ADVERTISEMENT

വിവാഹം സ്വര്‍ഗത്തിലോ ഭൂമിയിലോ... ദാമ്പത്യത്തിലെ ഊഷ്മളമായ പ്രണയം പാടുന്ന പാട്ടുകൾ പറയും ഇതിനൊരുത്തരം. വിവാഹ ബന്ധത്തിലെ പ്രണയം തുളുമ്പുന്ന പാട്ടുകള്‍ വിവാഹം ഭൂമിയിലാണെന്നും ഭൂമിയിലെ സ്വര്‍ഗമാണ് ദാമ്പത്യമെന്നും സാക്ഷ്യപ്പെടുത്താറുണ്ട്. ഈ വിധം സ്നേഹിക്കാൻ കഴിഞ്ഞെങ്കിൽ ജീവിതത്തിന് ഇത്രയൊക്കെ അഴകുണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന പാട്ടുകൾ. സ്‌നേഹമായൊഴുകുന്ന ജീവിതയാത്രയെ ഹൃദ്യമായി ചിത്രീകരിച്ച, വാഴ്ത്തിപ്പാടിയ ഗാനങ്ങളിലൂടെ...

 

 

ഭരതന്‍ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രം ദാമ്പത്യത്തിന്റെയും കുടുംബ ജീവിതത്തിന്റെയും മനോഹരമായ ചിത്രീകരണമാണ്. മാളൂട്ടിയില്‍ ജി.വേണുഗോപാലും സുജാതമോഹനും മനോഹരമാക്കിയ പാട്ടില്‍ ജീവിതത്തിന്റെ വര്‍ണങ്ങളേറെയുണ്ട്. പഴവിള രമേശന്റെ വരികള്‍ക്ക് ജോണ്‍സനാണ് ഈണം നല്‍കിയിട്ടുള്ളത്. വിവാഹജീവിതത്തിലെ പ്രണയഭാവങ്ങള്‍ അഴകു വിടര്‍ത്തുന്നു പാട്ടില്‍.

 

 

സ്വര്‍ഗങ്ങള്‍ സ്വപ്‌നം കാണും മണ്ണിന്‍ മടിയില്‍

വിടരുന്നേതോ ഋതുഭാവങ്ങള്‍

നിറമേഴിന്‍ തുമ്പത്ത് സ്വരമേളത്തിറയാട്ടം

മാരിക്കാര്‍ മുഖം മാറില്‍ ചാര്‍ത്തീടും മാനം

പൂമാനം...

 

 

ദാമ്പത്യത്തിലെ പ്രണയം അതിമനോഹരമായി പറഞ്ഞതാണ് സ്ഥിതി എന്ന ചിത്രത്തിലെ ഗാനവും.

 

 

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ

ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല

എങ്കിലും എങ്ങനെ നീയറിഞ്ഞു

എന്‍ ചെമ്പനീര്‍

പൂക്കുന്നതായ് നിനക്കായ്.. 

 

 

പറയാതെയറിയാതെ തന്നെ മനസ്സിലാക്കുന്ന പങ്കാളിയോടുള്ള സ്‌നേഹം നായകന്‍ വികാരോഷ്മളമായി വെളിപ്പെടുത്തുന്ന രംഗം. പ്രഭാവര്‍മയുടെ 'മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും ' എന്ന കവിത ഈ ചിത്രത്തിനായി അദ്ദേഹം തന്നെ  മാറ്റിയെഴുതുകയായിരുന്നു. പാടാന്‍ മാത്രമല്ല അഭിനയവും സംഗീതസംവിധാനവും തനിക്ക് മനോഹരമാക്കാനാവുമെന്ന്  ഉണ്ണിമേനോന്‍ തെളിയിച്ചത് ഈ ചിത്രത്തിലൂടെയാണ്. മാനസികമായി അകന്ന പല ദമ്പതികളെയും പ്രണയിതാക്കളെയും ഒരുമിപ്പിക്കുകയും ചെയ്തു ഈ പാട്ട്.

 

ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രത്തില്‍ കൈതപ്രം എഴുതിയ ഗാനവും ദാമ്പത്യത്തിലെ പ്രണയം മനോഹരമായി ആവിഷ്‌ക്കരിക്കുന്നു.

 

 

എത്രനേരമായ് ഞാന്‍ കാത്തു കാത്തു നില്‍പ്പൂ,

ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..

പിണങ്ങരുതേ അരുതേ അരുതേ..

പുലരാറായ് തോഴീ..

 

 

എല്ലാ സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞ് ഒരു സാധാരണ ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്ന പ്രണയിനിയോടുളള അങ്ങേയറ്റത്തെ ഇഷ്ടം കൈതപ്രത്തിന്റെ വരികളിലുണ്ട്. സ്‌നേഹസമ്പന്നരായ ദമ്പതികളായി ജയറാമും മഞ്ജുവാരിയറും മനോഹരമാക്കിയ ആ പാട്ട് ഒരു മികച്ച കാഴ്ച വിരുന്നും സമ്മാനിക്കുന്നു. കൈതപ്രത്തിന്റെ തന്നെ മറ്റൊരു മനോഹരമായ പ്രണയഗാനം സൗഭാഗ്യം എന്ന ചിത്രത്തിലുമുണ്ട്. ദാമ്പത്യത്തിലെ സ്‌നേഹവും പരിഭവവും കാത്തിരിപ്പുമെല്ലാം നിറഞ്ഞ ഗാനമാണിത്. എസ്പി. വെങ്കിടേഷാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

 

ഒന്നുരിയാടാന്‍ കൊതിയായി

കാണാന്‍ കൊതിയായി

മഴവില്‍ മുനയാല്‍ നിന്‍ രൂപം

എഴുതാന്‍ കൊതിയായി

മാപ്പു പറഞ്ഞാ പാദം പുണരാന്‍

മോഹമേറെയായി...

 

 

ബ്ലെസിയുടെ ഹിറ്റ് സിനിമയായ പ്രണയത്തിലെ ഗാനം തീവ്രമായ പ്രണയ കഥ പോലെ തന്നെ ഹൃദ്യമാണ്. ജയപ്രദ മനോഹരമാക്കിയ ഗ്രേസിന്റെയും മോഹന്‍ലാല്‍ അവതരിപ്പിച്ച ഭര്‍ത്താവ് മാത്യുസിന്റെയും മധ്യവയസ് പിന്നിട്ട പ്രണയത്തിന് എന്തെന്തൊരഴകാണ് കണ്ടിരിക്കാന്‍. ഒഎന്‍വി എഴുതിയ പാട്ടിലും എം .ജയചന്ദ്രന്റെ സംഗീതത്തിലും പ്രണയാനുഭൂതി തുടിച്ചു നില്‍ക്കുന്നു. ശ്രേയാഘോഷാലിന്റെ ആലാപനത്തില്‍ വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഇമ്പവുമുണ്ട് പാട്ടിന്.  

 

 

പാട്ടില്‍ ഈ പാട്ടില്‍

ഇനിയും നീ ഉണരില്ലേ

ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ

പനിനീര്‍പ്പൂക്കള്‍ ചൂടി ഈ രാവൊരുങ്ങിയില്ലേ

എന്‍ നെഞ്ചിലൂറും... ഈ പാട്ടില്‍ ഇനിയും നീ

ഉണരില്ലേ....

 

 

 

ലാൽ ജോസ്‌ സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിനായി വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെഴുതിയ മനോഹര ഗാനമാണ് നീയും നിനക്കുള്ളൊരീ ഞാനും... ഷാന്‍ റഹ്മാന്റെ സംഗീതത്തിൽ കുടുംബ ജീവിതത്തിലെ ഇഴയടുപ്പം ഏറെ ഹൃദ്യമാവുന്നു ഈ പാട്ടിലും.

 

 

നീയും നിനക്കുള്ളൊരീ ഞാനും

നിറയെ കുറുമ്പുള്ള കുഞ്ഞോളും

തമ്മിലൊന്നായുരുമ്മി നിന്നൊരാനന്ദമേ

നമ്മളൊന്നു ചേരുമീ വിരുന്നു സ്വാദേറണേ...

ആറു കണ്ണില്‍ വിളക്കിടുന്ന പൊന്‍ സൂര്യനെ

ആടി വന്നെന്റെ ഉമ്മറത്തു നീ മിന്നണേ...

 

 

എം. പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിലെ പൂമുത്തോളെ മലയാളക്കരയൊന്നാകെ ഏറ്റുപാടിയ സ്‌നേഹ ഗാനമാണ്. അജീഷ് ദാസന്റെ വരികളും രഞ്ജിൻ രാജിന്റെ സംഗീതവും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം പകരും.

 

 

പൂമുത്തോളെ നീയെരിഞ്ഞ

വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടി

ആരീരാരം ഇടറല്ലേ

മണിമുത്തേ കണ്‍മണീ

മാറത്തുറക്കാനിന്നോളം

തണലെല്ലാം

വെയിലായി കൊണ്ടെടീ

മാനത്തോളം മഴവില്ലായ്

വളരേണം എന്‍മണീ....

 

 

 

ആത്മാവിലെ വാനങ്ങളില്‍ മാലാഖയായ് നീ വന്ന നാള്‍... എന്ന ഗാനവും ദാമ്പത്യത്തിലെ പ്രണയത്തെ തേടുന്നുണ്ട്. കേട്ടമാത്രയില്‍ ഹൃദയം തരളമാവും  കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ സ്ലീവാച്ചന്റെ ആത്മനൊമ്പരങ്ങള്‍. ബി.കെ.ഹരിനാരായണന്റെ ആര്‍ദ്രമായ വരികള്‍ ഏറെ ഇമ്പമാവുന്നു നജിം അര്‍ഷാദിന്റെ ശബ്ദത്തില്‍. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

 

ആത്മാവിലെ വാനങ്ങളില്‍

മാലാഖയായ് നീ വന്ന നാള്‍

ഒരു വരിയായ് മാനസം

നിന്നോടായ് ചൊല്ലുവാന്‍ വയ്യാതെ...

വയ്യാതെ.... നെഞ്ചം നീറുന്നിതാ.....

 

 

സുജേഷ് ഹരിക്ക് ഗാനരചനക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത 'പുലരിപ്പൂപോലെ ചിരിച്ചും' എന്ന ഗാനവും വിവാഹ ബന്ധത്തിലെ പ്രണയമാണ് പറയുന്നത്. സിത്താര കൃഷ്ണകുമാറിന്റെ ആലാപനവും വിശ്വജിത്തിന്റെ ആർദ്രമായ സംഗീതവുമായി ഹൃദയത്തിന്റെ ആഴങ്ങളില്‍ വരെയത്തും ഈ പാട്ടും.

 

 

 

പുലരിപ്പൂ പോലെ ചിരിച്ചും

പുഞ്ചപ്പാടക്കാറ്റു വിതച്ചും

നീയെന്റെ കൂടെ ചേര്‍ന്നു കളിച്ചു നടന്നില്ലേ..

നീയെന്റെ തൂവല്‍ച്ചേലയുലച്ചു കളഞ്ഞില്ലേ...

 

 

 

പ്രജേഷ് സെൻ സംവിധാനം ചെയ്ത വെളളം എന്ന ചിത്രത്തിലെ ആകാശമായവളേ എന്ന ഗാനവും ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലെ ഗാഢമായ പ്രണയത്തെ വെളിപ്പെടുത്തുന്നുണ്ട്. എഴുത്തുകാര്‍ പ്രണയിനിയെ കടലും കരയുമൊക്കെ ആക്കാറുണ്ടെങ്കിലും ആകാശമാക്കുമ്പോഴുള്ള അപൂര്‍വ്വതയും മനോഹാരിതയും വരികളിലുണ്ട്. നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

 

ആകാശമായവളേ...

അകലെ പറന്നവളേ.

ചിറകായിരുന്നല്ലോ നീ

അറിയാതെ പോയന്നു ഞാന്‍..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com