നോവും കിനാവും ബാക്കിയാക്കി പെയ്തൊഴിയുന്ന മഴക്കാലങ്ങൾ; മനസ്സിനെ കുളിർപ്പിച്ച മഴപ്പാട്ടുകളിലൂടെ....

mazhappattu-1
SHARE

മഴ പെയ്യുമ്പോഴേ ഓര്‍മ്മകളും പെയ്തുതുടങ്ങും. നനു നനെ കുളിരായും നോവായും പ്രണയമായും ഓര്‍മ്മകള്‍ മഴയിലേക്കു തൂവിപ്പരക്കും. മഴതോര്‍ന്നും ഇലത്തുമ്പിലിറ്റു നില്‍ക്കുന്ന തുള്ളിപോലെ ഒരു പൊട്ടു നോവോ കിനാവോ ബാക്കിയാവും. മഴക്കാലമെന്നു കേള്‍ക്കുമ്പോഴേ മനസ്സ് മൂളുന്ന ചില പാട്ടുകളുണ്ട്. രാത്രി മഴക്കു കാതോര്‍ത്തു കിടക്കുമ്പോള്‍, ഓര്‍മ്മകളെ ഗര്‍ഭം ധരിച്ചൊരു മഴ പരിഭവമായി പെയ്യാറുണ്ട്. അടഞ്ഞ ചില്ലു ജനാലക്കരികെ പരിചിതമേതോ സ്വരം പോലെ കാതരമാവാറുണ്ട്. ഓര്‍ക്കാപ്പുറത്ത് ഓടിക്കിതച്ചെത്തിയൊരു കൂട്ടുകാരനെപ്പോലെ മിണ്ടാന്‍ മറന്നു പെയ്യാറുണ്ട്. മനസ്സിലെന്നും തോരാ മഴയായ ചില മഴപ്പാട്ടുകളിലൂടെ....

മഴക്കിത്ര പ്രണയ നിറം ചാലിച്ചതു ചില പാട്ടുകളാണ്. ഒന്നു പ്രേമിക്കാന്‍ കൊതിപ്പിക്കുന്ന പാട്ടുകള്‍. പ്രണയികള്‍ക്കും വിരഹികള്‍ക്കുമായിമാത്രം എത്ര ഇടമുറിയാതെ പെയ്തിട്ടുണ്ടു മഴ...  നനഞ്ഞുലയുന്ന പാവാടത്തുമ്പിനു താഴെ വല്ലപ്പോഴും തെളിയുന്ന കൊലുസിനെ വെളിപ്പെടുത്താനായി മാത്രം എത്ര വൈകുന്നേരങ്ങളില്‍ മഴ ഓടിയെത്തിയിരിക്കുന്നു. മഴ വെറും മഴയല്ലെന്നും പൂമഴയും തേന്‍ മഴയും ഇനിയുമെന്തൊക്കെയോ ആണെന്നും സ്വപ്‌നം കണ്ട കാമുകന്‍മാര്‍ക്കു വേണ്ടിയാവണം വയലാര്‍ മനോഹരമായൊരു മഴപ്പാട്ടെഴുതിയത്. ഭൂമിദേവി പുഷ്പിണിയായി എന്ന ചിത്രത്തിലെ ഗാനം കേള്‍ക്കെ മനസു കുളിര്‍ന്നു കൂടെ പാടിപ്പോകും.

 

പനിനീര്‍ മഴ പൂമഴ തേന്‍മഴ

മഴയില്‍ കുതിരുന്നൊരു  അഴകേ..

നനയുന്നതു കഞ്ചുകമോ സഖീ

നിന്നെ പൊതിയും യൗവനമോ..

മേഘമല്‍ഹാര്‍ എന്ന ചിത്രത്തിലെ  പ്രണയഗാനം കേള്‍ക്കെ മനസ്സിലും ഒരു മഴചാറിത്തുടങ്ങും. പ്രണയത്തെക്കുറിച്ചെഴുതിയ എക്കാലത്തെയും മനോഹര ഗാനങ്ങളിലൊന്നാണ് ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീട്ടുന്ന മിഴിമുനയാരുടേതാവാം എന്ന ഗാനം. പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ കവിയുടെ മനസും ആര്‍ദ്രമായി പെയ്യുകയാണ്.

 

മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം

മധുരമായ് ആര്‍ദ്രമായ് പാടി

അറിയാത്ത കന്യതന്‍ നേര്‍ക്കെഴും ഗന്ധര്‍വ്വ

പ്രണയത്തിന്‍ സംഗീതം പോലെ

പുഴ പാടി തീരത്തെ മുള പാടി

പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി..

നീയെത്ര ധന്യ എന്ന ചിത്രത്തിലും പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ കവി മഴയെത്തേടിപ്പോവുന്നുണ്ട്.

 

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രി മഴ പെയ്തു തോര്‍ന്ന നേരം

കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം

ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം

ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം..

മഴയ്ക്കു ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിന്റെ മണമാണ്. കുറുമ്പേറെയുള്ള ഒരു കളിക്കൂട്ടുകാരിയുടെ മുഖമാണ്. ഏകാന്തം എന്ന ചിത്രത്തില്‍  കൈതപ്രം എഴുതിയ ഗാനം കേള്‍ക്കെ കടലാസു തോണിയിലേറി ആ കുട്ടിക്കാലത്തേക്കൊഴുകാന്‍ ആരും കൊതിക്കും.

 

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

മഴ വെള്ളം പോലെ ഒരു കുട്ടിക്കാലം

ആടിക്കാറ്റായോ പായും പ്രായം

അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം

അരയായിലയായ് നാമം ചൊല്ലും പ്രായം...

അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണില്‍

അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍..

മറക്കുവതെങ്ങനെ ആ മലര്‍ വസന്തം...

ഒരു അഭിഭാഷകന്റെ കേസ് ഡയറി എന്ന ചിത്രത്തില്‍ ഷിബു ചക്രവര്‍ത്തിയെഴുതിയ വരികളിലും മഴ കുട്ടിക്കാലത്തു നിന്നും പെയ്തു തുടങ്ങുന്നു.   മിണ്ടുമ്പോഴേക്കും പിണങ്ങുന്ന കളിക്കൂട്ടുകാരിയുടെ നിറ കണ്ണുകളും തുടുക്കുന്ന മുഖവും പാട്ടുകേൾക്കെ ഓർമ്മയിൽ കണ്ണിമാങ്ങാച്ചുനപോലെ നീറും.

മഴ പെയ്തു മാനം തെളിഞ്ഞ നേരം

തൊടിയിലെ തൈമാവിന്‍ ചോട്ടില്‍

ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം

ഒരുമിച്ചു പങ്കിട്ട ബാല്യകാലം...

പലവട്ടം പിന്നെയും മാവു പൂത്തു

പുഴയിലാ പൂക്കള്‍ വീണൊഴുകിപ്പോയി

പകല്‍ വര്‍ഷ രാത്രി തന്‍ മിഴി തുടച്ചു

പിരിയാത്ത നിഴലു നീയെന്നറിഞ്ഞു..

പ്രണയ നൊമ്പരങ്ങളിലേക്ക് ഒരു മഴച്ചാറ്റലിന്റെ കുളിരായി പ്രിയപ്പെട്ടവള്‍ എത്തിയിരുന്നെങ്കിലെന്നു കൊതിക്കുന്ന കാമുക മനസ്സാണ് മേഘസന്ദേശം എന്ന ചിത്രത്തിലെ ഗാനത്തിലുള്ളത്. എസ്. രമേശന്‍ നായരുടേതാണു വരികള്‍.

 

മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ്  വരുമോ

ഒഴുകുമീ രാഗവേദനയില്‍

ഹൃദയം തരുമോ..

ഇരുളില്‍ എരിയും തിരിയായ്

വിരഹം ഉരുകും മിഴിയായ്

തേങ്ങുന്നു ഞാന്‍.. എവിടെ നീ..

മഴത്തുള്ളികള്‍ നനയ്ക്കുന്ന മുഖത്തിന്റെ ഭംഗി ഒന്നു കാണാന്‍ മാത്രം ബസ് സ്‌റ്റോപ്പിലും വഴിവക്കിലും കാത്തിരുന്ന മഴക്കാലങ്ങള്‍ പല പാട്ടുകളെയും ഓര്‍മ്മിപ്പിക്കും. കുടക്കീഴില്‍ അല്‍പം  മാത്രം കണ്ട  ആ മുഖം ഇന്നും ഓര്‍മ്മയില്‍ നോവാകുമ്പോള്‍ മൂളിപ്പോവുന്ന പാട്ടുണ്ട്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ എഴുതിയ ഗാനം.

 

മഴ നീര്‍തുള്ളികള്‍ നിന്‍ തനു നീര്‍ മുത്തുകള്‍

തണുവായ് പെയ്തിടും കനവായ് തോര്‍ന്നിടും

വെണ്‍ ശംഖിലെ ലയ ഗാന്ധര്‍വ്വമായ്

നീയെന്റെ സാരംഗിയില്‍

ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായ്

കതിരിടും മോഹത്തിന്‍ പൊന്നോളമായ്...

മഴ നനഞ്ഞു പോകുന്ന കൂട്ടുകാരിയെ കുടക്കുള്ളില്‍ ചേർത്തു നടന്ന ഓര്‍മ്മയാണ് മഴ പാട്ടെഴുതാനവസരം കിട്ടിയപ്പോള്‍ ബീയാര്‍ പ്രസാദിന്റെ മനസ്സിലെത്തിയത്. പ്രിയദര്‍ശന്റെ വെട്ടം എന്ന സിനിമയില്‍ പാട്ടെഴുതുമ്പോള്‍ പ്രണയ കുളിരുള്ള ആ ഓര്‍മ്മയാണത്രേ പാട്ടായത്.  

മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി

നനഞ്ഞോടിയെന്‍ കുടക്കീഴില്‍ നീ വന്ന നാള്‍

കാറ്റാലെ നിന്‍ ഈറന്‍മുടി

ചേരുന്നിതെന്‍ മേലാകവേ..

നീളുന്നൊരീ മണ്‍പാതയില്‍

തോളോടു തോള്‍ പോയീലയോ...

മഴ പെയ്തു തോര്‍ന്നൊരു സന്ധ്യക്ക് ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസിലിരുന്നാണ് ഗിരീഷ് പുത്തഞ്ചേരി ആദ്യമായി ഒരു മഴപ്പാട്ടെഴുതുന്നത്. തോരാമഴക്ക് കാതോര്‍ത്തു കിടക്കുന്ന രാത്രികളിലേക്ക് തേന്‍ തുള്ളി പോലെ ആ ഗാനം ഒഴുകും. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ

മഴത്തണുപ്പുള്ള പാട്ട്.

മനസ്സിന്‍ മണിച്ചിമിഴില്‍ പനിനീര്‍ത്തുളളി പോല്‍

വെറുതേ പെയ്തു നിറയും രാത്രിമഴയായ് ഓര്‍മ്മകള്‍

മാഞ്ഞു പോകുമീ മഞ്ഞും

നിറ സന്ധ്യ നേര്‍ക്കുമീ രാവും

ദൂരെ ദൂരെയെങ്ങാനും ഒരു മൈന മൂളുമീ പാട്ടും..

ഒരു മാത്ര മാത്രമെന്റെ മണ്‍കൂടില്‍

ചാരാത്ത വാതില്‍ക്കല്‍

വന്നെത്തിയെന്നോട്

മിണ്ടാതെ പോകുന്നുവോ...

ഒരു ചെറു മഴ പോലും വേദനയാവുന്ന മഴക്കാലങ്ങളുണ്ട്. വെറുതെ സങ്കടപ്പെടുന്ന സായാഹ്നങ്ങളിലേക്ക് ചാഞ്ഞു പെയ്യും ചില മഴകള്‍. തീരാനോവുകള്‍ ഉടലിനെയും ഉയിരിനെയും വരിഞ്ഞു മുറുക്കുന്ന വേദനയുണ്ട് പെരുമഴക്കാലം എന്ന ചിത്രത്തിലെ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക്.

രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം

കാത്തിരിപ്പിന്‍ തിരി നനയും ഈറന്‍ പെരുമഴക്കാലം

ഒരു വേനലിന്‍ വിരഹബാഷ്പം

ജലതാളമാര്‍ന്ന  മഴക്കാലം

ഒരു തേടലായ് മഴക്കാലം..

ഈ പുതുമഴ നനയാന്‍ നീ കൂടിയുണ്ടായിരുന്നെങ്കില്‍ എന്നോര്‍മ്മിപ്പിക്കാതെ ഒരു മഴക്കാലവും മടങ്ങാറില്ല. മഴയെക്കുറിച്ചു ഡി.വിനയചന്ദ്രനെഴുതിയതു പാടാതെ ഒരു പ്രണയ കാലം കടന്നു പോവുന്നതെങ്ങനെ...

 

ഈ പുതുമഴ നനയാന്‍

നീകൂടി ഉണ്ടായിരുന്നെങ്കില്‍

ഓരോ  തുള്ളിയെയും

ഞാന്‍ നിന്റെ പേരിട്ടു വിളിക്കുന്നു

ഓരോ തുള്ളിയായി

ഞാന്‍ നിന്നില്‍ പെയ്തു കൊണ്ടിരിക്കുന്നു

ഒടുവില്‍ നാം ഒരു മഴയാകും വരെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA