മറക്കുമോ 'താളവട്ട'ത്തിലെ വിനുവിനെ?

HIGHLIGHTS
  • ഇന്ന് ജൂൺ 21 ലോക സംഗീതദിനം
thalavattom-song
SHARE

കിഴക്കും പടിഞ്ഞാറുമെന്ന വ്യത്യാസമില്ലാതെ ദിവസവും നാലഞ്ചു  മണിക്കൂറുകളെങ്കിലും സംഗീതം കേൾക്കാൻ ശ്രമിക്കുന്ന, എന്നാൽ ഒരു സ്വരമെങ്കിലും പാടാൻ പാങ്ങില്ലാത്ത, വെറും ആസ്വാദകൻമാത്രമായി ഒതുങ്ങിക്കൂടി നിൽക്കുന്ന ഒരുവൻ, ലോകസംഗീതദിനത്തിൽ വായനക്കാരുമായി പങ്കിടാൻ ഏത് ഓർമയെ തിരഞ്ഞെടുക്കും? ബ്രഹ്മാണ്ഡം മുഴുവൻ പടർന്നുവ്യാപിച്ച വിശ്വസംഗീതജ്ഞരെപ്പറ്റി എഴുതണോ? വേണ്ടവണ്ണം തിരിച്ചറിയപ്പെടാതെ നിശബ്ദം കടന്നുപോയ മഹാജ്ഞാനികളെ നമസ്കരിക്കണോ? പരിമിതമായ ജീവിതകാലത്തിനുള്ളിൽ പത്തു ജന്മങ്ങൾക്കുവേണ്ട മനോജ്ഞ സംഗീതം ചുരന്നു നൽകി, മരണത്തിന്റെ ഇരുണ്ട ഗർത്തങ്ങളിൽ പൊലിഞ്ഞു വീണുപോയ പ്രകാശസ്‌ഫുലിംഗങ്ങളെ ഓർക്കണോ? അങ്ങനെ ചിലർ ലോകസംഗീതത്തിൽ എവിടെയുമുണ്ടല്ലോ.

മുപ്പത്തിയഞ്ചാം വയസിൽ ലഹരി മരുന്നുകൾ ജീവനെടുത്ത ഹാങ്ക് വില്യംസ്. വിമാനം തകർന്ന് മെനോന തടാകത്തിൽ വീണുമരിച്ച ഇരുപത്തിയാറുകാരൻ  ഓട്ടിസ് റെഡിങ്. ഇരുപത്തിയേഴു വയസിൽ ലഹരിയുടെ തിരയിൽ മുങ്ങിമറഞ്ഞുപോയ ഗിഥാർ മാന്ത്രികൻ ജിമി ഹെൻഡ്രിക്സ്. അപകടമരണമോ ആത്മഹത്യയോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത, ഓക്സ്ഫഡ്‌ സർവകലാശാലയുടെ അഭിമാനമായിരുന്ന, ഒരു വിഡിയോപോലും ശേഷിപ്പിക്കാതെ  കൺമറഞ്ഞ ഇരുപത്താറുകാരൻ നിക് ഡ്രേക്ക്. നാല്പതാം വയസിൽ, മാർക് ഡേവിഡ് ചാപ്മൻ എന്ന ആരാധകന്റെ  വെടിയേറ്റു മരിച്ച ജോൺ ലെനൻ. മുപ്പത്തിയാറാം വയസിൽ, കീർത്തിയുടെ നെറുകയിൽ നിൽക്കേ, ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് മെലനോമ പിടിപെട്ടു മരിച്ച ജമൈക്കൻ ഇതിഹാസം ബോബ് മാർലി. മാനസികരോഗവും ഡ്രഗ് അഡിക്ഷനും ചേർന്നുവന്നപ്പോൾ സ്വയം ഇല്ലാതാക്കിയ കേർട് കൊബെയ്ൻ. തലേരാത്രിയിൽ സ്വന്തം മരണത്തെ സ്വപ്നം കണ്ട, മുപ്പത്തിയാറാം വയസിൽ വിമാനാപകടത്തിൽ മരിച്ച, ബ്ലൂസ് മ്യൂസിക്കിൽ ഇന്നും ജ്വലിക്കുന്ന നക്ഷത്രമായി നിലനിൽക്കുന്ന  സ്റ്റീഫി റേ വാൻ. വളരെയൊന്നും പുറകിലല്ലാതെ ഇരുപത്തിയേഴാം വയസിൽ മദ്യത്തിൽ വിഷം ചേർത്തു കഴിച്ചുകൊണ്ട് ലോകത്തോടു വിടപറഞ്ഞ വൈൻ ഹൗസ്. ഇവരെ കൂടാതെ, മുപ്പത്തൊന്നു വയസുള്ളപ്പോൾ തലയറത്തു കൊല്ലപ്പെട്ട ലബനീസ് ഗായിക സൂസൈൻ തമീം, മുപ്പത്താറാം വയസിൽ കാറപകടത്തിൽ ഒടുങ്ങിയ  ഈജിപ്ഷ്യൻ ഗിഥാർവാദകൻ ഉമർ ഖുർഷിദ്. പുരാതന നഗരമായ ലഖ്‌സുറിൽ ജനിച്ച, 'മജീഷ്യൻ ഓഫ് ഹാപ്പിനെസ് 'എന്നറിയപ്പെട്ട, മുപ്പത്തിനാലാം വയസിൽ ഹൃദയസ്തംഭനംമൂലം മരിച്ച ഉമർ ഹത്ഫി, ഇരുപത്തേഴിൽ ദിവംഗതനായ കർണാടകസംഗീതത്തിലെ എസ്.ജി.കിട്ടപ്പ എന്നിവരെയൊക്കെ ഉൾപ്പെടുത്താൻ ശ്രമിച്ചാൽ ഈ  ശൃംഖല ഇനിയും നീണ്ടുപോകും. അതിനാൽ ഇവിടെ ഞാൻ പ്രധാനമായും പാശ്ചാത്യഗായകരെപ്പറ്റി മാത്രമേ പരാമർശിക്കാൻ ആഗ്രഹിക്കുന്നുള്ളൂ.

ഈ വിഷയത്തെ ഇങ്ങനെ പരിമിതപ്പെടുത്തി നിർത്താൻ വിശേഷമായ കാരണമുണ്ട്. കർണാടക സംഗീതത്തിന്റെ ആസ്വാദനപാരമ്പര്യത്തിൽ വളർന്ന എന്നെ, ബാല്യത്തിൽ പടിഞ്ഞാറൻ സംഗീതത്തിന്റെ വിസ്മയങ്ങളിലേക്കു നയിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു, നാട്ടിൽ. മുപ്പത്തിമൂന്നാം വയസിൽ ദാരുണമായി 'കൊല'ചെയ്യപ്പെട്ട പനക്കൽവീട്ടിലെ ധനേശണ്ണൻ അഥവാ ഷാജിയണ്ണൻ. ധനേശണ്ണന്റെ ദുരൂഹമരണത്തെ  കൊലപാതകമായി കാണുന്നവർ ബന്ധുജനങ്ങളിൽ  കുറവാണ്.  'അവന് അത്രേ ആയുസുണ്ടായിരുന്നുള്ളൂ' എന്നവർ സമാധാനിക്കുന്നു. എന്നിട്ടും എന്തുകൊണ്ടോ എനിക്കതിനു  കഴിയുന്നില്ല. കാരണം അങ്ങനെയൊന്നും മരണപ്പെടാൻ പാടില്ലാത്തയാളായിരുന്നു ധനേശണ്ണൻ. മാനസികഘടനയുടെ വികൃതികൊണ്ട് വല്ലപ്പോഴും ഉന്മാദത്തിലേക്കു വഴുതിപ്പോകാറുള്ള ധനേശണ്ണൻ ഒരിക്കലും നിയന്ത്രണംവിട്ട മനോരോഗിയായിരുന്നില്ല. പടിഞ്ഞാറൻ സംഗീതത്തോടുള്ള അണ്ണൻറെ അതിരില്ലാത്ത ആവേശത്തെ എല്ലാവരും തെറ്റിദ്ധരിച്ചു കണ്ടു. തീർച്ചയായും,  ഹൈപ്പോമാനിയയുടെ  ചില ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന, വേണമെങ്കിൽ ബൈപോളാർ അഫക്റ്റീവ് ഡിസോഡർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു മനോനില ധനേശണ്ണനിൽ  ഉണ്ടായിരുന്നു  അതിലപ്പുറം ചങ്ങലയിൽ ബന്ധിച്ചിട്ടേണ്ടതായ അവസ്ഥയിലേക്കൊന്നും ധനേശണ്ണൻ ഒരിക്കലും പോയിട്ടിട്ടില്ല.

ധനേശണ്ണനെ എങ്ങനെയും സുഖപ്പെടുത്താൻ ബന്ധുക്കൾ നിശ്ചയിച്ചു. പക്ഷേ ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സ ചിലർക്കു  ബോധിച്ചില്ല. കൂടിയാലോചനകൾക്കുശേഷം  കുറ്റാലത്തെ  പ്രസിദ്ധമായ ചിത്തരോഗാശുപത്രിയിയിൽ ധനേശണ്ണൻ പ്രവേശിക്കപ്പെട്ടു. സംഗീതമില്ലാതെ ഒരു നിമിഷംപോലും കഴിയാൻ സാധിക്കാത്ത ആ സാധുവായ സംഗീതപ്രേമി ആശുപത്രിയിലും പാട്ടുകേൾക്കാൻവേണ്ടി കഠിനമായി വാശിപിടിച്ചു. മനോരോഗത്തിനുള്ള ഏറ്റവും ഉത്തമമായ മരുന്ന് ക്രൂരമർദ്ദനമാണെന്നു ധരിച്ചുവച്ചിട്ടുള്ള  മഹാപാപികളായ വാർഡൻമാരും അവരുടെ കിങ്കരന്മാരുംചേർന്ന് സംഗീതത്തിനുവേണ്ടി അലമുറയിട്ടു കരഞ്ഞ ആ പാവത്തെ കൊല്ലാക്കൊല ചെയ്തു. ജനാലയുടെ അഴികളിൽ രണ്ടു കൈകളും വലിച്ചുകെട്ടി. ഇരുമ്പു ദണ്ഡുകളും ചങ്ങലകളും ഉപയോഗിച്ചുകൊണ്ടുള്ള ഭീകരമർദനം രാപകൽ തുടർന്നു. കഴുത്തിലെ കശേരുക്കൾമുതൽ കാൽനഖങ്ങൾവരെ പൊട്ടിപ്പൊളിഞ്ഞു. ഒരു രാത്രി ഫോൺകോൾ വന്നതിനെ തുടർന്ന് ബന്ധുക്കൾ കുറ്റാലത്തേക്കു  പോവുകയും  മൃതപ്രായമായ സ്ഥിതിയിൽ കിടന്ന ധനേശണ്ണനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. അപ്പോഴേക്കും മരുന്നുകൾ ഫലിക്കുന്ന സമയം  കഴിഞ്ഞുപോയിരുന്നു. ഒരു ദിവസം ധനേശണ്ണനെ കാണാൻചെന്ന അമ്മ സുലോചനാമ്മയോട് അണ്ണൻ ദയനീയമായി ചോദിച്ചു, ‘അമ്മേ എന്നെ കൊല്ലാനാണോ അങ്ങോട്ടു കൊണ്ടുപോയത്?’ കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി.

പിന്നെയും മൂന്നു  നാലു  ദിവസങ്ങൾ ബോധരഹിതനായി കിടന്നശേഷം ധനേശണ്ണൻ മരിച്ചു അഥവാ   സംഗീതത്തിനുവേണ്ടി രക്തസാക്ഷിയായി. അണ്ണനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞ വാക്യങ്ങൾ ബന്ധുവായ സുകുമാരൻമാമൻ ആവർത്തിച്ചത് എൻറെ നെഞ്ചിൽ ഇപ്പോഴും കിടന്നു നീറുന്നുണ്ട്- ‘സുകുമാരാ,  ഈ  മനുഷ്യൻറെ ശരീരത്തിൽ ഒടിയാൻ ഇനി ഒരു എല്ലുപോലും ബാക്കിയില്ല! നിങ്ങൾ കേസ് കൊടുക്കണം. വേണ്ടിവന്നാൽ സുപ്രീംകോടതിവരെ പോകണം. എവിടെയാണെങ്കിലും സാക്ഷിപറയാൻ ഞാൻ വരാം, എൻറെ സ്വന്തം ചെലവിൽ വരാം’. പക്ഷേ  കേസുകൾ ഒന്നുമുണ്ടായില്ല!  കുടുംബത്തിലെ ദുരഭിമാനിയായ ഒരു പ്രമാണിയുടെ ഉപദേശം പൊതുവേ എല്ലാവരും അംഗീകരിച്ചു.  ധനേശണ്ണനു നീതികിട്ടിയില്ല. അങ്ങനെയാണെങ്കിലും 1986- ൽ  കൊല്ലപ്പെട്ട  ധനേശണ്ണനെ ഇന്നും ഞാൻ  കണ്ടു കൊണ്ടിരിക്കുന്നു! സത്യത്തിൽ അണ്ണനെ  പരിചയമില്ലാത്ത ഒരു മലയാളിപോലുമില്ല. കാരണം, ‘ഇവിടെ സംഗീതം അനുവദിക്കൂ, മനസിൻ  മന്ത്രങ്ങൾ സ്വീകരിക്കൂ’ എന്നു  പാടി മനോരോഗ വാർഡിൽ എല്ലാവരെയും രസിപ്പിച്ച,’ താളവട്ട’ത്തിലെ ദുരന്ത നായകൻ വിനുതന്നെയാണ് ഞങ്ങളുടെ ധനേശണ്ണൻ! ഒരിക്കൽ ഇങ്ങനെ ഒരാളെപ്പറ്റി ഞാൻ മോഹൻലാലിനോടു  സൂചിപ്പിച്ചു. ലാൽ  അനുതാപത്തോടെ കേട്ടിരുന്നു.

ധനേശണ്ണൻ  എൻറെ അയൽപക്കത്തെ ഇല്ലിക്കൽ തറവാട്ടിലെ ഒരു ബന്ധുവായിരുന്നു. നാട്ടിലെ അറിയപ്പെടുന്ന ജന്മികുടുംബമായിരുന്ന ഇല്ലിക്കൽവീട്ടിൽ സ്വർണ ബൾബുകൾമിന്നുന്ന വലിയൊരു വാൽവ് റേഡിയോ ഉണ്ടായിരുന്നു. പിന്നെ ഫിലിപ്‌സിന്റെതന്നെ  മനോഹരമായ ഒരു ഗ്രാമഫോൺ റെക്കോഡ് പ്ലെയറും.  അതിനു കുറച്ചുകൂടി മോഡി നൽകാനായി അതിർത്തിയിൽനിന്ന ഒരു പൂവരശുമരം  വെട്ടി വലിയ രണ്ടു  സ്പീക്കർ ബോക്സുകൾ പണിയിച്ചു. ഇല്ലിക്കലെ  സുകുമാരൻമാമന്റെ പെങ്ങളുടെ മകനായ  ധനേശണ്ണൻ  ഗ്രാമഫോണിലൂടെ പാട്ടുകേൾക്കാൻ അവിടെ എപ്പോഴും വരും. കയ്യിൽ  ധാരാളം ഗ്രാമഫോൺ റെക്കോഡുകളും ഉണ്ടാവും. അവയുടെ ഉറവിടം വൈകാതെ  എനിക്കും  മനസിലായി. പനക്കൽ വീടിൻറെ അയൽപക്കത്തായി ചേർത്തല എസ്,എൻ.കോളേജിലെ അധ്യാപക ദമ്പതിമാർ താമസിച്ചിരുന്നു. പാശ്ചാത്യസംഗീതത്തിൽ വലിയ താൽപര്യമുണ്ടായിരുന്ന വത്സലൻ സാർ ഒട്ടേറെ ഗ്രാമഫോൺ റെക്കോഡുകൾ ശേഖരിച്ചു വച്ചിരുന്നു. അദ്ദേഹം അവ പാടിക്കുമ്പോൾ  കേൾക്കാൻ ചുറ്റുവട്ടത്തെ സംഗീതപ്രിയരായ ചെറുപ്പക്കാർ ഗെയിറ്റിങ്കൽ  വന്നു പമ്മി നിൽക്കും. അപൂർവമായി ഞാനും പോയിനിന്നിട്ടുണ്ട്.

എഴുപതുകളിൽ ഇന്ത്യയിലെമ്പാടും  സജീവമായ  ബ്ലൂസ്, ജാസ് , റോക് , ഡിസ്കോ മ്യൂസിക് തരംഗങ്ങളുടെ അലയൊലികൾ അങ്ങനെ ഞങ്ങളുടെ നാട്ടിലും  എത്തി. ജോൺ ലീ ഹൂക്കർ, എൽട്ടൻ ജോൺ, ഫ്രാങ്ക് സാപ്പാ, മൈക്കൽ  ജാക്സൺ, വാൻ മോറിസൺ, നീൽ യങ്, ബോബ് ഡിലൻ, ബാരി വൈറ്റ്  എന്നിങ്ങനെ നിരവധി പാട്ടുകാർ പേരിനെങ്കിലും  ഞങ്ങൾക്കും പരിചിതരായി. വത്സലൻ സാറുമായി നല്ല അടുപ്പമുണ്ടായിരുന്ന ധനേശണ്ണൻ  അവിടെനിന്നു കടം വാങ്ങിയ ഗ്രാമഫോൺ റെക്കോഡുകളുമായി ഓടിപ്പാഞ്ഞു വരുമ്പോൾ ഞങ്ങൾ പുറകേ  കൂടും. പരമാവധി ഉച്ചത്തിലേ  അണ്ണൻ പാട്ട് വയ്ക്കൂ. തുടക്കത്തിൽ വെറും കൗതുകം മാത്രമേ എന്നിൽ ഉണ്ടായിരുന്നുള്ളൂ. പാട്ടുകൾക്കൊപ്പം  അണ്ണൻ   കാട്ടിക്കൂട്ടുന്ന  പരാക്രമങ്ങൾ കണ്ടപ്പോൾ ഈ സംഗീതത്തിൽ കാര്യമായി എന്തോ ഉണ്ടല്ലോ എന്ന തോന്നൽ പതിയേ വളർന്നു. ധനേശണ്ണന്റെ  സ്വാധീനത കാരണം പാശ്ചാത്യസംഗീതത്തിലെ  മേളക്കൊഴുപ്പിൽ ഞാനും ലേശം ഭ്രമിച്ചുതുടങ്ങി എൻറെ താല്പര്യം അവിടെ നിന്നില്ല. ചെറുതായി ഇംഗ്ലീഷ് വായിക്കാൻ സാധിച്ചതിനാൽ റെക്കോഡുകളുടെ  കവറുകളുടെ   മുകളിൽ എഴുതിവച്ചിരുന്ന വിവരണങ്ങളും  ശ്രദ്ധിച്ചുതുടങ്ങി.  അങ്ങനെ ചില പേരുകൾ, പേരുകൾമാത്രം ഹൃദിസ്ഥമായി. ‘ഈഗിൾസ്, ബോണി എം, ബീറ്റിൽസ്, പിങ്ക് ഫ്ലോയിഡ്, റോളിങ്‌  സ്റ്റോൺസ് , ലെഡ് സെപ്പെലിൻ, ബ്ലാക് സബാത് , ഡീപ് പർപ്പിൾ ഒസീബിസ, അവഞ്ചേഴ്‌സ്, അബ്ബ, ദി ഹൂ, ജെത്രോ ടൽ’  തുടങ്ങിയ, വായിൽകൊള്ളാത്ത വാക്കുകൾ  കഷ്ടപ്പെട്ടു പഠിച്ചതിനു പിന്നിൽ  വേറെയും ഒരു രഹസ്യമുണ്ടായിരുന്നു- കൂട്ടുകാരുടെ മുന്നിൽ ഞെഗളിപ്പു കാട്ടുക! ഒരിക്കൽ ഇതിൻറെപേരിൽ സഹപാഠിയിൽനിന്ന് മൂക്കിൻമേൽ  നല്ല ഇടിയും കൊള്ളേണ്ടി വന്നിട്ടുണ്ട്. സംഗീതവിവരണത്തിനു  കിട്ടിയ ആദ്യത്തെ വേദന  എങ്ങനെ മറക്കും?

ധനേശണ്ണനെ നാട്ടിലാരും വകവച്ചിരുന്നില്ല. ചിലർ ‘വട്ടൻ’ എന്നു  പരിഹസിക്കുകയും ചെയ്തു. അങ്ങനെ തോന്നിപ്പിക്കുന്ന ചില പ്രവൃത്തികളും അണ്ണനിൽനിന്നും ഉണ്ടായിട്ടുണ്ട്  അവയിൽ എറ്റവും തീവ്രം പാശ്ചാത്യസംഗീതത്തോടുള്ള മതിഭ്രമമായിരുന്നു. പാട്ടിനോടൊപ്പം പരിസരം മറന്നു നൃത്തം ചെയ്തിരുന്ന അണ്ണൻ  പാട്ടിൽ കടന്നുവരുന്ന ഓരോ സംഗീതവാദ്യത്തെയും അനുകരിക്കും. സുകുമാരൻ മാമൻറെ കാലൻകുട ഗിഥാറാകും. കട്ടിലിൽ കിടക്കുന്ന  തലയിണകൾ ഡ്രംസാകും. പത്രക്കടലാസിനെ ചുരുട്ടി സാക്സഫോണാക്കി മാറ്റും. ഞങ്ങളും ധനേശണ്ണനെ ആവേശം പിടിപ്പിക്കും. അങ്ങനെ ഒരു സന്ദർഭത്തിൽ അണ്ണൻ ഉടുത്തിരുന്നതെല്ലാം  മുഴുവനായി  ദൂരെ എറിഞ്ഞുകളഞ്ഞു. ലക്കും ലഗാനുമില്ലാത്ത നഗ്നതാണ്ഡവം മുറുകിയപ്പോൾ ഞങ്ങളെല്ലാവരും ഓടിക്കളഞ്ഞു. ഈ സംഭവം പരസ്യമായതിനുശേഷം ധനേശണ്ണനു  മുകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടായി. ഇല്ലിക്കൽവീട്ടിലേക്കുള്ള വരവും കുറഞ്ഞു. പാട്ടു കേൾക്കാൻ അവസരമില്ലാതെ ഞാനും വിഷമിച്ചു.

ആയിടെ അമ്മ പറയുന്നതു  കേട്ടു, ധനേശണ്ണൻ  മെഡിക്കൽ കോളേജിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സയിലാണ്.  അണ്ണനെ സുഖപ്പെടുത്തി ഒരു സാധാരണ മനുഷ്യനാക്കാൻ ബന്ധുക്കളും സഹോദരനായ രാധാകൃഷ്ണനണ്ണനും  വളരെയധികം ആഗ്രഹിച്ചു. പ്രീഡിഗ്രി വരെ പഠിച്ച അണ്ണനും മറ്റുള്ളവരെപ്പോലെ ഒരു കുടുംബജീവിതം ഉണ്ടായിക്കാണാൻവേണ്ടി ചികിത്സ തുടർന്നുകൊണ്ടുപോയി. പലപ്രാവശ്യം ഇ.സി.ടി.യും കൊടുത്തു. സഹോദരന്മാർ ഏറെ സ്നേഹിച്ചിരുന്ന ധനേശണ്ണനെ പിന്നെ ആരുടെ ദുരുപദേശംകൊണ്ടാണ് കുറ്റാലത്തേക്കു വലിച്ചുകൊണ്ടുപോയതെന്ന കാര്യം എനിക്കിന്നും അജ്ഞാതമാണ്.  അതിൻറെ ഉള്ളുകള്ളികളിലേക്കു  പോകാൻകഴിയുന്ന പ്രായത്തിലായിരുന്നില്ലല്ലോ  ഞാനും. അതു പറഞ്ഞുതരാൻ കഴിയുന്നവർ ഇപ്പോൾ ജീവിച്ചിരിപ്പുമില്ല. എന്നാലും ഞാൻ ഓർക്കുന്നുണ്ട്, ഇടയ്ക്കിടെ വിവരങ്ങൾ അന്വേഷിക്കാൻ സുകുമാരൻ മാമൻ കുറ്റാലത്തു പോകും.  തിരിച്ചുവരുമ്പോൾ  ധനേശണ്ണനെപ്പറ്റിയുള്ള  കാര്യങ്ങൾ കേൾക്കാൻ ഞാൻ ആഗ്രഹിച്ചെങ്കിലും പലപ്പോഴും സാധിച്ചില്ല. ഇതിനിടെ ധനേശണ്ണൻ കൊണ്ടുവച്ച ഗ്രാമഫോൺ റെക്കോർഡുകൾ ഉടമസ്ഥരുടെ കൈകളിലേക്കു  തിരിച്ചുപോയി. ഇല്ലിക്കൽ വീട്ടിൽ പിന്നെ ഒരിക്കലും ഞാൻ പാശ്ചാത്യസംഗീതം കേട്ടിട്ടില്ല. കേട്ടത് ചില ഹിന്ദി- മലയാളം സിനിമാഗാനങ്ങൾ മാത്രം. അവയിലൊന്നും വലിയ താല്പര്യമുണ്ടാകാത്ത സംഗീതാഭിരുചി  അതിനകം ധനേശണ്ണൻ സൃഷ്ടിച്ചു തന്നിരുന്നു.

ഇന്നിപ്പോൾ ചിന്തിക്കുമ്പോൾ ലെമൺ ജെഫേഴ്‌സൺ, ജൂനിയർ വെൽസ്, സ്‌കിപ് ജെയിംസ്, സിസ്റ്റർ  റോസെറ്റ, പീറ്റി വീറ്റ്സ്ട്രോ , ആൽബട്ട് കോളിൻസ്, വില്ലി ജോൺസൺ, റോബർട് ജോൺസൺ, മൈൽസ് ഡേവിസ് , ജോൺ  കോൾട്രയ്ൻ, ബിൽ എവൻസ് തുടങ്ങി ബില്ലി ഐലിഷ്, റൂൾ, നോവ  സൈറസ്, ജെയിൻസ് ബേ, ജേക്കബ് ലീ,  ക്രിസ്റ്റൺ കിങ്ഫിഷ് ഇൻഗ്രാം, മോലാറ്റ് വരെയുള്ള യുവഗായകരിലേക്ക് എന്നെ വശീകരിച്ചുകൊണ്ടുപോകുന്ന ശുഭ്രനക്ഷത്രം  ധനേശണ്ണൻ തന്നെയാണെന്ന യാഥാർഥ്യം ഞാൻ കൃതജ്ഞതയോടെ തിരിച്ചറിയുന്നു. ധനേശണ്ണൻ എപ്പോഴുമെന്നപോലെ പാടിക്കേട്ടിട്ടുള്ള മൂന്നു  പാട്ടുകൾകൂടി ഇവിടെ ഉദ്ധരിക്കട്ടെ-

'ഐ വിൽ ബി കിങ്, ആൻഡ് യൂ വിൽ ബി ക്വീൻ

ദോ നഥിങ് വിൽ ഡ്രൈവ് ദെം എവേ.'

'റാ റാ  റാസ്പുട്ടിൻ, ലവർ ഓഫ് ദി റഷ്യൻ ക്വീൻ

ദേർ വാസ് എ ക്യാറ്റ്, ദാറ്റ് റിയലി വാസ് ഗോൺ.'

‘ഐ ഹാഡ് ടു സ്റ്റോപ്പ് ഫോർ ദി നൈറ്റ്

ദേർ  ഷി സ്റ്റുഡ് ഇൻ ദി ഡോർവേ.’

അന്നൊന്നും അറിഞ്ഞുകൂടായിരുന്നെങ്കിലും, ഇന്നറിയാം ഇവ മൂന്നും യഥാക്രമം ഡേവിഡ് ബോവി പാടിയ  ‘ഹീറോസ് ‘, ബോണി എം- ലെ അറൂബ ഗായകൻ ബോബി ഫാരെൽ നേതൃത്വം കൊടുത്തു പാടിയ ‘റാസ്പുട്ടിൻ’, 'ഈഗിൾസി'ലെ ഡ്രമ്മറായ ഡോൺ ഹെൻലി പാടിയ  ‘ഹോട്ടൽ കാലിഫോർണിയ'യിലെ  എന്നീ പാട്ടുകളിൽനിന്നുള്ള വരികളാണ്.

പനക്കൽ- ഇല്ലിക്കൽ കുടുംബങ്ങളിലെ തീരാദുഃഖമാണ് ധനേശണ്ണൻ. അണ്ണനെപ്പറ്റിയുള്ള അന്വേഷണങ്ങൾപോലും അവർക്ക് താങ്ങാവുന്നതല്ല.  എന്നെ സംബന്ധിച്ചിടത്തോളം ധനേശണ്ണൻ വലിയൊരു ശൂന്യതയാണ്. വ്യവസ്ഥാപിത ബന്ധനങ്ങളിൽ കഴിയുന്ന ഭാരതീയസംഗീതത്തിനപ്പുറം  സ്വാതന്ത്ര്യം ആഘോഷിക്കുന്ന ധാരാളം സംഗീതശാഖകളുണ്ടെന്ന ബോധം ചെറിയ പ്രായത്തിലേ അണ്ണൻ എനിക്കു  നൽകി ഇരുപതാംവയസിൽ നാടുവിട്ട ഞാൻ, വല്ലപ്പോഴും  വീട്ടിൽ ചെല്ലുമ്പോൾ അമ്മയും സഹോദരങ്ങളുമായുള്ള സംഭാഷണത്തിൽ ധനേശണ്ണനും കടന്നുവരും. പത്തിരുപതുവർഷം മുൻപാകണം, പതിവുപോലെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ,  അയൽപക്കത്തെ ഒരു ചെറിയ ആൺകുട്ടി മുറിയിൽ കയറിവന്നു. അപ്പോൾ അമ്മ പറഞ്ഞു, ‘ഇവൻ പനക്കലെ  മരിച്ചുപോയ ധനേശന്റെ  ഇളയമ്മയുടെ മകൻ ചന്ദ്രുവിന്റെ മോനാണ്.’  ഞാൻ അവനെ സ്നേഹത്തോടെ അടുത്തേക്കു വിളിച്ചു, മേശപ്പുറത്തിരുന്ന മധുരനാരങ്ങ  കയ്യിൽ വച്ചുകൊടുത്തു.

‘മോൻറെ പേരെന്താ?’ ഞാൻ ചോദിച്ചു.

നാണം കാരണം അവൻ ആദ്യം  മറുപടി പറഞ്ഞില്ല.  നിർബന്ധിച്ചു  ചോദിച്ചപ്പോൾ ചെറിയ കൊഞ്ചലോടെ അവൻ പേരു പറഞ്ഞു, ‘ധനേശ് ’.

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA