ADVERTISEMENT

സംവിധായകൻ ഭരതന്‍ ഒറ്റ ടേക്കിൽ ഓക്കെയാക്കിയ പാട്ട് 35 വര്‍ഷത്തിനു ശേഷവും കാതോടു കാതോരം പ്രണയം ചൊരിയുന്നു. സ്‌നേഹമന്ത്രം പോലെ തേന്‍ ചുരത്തുന്നു. വേദനകളിലേക്കു തേന്‍ തുള്ളിയായി പെയ്‌തൊരു സ്നേഹത്തെ പാട്ടിലാക്കിയ ഒഎൻവി വരി കാൺകെ ഇന്നും ഹൃദയം നിറഞ്ഞു തൂവും. സ്‌നേഹത്തെ പാട്ടിലാക്കാൻ ഒഎൻവിയെ കഴിഞ്ഞേ ആരുമുള്ളൂ എന്ന് അടി വരയിടും കാതോട് കാതോരം എന്ന ഗാനം.

 

കാതോടു കാതോരം തേന്‍ ചോരുമാമന്ത്രം

ഈണത്തില്‍ നീ ചൊല്ലി വിഷു പക്ഷി പോലെ...

 

ഒഴുകാന്‍ മാത്രമറിയുന്ന പുഴ പോലെയാണവള്‍. ഭരതന്റെ കാതോടു കാതോരത്തിലെ നായിക മേരിക്കുട്ടി (സരിത). ജീവിത പോരാട്ടങ്ങളിൽ അപ്രതീക്ഷിതമായി ഇണയായും തുണയായും ഒരാള്‍ വരുമ്പോള്‍ മഴവില്ലുപോലെ തെളിയുന്നു അവളുടെ മനസ്. വഴിമാറിപ്പോവുന്ന വസന്തങ്ങളെ നിസംഗയായി നോക്കി നിന്ന അവളിലേക്കു മാത്രമായൊയൊരു പ്രണയനദി ഒഴുകിത്തുടങ്ങുന്നു. വഴി തെറ്റിയെന്നോണം ആ ഗ്രാമത്തില്‍ എത്തിയ ലൂയിസ് (മമ്മൂട്ടി) പിന്നീടവള്‍ക്കു വഴിയും വഴികാട്ടിയുമാവുന്നു.

 

ആ സ്‌നേഹത്തിന് അരികെ നില്‍ക്കുമ്പോള്‍ എന്നോ നിലച്ച നാഴിക മണിപോലെയുള്ള അവളുടെ ഹൃദയം വീണ്ടും മിടിച്ചു തുടങ്ങുന്നു. കാറ്റിൽ, ഷിഫോണ്‍ സാരിയുലച്ച് അവൾ നടക്കുന്ന വഴികളിൽ, ജീവിതം മിന്നിത്തെളിയുന്ന നീൾ മിഴികളിൽ, എല്ലാം പ്രണയം നിറയുമ്പോൾ അവൾ പാടുകയാണ്. കാതോടു കാതോരം ഹൃദയം ഹൃദയത്തോടു പാടുകയാണ്.  

 

കുറുമൊഴി കുറുകി കുറുകി നീയുണരൂ

വരിനെല്‍ കതിരിന്‍ തിരിയില്‍

അരിയ പാല്‍മണികള്‍ കുറുകി നെല്‍മണിതന്‍

കുലകള്‍ വെയിലിലുലയേ.

കുളിരു പെയ്തിനിയ കുഴലുമൂതിയിനി

 കുറുമൊഴി ഇതിലെ വാ...

 

 

ഒഎന്‍വിയുടെ ഭാവഗാനത്തിനു ഭരതന്റെ പ്രിയ ഗായിക ലതിക ശബ്ദം പകര്‍ന്നപ്പോള്‍ അത് എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറി. 1985ൽ റിലീസായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനം ഇന്നും പ്രേക്ഷകർക്കു ഹൃദ്യമാവുന്നത് ഒഎൻവിയുടെ മനോഹരമായ വരികൾ കൊണ്ടു കൂടിയാണ്. എത്രയാവര്‍ത്തി കേട്ടാലും കൂടുതല്‍ ഇഷ്ടം തോന്നിപ്പിച്ചു കൊണ്ടേയിരിക്കുന്നു ഈ പാട്ട്.   

 

 

ആരോ പാടി പെയ്യുന്നു തേന്‍ മഴകള്‍

ചിറകിലുയരും അഴകേ

മണ്ണു പൊന്നാക്കും മന്ത്രം നീ ചൊല്ലി  

തന്നൂ പൊന്നിന്‍ കനികള്‍...

 

 

ലതികയുടെ മനോഹരമായ ഹമ്മിങ് മംഗളകാര്യമുണര്‍ത്തിക്കുന്ന വിഷു പക്ഷിയുടെ പാട്ട് പോലെ ഹൃദ്യമാവുന്നു. പാട്ടിന് ഭരതനും ഓസേപ്പച്ചനും കൂടിയാണ് സംഗീതം പകര്‍ന്നത്. ലതിക ഒറ്റത്തവണ പാടിയപ്പോള്‍ തന്നെ പാട്ടിന് ഭരതന്‍ ഓകെ പറഞ്ഞിരുന്നു. എങ്കിലും ഔസേപ്പച്ചന്റെ നിര്‍ബന്ധത്തിന് ഒരു ടേക്ക് കൂടി എടുത്തു. എന്നാൽ ഒറ്റ ടേക്കിന് ഓകെയായ ആദ്യ ഗാനം തന്നെയാണ് ഭരതന്‍ ചിത്രത്തിലുപയോഗിച്ചത്. ഓസേപ്പച്ചന്‍ എന്ന സംഗീതസംവിധായകനെ സംഗീത പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്.

 

'സിനിമയിലെ എല്ലാ പ്രശസ്തിക്കും താന്‍ കടപ്പെട്ടിരിക്കുന്നതു ഭരതേട്ടനോടാണെന്നും അദ്ദേഹത്തോളം എന്നെ മനസ്സിലാക്കിയവര്‍ വേറെയുണ്ടാവില്ല എന്നും' ഔസേപ്പച്ചന്‍ പറഞ്ഞിട്ടുണ്ട്. ജീവിതം വഴി തിരിച്ചു വിട്ടത് ഈ ചിത്രത്തിലെ ഗാനങ്ങളായതു കൊണ്ടു തന്നെ ഔസേപ്പച്ചന് വ്യക്തി പരമായി വളരെ ഇഷ്ടമുള്ള പാട്ടുകളാണ് കാതോടു കാതോരത്തിലേത്. ഗാനത്തിന്റെ ഹമ്മിങ് ലതിക പാടിത്തുടങ്ങിയപ്പോള്‍ വല്ലാത്തൊരു രോമാഞ്ചം അനുഭവപ്പെട്ടെന്നും ഔസേപ്പച്ചന്‍ പറഞ്ഞിട്ടുണ്ട്.

 

 

പാട്ടിനെ അത്രമേൽ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഒഴുക്കിവിടുന്നുണ്ട് ഇതിലെ സംഗീതവും. ഭാവ ചാരുതയേറിയ വാക്കുകളിൽ, പറയാതെയറിയുന്ന ഒരു സ്‌നേഹത്തെ ഒഎൻവി രേഖപ്പെടുത്തിയപ്പോൾ അത് എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായി മാറി. പ്രണയത്തിൽ ആഹ്ലാദിക്കുന്ന പെണ്‍മനസ്സിനെ ഇത്രയുമാഴത്തില്‍ വരച്ചിടാന്‍ മറ്റാര്‍ക്കാണു കഴിയുന്നത്. പ്രണയശാഖയിലിരുന്നു സ്വയം മറന്നു പാടുകയാണ് ആ പൈങ്കിളി.

 

 

തളിരിലെ പവിഴമുരുകുമീ ഇലകള്‍

ഹരിതമണികളണിയും

കരളിലെ പവിഴമുരുകി വേറെയൊരു

കരളിന്നിഴയിലുറയും

കുളിരു പെയ്തിനിയ  കുഴലുമൂതിയിനി

കുറുമൊഴി ഇതിലെ വാ..

   

 

എന്തോ ഒരു നിയോഗം പോലെ നായകൻ ലൂയിസ് എത്തിപ്പെടുന്ന ആ മലയോര ഗ്രാമവും അവിടെ പ്രാരാബ്ധങ്ങളോടും സ്നേഹശൂന്യനായ ഭർത്താവിനോടും തോൽക്കാതെ പൊരുതി നിന്നിരുന്ന മേരിക്കുട്ടിയും മകനും. തൊഴിലന്വേഷിച്ച് അന്യ ദേശത്തേക്കു തിരിച്ച നായകന്‍ തികച്ചും ആകസ്മികമായാണ് നായികയുടെ ഗ്രാമത്തിലെത്തുന്നത്. പിന്നീട് അവളുടെ ദുഃഖങ്ങളിൽ തണലായും ജീവിതത്തിന് തുണയായും അവളുടെ എല്ലാമെല്ലാമായി മാറുന്നു.

 

പള്ളിയിലെ ക്വയർ സംഘത്തിൽ ഒരു പാട്ടിനൊപ്പം ഒന്നിച്ചു പാടുന്ന ലൂയിസും മേരിക്കുട്ടിയും ജീവിതത്തിലും ഒരുമിക്കുന്നു. ഒരുമയുള്ള രണ്ടു ഹൃദയങ്ങൾ, അവരൊന്നായി പാടിയൊഴുകുന്ന ജീവിത നദിയുടെ മനോഹാരിത പാട്ടിനെ അനശ്വരമാക്കുന്നു. എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തെയും അതിലെ ഗാനങ്ങളെയും ജനങ്ങള്‍ ഹൃദയത്തിലേറ്റുന്നത് ഇന്നും പുതുമ ബാക്കിയാവുന്ന ആ മനോഹാരിത കൊണ്ടു തന്നെയാണ്. ചിത്രത്തിനു ജോണ്‍ പോളായിരുന്നു തിരക്കഥയെഴുതിയത്.

 

ആരോ പാടിത്തേകുന്ന തേനലകളില്‍ ജീവിതം മധുരം ചുരത്തുമ്പോഴൊക്കെ സംഗീത പ്രേമികള്‍ ഇന്നും ഓര്‍ത്തു മൂളുന്നു, കാതോടു കാതോരം....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com