ആഡംബരത്തിൽ ഉല്ലസിക്കുന്ന ഏഴു പയ്യന്മാർ? വിമർശനങ്ങൾക്കപ്പുറത്തെ ബിടിഎസ്

bts-new-1
SHARE

‘‘പ്രിയപ്പെട്ട ഒപ്പ,

 

 

സ്വയം സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചതിനു നന്ദി.

സംഗീതത്തിലൂടെയും പാട്ടുകളിലൂടെയും ഇക്കഴിഞ്ഞ വർഷങ്ങളിൽ

 എനിക്കു സന്തോഷവും പ്രതീക്ഷയും നൽകിയതു നിങ്ങളാണ്’’.

– ബിടിഎസ് എന്ന കെ പോപ് ബാൻഡിന് ലോകമെമ്പാടുമുള്ള ആരാധകർ കത്തെഴുതുന്നത് ഇങ്ങനെയാണ്. വായിക്കപ്പെടുമെന്നുറപ്പില്ലാതെ, മറുപടി പ്രതീക്ഷിക്കാതെ  ഹൃദയത്തിൽ നിന്നൊഴുകുന്ന വാക്കുകളിലെഴുതിയ കത്തുകൾ സംഗീതലോകത്തിൽ ആ ഏഴംഗ സംഘത്തിന്റെ സ്വാധീനത്തിനു തെളിവാണ്. ആ സംഗീതത്തിനു മുന്നിൽ അലിഞ്ഞില്ലാതായി ഭാഷയും സംസ്കാരവും രാജ്യാതിർത്തികളും ഒരുക്കിയ വേലിക്കെട്ടുകൾ. അറിയാത്ത ഭാഷയാണെങ്കിലും, മനസ്സുകളിലേക്കു സംഗീതം പടർന്നപ്പോൾ, ഒപ്പ എന്ന കൊറിയൻ പദം സ്വന്തമാക്കി ലോകത്തെ വിവിധ കോണുകളിൽ നിന്ന് ആരാധകർ അവർക്കു കത്തുകളെഴുതി.

മ്യൂസിക് ചാർട്ടുകളിലെ ഹിറ്റ്ലിസ്റ്റിൽ തുടർച്ചയായി ഇടംപിടിക്കുന്ന ബിടിഎസ്സിന്റെ സിംഗിളുകളും ആൽബവും ഇഷ്ടമല്ലാത്തവരുണ്ടാകാം. നിങ്ങൾക്കവരെ സ്നേഹിക്കാം, വെറുക്കാം, പക്ഷേ അവഗണിക്കാനാകില്ലെന്നുറപ്പ്.  ‘‘വൈഷ്യസ്’’ എന്ന സംബോധനയോടെ ഉത്തര കൊറിയൻ സ്വേച്ഛാദിപതി കിംജോ ഉങ് പോലും ബിടിഎസിനെ അംഗീകരിച്ചു കഴിഞ്ഞു. കോവിഡ് വൈറസിനു മുന്നിൽ അടിയറവു പറഞ്ഞ്, വ്യാപാരകേന്ദ്രങ്ങളും നിരത്തുകളും കൊട്ടിയടച്ചിട്ട് ലോകം വീട്ടിലിരുന്ന നാളുകളിൽ, ഉത്കണ്ഠയിലേക്കും നൈരാശ്യത്തിലേക്കും മുങ്ങിത്താഴാതെ പ്രായഭേദമന്യേ വലിയൊരു വിഭാഗത്തിനു താങ്ങായത് ഈ കൊറിയൻ സംഗീതമാണെന്നു തെളിവു നിരത്തുന്നു യുട്യൂബിലെയും വിവിധ മ്യൂസിക് പ്ലാറ്റ്ഫോമുകളിലെയും സ്ട്രീമിങ് സംബന്ധിച്ച കണക്കുകൾ.

 ∙ കെ– പോപ്

ബാങ്താൻ ബോയ്സ് എന്ന വിളിപ്പേരുള്ള ലോകത്തെ ഏറ്റവും വലിയ കെ –പോപ് ബാൻഡ് ബിടിഎസിന് വൻ ആരാധക സംഘം ഇന്ത്യയിലുമുണ്ട്. പക്ഷേ ബിടിഎസ് ബാൻഡ് രൂപീകരിക്കും മുമ്പേ തന്നെ കോറിയൻ പോപ് സംഗീതത്തിന്റെ അലയൊലി രാജ്യത്തെത്തിയിരുന്നു. രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ സൗത്ത് കൊറിയൻ ഡ്രാമയും അനിമെയും സംഗീതവും ഇന്ത്യൻ യുവതയുടെ ശ്രദ്ധനേടി. എങ്കിലും ഏറെപ്പേരുടെയും ശ്രദ്ധ കെ–പോപിലേക്കെത്തിച്ചത് 2012ൽ ലോകമെമ്പാടും വൈറലായി മാറിയ  സൈയുടെ ‘ഗന്നം സ്റ്റൈൽ’ ആണ്. ആയിരത്തിലേറെ വേർഷനുകളും പാരഡികളും സൃഷ്ടിച്ച് യുട്യൂബിൽ 4 ബില്യൻ കാഴ്ചക്കാരെ നേടിയ ഗന്നം സ്റ്റൈൽ  2017 വരെ ആ റെക്കോർഡ് കൈയ്യടക്കി വച്ചു. ഇന്ത്യൻ ചെറുപ്പക്കാർക്കിടയിൽ സ്വാധീനം ചെലുത്തുന്ന കെ പോപിനെക്കുറിച്ച് 2018ൽ കൊറിയൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പരാമർശിച്ചു. ‘‘കൊറിയൻ സംസ്കാരം ഞങ്ങളുടെ ചെറുപ്പക്കാരെ ആകർഷിക്കുന്നുണ്ട്. സോളിലെ അതിമനോഹരമായ സ്ഥലമായ ഗന്നം ജീവിതത്തിൽ ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലെങ്കിലും ‘ഗന്നം സ്റ്റൈൽ’ മുതൽ ‘ബിടിഎസ്’ വരെയുള്ള കൊറിയൻ സംഗീതത്തിന് ഇന്ത്യയിൽ ആരാധകരേറെയുണ്ട്’’, രാഷ്ട്രപതി അന്നു പറഞ്ഞു.

ഭാഷയറിയാതെ ആസ്വദിക്കാവുന്ന സംഗീതമാണെങ്കിലും സബ്ടൈറ്റിലുകളില്ലാതെ തന്നെ കൊറിയൻ മനസിലാക്കാൻ ആഗ്രഹിക്കുന്നവരാണ് കെ പോപ് ആരാധകരിലേറെയും. ലാംഗ്വേജ് ലേണിങ് ആപ് ഡ്യൂവോലിംഗോയുടെ 2020ലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടൂതൽ കൊറിയൻ ഭാഷ പഠിതാക്കളുള്ള അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.

∙ ബിടിഎസിന്റെ തുടക്കം

അതിരുകളില്ലാത്ത സംഗീതമെന്ന സ്വപ്നവും ഏഴ് അംഗങ്ങളും– അതാണ് ബിടിഎസ്.

ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് എന്ന കമ്പനി ബിടിഎസ് എന്ന കെ പോപ് ബാൻഡ് രൂപീകരിക്കുന്നത് 2013ലാണ്. കിം നാജൂൻ എന്ന ആർഎമ്മാണ് ബിടിഎസിന്റെ ആദ്യ അംഗവും സ്റ്റേജ് നായകനും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാപ് ചെയ്തു തുടങ്ങിയ ആർഎം പിന്നീട് ഒരു ഹിപ് ഹോപ് ഏജൻസിയുടെ ഓഡിഷൻ വേദിയിലാണ് ബിഗ് ഹിറ്റ് സിഇഒ ബാങ് ഷി ഹ്യൂകുമായി പരിചയപ്പെട്ടത്. അതു ജീവിതത്തിലെ വഴിത്തിരിവായി. 2010ൽ ‘റാപ് മോൺസ്റ്റർ’ കിംനാജുൻ (ആർഎം) ആദ്യത്തെ അംഗമായി ബിടിഎസിന്റെ ഭാഗമായി. പിന്നീടെത്തിയത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ– ജിയോൻ ജംകുക്ക്. 15–ാം വയസ്സിലാണ്  ആരാധകർ ‘കുക്കി’യെന്നു ചെല്ലപ്പേരു വിളിക്കുന്ന ജംകുക്ക് ബുസാനിലെ ഓഡിഷൻ വേദിയിൽ നിന്ന് ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിലേക്കെത്തിയത്. വിവിധ കമ്പനികളിൽ നിന്നു ക്ഷണം ലഭിച്ചെങ്കിലും ബിടിഎസിന്റെ ഭാഗമാകാനുളള നിയോഗം കുക്കിയിലെത്തിയത് ആർഎമ്മിന്റെ രൂപത്തിലായിരുന്നു. ആർഎമ്മിന്റെ റാപ്പിങ് സ്വാധിനിച്ചതോടെ ഒരുമിച്ചു സംഗീതം ചെയ്യണമെന്ന മോഹത്താലാണ് കുക്കി ആ തീരുമാനമെടുത്തത്. പിന്നീട് കിംടെയുങ് എന്ന ‘വി’, മിൻ യൂഗി എന്ന ‘ഷുഗ’,  കിം സിയോജിൻ എന്ന ജിൻ, പാർക്ക് ജിമിൻ എന്ന ജീമിൻ, ജംക് ഹോസിയോക് എന്ന ജെഹോപ് എന്നിവർ ഏഴംഗ ബോയ് ബാൻഡ് സംഘത്തിന്റെ ഭാഗമായി.

∙ നോ മോർ ഡ്രീംസ്

ലോകം കീഴടക്കിയ സംഗീതവുമായി ആഡംബരത്തിൽ ഉല്ലസിക്കുന്ന ഏഴു സുന്ദരന്മായ പയ്യൻമാർ! പുറമേ നിന്നു നോക്കുന്നവർ ബിടിഎസിനെ കാണുന്നത് ഇങ്ങനെയാകാം. പക്ഷേ ഒറ്റരാത്രികൊണ്ടുണ്ടായതല്ല ഈ വിജയം. ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാലും ബിടിഎസ് എന്ന വികാരത്തിൽ ഒരുമിക്കുന്ന, ഓരോ പുതിയ പാട്ടും മ്യൂസിക് ചാർട്ടുകളിലെ ഹിറ്റ്ലിസ്റ്റിലെത്തിക്കുന്ന ഏറ്റവും ആത്മാർഥതയുള്ള ‘ആർമി’ എന്ന ആരാധകസംഘത്തെ സൃഷ്ടിച്ചത് ബിടിഎസിന്റെ പുറമോടികളല്ല, പാട്ടിലെയും സംഗീതത്തിലെയും സത്യസന്ധതയാണ്. ഏതു നാട്ടിലെയും യുവതയ്ക്ക് ഏറ്റവും പെട്ടെന്നു താദാത്മ്യം പ്രാപിക്കാവുന്ന വരികളും താളവും, അതിൽ പറയുന്നത് അവരുടെ വികാരങ്ങളും വിചാരങ്ങളും. ഭാഷയ്ക്കതീതമായ കഥകൾ കാഴ്ചകളിലൂടെ പങ്കുവയ്ക്കുന്ന സംഗീത വിഡിയോകൾ, ആരെയും നൃത്തംവയ്പ്പിക്കുന്ന ചടുലവും താളാത്മകവുമായ ചലനങ്ങൾ.

2013ൽ ബിടിഎസിന്റെ അരങ്ങേറ്റ ആൽബം സ്കൂൾ ട്രിലോജിയിലെ ‘നോ മോർ ഡ്രീംസ്’ പാടിയത് യുവതലമുറയുടെ മേൽ ചുമത്തപ്പെട്ട സ്വപ്നങ്ങളുടെ ഭാരത്തെക്കുറിച്ചാണ്. ‘ഹെയ് വാട്സ് യുവർ ഡ്രീം?’’ സ്കൂൾകാലം മുതൽ കേട്ടുപരിചയിക്കുന്ന ചോദ്യമാണത്. ആരാകണം, എന്താകണം എന്ന ചോദ്യം. പക്ഷേ ആ ചോദ്യം കുട്ടികളുടെ സ്വപ്നങ്ങളെക്കുറിച്ചറിയാനല്ലല്ലോ, അവർക്കു മേൽ മുതിർന്നവരുടെ സ്വപ്നങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമല്ലേ. കണ്ണുകൾ കറുപ്പിച്ചെഴുതി, ബ്ലാക്ക് ലെതർ വസ്ത്രങ്ങൾ അണിഞ്ഞ് സ്റ്റേജിലെത്തിയ ബിടിഎസ് സംഘം ആദ്യകാല പ്രകടനങ്ങളിൽ അൽപം പോലും ചിരിച്ചതേയില്ല.

2014ൽ സ്വപ്നങ്ങൾക്കു ചിറകു മുളിപ്പിക്കാനായി ബിടിഎസിന്റെ ശ്രമം. കറുത്ത വസ്ത്രങ്ങൾ മാറ്റി വെള്ള കാർഡിഗാനിലേക്കു രൂപംമാറിയ സംഘം ചെറുപ്പക്കാരുമായി കൂടുതൽ സംവദിക്കാൻ തുടങ്ങി. സംഗീതവും നൃത്തവും മാത്രമല്ല കഥകൾ കാഴ്ചകളിലൂടെ പറയാനായിരുന്നു ഇക്കുറി അവരെത്തിയത്. ബോയ് ഇൻ ലൗ, ജസ്റ്റ് വൺ ഡേ തുടങ്ങിയ മ്യൂസിക് വിഡിയോകൾ കൂടുതൽ ശ്രദ്ധനേടി.

∙ ബാഗ്താൻ പ്രപഞ്ചം

2015 മുതൽ സ്വന്തമായൊരു സംഗീതലോകം ആരാധകർക്കായി സൃഷ്ടിച്ചുനൽകി ബിടിഎസ്. സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുന്നതായിരുന്നു പുതിയ പാട്ടുകൾ ‘ ഐ ലവ് മൈസെൽഫ്’ എന്നു പാടിപ്പഠിക്കാൻ അവർ ഗാനങ്ങളെഴുതി, ഹിറ്റ് സംഗീതം നൽകി, ആരാധകരെ താളത്തിലാറാടിച്ചു. ‘ഐ നീഡ് യൂ’, ‘ഫേക്ക് ലൗ’ തുടങ്ങിയ അൽപം ഡാർക്ക് തീമിലുള്ള ഗാനങ്ങളിലും നിരാശയല്ല, പ്രചോദനമാണ് നിറഞ്ഞത്. 2016ൽ പുറത്തിറക്കിയ ‘യങ് ഫോറെവർ’ ആർമി ഗാനമായാണ് കണക്കാക്കുന്നത്. 2017ൽ ‘ഡിഎൻഎ’ പുറത്തിറങ്ങിയതോടെ ബിടിഎസ് പൂർണമായും ആഗോള സ്വാധീനമായി മാറി. ഈ കാലഘട്ടത്തിൽ ബിടിഎസ് അംഗങ്ങളും വ്യക്തിപരമായും കരിയർ തലത്തിലും വളരുകയായിരുന്നു. അതു വസ്ത്രങ്ങളിലും സ്റ്റൈലിലും ഉൾപ്പെടെ പ്രതിഫലിച്ചു. ലിംഗ വേർതിരിവുകളില്ലാത്ത വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും കണ്ടുശീലിക്കാത്ത ഹെയർകളറിങ് രീതികളുമുൾപ്പെടെ വ്യത്യസ്തകൾ സ്വീകരിക്കപ്പെടേണ്ടതാണെന്നായിരുന്നു അവരുടെ ശക്തമായ നിലപാട്. 2020ൽ ആദ്യ ഇംഗ്ലീഷ് സിംഗിൾ ‘ഡൈനമൈറ്റ്’ പുറത്തിറങ്ങിയതോടെ ലോകമെമ്പാടുമുള്ള ‘മ്യൂസിക് ചാർട്ടുകൾ’ ബിടിഎസിനു മുന്നിൽ പൂർണമായും കീഴടങ്ങി. കഴിഞ്ഞ മാസം 21ന് റിലീസ് ചെയ്ത  ‘ബട്ടർ’ ആദ്യ മിനിറ്റിൽ തന്നെ യൂട്യൂബ് റെക്കോർഡുകൾ അലിഞ്ഞില്ലാതാക്കി.

∙ ആർമി മാജിക്

ബിടിഎസിന്റെ ‘മാജിക്’ സംഗീതവും നൃത്തവുമല്ല, അവരുടെ ലോകവ്യാപകമായ ആരാധകവൃന്ദമാണെന്നു നിസ്സംശയം പറയും, കെ പോപ് ബാൻഡുകൾ ഉൾപ്പെടെയുള്ള സംഗീതലോകത്തെ മറ്റു കലാകാരന്മാർ. കരിയറിലെ ഓരോ നേട്ടം കൈവരിക്കുമ്പോഴും ബിടിഎസ് ട്വിറ്ററിൽ കുറിച്ചു, ‘ടീം വർക്കാണ് ഡ്രീം വർക്ക്’, ഓരോ അവാർഡുകൾ നേടിയപ്പോഴും അവർ അത് ആർമിക്കു പങ്കുവച്ചു, ഇങ്ങനെ ട്വീറ്റ് ചെയ്തു, ‘‘Army won an award’’. കഴിഞ്ഞ വർഷത്തെ ബിടിഎസ് വാർഷിക ആഘോഷവേളയിൽ പുതിയ ആരാധകരെ സ്വാഗതം ചെയ്ത് ബിടിഎസ് അംഗങ്ങൾ ഇങ്ങനെ പറഞ്ഞു, ‘‘ നിങ്ങൾ എപ്പോഴാണ് ഞങ്ങളെ സ്നേഹിക്കാൻ തീരുമാനിച്ചതെന്നത് പ്രസക്തമല്ല. നിങ്ങളുടെ സ്നേഹത്തിന് ഞങ്ങളെപ്പോഴും കടപ്പെട്ടിരിക്കുന്നു. ITS YOUR LOVE THAT MAKE US GLOW. ഈ എളിമയും കൃതജ്ഞതയും ചേർന്ന് തിരികെ ലഭിക്കുന്ന സ്നേഹമാണ് ആർമിയെ ശക്തമായ പിന്തുണ നൽകി എന്നും എപ്പോലും ബിടിഎസിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നതും.

ഓരോ കാലത്തും സമൂഹത്തെ പൊള്ളിക്കുന്ന വിഷയങ്ങളിൽ ആത്മാർഥമായ നിലപാടുകളെടുക്കാനും ബിടിഎസ് മുന്നിലുണ്ടായിരുന്നു. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ ക്യാംപെയിൻ നടക്കുമ്പോൾ 1 മില്യൻ ഡോളറാണ് ബിടിഎസ് സംഭാവന ചെയ്തത്. ഐക്വരാഷ്ട്ര സംഘടനയ്ക്കൊപ്പം ചേർന്ന് ‘ലവ് യുവർസെൽഫ്’ പ്രചാരണവും ബിടിഎസ് നടത്തി.

∙ എന്തും മറക്കാം, ആ 3 മിനിറ്റ് 43 സെക്കൻഡ്

നിങ്ങൾ അസ്വസ്ഥനാണോ, അൽപം മൂഡ് ഓഫ് ആണോ. യുട്യൂബിൽ ‘ഡൈനമൈറ്റ്’ അല്ലെങ്കിൽ ‘ബട്ടർ’ ലിങ്ക് തുറക്കൂ, കണ്ണിനു കുളിർമയേകുന്ന നല്ല നിറമുള്ള വസ്ത്രങ്ങൾ ധരിച്ച ആ 7 സുന്ദരൻ പയ്യൻമാർ ശബ്ദത്തിലൂടെ നിങ്ങളെ തൊടും, താളാത്മക ചലനങ്ങളിലൂടെ നിങ്ങളുടെ കൈവിരലുകളെയും കാലടികളെയും താളം പിടിപ്പിക്കും. പിന്നീടുള്ള 3 മിനിറ്റ് 43 സെക്കൻഡുകൾ ലോകത്തെ ഏത്  ബഹളങ്ങളും നിങ്ങളെ അസ്വസ്ഥനാക്കില്ലെന്നുറപ്പ്. ആ പാട്ടു തീരുമ്പോൾ നിങ്ങളുടെ ചുണ്ടുകളിലൊരു പുഞ്ചിരിയുണ്ടാകും, നിങ്ങൾക്കു വേണ്ടി!!!

രാജ്യത്തെ കോവിഡ് മഹാമാരിയുടെ രണ്ടാംതരംഗം ശമിക്കുകയാണ്. പക്ഷേ ലോക്‌ഡൗൺ കാലത്ത് തുടങ്ങിയ ബിടിഎസ് തരംഗവും കെപോപ് സ്വാധീനവും ഉടനെയെങ്ങും രംഗം വിടില്ലെന്നുറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA