തന്റെ സിനിമയ്‌ക്കൊപ്പം കാലത്തിന് ഓര്‍ത്തെടുക്കാന്‍ അതിലെ ഗാനങ്ങളും വേണമെന്ന കമലിന്റെ നിര്‍ബന്ധം കൂടിയായിരുന്നു അതിനു പ്രധാന കാരണം. സിനിമാപ്പാട്ടുകേട്ടു കൊതിച്ച് സിനിമ കണ്ട് സംവിധായകനായ കമലുണ്ടോ പാട്ടില്‍ വിട്ടുവീഴ്ച ചെയ്യാന്‍? പാട്ടൊരുക്കത്തിന്റെ ഓരോ ഘട്ടത്തിലും ശില്‍പികള്‍ക്കൊപ്പം നിന്നു, എന്നാല്‍ 'ഉള്ളടക്ക'ത്തില്‍ പാട്ടുകള്‍ പകര്‍ന്ന അനുഭവങ്ങള്‍ ആശങ്കകളുടെയും ആധിയുടെയും കൂടിയായിരുന്നു. ഒരു കൊച്ചു പിണക്കത്തിനും വലിയ ഇണക്കത്തിനും സാക്ഷിയായി. ഓര്‍മകളുടെ റീലുകളില്‍ ഇന്നും പൂപ്പല്‍ പിടിച്ചിട്ടില്ല, ഹൗസ്ഫുള്ളായി ഇന്നും കമലിന്റെ മനസ്സില്‍ ആ കാലമുണ്ട്. ഔസേപ്പച്ചനോടു പിണങ്ങിയ യേശുദാസിന്റെയും പ്രശ്‌നം പരിഹരിക്കാന്‍ ഇത്തിരി ഓടിയ കൈതപ്രത്തിന്റെയും ചിത്രങ്ങള്‍.

1990ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം 'തൂവല്‍സ്പര്‍ശ'ത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് കൈതപ്രം - ഔസേപ്പച്ചന്‍ കൂട്ടുകെട്ടായിരുന്നു. പതിവുപോലെ പാട്ടില്‍ നോ കോംപ്രമൈസ് എന്ന നിലപാടില്‍ കമലും നിന്നു. കമ്പോസിങ് കഴിഞ്ഞതോടെ ഗാനങ്ങള്‍ യേശുദാസിനെ കൊണ്ട് പാടിയ്ക്കാനും തീരുമാനമായി. അമേരിക്കയിലായിരുന്ന യേശുദാസ് വരാന്‍ വൈകും എന്നു മനസ്സിലാക്കിയതോടെ റെക്കോഡിങ് മാറ്റിവച്ചു. പാട്ടുകള്‍ യേശുദാസ് തന്നെ പാടണം എന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ട്. ഇതിനിടയില്‍ ചിത്രീകരണം ആരംഭിച്ചു. ദിവസങ്ങള്‍ക്കു ശേഷം യേശുദാസ് പാടാനുമെത്തി. ദാസേട്ടന്‍ പാടാന്‍ എത്തുമ്പോള്‍ പോകാന്‍ കഴിയാത്തതിന്റെ നിരാശ കമലിന് ആവോളമുണ്ട്. അപ്പോഴും റെക്കോഡിങ് വിവരങ്ങള്‍ കൃത്യമായി തിരക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ് പെട്ടെന്ന് ഔസേപ്പച്ചന്റെ ഫോണ്‍ കമലിന് എത്തുന്നത്, പാടാനെത്തിയ ദാസേട്ടന്‍ പിണങ്ങി പോയിരിക്കുന്നു...! 'എന്തിനാണ് പിണങ്ങിയെതെന്ന് എനിക്കിപ്പോഴും അറിയില്ല. എന്തായാലും അതൊരു സൗന്ദര്യപ്പിണക്കമാണെന്ന് അറിയാമായിരുന്നു. മൂന്നു പാട്ടുകള്‍ പാടാനെത്തിയ ദാസേട്ടന്‍ രണ്ടു പാട്ടുകള്‍ മാത്രമാണ് പാടിയത്. 'മന്ത്രജാലകം' എന്ന ഗാനം പിന്നെ ആലപിച്ചത് ഉണ്ണിമേനോനാണ്. ഔസേപ്പച്ചനോട് തിരക്കിയെങ്കിലും കൂടൂതലൊന്നും വ്യക്തമായില്ല. ഇനി തന്റെ ചിത്രത്തിലേ പാടില്ലെന്ന് ദാസേട്ടന്‍ പറഞ്ഞൂന്ന് ഔസേപ്പച്ചന്‍ നിരാശയോടെ പറഞ്ഞു,' കമല്‍ ആ ദിവസത്തെ ഓര്‍ത്തെടുത്തു.

ഉള്ളടക്കത്തില്‍ അവര്‍ വീണ്ടുമൊന്നിച്ചു

'തൂവല്‍സ്പര്‍ശ'ത്തിനു ശേഷം കമല്‍ ചിത്രത്തില്‍ യേശുദാസിന്റെ ശബ്ദമെത്തുന്നത് 'ഉള്ളടക്ക'ത്തിലാണ്. ആ ഇടവേളകളുടെ കാലത്തിലൂടെ കമല്‍ വീണ്ടും സഞ്ചരിച്ചു, 'ബോധപൂര്‍വം സംഭവിച്ചതായിരുന്നില്ല അത്. 'പൂക്കാലം വരവായി'ലെ 'ഏതോ വാര്‍മുകിലിന്‍' എന്ന ഗാനം ദാസേട്ടന്‍ പാടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ഔസേപ്പച്ചനത് നല്‍കിയത് വേണുവിനാണ്. ചിലപ്പോഴാ പിണക്കം അന്നും ആ മനസ്സില്‍ ഉണ്ടായിരുന്നിരിക്കാം എന്നു തോന്നുന്നു. ഇതിനിടയില്‍ സംഭവിച്ച 'ശുഭയാത്ര'യിലും 'വിഷ്ണുലോക'ത്തിലും സംഗീത സംവിധായകരും ദാസേട്ടനെ ആവശ്യപ്പെട്ടതുമില്ല,' കമല്‍ പറയുന്നു.

1991ലാണ് കമലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ഉള്ളടക്ക'ത്തിന്റെ പിറവി. സംഗീതത്തിനു സാധ്യതകള്‍ ഏറെയുള്ളതുകൊണ്ട് കൈതപ്രം - ഔസേപ്പച്ചന്‍ ടീമിനെ തന്നെ കൂട്ടി. നിര്‍മാതാവ് സുരേഷ് ബാലാജിയുടെ മദ്രാസിലെ ഫ്‌ളാറ്റിലായിരുന്നു കമ്പോസിങ്. ചിത്രത്തിലെ ഒരു ഗാനമെങ്കിലും യേശുദാസ് പാടണമെന്ന ആഗ്രഹം ആദ്യം മുതല്‍ തന്നെ കമലും മനസ്സില്‍ സൂക്ഷിച്ചു. 'പാതിരാമഴ ഏതോ' എന്ന പാട്ട് പൂര്‍ത്തിയാക്കുമ്പോള്‍ മറ്റു ചില പേരുകളാണ് ഔസേപ്പച്ചന്‍ മുന്നോട്ടുവച്ചതെങ്കിലും കമല്‍ വഴങ്ങി കൊടുത്തില്ല. 'പഴയ പ്രശ്‌നം തന്നെയായിരിക്കും അതിനു കാരണമെന്ന് എനിക്കു മനസ്സിലായി. ദാസേട്ടന്‍ തന്റെ പടത്തില്‍ വരുമോ എന്ന കാര്യത്തില്‍ സംശയമാണെന്ന് ഔസേപ്പച്ചന്‍ പിന്നെയും പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണ് കൈതപ്രം ഇടപെടുന്നത്, നമുക്കൊന്നു പോയി ദാസേട്ടനോട് സംസാരിച്ചാലോ എന്നു ചോദിച്ചു. അതൊരു നല്ല ആശയമായി എനിക്കും തോന്നി,' കമല്‍ പറയുന്നു.

പിണക്കം മറന്നു പാടിയ പാതിരാമഴ....

 

എ.വി.എം സ്റ്റുഡിയോയില്‍ റെക്കോഡിങ്ങിന് യേശുദാസ് എത്തിയതറിഞ്ഞ് കമലും കൈതപ്രവും അവിടെയെത്തി. യേശുദാസ് പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാനായി തീരുമാനം. പ്രതികരണം എന്താകുമെന്ന ആശങ്ക ഉണ്ടെങ്കിലും എല്ലാം ഉള്ളില്‍ ഒതുക്കി. റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങിയ യേശുദാസാകട്ടെ ഇരുവരേയും കണ്ട് ഓടി അടുത്തെത്തി. 'എന്താ ഇവിടെ' എന്നു തിരക്കി. 'ദാസേട്ടനെ കാണാനാണ് വന്നതെ'ന്ന് വിനയാന്വീതനായി പറഞ്ഞത് കമലാണ്. 'കമലിന്റെ അടുത്ത പടത്തില്‍ രണ്ടു പാട്ടുണ്ട് ദാസേട്ടന്‍ വന്ന് പാടണം' എന്നു പറഞ്ഞതാകട്ടെ കൈതപ്രവും, അതിനെന്താ എന്ന ഭാവത്തില്‍ യേശുദാസ് തലയാട്ടി. ഡേറ്റ് നോക്കാന്‍ മാനേജരോടും പറഞ്ഞു. എങ്കിലും ഈ വരവില്‍ എന്തോ പന്തികേടു തോന്നിയ യേശുദാസ് കമലിനെ വീണ്ടും നോക്കി. 'ദാസേട്ടാ ചെറിയൊരു പ്രശ്‌നമുണ്ട്, ഔസേപ്പച്ചനാണ് മ്യൂസിക്' എന്നു കൈതപ്രം പറഞ്ഞതോടെ യേശുദാസ് എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ തുടങ്ങിയ കൈതപ്രത്തിനോട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. കമലിനെ പതിയെ അരികിലേക്ക് വിളിച്ചു, 'ഞാനിത് പാടുന്നില്ല, ഞങ്ങള് തമ്മില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്' എന്ന് യേശുദാസ് രഹസ്യമായി പറഞ്ഞു. 'അതെനിക്കറിയാം എന്റെ സിനിമയിലായിരുന്നു ആ പ്രശ്‌നത്തിന്റെ തുടക്കം' എന്ന് കമല്‍ പറഞ്ഞതോടെ യേശുദാസ് ഒന്നുകൂടി ആലോചിച്ചു. 'എന്റെ പടമാണ്, വരണം' എന്ന് കമല്‍ വാശിപിടിച്ചതോടെ യേശുദാസിന്റെ മനസ്സുരുകി. 'അവനോട് നല്ല കുട്ടിയായി ഇരിക്കാന്‍ പറഞ്ഞാല്‍ വരാം' എന്നുറപ്പിച്ചു പറഞ്ഞു.  

'ഔസേപ്പച്ചന്റെ അതേ സ്വഭാവം ജോണ്‍സണുമുണ്ട്, ഇടയ്ക്കിടെ ഇങ്ങനെ ചൊറിയാന്‍ വരും. അന്നു പോകാന്‍ നേരം ദാസേട്ടന്‍ പറഞ്ഞത് എനിക്കിന്നും ഓര്‍മയുണ്ട്,' കമല്‍ പറയുന്നു. ഉള്ളടക്കത്തിലെ പാട്ടുകള്‍ പാടാം എന്നു സമ്മതിച്ചെങ്കിലും പാട്ടുകള്‍ മുന്‍കൂട്ടി കേള്‍ക്കണമെന്ന് ദാസേട്ടന്‍ ഓര്‍മിപ്പിച്ചു. അങ്ങനെ പാട്ടുകള്‍ കാസറ്റിലാക്കി കൊടുത്തു. പാട്ടു കേട്ടിഷ്ടപ്പെട്ട ദാസേട്ടന്‍ വീണ്ടുമൊരു നിബന്ധന മുന്നോട്ടു വെച്ചു, 'ഞാന്‍ പാടാന്‍ എത്തുമ്പോള്‍ കമലും കൈതപ്രവും അവിടെയുണ്ടാകണം.'

രണ്ടു ദിവസം കഴിഞ്ഞ് മടങ്ങി പോകാനുള്ള ഒരുക്കത്തിലായിരുന്നു കൈതപ്രം. അന്നു തന്നെ പാടാനെത്തുമെന്ന യേശുദാസിന്റെ വിളിയുമെത്തി. ഔസേപ്പച്ചന്റെ ഉള്ളിലെ ആശങ്കകളിരട്ടിച്ചു. മടങ്ങിപ്പോക്ക് ഇനിയും വൈകുമല്ലോ എന്ന അസ്വസ്ഥതയായി കൈതപ്രത്തിന്. ഇതിനിടയില്‍ എന്തും നേരിടാനൊരുങ്ങി കമലും. കൃത്യസമയത്തു തന്നെ യേശുദാസ് സ്റ്റുഡിയോയിലെത്തി. ഗൗരവത്തോടെ പാട്ടിനെക്കുറിച്ച് ഔസേപ്പച്ചനോടു ചോദിച്ചുകൊണ്ടിരുന്നു. ഇതെന്തു ഭാവിച്ചാണെന്ന മട്ടില്‍ കമല്‍ കൈതപ്രത്തിനെ നോക്കി. ഔസേപ്പച്ചന്‍ കൂടുതല്‍ അസ്വസ്ഥനായിക്കൊണ്ടിരുന്നു. യേശുദാസ് ഔസേപ്പച്ചനെ നോക്കി പതിയെ ചിരിക്കാന്‍ തുടങ്ങി... 'നീ ടെന്‍ഷനടിക്കാതെ' എന്നു പറഞ്ഞ് പൊട്ടിച്ചിരിച്ച് ഔസേപ്പച്ചനെ ചേര്‍ത്തു പിടിച്ചു. 'നീ എന്നെ കാണാന്‍ വന്നില്ലല്ലോ, വിളിച്ചില്ലല്ലോ' എന്നൊക്കെ പറഞ്ഞ് ദാസേട്ടന്‍ അപ്പോഴും ഔസേപ്പച്ചനോട് പരിഭവം നടിക്കുകയായിരുന്നു. തമ്മിലുള്ള സൗന്ദര്യപ്പിണക്കം അവരെ എത്രത്തോളം വേദനിപ്പിച്ചിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു,' കമല്‍ പറയുന്നു.

സൗഹൃദാന്തരീക്ഷത്തില്‍ 'അന്തിവെയില്‍ പൊന്നുതിരും' എന്ന ഗാനം യേശുദാസ് പാടി പൂര്‍ത്തിയാക്കി. പ്രശ്നങ്ങള്‍ അവിടെ അവസാനിച്ചെന്നു കരുതി കമല്‍ ആശ്വാസത്തോടെ ഇരുന്നു. 'അടുത്ത ഗാനം നാളെ പാടാം' എന്നു പറഞ്ഞ് യേശുദാസ് എല്ലാവരേയും നോക്കി ചിരിച്ചു. എന്നാല്‍, കൈതപ്രത്തിന്റെ മുഖം മാത്രം തെളിഞ്ഞില്ല. 'ദാസേട്ടന്‍ ആ പാട്ട് ഇന്നങ്ങു പാടിയിരുന്നെങ്കില്‍ രാത്രീലേ ട്രെയിനിന് എനിക്കങ്ങ് പോകാമായിരുന്നു'വെന്ന് കൈതപ്രം പറഞ്ഞു. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചു. പിന്നെ യേശുദാസ് 'പാതിരാമഴ' എന്ന ഗാനം കൂടി ആലപിച്ച ശേഷമാണ് സ്റ്റുഡിയോ വിടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA