പാറശാല പൊന്നമ്മാൾ, പൊന്നുകൊണ്ടുള്ള സംഗീതം

HIGHLIGHTS
  • പത്മശ്രീ പാറശാല പൊന്നമ്മാളിനെ ഓർക്കുമ്പോൾ
ponnammal-madhu-vasudevan
SHARE

ഇന്നും യാഥാസ്ഥിക സ്വഭാവം പുലർത്തുന്ന ഭാരതീയ സമൂഹം പാട്ടുകാരികളെ പക്ഷേ എപ്പോഴും പ്രോത്സാഹിപ്പിച്ചു. ഭാരതത്തിൽ ആദ്യമായി ശബ്ദലേഖനം ചെയ്യപ്പെട്ട ഗാനം പാടിയതുപോലും ഒരു വനിതയാണ്, ബ്രിട്ടിഷ് ദമ്പതികളുടെ മകളായി ആജ്മഗഡിൽ ജനിച്ച ഏഞ്ചലീന യോവഡ് അഥവാ ഗൗഹർ ജാൻ. അവർ കഥക് നർത്തകിയുമായിരുന്നു.1898ൽ ലണ്ടനിൽ സ്ഥാപിതമായ ഗ്രാമഫോൺ കമ്പനിയിൽ ആദ്യത്തെ ശബ്ദ ലേഖകനും പിയാനോവാദകനുമായ ഫ്രെഡറിക് വില്യം ഗൈസ്ബർഗ്‌, ഇറ്റാലിയൻ ഗായകനായ ഇൻറീകോ കറൂസോയുടെ ഗാനം മിലാനിൽ റെക്കോഡു ചെയ്ത അതേ 1902ൽ തന്നെ പടിയാലാ ഘരാനയിലെ ഗൗഹർ ജാൻ പാടിയ ഖയാലും കൊൽക്കൊത്തയിൽ പുറത്തിറങ്ങി. പ്രതിഫലമായി മൂവായിരം രൂപയും അവർക്കു ലഭിച്ചു. അറുപത്തിമൂന്നാം വയസിൽ മരിച്ച ഗൗഹർ ജാൻ പത്തു ഭാഷകളിലായി പാടിയ ഏകദേശം അറുനൂറോളം ഗ്രാമഫോൺ റെക്കോർഡിങ്ങുകൾ പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ജീവിതകഥയും ഗ്രന്ഥരൂപത്തിൽ വന്നുകഴിഞ്ഞു. 

ദർഭംഗ രാജയുടെ ദർബാറിലെ ആസ്ഥാന ഗായികയായി വിലസിയ ഗൗഹർ ജാൻ തുടങ്ങി വച്ച വിജയയാത്ര പല ഗായികമാരും തുടർന്നുകൊണ്ടുപോയി. മെഹ്ബൂബ്‌ ജാൻ, കലി ജാൻ, ശംശദ് ബായി, മിസ് ഇന്ദുബാല, ലക്ഷ്മി ബായി യാദവ്, ദിൽശദ് ബീഗം, അസം ബായി, ഹസ്‌നാ ബായി, ജാനകി ബായി, ബാനു ബായി, ഉംറാവ് ജാൻ, രാജേശ്വരി ബായി, കമലേശ്വരി ബായി ഇങ്ങനെ നിരവധി ഗായികമാർ വടക്കു - കിഴക്കു ദിക്കുകളിൽ  ഉയർന്നു വന്നു. കർണാടക സംഗീതത്തിൽ കോയമ്പത്തൂർ തായി, ലളിതാംഗി, ബാഗ്ലൂർ നാഗരത്നമ്മ, ധനമ്മാൾ എന്നിങ്ങനെ ചിലരും കേൾവി കേട്ടു. എന്നാൽ താരതമ്യേന സാംസ്കാരികമായി ഉയർന്നു നിൽക്കുന്ന കേരളത്തിൽനിന്നും ഇപ്പറഞ്ഞ കാലഘട്ടങ്ങളിൽ ഒരു സംഗീത വിദുഷിപോലും മുളച്ചുപൊന്തിയില്ല. അങ്ങനെ വല്ലവരും ഉണ്ടായിരുന്നു എന്നുവച്ചാൽതന്നെ അവരെയാരെയും ബാഹ്യലോകം അറിഞ്ഞിട്ടില്ല. അവരുടെ ഗാനവൈഭവം പുറംനാടുകളിൽ പരിചപ്പെടുത്താൻ ഒരു പ്രമാണിയും മുന്നോട്ടു വന്നില്ല. കലയുടെ സകലശ്രേണികളെയും സമുദ്ധരിക്കാൻ മുന്നിട്ടുനിന്ന സ്വാതി മഹാരാജാവിനെക്കുറിച്ചുള്ള ചരിത്ര വിവരണങ്ങളിൽ നിരവധി  സംഗീതജ്ഞൻമാരുടെ പേരുകൾ പരാമർശിക്കപ്പെടുന്നുണ്ട്. അവിടെയെങ്ങും നമ്മൾ ഒരു പേരെടുത്ത സംഗീത വിദുഷിയെ കണ്ടുമുട്ടുന്നില്ല. ഒന്നര നൂറ്റാണ്ടിലേറെയായി നടന്നു വന്ന നവരാത്രി സംഗീതോത്സവത്തിൽ 2005 വരെ ഒരു ഗായികയെപ്പോലും പങ്കെടുപ്പിച്ചിട്ടില്ല. ശാസ്ത്രീയ സംഗീതത്തോടും അതിൽ പ്രവർത്തിക്കുന്ന ബഹുഭൂരിപക്ഷം വനിതകളോടും കേരളസമൂഹം പ്രദർശിപ്പിക്കുന്ന അവഗണനയുടെ തെളിവായി ഞാൻ ഇതിനെ കാണാൻ ആഗ്രഹിക്കുന്നു. 

ക്‌ളാസിക്കൽ സംഗീതകലയോടു പൊതുവേ പുലർത്തുന്ന ഈ അവഹേളനം കേരളജനത നിർലജ്ജം ഇന്നും തുടരുന്നു. അപ്പോൾപിന്നെ ക്‌ളാസിക്കൽ സംഗീതത്തെ സംബന്ധിച്ച എഴുത്തുകൾ നേരിടുന്ന പരമപുച്ഛത്തെപ്പറ്റി വല്ലതും പ്രത്യേകമായി പറയേണ്ടതുണ്ടോ! മഹാഗായകർ മരിച്ചു കിടന്ന സന്ദർഭ ഭങ്ങളിൽപോലും പല പ്രമുഖ കലാ - സാംസ്കാരിക വാട്ട്സ് ആപ്പ് ഗ്രൂപ്പുകളുടെയും ഡിസ്പ്ലേ ചിത്രങ്ങൾ ജൂഹി ചാവ്‌ല, മാധുരി ദീക്ഷിദ്, പലജാതി വളർത്തു മൃഗങ്ങൾ, ചായക്കോപ്പകൾ എന്നിവയായി തുടരുന്നതു ഞാൻ കാണുകയും വേദനിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം, ഭേദപ്പെട്ട സാംസ്കാരിക വിവേകത്തിലേക്കു നമ്മൾ ഇനിയും യാത്ര ചെയ്യേണ്ടാതായ ദൂരങ്ങൾ എന്നെ ഭയപ്പെടുത്തിക്കളഞ്ഞു. 

മേൽപ്പറഞ്ഞ വിഷയങ്ങൾ വിശ്രുത സംഗീതവിദുഷി പാറശാല ബി.പൊന്നമ്മാൾ വിടപറയുന്ന വിഷാദമൂകമായ സന്ദർഭത്തിൽ ചർച്ച ചെയ്യേണ്ടവയാണോ എന്നു ചിലർ സംശയിച്ചേക്കാം. തീർച്ചയായും എന്നേ ഞാൻ  അതിനു മറുപടി പറയൂ. കാരണം 1924ൽ ജനിച്ച, തൊണ്ണൂറ്റിയാറു വയസ്സുവരെ കേരളത്തിൽ ജീവിച്ച, എൺപത്തിമൂന്നുവർഷം തുടർച്ചയായി സംഗീതക്കച്ചേരികൾ നിർവഹിച്ച, നിരവധി ശിഷ്യ പാരമ്പരകൾ സ്വന്തമായുള്ള പൊന്നമ്മാൾ ടീച്ചറിനെ തേടി ഒരു പത്മ പുരസ്കാരം വന്നപ്പോൾ അവരുടെ പ്രായം  തൊണ്ണൂറ്റിമൂന്നു കഴിഞ്ഞിരുന്നു! നവരാത്രിമണ്ഡപത്തിൽ പാടാൻ അവസരം ലഭിച്ചതാകട്ടെ എൺപത്തിരണ്ടാം വയസിലും. ഈ ലജ്ജാവഹമായ അവഗണനയെ വിമോചനവാദികൾ കണ്ടില്ലെന്നതിൽ സംഗീതത്തെ സ്നേഹിക്കുന്നവർ ചെറുതായിപ്പോലും ഞെട്ടുകയില്ല. എന്തുകൊണ്ടെന്നാൽ കാലാകാലങ്ങളിലായി നമ്മുടെ സാംസ്കാരിക ചർച്ചകളിൽ ശാസ്ത്രീയ സംഗീതത്തിനു നൽകിവരുന്ന സ്ഥാനം എന്നും പടിപ്പുരയുടെ വെളിയിലാണല്ലോ! അതുകൊണ്ടാവാം ആചാരസംരക്ഷണവും ആചാര ലംഘനങ്ങളുമൊക്കെ ഘോരഘോരമായി ഏറ്റുമുട്ടിയപ്പോഴും നവരാത്രി മണ്ഡപത്തിന്റെ വാതിൽ മഹാഗായികമാരുടെ മുന്നിൽ അടഞ്ഞു കിടന്നതിനെ ചോദ്യംചെയ്യാൻ ആരും തയ്യാറാകാതിരുന്നതും. 

ഇവിടെ മറ്റാരും ഉദ്ധരിക്കാൻ ഇല്ലാതിരിക്കുന്നതുകൊണ്ടുമാത്രം, അങ്ങേയറ്റത്തെ ആത്മസങ്കോചത്തോടെ, ഞാൻ മുൻപെഴുതി, പ്രമുഖ മലയാള മാസികകളിൽ പ്രസിദ്ധീകരിച്ച രണ്ടു മൂന്നു ലേഖനങ്ങളെപ്പറ്റി ചെറുതായി പരാമർശിക്കട്ടെ, ‘പദ്മനാഭ പാഹി, ഭാവയാമി രഘുരാമം, ദേവി ജഗജ്ജനനി’. ഈ ലേഖനങ്ങളിലൂടെ നവരാത്രിമണ്ഡപത്തിൽ ഗായികമാരെ ഒഴിവാക്കുന്നതിനെതിരെ നിശിതമായ വിമർശനങ്ങൾ എനിക്കാവുന്നതുപോലെ ഞാൻ ഉയർത്തിയിരുന്നു. പക്ഷേ അന്നാളുകളിൽ കേവലം ഒരു പ്രൈമറി വിദ്യാലയത്തിൽ അധ്യാപകനായി ഒതുങ്ങി ജീവിച്ചിരുന്ന ഈ നിസ്സാരനായ വ്യക്തിയുടെ വാക്കുകളോ അവയിലെ സാംസ്കാരിക ചിന്തയോ ബൗദ്ധികസമൂഹം കണ്ടതായിപ്പോലും നടിച്ചില്ല. അതിൽ യാതൊരു നൊമ്പരവും ഞാൻ അനുഭവിച്ചിട്ടുമില്ല. എങ്കിലും ആ ലേഖനങ്ങളുടെ ഉദ്ദേശശുദ്ധി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വരാതിരുന്നില്ല. 2006, സെപ്റ്റംബർ  ഇരുപത്തിമൂന്നാം തീയതി ചരിത്രത്തിലാദ്യമായി ഒരു വനിതയുടെ മുന്നിൽ, പാറശാല പൊന്നമ്മാളിനു മുന്നിൽ, നവരാത്രിമണ്ഡപം തുറന്നുകൊടുത്തതിൽ ഈ എളിയ ലേഖനങ്ങൾ ഒരു അണുമാത്ര അളവിലെങ്കിലും പ്രചോദനമായി എന്ന കാര്യം കൊട്ടാരവുമായ ബന്ധമുള്ള ഒരു മാന്യദേഹം ഒരിക്കൽ ഭംഗ്യന്തരേണ എന്നോടു സൂചിപ്പിച്ചപ്പോൾ ഞാൻ അൽപം സന്തോഷം അനുഭവിച്ചു.  എന്നാലും ഇക്കാര്യം ഞാൻ പൂർണമായും വിശ്വസിച്ചിട്ടില്ല. അതിനാൽ ഇത്തരത്തിൽ ഒരു വിലകുറഞ്ഞ അവകാശവാദം ഉന്നയിക്കാൻ ഞാനും തയ്യാറേയല്ല. നവരാത്രിമണ്ഡപത്തിൽ കത്തിച്ചുവച്ച നിലവിളക്കുകളുടെ പൊൻപ്രഭയുടെ മുന്നിലിരുന്നുകൊണ്ട് മഹാദേവവർമ, നാഞ്ചിൽ അരുൾ, ഉഡുപ്പി ശ്രീധർ എന്നിവരുടെ പക്കത്തിൽ, പൊന്നമ്മാൾ ടീച്ചർ ശങ്കരാഭരണം രാഗത്തിൽ ‘ദേവീ ജഗജ്ജനനീ’ ആലപിച്ചപ്പോൾ അതു  നൽകിയ ഭക്തിസാന്ദ്രതയുടെ ധന്യനിമിഷങ്ങളിൽ ഇതിനെപ്പറ്റി ചിന്തിക്കാനുംമാത്രം അൽപ്പത്തരം എന്നിൽ ഉണ്ടായിരുന്നില്ല..

മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായ പാറശാല ബി. പൊന്നമ്മാളുടെ ജീവചരിത്ര സംബന്ധമായ വിവരങ്ങൾ ഇതിനോടകം ഏവർക്കും പരിചിതമായി കഴിഞ്ഞു. പാറക്കോട് പരമുപിള്ള ഭാഗവതർ, ചെങ്കോട്ട വൈദ്യനാഥ അയ്യർ, മുത്തയ്യ ഭാഗവതർ, ശെമ്മങ്കുടി ശ്രീനിവാസഅയ്യർ, എം.എ.കല്യാണകൃഷ്ണ ഭാഗവതർ, വടക്കാഞ്ചേരി മണി ഭാഗവതർ, കുമാരസ്വാമി അയ്യർ തുടങ്ങിയ ഗുരുനാഥന്മാരുടെ അനുഗ്രഹവും കൃപയും അവർക്കു നിർലോഭം ലഭിച്ചു. സ്വാതിതിരുനാൾ സംഗീത കോളജിലെ പ്രൊഫസറായും ആർഎൽവി കോളജിലെ പ്രിൻസിപ്പലായും അവർ ശോഭിച്ചു. കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന പ്രധാന സംഗീതജ്ഞരെല്ലാം അവരുടെ ശിഷ്യരായി വരും. അധ്യാപനത്തെ അവർ ഒരിക്കലും തൊഴിലായി കണ്ടില്ല. അതുകൊണ്ടും തൊണ്ണൂറ്റിമൂന്നാം വയസിലും പുതുതലമുറയിലെ കുട്ടികളെ അവർ സംഗീതം പഠിപ്പിച്ചുകൊണ്ടേയിരുന്നു. ‘പാടാതിരുന്നാൽ സരസ്വതിദേവി പിണങ്ങിപ്പോകും’ എന്നായിരുന്നു പൊന്നമ്മാൾ ടീച്ചറുടെ ഭയവിശ്വാസം. 

മൂന്നു തവണയെങ്കിലും വലിയശാല ഗണപതിക്ഷേത്രത്തിനു സമീപമുള്ള അവരുടെ 216 നമ്പർ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. കടന്നുചെല്ലുമ്പോഴെല്ലാം മധുര മധുരമായ സംഗീതം മനം നിറയേ കേൾക്കാനും സാധിച്ചു. കുട്ടികളെ പഠിപ്പിക്കുന്നത് കേട്ടിരിക്കാനും  ദയാപൂർവം അനുവദിച്ചു തന്നു. അതിനിടയിൽ ഞാൻ ചില ചോദ്യങ്ങൾ ചോദിക്കും. അന്നത്തെ മാനസികാവസ്ഥയിൽ പല ചോദ്യങ്ങൾക്കും ഔചിത്യമുണ്ടായിരുന്നില്ല കേരളത്തിൽ ഗായികമാർ വളരാത്തതിനെപ്പറ്റി അവർ പറഞ്ഞതിങ്ങനെ, ‘അത് നിങ്ങളുടെ ചെവിയുടെ കൊഴപ്പംകൊണ്ട് മനസിലാവാത്തതാണ്. മദ്രാസിൽ  താമസിച്ചാൽ മാത്രമേ നല്ല പാട്ടുകാരാകൂ എന്നുണ്ടോ?’ കൂട്ടത്തിൽ ടീച്ചർ ഇതും ചോദിച്ചു, ‘മദ്രാസിൽ താമസിച്ചിട്ടാണോ ഞാൻ ഒരു പാട്ടുകാരിയായത്?’ ആ മറുചോദ്യം എന്നെ കീഴ്മേൽമറിച്ചു. പിന്നാലേ വന്ന  തലമുറയിലെ ഗായികമാരിൽ ഏറ്റവും പ്രതീക്ഷ ആരിലാണെന്ന ചോദ്യത്തിനുള്ള ഉത്തരം ടീച്ചർ ഇങ്ങനെ തന്നു, ‘ഈശ്വരന് മുന്നിൽ എല്ലാവരും ഒരുപോലെയല്ലേ? മേടയിൽ ഇരുന്നു പാടിയാലും തെരുവിൽ ഭിക്ഷ യാചിച്ചുകൊണ്ടു പാടിയാലും ഭഗവതിയുടെ കൃപ ഒരുപോലെയാണ് ലഭിക്കുന്നത്. അവിടെ വ്യത്യാസങ്ങളില്ല.’ വാക്യത്തിൽ ‘ഭഗവതി’ എന്ന പദം വന്നതുകൊണ്ടാകാം, ഞാൻ അതുവരെ കേൾക്കാത്ത രാഗത്തിൽ ശ്രീ ശൂലിനീം ശ്രിത  പാലിനീം എന്നൊരു ദേവീകൃതി ടീച്ചർ പാടി. പാടിത്തീർന്നപ്പോൾ അവർ ചിരിച്ചുകൊണ്ട് പറഞ്ഞു ദീക്ഷിതരുടെ ശൈല ദേശാക്ഷി രാഗത്തിലുള്ളതാണ്. എന്റെ അഹന്ത ഉരുകി ഒലിച്ചുപോയി.    

പൊന്നമ്മാൾ ടീച്ചറുടെ വിദ്യാർഥിനി ജീവിതകാലത്തെപ്പറ്റി കൂടുതലറിയാൻ എനിക്കു  വലിയ കൗതുകമുണ്ടായിരുന്നു. രണ്ടാമത്തെ കൂടിക്കാഴ്ചയിൽ അതായി വിഷയം. ‘അയ്യോ, അതൊക്കെ ഭയങ്കരമായ കാലം. ഇപ്പൊ, എല്ലാം ഈസിയല്ലേ’ എന്നു  പറഞ്ഞുകൊണ്ട്  അവർ പഴയകാലത്തിലേക്കുപോയി പട്ടണം സുബ്രഹ്മണ്യ അയ്യരുടെ ‘നിന്നു ജപ  കാരണമേമി മനസാ’ എന്ന മന്ദാരി രാഗത്തിലുള്ള കൃതി മുത്തയ്യ ഭാഗവതർ പഠിപ്പിച്ച ദിവസം അവർ സവിശേഷമായി ഓർത്തുപറഞ്ഞു. പല്ലവി ഒരുവിധം ശരിയായി വന്നു. പക്ഷേ ചരണത്തിൽ എത്തിയപ്പോൾ അഭ്യാസം കഠിനമായി. ഒരേസമയം ഉച്ചാരണം നോക്കണം, ഭാവം നോക്കണം, സ്വരസ്ഥാനങ്ങൾ  നോക്കണം. ഭാഗവതർ വളരെ വേഗത്തിലാണ് പഠിപ്പിച്ചത്. ‘ഒന്നുകൂടി എന്നു ചോദിക്കാൻ സാധിക്കില്ല. അക്കാലത്തെ ശിക്ഷണം അങ്ങനെയായിരുന്നു. ഇപ്പോഴാണെങ്കിൽ പിള്ളേർ മടിയിൽ കയറി ഇരിക്കും.’ എന്തായാലും കുറേ സമയം എടുത്തിട്ടാണെങ്കിലും ഭാഗവതർക്കു തൃപ്തി വരുന്നതരത്തിൽ പാടാൻ സാധിച്ചു. 

പുറത്തിറങ്ങിയപ്പോൾ നേരം സന്ധ്യ കഴിഞ്ഞു. അപ്പ വെളിയിൽ വന്നു നിൽപ്പുണ്ട്. ഇത്രയുംനേരം മകളെ കഷ്ടപ്പെടുത്തിയതിൽ അൽപം നീരസം ഉണ്ടാകാതിരുന്നില്ല. ‘എനിക്കും വളരെ ബുദ്ധിമുട്ടായി തോന്നി. പക്ഷേ  രാത്രിയിൽ ഭക്ഷണം കഴിച്ചശേഷം ഞാൻ സ്വന്തമായി അതേ  കൃതി ഒന്നു പാടിനോക്കി. വളരെ സന്തോഷം തോന്നി. കണ്ണുകൾ നിറഞ്ഞൊഴുകി. പാട്ടു നിർത്തി ഞാൻ നോക്കുമ്പോൾ അപ്പയും അമ്മയും മുന്നിൽ  ഇരിക്കുന്നു. അവരുടെ കണ്ണുകൾ ഞാൻ കരഞ്ഞതിനേക്കാൾ  കരഞ്ഞിട്ടുണ്ടായിരുന്നു. അതിൽ പിന്നെ എത്ര താമസിച്ചാലും  ഒരുതരത്തിലുള്ള അസ്വസ്ഥതയും അപ്പയും ഞാനും ഭാഗവതരോട് കാണിച്ചിട്ടില്ല.’ പൊന്നമ്മാൾ ടീച്ചറുടെ വിവരണം എന്നെ ഭൂതകാലത്തിലെ ഒരു മായാപുരിയിലേക്കു പറത്തിക്കൊണ്ടുപോയി.

മൂന്നാമത്തെ കൂടിക്കാഴ്ചയിൽ ഞാൻ ഹിന്ദുസ്താനി സംഗീതജ്ഞരെപ്പറ്റി പൊന്നമ്മാൾ ടീച്ചറോടു ചോദിച്ചു. ‘റേഡിയോയിൽ കേൾക്കും, ടി.വിയിലും കണ്ടിട്ടുണ്ട്. എല്ലാവരും വലിയ വിദ്വാന്മാരാണ്. നമ്മുടെ സാധകരീതിയല്ല. അത് കൊറച്ചുകൂടി ബുദ്ധിമുട്ടുള്ളതാണ്. ശ്രുതിശുദ്ധിയിൽ അവർ  നമ്മളെക്കാളും നല്ലപോലെ ശ്രദ്ധിക്കും. എല്ലാം എനിക്ക് ആസ്വദിക്കാൻ പറ്റാറില്ല. കർണാടകസംഗീതത്തിലെ രാഗങ്ങളുമായി പൊരുത്തം വരുന്നത് കുറച്ചു കൂടുതൽ രസിക്കാൻ പറ്റും. കല്യാണിയും ആഭേരിയും നാട്ടയും ഹിന്ദോളവും ചാരുകേശിയും ആഭോഗിയുമൊക്കെ അവിടെയുമുണ്ടല്ലോ.’ ഹിന്ദുസ്താനി സംഗീതത്തിൽ സവിശേഷമായി ആരെയെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ഞാൻ ചോദിച്ചു. കുറച്ചുനേരം ടീച്ചർ ആലോചിച്ചിരുന്നു. ‘കുറച്ചു പേരുകൾ കേട്ടിട്ടുണ്ട്, ഒന്നും ഓർമ  വരുന്നില്ല’. ഈ മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട്  കാലേകൂട്ടി കിശോരി ആമോൺകറുടെ ഒരു കാസറ്റും സ്പീക്കറുള്ള വാക്മാനും കയ്യിൽ കരുതിയിരുന്നു. ടീച്ചറുടെ അനുവാദത്തോടെ ഞാൻ പ്ലേ അമർത്തി. ആലാപ് തുടങ്ങിയപ്പോഴേ ടീച്ചർ രാഗം പറഞ്ഞു, ‘ശുഭപന്തുവരാളി’. അവരുടെ 'തോടി' എന്ന്  ഞാനും കൂട്ടിച്ചേർത്തു. ഞാൻ പ്രതീക്ഷിച്ചതിനപ്പുറം ടീച്ചർ കിശോരിയെ ആസ്വദിച്ചു. ഓരോ മീൻഡിലും ആശ്ചര്യദ്യോതകങ്ങളായ ശബ്ദങ്ങൾ പുറത്തു വന്നുകൊണ്ടിരുന്നു. ഗാനം തീരുന്നതുവരെ ടീച്ചർ ശ്രദ്ധയോടെ കേട്ടിരുന്നു. എന്തെങ്കിലും അഭിപ്രായം പറയാൻ അഭ്യർഥിച്ചപ്പോൾ ടീച്ചർ പ്രതികരിച്ചതിങ്ങനെ, ‘ഒന്നും പറയാനില്ല. സാക്ഷാൽ സരസ്വതി പാടിയാൽ എങ്ങനെയിരിക്കുമോ അങ്ങനെയുണ്ട്. ഇവർ ആയിരം വർഷം ജീവിച്ചിരിക്കട്ടെ’ എന്നും ആശീർവദിച്ചു. ഏതുതരം സംഗീതത്തെയും ഉൾക്കൊള്ളാനുള്ള ടീച്ചറുടെ ഹൃദയവിശാലത  എന്നെ അത്ഭുതപ്പെടുത്തി.

പാറശാല പൊന്നമ്മാളുടെ ഒരു കാസറ്റോ സി.ഡിയോ ഇതുവരെ ഒരു കമ്പനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ആകാശവാണിയുടെ ശേഖരത്തിൽ തീർച്ചയായും പഴയ റെക്കോഡുകളുണ്ടാകും. അവയങ്ങനെ പരണത്തിരുന്നിട്ട് ഒരു പ്രയോജനവുമില്ല, പൊതുജനങ്ങൾക്കും ലഭ്യമാകുന്ന തരത്തിൽ വിപണിയിൽ കൊണ്ടുവരണം. സർക്കാർ മുൻകൈ എടുത്താൽ ഈ വിഷയത്തിൽ പലതും സാധിക്കും. ഏതായാലും ഇപ്പോൾ യൂട്യൂബിൽ പാറശാല പൊന്നമ്മാളുടെ കുറേ വിഡിയോകൾ ലഭിക്കുന്നുണ്ട്. അവയെല്ലാം അവരുടെ വാർദ്ധക്യകാലത്തുള്ളവയാണ്. ടീച്ചറുടെ നല്ല പ്രായത്തിലുള്ള കച്ചേരികൾ ആരുടെയെങ്കിലും കൈവശം ഉള്ളതായും അറിവില്ല. ജയ്‌പൂർ - അത്രോളി ഘരാനയിലെ പ്രമുഖ ഗായികയും ഇനായത്‌ഖാൻ. അള്ളാദിയാഖാൻ എന്നിവരുടെ പ്രിയ ശിഷ്യയുമായ മോഗു ബായി കുർഡീർകറോടും  ജാസ് സംഗീതത്തിലെ സാറാ വാനോടും താരതമ്യപ്പെടുത്താവുന്ന സംഗീത പ്രതിഭയായ പാറശാല പൊന്നമ്മാളുടെ സംഗീതശൈലി സാമ്പ്രദായികശുദ്ധവും സാത്വികവുമായിരുന്നു. പാടുന്നതിനിടയിൽ പരിഹാസ്യമായ തരത്തിൽ കയ്യും കലാശവും എടുത്തു വീശാനോ ഗോഷ്ടികൾകാട്ടാനോ അവർ തുനിഞ്ഞിട്ടില്ല. പാടുമ്പോൾ അവരുടെ ശ്രദ്ധ എപ്പോഴും കൃതികളുടെ ഉള്ളടക്കത്തിലായി തറച്ചുനിന്നു. 

ഞാൻ മുൻപും സൂചിപ്പിച്ചിട്ടുണ്ട്, കർണാടകസംഗീതത്തിന്റെ ഭാവി അത്രയൊന്നും ആശാവഹമല്ല. ഈ സ്ഥിതി പരിഗണിച്ചുകൊണ്ട് ജനപ്രിയ കലകൾക്കു നൽകുന്ന പ്രോത്സാഹനത്തിൽ ഒരംശം പൊതുസമൂഹം ക്‌ളാസിക്കൽ കലകൾക്കും കൊടുക്കണം. എന്തെന്നാൽ നമ്മുടെ കലാപാരമ്പര്യം അത്രയും വൈവിധ്യമുള്ളതാണ്. ഒരു മരംകൊണ്ടുമാത്രം ഉണ്ടാകുന്നതല്ല, വനഭംഗി. ഒരു നദിയിൽനിന്നുള്ള ജലംകൊണ്ടുമാത്രം സകല മനുഷ്യരുടെയും ദാഹം ശമിക്കില്ല. ഒരു നക്ഷത്രംകൊണ്ടു മാത്രം ആകാശം പ്രഭാപൂരിതമാകുന്നില്ല. പാറശാല  പൊന്നമ്മാളുടെ സംഗീതജീവിതം ഈ സത്യത്തെ ആഴത്തിൽ ഉറപ്പിക്കുന്നു. അതുകൊണ്ട് ഇനിയെങ്കിലും നമ്മുടെ സാംസ്കാരിക സമീപനങ്ങളിൽ അടിസ്ഥാനപരമായ ചില മാറ്റങ്ങൾ വരണം. ശാസ്ത്രീയസംഗീതത്തിനും ഇതര ശാസ്ത്രീയകലകൾക്കും കുറച്ചുകൂടി വേദികൾ അനുവദിക്കണം. അവയിൽ ത്യാഗപൂർണമായി പ്രവർത്തിക്കുന്ന കലാകാരന്മാരെ ബഹുമാനിക്കണം. ഒരിക്കൽ ഇക്കാര്യങ്ങൾ സംസാരിച്ചപ്പോൾ പൊന്നമ്മാൾ ടീച്ചർ പറഞ്ഞ വാക്യങ്ങൾ ഞാൻ ഓർക്കുന്നുണ്ട്, ‘കർണാടക സംഗീതം പത്തു മുന്നൂറു വർഷം പഴക്കമുള്ള ഒരു കലയല്ലേ. ഭയം വേണ്ട, അതങ്ങു നിലനിന്നോളും’. ഇങ്ങനെ പ്രതീക്ഷ നിറഞ്ഞ കുറേ വാക്കുകൾ ചൊരിഞ്ഞശേഷം ടീച്ചർ പാപനാശം ശിവൻ രചിച്ച, സരസ്വതി രാഗത്തിലുള്ള ഒരു കൃതിയുടെ ചരണം പാടി-

‘നിൻ അരുൾ ഒളി ഇല്ലയന്നാൽ

 

മന ഇരുൾ നീങ്കുമോ സകല കലൈ  മാതേ’.

 

ഈ പ്രതീക്ഷ എന്നെയും മുന്നോട്ടു നയിക്കട്ടെ, പ്രിയപ്പെട്ട പൊന്നമ്മാൾ ടീച്ചറേ!

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ പ്രൊഫസറുമാണ്. )

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA