പാട്ട് എഴുതിയത് പുത്തഞ്ചേരിയോ കൈതപ്രമോ ആണെന്ന് കേട്ടവർ പ്രഖ്യാപിച്ചു; ഹിറ്റുകൾ പിറന്നിട്ടും അറിയപ്പെടാതെ പോയ തൂലിക!

vanamallike-song
SHARE

വനമല്ലികേ... മധുമല്ലികേ...

നീ വന്നു പ്രണയാര്‍ദ്ര മിഴിപൂണ്ടതും

നിലമേടയില്‍ എന്‍ മനമേടയില്‍

നീ വന്നു മൃദുഹാസമൊളി പൂണ്ടതും...

മലയാളിയുടെ ഹൃദയത്തില്‍ പ്രണയത്തിന്റെ കുങ്കുമപ്പൊട്ടിട്ട ഗാനം. അതെഴുതിയ നിസാം ഹുസൈനാകട്ടെ അവിചാരിതമായ കുറേ നിമിഷങ്ങള്‍ സമ്മാനിച്ച ഗാനവും. ആല്‍ബം ഗാനങ്ങളുടെ മഹാപ്രവാഹത്തിന് ഇടയിലും 2007ല്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളായിരുന്നു നിസാം ഹുസൈന്‍-ഇ. കെ. നാസീം കൂട്ടുകെട്ടില്‍ പിറന്ന 'കുങ്കുമം.' പൂത്തിലഞ്ഞിയും വനമല്ലികയുമൊക്കെ ചെറുപ്പക്കാരുടെ ചുണ്ടുകളെ വിടാതെ പിന്‍തുടര്‍ന്നു.

പാട്ടെഴുത്തും കവിതയുമൊക്കെയായി പത്തനംതിട്ടയില്‍ കറങ്ങി നടന്ന നിസാം ഹുസൈന്റെ ആദ്യ ഹിറ്റ് ആല്‍ബമായിരുന്നു 'കുങ്കുമം'. കുട്ടിക്കാലം മുതല്‍ ഉള്ളില്‍ കടന്നു കൂടിയ അക്ഷരപ്രേമം കവിതയായും ഗാനങ്ങളായും സൗഹൃദസദസുകളില്‍ നിറഞ്ഞു. ആല്‍ബം ഗാനങ്ങള്‍ മലയാളിക്ക് പരിചിതമാകും മുന്‍പ് 1996ല്‍ പത്തനംതിട്ടയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ആല്‍ബം ഗാനങ്ങള്‍ എന്ന ആശയവുമായി മുന്നിട്ടിറങ്ങുമ്പോള്‍ അവിടെയും സജീവ സാന്നിധ്യം നിസാം ഹുസൈനായിരുന്നു. 'വര്‍ണക്കനവുകള്‍' എന്നു പേരിട്ട ആല്‍ബത്തിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്‌തെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അത് പാതിവഴിയില്‍ നിലച്ചു. നിരാശ ബാധിക്കും മുന്‍പ് അടുത്ത വര്‍ക്കിനായുള്ള ശ്രമങ്ങള്‍ അതിവേഗത്തിലാക്കി.

2000ല്‍ ഇ. കെ. നാസീമിന്റെ സംഗീതത്തില്‍ 'മിഴികള്‍' എന്ന സംഗീത ആല്‍ബം പിറന്നു. പ്രശസ്തരായ ഗായകരെല്ലാം അണിനിരന്ന ആ ആല്‍ബം വഴിത്തിരിവ് ആകുമെന്ന കാത്തിരിപ്പിനും ഫലമുണ്ടായില്ല. സത്യം ഓഡിയോസ് വിതരണത്തിന് എടുത്ത 'മിഴികളി'ലെ എട്ടു ഗാനങ്ങള്‍ മലയാളി കേട്ടത് രണ്ടു സീഡികളിലൂടെയായിരുന്നു. നാല് പാട്ടുകള്‍ 'പ്രജ'യിലെ ഗാനങ്ങള്‍ക്കൊപ്പവും മറ്റ് നാലു പാട്ടുകള്‍ 'വണ്‍മാന്‍ ഷോ'യിലെ ഗാനങ്ങള്‍ക്കൊപ്പവും ഫില്ലിങ് സോങ്ങുകളായി എത്തി. ഇതൊന്നും അറിയാതെ പാട്ടുകേട്ട മലയാളികളില്‍ പലരും ഈ ഗാനങ്ങള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമാണന്ന് സ്വയം പ്രഖ്യാപിച്ചു. സുജാത ആലപിച്ച മിഴികളില്‍ തേന്‍പൊഴിക്കണ്, പി. ജയചന്ദ്രന്‍ ആലപിച്ച രാഗതെന്നലോ അനുരാഗ തന്നെലേ എന്നീ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുമ്പോഴും നിസാം ഹുസൈനെ ആരും തിരിച്ചറിഞ്ഞില്ല. 'പ്രജയുടെ ഓഡിയോ സീഡി കേട്ട് സിനിമയില്‍ ഇല്ലാതെപോയ ആ നല്ല പാട്ടുകളെക്കുറിച്ച് എന്നോട് പുകഴ്ത്തി സംസാരിച്ച സുഹൃത്തുക്കള്‍ക്കുപോലും ഞാനാണ് ആ ഗാനങ്ങള്‍ എഴുതിയതെന്ന് അറിയില്ലായിരുന്നു,' നിസാം ഹുസൈന്‍ തന്റെ അക്കാലം ഓര്‍ത്തെടുക്കുന്നു.

നിരാശയുടെ ആ പാട്ടുകാലവും കടന്നു പോയി. സംഗീതയാത്രകള്‍ തുടരുന്നതിനിടയിലാണ് സുഹൃത്തായ ഡോ.അനസ് എ. മജീദിന്റെ കടന്നുവരവ്. ആറ്റിങ്ങലിലുള്ള മാസ് അസോസിയേറ്റ്‌സുമായി നിസാം ഹുസൈനെ പരിചയപ്പെടുത്തിയതോടെ കുങ്കുമമെന്ന ഹിറ്റ് ആല്‍ബം പിറന്നു.

തേടിവരും കാലമെല്ലാം

എന്‍ സഖിയേ...

'കുങ്കുമ'ത്തിലെ 'പുത്തിലഞ്ഞി' അടക്കമുള്ള ഗാനങ്ങള്‍ എഴുതി കമ്പോസ് ചെയ്തിരിക്കുന്ന സമയം. അടുത്ത ഗാനത്തിനായി തയാറാകും മുന്‍പ് നിസാം ഹുസൈന്‍ തന്റെ ആഗ്രഹം സംഗീതസംവിധായകനായ നാസീമിനോട് ചോദിച്ചു, 'നമുക്കൊരു പാട്ട് എഴുതി സംഗീതം ചെയ്താലോ...?' അടുത്ത ചില ഗാനങ്ങളുടെയും ട്യൂണ്‍ തയാറായി ഇരിക്കുന്ന സമയമാണ്. അതിപ്പോ ഇനി എങ്ങനെയാണെന്ന ഭാവത്തില്‍ നാസിം നിസാം ഹുസൈനെ നോക്കി. അതൊരു അതിമോഹമായോ എന്ന സംശയത്തോടെ നിസാം ഹുസൈന്‍ തിരികെ മുറിയിലെത്തി ഉറങ്ങാന്‍ കിടന്നു. ഉറക്കം വരാതെ കിടന്ന ആ രാത്രി ഉള്ളില്‍ തോന്നിയ വരികളെ നിരാശരാക്കിയില്ല. പേപ്പറിലേക്ക് ആ വരികള്‍ കുറിച്ചു, 'വനമല്ലികേ മധുമല്ലികേ... നീവന്നു പ്രണയാര്‍ദ്ര മിഴിപൂണ്ടതും...' എഴുതിയ വരികളെ ഒന്നുകൂടി ആസ്വദിച്ച് ഉറങ്ങാന്‍ കിടന്നു. ഈ വരികള്‍ക്ക് ജീവന്‍ തുടിയ്ക്കുമോ എന്നു തന്നെ അറിയില്ല. ശ്വാസം കിട്ടാതെ മരിച്ച വരികളുടെ ഗതി ഇതിനുമുണ്ടായേക്കും എന്ന ചിന്തയോടെ ഉറക്കത്തിന് കൂട്ടുപോയി.

രാവിലെ പതിവുപോലെ നാസിമുമൊത്തിരുന്ന് മറ്റുഗാനങ്ങളുടെ ഒരുക്കവും നടന്നു. നമുക്കൊരു നാല് പാട്ട് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്യാം അതിനുശേഷമാകാം ബാക്കി ഗാനങ്ങളെന്ന് നിര്‍മാതാക്കള്‍ അഭിപ്രായം പറഞ്ഞതോടെ വീട്ടിലേക്കൊന്നു പോയി വരാം എന്നായി നിസാം ഹുസൈന്‍. 'കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിലാണ് ഓര്‍ക്കസ്‌ട്രേഷന്‍ പ്ലാന്‍ ചെയ്യുന്നത്. എന്തായാലും കുറച്ചു ദിവസം ഇവിടെ നിന്നിട്ടും കാര്യമില്ല. വീട്ടിലേക്കു പോയി വരാം എന്നു പറഞ്ഞ് ഞാനിറങ്ങുമ്പോള്‍ വരികള്‍ എഴുതിയ പേപ്പറുകളെല്ലാം നാസിമിനെ ഏല്‍പ്പിച്ചാണ് ഞാന്‍ വണ്ടി കയറുന്നത്. അതില്‍ ഞാന്‍പോലുമറിയാതെ വനമല്ലികയും ഉണ്ടായിരുന്നു!' നിസാമില്‍ ആ ദിവസം റിവൈന്‍ഡ് അടിച്ചു.

വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞ് ഒരു രാത്രി നാസിമിന്റെ വിളി എത്തുന്നു. 'വനമല്ലികേ' എന്ന ഗാനം പാടി തുടങ്ങി. 'ഇതു കൊള്ളാം, നമുക്ക് ബാക്കികൂടി പ്ലാന്‍ ചെയ്യണം' എന്നു കേട്ടതോടെ നിസാമും ഞെട്ടി. ഇതെങ്ങനെ...? മറന്നുകിടന്ന ആ വരികള്‍ നാസിമിന്റെ കൈയില്‍ കിട്ടുമെന്ന് ഒരു പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. അങ്ങനെ അവിചാരിതമായി സംഭവിച്ച പാട്ടാണത്. പിന്നീട് അടുത്ത ദിവസം ചെന്ന് ബാക്കി കൂടി എഴുതി പൂര്‍ത്തിയാക്കുകയായിരുന്നു നിസാം ഹുസൈന്‍ പറയുന്നു.

ആല്‍ബം ഗാനങ്ങളില്‍ ഫ്രാങ്കോ മിന്നി നില്‍ക്കുന്ന കാലം. ആ ശബ്ദം കൂടി ചേര്‍ന്നതോടെ പാട്ട് ഹിറ്റാകുമെന്ന് ആദ്യകേള്‍വിയില്‍ തന്നെ അണിയറ പ്രവര്‍ത്തകരും പാട്ടിന് വിധിയെഴുതി. ഫോണ്‍ നന്നാക്കുകാരനും ഊമ എന്നു തെറ്റിദ്ധരിക്കുന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം നിറയുന്ന ദൃശ്യാവിഷ്‌ക്കാരം കൂടി ചേര്‍ന്നതോടെ പാട്ട് കത്തിക്കയറി. വിജു വര്‍മയ്‌ക്കൊപ്പം ഈ ഗാനം സംവിധാനം ചെയ്തത് നിസാം ഹുസൈനും കൂടി ചേര്‍ന്നായിരുന്നു.

റിലീസ് ചെയ്യാനിരിക്കുന്ന 'അവിയൽ' എന്ന ചിത്രത്തിൽ ശരത്തിൻ്റെ സംഗീതത്തിൽ നിസാം ഹുസൈന്റെ ഗാനമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA