13ാം വയസ്സിൽ 43കാരന്റെ ഭാര്യ, മക്കളുടെ‍ മരണം കാണേണ്ടി വന്ന അമ്മ; രാജ്യം വാഴ്ത്തിയ കൊറിയോഗ്രഫർ സരോജ് ഖാന്റെ ജീവിതം

HIGHLIGHTS
Saroj-Khan7
SHARE

ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വൈവിധ്യമാർന്ന നൃത്ത ആവിഷ്ക്കാരങ്ങളിലൂടെ സിനിമാസ്വാദത്തിന് പുതുഭാവം പകർന്നു നൽകിയ പ്രശസ്‌ത നൃത്ത സംവിധായിക സരോജ് ഖാൻ വിടവാങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. ഈ പേരും അവരുടെ സംഭാവനകളും ഒരുപക്ഷേ പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലായിരിക്കാം. ഇക്കാലത്ത് ഇടതടവില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ടിവി ചാനലുകളിലും നമ്മൾ കണ്ടാസ്വദിക്കുന്ന വിവിധതരം സിനിമാറ്റിക് ഡാൻസുകളുടെയും നൃത്താവിഷ്കാരങ്ങളുടെയുമെല്ലാം ആദ്യകാല സൃഷ്ടികർത്താവായിരുന്നു സരോജ് ഖാൻ എന്ന മണ്മറഞ്ഞ അപൂർവ പ്രതിഭ. വിശേഷണങ്ങൾ ഒട്ടേറെയുണ്ട് അവർക്ക്; ഇന്ത്യയിലെ ആദ്യ സ്ത്രീനൃത്ത സംവിധായിക എന്ന പട്ടമാണ് അതിൽ പ്രധാനം. മൂവായിരത്തിൽ അധികം ഗാനങ്ങൾക്ക് നൃത്തഭാഷ ഒരുക്കി ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അപൂർവ രത്‌നം, രണ്ടു ദിവസം കൈയിൽ കിട്ടിയാൽ  ആരെയും പഠിപ്പിച്ചു നൃത്തം ചെയ്യിക്കും, ഗാനസന്ദർഭവും രചനയും പൂർണമായി മനസ്സിലാക്കിക്കൊണ്ട് അതിനനുസൃതമായി മുഖഭാവങ്ങൾ താരങ്ങളെ കൊണ്ട് പുറത്തെടുപ്പിക്കും, ചടുല താളങ്ങൾ സഹപ്രവർത്തകരെ ചിട്ടയായി പരിശീലിപ്പിച്ചു കൊണ്ട്  ഷൂട്ടിങ് ഫ്ലോറിൽ സംവിധായകന്റെ ജോലി ലഘൂകരിക്കും ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ടാകും ഒരിക്കലെങ്കിലും അവർക്കൊപ്പം ജോലി ചെയ്തവർക്ക്. 

ഒരു തട്ടുപൊളിപ്പൻ നൃത്ത രംഗമുണ്ടെങ്കിൽ ആളുകൾ തിയറ്ററുകളിലേക്ക് ഇടിച്ചു കയറും എന്നൊരു വിജയ ഫോർമുല ആദ്യമായി ഇന്ത്യൻ സിനിമിയിൽ അവതരിപ്പിക്കുകയും രണ്ടു ദശാബ്ദത്തിലധികം ചടുല നൃത്ത രംഗങ്ങളുടെ പിൻബലത്തിൽ മാത്രം ഒട്ടേറെ ഹിറ്റുകൾ സിനിമാ പ്രേമികൾക്ക് സമ്മാനിക്കുകയും ചെയ്‌ത ആ അതുല്യ പ്രതിഭയുടെ ജീവിതകഥ പുതുതലമുറ നിശ്ചയമായും അറിഞ്ഞിരിക്കേണ്ടതാണ്. 

കുട്ടിക്കാലം 

1947ലെ വിഭജനാനന്തരം, ഇന്നത്തെ പാക്കിസ്ഥാനിൽനിന്നു മുംബൈ നഗര പ്രാന്തത്തിലേക്ക് കുടിയേറിയ ഒരു ഹിന്ദു കുടുംബമായിരുന്നു അവരുടേത്. മുംബൈക്കടുത്തുള്ള മാഹിമിൽ. 1948 നവംബർ 22 ന് കിഷൻ ചന്ദ് സാധു സിങ്ങിന്റെയും നോനി സിങ്ങിന്റെയും മകളായി ജനനം. നിർമല നജ്‌പാൽ എന്നായിരുന്നു ആദ്യകാല പേര്. മൂന്നു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു നിർമല നൃത്തച്ചുവടുകൾ വയ്ക്കുകയും ഭിത്തിയിൽ പതിയുന്ന സ്വന്തം നിഴലിനെ അനുകരിച്ചു പ്രതികരിക്കുകയും ചെയ്യുമായിരുന്നു. ഇതു കണ്ട്, കുട്ടിക്ക് എന്തോ മാനസിക പ്രശ്നമുണ്ടെന്ന് തെറ്റിദ്ധരിച്ച മാതാപിതാക്കൾ പരിചയക്കാരനായ ഒരു ഡോക്ടറുടെ സഹായം തേടി. കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്നും നൃത്തത്തോടുള്ള താൽപര്യമാണ് പ്രകടിപ്പിക്കുന്നതെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും ഡോക്ടർ പറഞ്ഞു. തനിക്ക് പരിചയമുള്ള ചില സിനിമാ പ്രവർത്തകരെ ഡോകട്ർ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ആ കുടുംബത്തിന് അതൊരു വരുമാന മാർഗമാകുകയും ചെയ്‌തു. 

അരങ്ങേറ്റം, വിവാഹം 

1951ൽ മൂന്നാം വയസ്സിൽ ബാലതാരമായി ‘നസറാന്ന’ എന്ന  ചിത്രത്തിൽ അന്നത്തെ പ്രമുഖ താരം ശ്യാമയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ഇതോടെ ബേബി ശ്യാമ എന്നൊരു വിളിപ്പേരും വന്നു. പിന്നീട് ഒട്ടേറെ സിനിമകളിൽ ബാലതാരമായും നൃത്ത സംഘാംഗമായുമൊക്കെ പ്രവർത്തിച്ചു. ശ്യാമയുടെ തന്നെ 'ആഘോഷ്'  (1953), മധുബാല  മുഖ്യവേഷത്തിലെത്തിയ 'ഹൗറാ ബ്രിഡ്‌ജ്‌' (1958) എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളിൽ മുൻനിരയിൽ നിന്നുതന്നെ നൃത്തമാടാൻ ഈ കൊച്ചു മിടുക്കി ഉത്സാഹം കാണിച്ചു. പിന്നീട് പ്രമുഖ നൃത്ത സംവിധായകനായ ബി. സോഹൻലാലിന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു തുടങ്ങിയ നിർമല, ‘സരോജ്’ എന്ന നാമധേയം സ്വീകരിച്ചു കൊണ്ട് കൂടുതൽ സജീവമായി. സരോജാ എന്ന പേരാണ് ഗുരുനാഥൻ നിർദ്ദേശിച്ചതെങ്കിലും ആ പേരിലെ ദക്ഷിണേന്ത്യൻ ചുവ ദോഷമാകുമെന്ന് ഭയന്ന് സരോജ് എന്ന ചുരുക്കുകയായിരുന്നു. യാഥാസ്ഥിക കുടുംബ പശ്ചാത്തലത്തിൽനിന്ന് വന്നതിനാൽ മറ്റ് കുടുംബാംഗങ്ങൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ വേറൊരു വിളിപ്പേര് സ്വീകരിച്ചു എന്നൊരു കഥയുമുണ്ട്. ഇതിനിടയിൽ പതിമൂന്നാം വയസ്സിൽ, 43 കാരനായ സോഹൻലാലുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്‌തു. അദ്ദേഹത്തിന് മറ്റൊരു ഭാര്യയും 4 കുട്ടികളും ഉണ്ടെന്ന കാര്യം പൂർണമായി മനസ്സിലാക്കാതെയായിരുന്നു പ്രണയ വിവാഹം. എന്നാൽ സത്യം അറിഞ്ഞതിനു ശേഷവും സരോജ് ദാമ്പത്യ ബന്ധത്തിൽ ഉറച്ചു നിൽക്കുകയും മൂന്നു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്‌തു. ഇതിൽ ഏറ്റവും ഇളയ കുട്ടി വളരെ ചെറുപ്പത്തിലേ മരിച്ചു. മറ്റൊരു മകൾ കുക്കു 2011ൽ അസുഖ ബാധിതയായി മരണമടഞ്ഞു 

ഗുരുവും ഭർത്താവുമായ സോഹൻലാലിനോട് സരോജിന് അന്ധമായ ആരാധനയും ഭക്തിയുമായിരുന്നു. നീണ്ട 20 വർഷം അദ്ദേഹത്തിന് കീഴിൽ കഠിന പ്രയത്നം നടത്തി നൃത്തത്തിൽ അഗാധമായ പാടവം നേടി. പേരെടുത്ത സംവിധായകർക്കു കീഴിൽ, അദ്ദേഹത്തോടൊപ്പം ബോളിവുഡിലെ മിന്നും താരങ്ങളെ വ്യത്യസ്ത നൃത്തമുറകൾ പരിശീലിപ്പിച്ചു കൊണ്ട് അതിനോടകംതന്നെ അവർ ആത്മവിശ്വാസത്തിന്റെ കൊടുമുടി കയറിക്കഴിഞ്ഞിരുന്നു. ഇതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട സരോജ് 1974ൽ അക്കാലത്തെ പ്രശസ്‌ത നടി സാധന ശിവദാസിനി സംവിധാനം ചെയ്‌ത 'ഗീത മേരാ  നാം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. സാധനയുടെ ഭർത്താവ് ആർ.കെ. നായർ ആയിരുന്നു ചിത്രം നിർമിച്ചത്. എന്നാൽ ശരാശരി വിജയം മാത്രം നേടിയ ചിത്രത്തിലെ ഗാന -നൃത്ത രംഗങ്ങൾ വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. സരോജ് സ്വന്തമായി വർക്കുകൾ ഏറ്റെടുത്തു തുടങ്ങിയതോടെ ഭർത്താവ് സോഹൻലാലുമായി മാനസികമായി അകലുകയും  പിന്നീട് വേർപിരിയുകയും ചെയ്‌തു. 1975ൽ സർദാർ റോഷൻ ഖാൻ എന്ന ബിസിനസുകാരനുമായുള്ള വിവാഹത്തിലൂടെ ഇസ്‌ലാം മതവിശ്വാസം സ്വീകരിക്കുകയും 'സരോജ് ഖാൻ' എന്ന് പേരു പരിഷ്കരിക്കുകയും ചെയ്‌തു. ഈ ബന്ധത്തിൽ ഇവർക്ക് സുകിയാന ഖാൻ എന്നൊരു മകളുണ്ട്. 

അപ്രതീക്ഷ വഴിത്തിരിവ് 

 

അങ്ങനെയിരിക്കെ സരോജ് ഖാൻ ചെയ്‌ത ചില വർക്കുകൾ പ്രമുഖ സംവിധായകൻ സുബാഷ് ഘായിയുടെ ശ്രദ്ധയിൽപ്പെടുകയും ഇരുവരുടെയും സുഹൃത്തും നടിയുമായ അരുണാ ഇറാനി, സരോജിനായി ശുപാർശ ചെയ്യുകയും ചെയ്‌തു. അക്കാലത്ത് നിർമ്മാണത്തിലിരുന്ന ഘായിയുടെ 'വിദാന്ത' (1982) എന്ന ചിത്രത്തിൽ ക്ലൈമാക്‌സ് രംഗത്തിലെ ഒരു നൃത്തരംഗം ഒരുക്കുവാനുള്ള അവസരം അദ്ദേഹം സരോജിനു നൽകി. പ്ലാൻ ചെയ്യാൻ 2 മാസത്തോളം സമയം കൊടുത്ത് സരോജിനെ ഒന്ന് പരീക്ഷിച്ചു നോക്കുവാനായിരുന്നു ഘായിയുടെ പദ്ധതി. മനോഹരമായി ചെയ്താൽ അടുത്ത ചിത്രത്തിലെ  മുഴുവൻ ഗാനരംഗങ്ങളും സംവിധാനം ചെയ്യാനുള്ള അവസരം നൽകാമെന്നും വാഗ്ദാനം നൽകിയിരുന്നു. ഘായിയുടെ പ്രതീക്ഷ തെറ്റിയില്ല. വിദാന്തയിലെ 'പ്യാർ കാ ഇമ്തിഹാൻ' എന്ന ഗാനരംഗം പുതുമകൾ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഭാഷ് ഘായി വാക്ക് പാലിച്ചു. സ്വന്തമായി നിർമിച്ചു സംവിധാനം ചെയ്‌ത 'ഹീറോ' (1983) എന്ന ചിത്രത്തിലെ എല്ലാ ഗാനരംഗങ്ങളും സരോജ് ഖാന് ലഭിക്കുകയും അവർ അവയ്ക്കെല്ലാം അതിമനോഹര നൃത്ത-ദൃശ്യ  കോംപോസിഷിനുകൾ ഒരുക്കി ചിത്രത്തെ മെഗാ ഹിറ്റ് പട്ടികയിലേക്ക് ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും ചെയ്‌തു.  ഈ ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്‌ത ജാക്കി ഷ്‌റോഫും നായികാ വേഷം ചെയ്‌ത മീനാക്ഷി ശേഷാദ്രിയും ബോളിവുഡിലെ മിന്നും താരങ്ങളായി മാറിയതിൽ ഗാനരംഗങ്ങൾക്കുള്ള പങ്കു വളരെ വലുതായിരുന്നു. 

ഘായിയുടെ പിന്നീടുള്ള ചിത്രങ്ങളിലേക്കും സരോജ് ഖാൻ കരാർ ഒപ്പിട്ടതോടെ ബോളിവുഡിലെ പല നിർമാതാക്കളും അവരെ ശ്രദ്ധിച്ചു തുടങ്ങി. മികച്ച ടെക്‌നീഷ്യന്മാരെ കണ്ടെത്തുന്നതിലും കൂടെ നിർത്തുന്നതിലും  പേര് കേട്ട ഘായി, സരോജ് ഖാന് അവസരങ്ങൾ വാരിക്കോരി നൽകിയപ്പോൾ അതിൽ കാര്യമുണ്ടെന്ന് അവർക്കും തോന്നിത്തുടങ്ങി. 1985ൽ ഘായിയുടെ തന്നെ 'മേരി ജംഗ്'  എന്ന ചിത്രം മറ്റൊരു കൊടുങ്കാറ്റ് ആയി മാറി. അതിലെ  'ബോൽ ബേബി ബോൽ' എന്ന പാട്ടിനൊപ്പമുള്ള ചടുല നൃത്തചുവടുകൾ അക്കാലത്ത് യുവത്വത്തിനിടയിൽ ഒരു തരംഗമായി മാറി. ഈ ചുവടുകൾ വച്ച ജാവേദ് ജെഫ്രി എന്ന പുതുമുഖം പിൽക്കാലത്തു ഹിന്ദി സിനിമയുടെ ഫാസ്റ്റ് മൂവ്മെന്റ് പാട്ടുകളുടെ മുഖമുദ്രയായി മാറിയപ്പോൾ കൂടെ ആടിയ ഖുശ്‌ബു എന്ന യുവസുന്ദരി പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ റാണിയായി. ആ ഗാനവും നൃത്ത രംഗങ്ങളും  ഒരു ട്രെൻഡ് സെറ്റർ ആയി മാറുകമാത്രമല്ല, ഏറെക്കാലം ഇന്ത്യൻ യുവത്വത്തിന്റെ ആഘോഷരാവുകൾക്ക് നിറം പകരുകയും ചെയ്‌തു. ഈ ചിത്രം അനിൽ കപൂർ എന്ന നടന് വലിയൊരു ബ്രേക്ക് ആണ് സമ്മാനിച്ചത്. 

തൊട്ടടുത്ത വർഷം 1986ൽ വീണ്ടും സുഭാഷ് ഘായിയുടെ തന്നെ 'കർമ്മ' എന്ന ചിത്രത്തിലെ 'ആയെ മൊഹബ്ബത്ത്' എന്ന ഗാനരംഗത്തിൽ ശ്രീദേവിയുടെ വശ്യസൗന്ദര്യത്തിന്റെ ലാസ്യ നൃത്ത ഭാവങ്ങൾ സരോജ് ഖാന്റെ വൈഭവത്തിൽ തിയറ്ററുകളെ കോരിത്തരിപ്പിച്ചപ്പോൾ അത് മറ്റൊരു ട്രെൻഡിനു വഴി തെളിക്കുകയായിരുന്നു. പിൽകാലത്ത് ശ്രീദേവി അവതരിപ്പിച്ച സമാനമായ പല നൃത്ത രംഗങ്ങൾക്കും ഈ ഗാനരംഗം വലിയൊരളവിൽ പ്രചോദനമായി മാറിയിരുന്നതായി കാണാൻ കഴിയും. 'കർമ്മ'യുടെ വിജയം കൂടിയായതോടെ സരോജ് ഖാൻ എന്ന ബ്രാൻഡിന് കൂടുതൽ ആവശ്യക്കാരെത്തി.

ബിഗ് ബ്രേക്ക് 

ഇന്ത്യൻ ചലച്ചിത്ര ലോകത്തെത്തന്നെ പിടിച്ചു കുലുക്കിയ വലിയ നൃത്ത സുനാമികൾക്കാണ് വരും വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. 1986ൽ റിലീസ് ചെയ്ത 'നാഗിന' എന്ന, സർപ്പങ്ങളുടെ പക പ്രമേയമായ ചിത്രത്തിൽ ശ്രീദേവിയുടെ സർപ്പനൃത്തച്ചുവടുകൾ  കണ്ട് പ്രേക്ഷകർ അമ്പരക്കുകയും കുട്ടികൾ ഭയന്ന് നിലവിളിക്കുകയും ചെയ്തപ്പോൾ സരോജ് ഖാൻ എന്ന നൃത്ത സംവിധായക ഊറിച്ചിരിക്കുകയായിരുന്നു. നൃത്ത രംഗങ്ങളിൽ സ്വാഭാവികത വന്നിരിക്കണം എന്ന സംവിധായകന്റെ നിർദ്ദേശം അവർ അക്ഷരംപ്രതി നടപ്പിലാക്കുകയായിരുന്നു. ശേഖർ കപൂർ സംവിധനം ചെയ്ത 'മിസ്റ്റർ ഇന്ത്യ' (1987) എന്ന ചിത്രത്തിലെ 'ഹവാ ഹവായി' എന്ന ഗാനം ശ്രീദേവിയെ സൂപ്പർ താര പദവിയിലേക്കുയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. ഫാസ്റ്റ് മൂഡിലുള്ള ആ പാട്ടിന് ചേരുന്ന തരത്തിൽ വശ്യത, ലാസ്യം, ആകാര സൗന്ദര്യം, ഹാസ്യം, എന്നിങ്ങനെ എല്ലാ ഭാവങ്ങളും മിതമായ രീതിയിൽ കോർത്തിണക്കി കൊണ്ട് സരോജ് കൊറിയോഗ്രാഫി ചെയ്‌ത ആ നൃത്തരംഗം ഇന്നും ചലച്ചിത്ര ലോകത്തിനു വിസ്മയമാണ്.  

ചിത്രത്തിലെ മറ്റ് ഗാനരംഗങ്ങളുടെ മനോഹാരിതയും ഭംഗിയും അതിനെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാക്കി മാറ്റുന്നതിൽ ഏറെ സഹായകമായി മാറി. ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ പുറത്തു വന്ന 'തേസാബ്' (1988) എന്ന ചിത്രത്തിൽ ഒരുക്കിയ 'ഏക് ദോ തീൻ' എന്ന ഫാസ്റ്റ് നമ്പർ നൃത്തത്തോടെ മാധുരി ദീക്ഷിത് എന്ന മറ്റൊരു സൂപ്പർ താരത്തിന്റെ ഉദയത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്‌. കഥക് നർത്തകിയായിരുന്ന മധുരിയെ സംഘത്തെയും വെറും 17 ദിവസം കൊണ്ട് പരിശീലിപ്പിച്ചാണ് ഖാനും കൂട്ടരും ഷൂട്ടിങ് ഫ്ലോറിൽ എത്തിയത്. അന്ന് അവിടെ കൂടി നിന്നിരുന്ന സകലരും പാട്ടിനൊപ്പം ആവേശത്തോടെ താളം ചവിട്ടിയപ്പോൾ, വരുംകാലത്ത് ഇന്ത്യൻ സിനിമാപ്രേമികൾ ഇതേ താളം പതിറ്റാണ്ടുകളോളം നെഞ്ചിൽ ഏറ്റുമെന്ന് ചിത്രത്തിന്റെ സംവിധായകൻ എൻ. ചന്ദ്ര  സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ലോക ചലച്ചിത്ര നൃത്ത മേഖലയിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ ഗാനം,. ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, നേപ്പാൾ, സോവിയറ്റ് യൂണിയൻ, ഇറാൻ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങളിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ ക്ഷണം ലഭിച്ചതും 'ഏക് ദോ തീൻ എന്ന ഗാനരംഗം വന്നപ്പോൾ അവിടുത്തെ തിയറ്ററുകളിൽ ആളുകൾ കൂട്ടത്തോടെ നൃത്തം ചെയ്‌തതും അക്കാലത്ത് വലിയ വാർത്തയായിരുന്നു. 

ദീർഘമായ വിജയപാത  

പിന്നീട് ഒന്നിന് പുറകെ ഒന്നായി ഹിറ്റുകളുടെ ഘോഷയാത്രയ്ക്കായിരുന്നു രണ്ടു പതിറ്റാണ്ടോളം ബോളിവുഡ് സാക്ഷ്യം വഹിച്ചത്. ഹിന്ദി സിനിമ പ്രേമികൾ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു ഡസൻ ചിത്രങ്ങൾ;  'ചൽബാസാർ', 'ചാന്ദിനി', 'താനെധാർ',  'സാലിബ്', 'വിശ്വത്മാ',  'ബേട്ടാ',  'ടർ',  'ഖൽനായക്ക്,  'ബാസിഗർ',  'മൊഹറ',  'രാജാ',   'ദിൽവാലേ ദുൽഹനിയ ലേ ജായേങ്കെ', 'താൽ'  'ഇരുവർ',  'പർദേസ്',  'ഹം ദിൽ ദെ  ചുകേ സനം',   'ലഗാൻ',  'ദേവദാസ്',  'സ്വദേശ്',  'ഗുരു',   'വീർ സേറാ',   'മംഗൾ പാണ്ഡെ',  'ജബ് വി മെറ്റ്',  'എ ബി സി ഡി' എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ വൻ ജനപ്രീതി പിടിച്ചു പറ്റിയിരുന്നു. ഇഷ്ട ജോഡികളായ സഞ്ജയ് ദത്ത് - മാധുരി ദീക്ഷിത് കൂട്ടുകെട്ടിൽ  2019 ൽ പുറത്തിറങ്ങിയ 'കളങ്ക്‌'  ആയിരുന്ന അവസാന ചിത്രം. 

സരോജ് ഖാന്റെ യഥാർഥ സംഭാവന ഇവിടം കൊണ്ടവസാനിക്കുന്നില്ല എന്നതാണ് വാസ്തവം. പല സൂപ്പർ നായികമാരുടെയും താര സിംഹാസനം ഉറപ്പിക്കാൻ സഹായിച്ചത് അവരുടെ പരിചയ സമ്പന്നതയും നൃത്ത വൈഭവവുമായിരുന്നു എന്ന് നിസംശയം പറയാൻ സാധിക്കും. എടുത്ത പറയേണ്ട ചില പേരുകളാണ്, മീനാക്ഷി ശേഷാദ്രി, ശ്രീദേവി, മാധുരി ദീക്ഷിത്, ജൂഹി ചൗള, ഐശ്വര്യ റായി, കാജോൾ,  എന്നിവരുടേത്. ഇവരുടെയൊക്കെ കരിയറിലെ ഏറ്റവും മികച്ച ഗാനരംഗൾക്ക് സരോജിന്റെ കൈയൊപ്പ്‌ ഇല്ലായിരുന്നെങ്കിൽ അവരുടെ താര പദവിയിൽ ഇത്ര ഉയർച്ച സംഭവിക്കില്ലായിരുന്നു എന്ന വസ്തുത യാഥാർഥ്യമാണ്. സരോജിന്റെ കടാക്ഷത്തിലൂടെ ഉയർന്നു വന്ന നായകന്മാരും ധാരാളം. ജാക്കി ഷ്‌റോഫ്, അനിൽ കപൂർ, സഞ്ജയ് ദത്ത്, ഷാരൂഖ് ഖാൻ എന്നീ വൻതാരങ്ങളുടെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങൾക്ക് പിന്നിൽ സരോജ് സാന്നിധ്യണ്ടായിരുന്നു. 'താനെധാർ' എന്ന ചിത്രത്തിലെ 'തമ്മാ തമ്മാ ലോഗേ' എന്ന സൂപ്പർഹിറ് ഗാനചിത്രീകരണത്തിനു വേണ്ടി ഡാൻസ് ഒട്ടും തന്നെ വഴങ്ങാത്ത അന്നത്തെ പുതുമുഖമായിരുന്ന സഞ്ജയ് ദത്ത് നൃത്ത  റിഹേഴ്സൽ പരിപാടികളിൽനിന്ന് മുങ്ങി നടന്നിരുന്നതും പിന്നീട് കൈയോടെ പിടികൂടി വെറും മൂന്നു ദിവസം കൊണ്ട് പരിശീലിപ്പിച്ചു ഷൂട്ടിങ് പൂർത്തിയാക്കിയതുമായ കഥ അവർ ഒരഭിമുഖത്തിൽ കൗതുകത്തോടെ വിവരിച്ചിട്ടുണ്ട്.    .    

അവാർഡുകൾ 

ഇന്ന് ഗാന-നൃത്ത രംഗങ്ങൾ കൂടുതൽ ഗൗരവത്തോടെ സിനിമകളിൽ ഉൾപ്പെടുത്തി തുടങ്ങിയതിന് സിനിമാ പ്രേമികൾ നന്ദി പറയേണ്ടത് സരോജ് ഖാനോടാണ്. നൃത്തരംഗങ്ങൾ കാണാൻ മാത്രം വീണ്ടും വീണ്ടും പ്രേക്ഷകർ ടിക്കറ്റ് എടുത്തു തിയറ്ററുകളിൽ കയറുന്ന ശീലം തുടങ്ങിയതും 1980 കളുടെ മദ്ധ്യം മുതൽക്കാണ്. ഇന്ത്യൻ  സിനിമാചരിത്രത്തിൽ ആദ്യമായി കൊറിയോഗ്രാഫിക്ക് അവാർഡ് കൊടുത്തു തുടങ്ങിയത് സരോജിന്റെ 'ഏക് ദോ തീൻ' എന്ന ഗാനരംഗം തിയറ്ററുകളിൽ അഗ്നി പടർത്തിയ ശേഷമായിരുന്നു. നൃത്ത സംവിധായകരെ അംഗീകരിക്കാത്തത് അനീതിയാണെന്ന സംവിധായകൻ സുഭാഷ് ഘായിയുടെ പരാതി ഫിലിം ഫെയർ കമ്മിറ്റി ഗൗരവമായി എടുത്തുകൊണ്ടു ആ വർഷത്തെ അവാർഡ് സരോജ് ഖാന് സമ്മാനിക്കുകയുണ്ടായി. പിന്നീട് പലപ്പോഴായി 8 തവണ അവർ ഈ അവാർഡിന് അർഹയായി. വൈകാതെ നൃത്തസംവിധായകരെയും ദേശീയ അവാർഡ് നൽകി ആദരിച്ചു തുടങ്ങി. ഇത്തരത്തിൽ മൂന്നു തവണ ദേശീയ പുരസ്‌കാരങ്ങൾ അവരെ തേടിയെത്തി. 2003 ൽ 'ദേവദാസ് 'എന്ന ചിത്രത്തിൽ മാധുരി ദീക്ഷിത്തും ഐശ്വര്യ റായിയും മത്സരിച്ചു ചുവടുകൾവെച്ച  'ഡോലാരേ ഡോലാരേ' എന്ന നൃത്താവിഷ്കാരത്തിനാണ് നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി ഒരു ദേശിയ പുരസ്ക്കാരം അവർക്ക് ലഭിച്ചത്. 

രണ്ടാം ദേശിയ പുരസ്കാരം  2006 ൽ 'ശൃംഗാരം' എന്ന തമിഴ് ചിത്രത്തിനായിരുന്നു. ഈ ചിത്രത്തിനായി ഒരുക്കിയ ക്ലാസ്സിക്കൽ നൃത്താസംവിധാനം പാരമ്പര്യ നൃത്തകലാ മേഖലയിലെ അവരുടെ പാണ്ഡിത്യം വിളിച്ചറിയിക്കുന്നതായിരുന്നു. 2008 ൽ മൂന്നാം ദേശീയ പുരസ്കാരം ലഭിച്ചത്  'ജബ് വി മെറ്റ്' എന്ന ചിത്രത്തിൽ ഇന്ത്യയുടെ വടക്ക് - കിഴക്കൻ മേഖലയിലെ തദ്ദേശീയ സംസ്ക്കാര പശ്ചാത്തലത്തിൽ തയാറാക്കിയ നൃത്തമികവിനായിരുന്നു. 

മലയാളി ബന്ധം 

വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ നൃത്തചുവടുകൾ ചിട്ടപ്പെടുത്തിയ സരോജ് ഖാന് മലയാള സിനിമ മാത്രം അന്യമായി നിലകൊണ്ടു എന്നത് സങ്കടകരമായ ഒരു കാര്യമാണ്. എന്നാലും അവരുടെ കരിയറിലെ പല ശ്രദ്ധേയ വർക്കുകളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. മണിരതത്തിന്റെ 'ഇരുവർ' എന്ന മോഹൻലാൽ - ഐശ്വര്യ റായി ചിത്രത്തിലെ മനോഹര നൃത്തരംഗങ്ങളെല്ലാം അവരുടെ സൃഷ്ടിയായിരുന്നു. 'വെണ്ണിലാ വെണ്ണിലാ' എന്ന ഗാനരംഗത്തിൽ അനായാസ താളബോധത്തോടെ ഐശ്വര്യക്കും ലാലിനും ചുവടു വച്ച് നീങ്ങാൻ നിർദ്ദേശം നൽകിയത് മറ്റാരും ആയിരുന്നില്ല. സരോജ് ഖാന്റെ മരണശേഷം ഇതിനെ കുറിച്ച് മോഹൻലാൽ ട്വീറ്റ് ചെയ്യുകയുണ്ടായി. സരോജ് ഖാന് രണ്ടാമത്തെ ദേശിയ പുരസ്ക്കാരം സമ്മാനിച്ച  'ശൃംഗാരം' എന്ന തമിഴ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് മലയാളിയായ മധു അമ്പാട്ട് ആയിരുന്നു. കൗതുകകരമെന്നു തോന്നാം 'ഇരുവറി' ലെ സിനിമോട്ടോഗ്രാഫിക്ക് സന്തോഷ് ശിവനും ശൃംഗാരത്തിലെ ക്യാമറ മികവിന് മധു അമ്പാട്ടിനും അതാതു വർഷങ്ങളിലെ മികച്ച ഛായാഗ്രാഹകർക്കുള്ള ദേശീയ അവാർഡുകൾ ലഭിക്കുകയുണ്ടായി. 

മലയാളികളുടെ സ്വകാര്യ അഭിമാനമായ ഹിറ്റ് മേക്കർ പ്രിയദർശൻ ഹിന്ദിയിൽ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ 'ഘട്ട - മീട്ടാ' എന്ന ചിത്രത്തിലെ ഗാനരങ്ങൾക്ക് നൃത്തപരിശീലനം നൽകിയതും അവർ തന്നെ. 'വെള്ളാനകളുടെ നാട്' എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് ആയിരുന്നു ഈ ചിത്രം. 

വിവാദങ്ങൾ 

1993ൽ പുറത്തിറങ്ങിയ 'ഖൽനായക്ക്' എന്ന ചിത്രത്തിലെ 'ചോളി കെ പീച്ചേ ക്യാ ഹൈ' എന്ന ഗാനരംഗം വരികൾ കൊണ്ട് വിവാദമായപ്പോൾ നൃത്തരംഗത്തിലും ചിലർ അശ്ലീലം കാണാൻ ശ്രമിച്ചത് അവരെ ഏറെ വിഷമിപ്പിച്ചു. ഏറെ ശ്രദ്ധയോടെ പരമ്പരാഗത രാജസ്ഥാനി  പശ്ചാത്തലത്തിൽ ഒരുക്കിയ നൃത്തം തിയറ്ററുകളിൽ വലിയ കൈയടി നേടുകയുണ്ടായി. 1990 ൽ ഇന്ദർ കുമാർ സംവിധാനം ചെയ്‌ത 'ബേട്ട' എന്ന ചിത്രത്തിൽ നായകനോട് ചേർന്ന് നിന്ന് മാധുരി ദീക്ഷിത് ചുവടുവച്ച  'ധക് ധക് ദിൽ നേ ലഗാ'  എന്ന ഗാനരംഗം സെൻസർ ബോർഡിനെ ചൊടിപ്പിച്ചു. വിശദീകരണത്തിനായി സരോജ്  ബോർഡിന് മുന്നിൽ നേരിട്ട് ഹാജരായി. സാരിയുടുത്ത് ഹൈ ഹീൽസ് ധരിച്ച് നടന്നുവന്ന ബോർഡ് അംഗത്തെ ചൂണ്ടിക്കാട്ടി കൊണ്ട് അവരുടെ നടത്തത്തിൽപ്പോലും അശ്ലീലതയുണ്ട് എന്ന് പറഞ്ഞാണ് സരോജ് ഖാൻ തിരിച്ചടിച്ചത്. വാഗ്വാദങ്ങൾക്കൊടുവിൽ സെൻസർ ബോർഡ് വഴങ്ങി ആ ഗാനരംഗം അങ്ങനെ തന്നെ ഉൾപ്പെടുത്തുവാൻ അനുമതി നൽകി. ഈ അടുത്ത കാലത്തു പുറത്തുവന്ന 'കാസ്റ്റിങ് കൗച്' വിവാദത്തിൽ ആ പ്രവണതയെ അവർ അനുകൂലിച്ചു സംസാരിച്ചു എന്ന പേരിലും ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നു.. 

അർപ്പണ മനോഭാവം 

ഒപ്പം ജോലി ചെയ്‌ത സീനിയർ താരങ്ങളിൽ വൈജയന്തിമാല, രേഖ, ഹെലൻ എന്നിവരോട് അവർക്ക് കടുത്ത ആരാധനയായിരുന്നു. സരോജിനെ പ്രശസ്‌തിയുടെ കൊടുമുടിയിലേക്ക് നയിച്ച പല ഹിറ്റ് ഗാനങ്ങൾക്കും സംഗീതം നൽകിയ ലക്ഷ്‌മികാന്ത് - പ്യാരേലാൽ സഖ്യവും അവർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ജോലിയിലുള്ള കടുത്ത അർപ്പണ മനോഭാവമാണ് അവരെ വ്യത്യസ്തയാക്കിയിരുന്നത്. അത് വെളിവാക്കുന്ന രണ്ട് സംഭവങ്ങൾ അതുമായി ബന്ധപ്പെട്ടവർ പിന്നീട്  വെളിപ്പെടുത്തിയിട്ടുണ്ട്. 1971 ൽ ദേവ് ആനന്ദിന്റെ 'ഹരേ രാമ ഹരേ കൃഷ്ണ' എന്ന സിനിമയുടെ ജോലികൾ നടക്കുന്ന സമയം.  ഇതേ സമയം അവരുടെ 8 മാസം മാത്രം പ്രായമുള്ള കുട്ടി മരിച്ചതറിഞ്ഞു വീട്ടിലെത്തി കർമങ്ങൾ പൂർത്തിയാക്കി. അന്നു വൈകിട്ടത്തെ അഞ്ചു മണിക്കുള്ള ട്രെയിനിൽ വിങ്ങുന്ന മനസ്സുമായി ജോലിസ്ഥലത്തേക്ക് തിരിച്ചു. പിറ്റേന്ന് 'ധം മാരോ ധം' എന്ന അതിപ്രശസ്ത ഗാനത്തിന്റെ ചിത്രീകരണത്തിൽ അസിസ്റ്റന്റ് നൃത്ത സംവിധായാകയായുള്ള തന്റെ കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ചു. മറ്റൊന്ന് ദേവദാസിലെ 'ഡോലാരേ ഡോലാരേ' എന്ന ഗാന ചിത്രകരണ സമയത്ത് അസുഖം മൂർച്ഛിച്ച് അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. പിറ്റേന്ന് ഐസിയൂവിൽ തന്നെ കാണാൻ വന്ന ഐശ്വര്യ റായിയോട് അവർ ആദ്യം ചോദിച്ചത് തലേന്ന് താൻ പഠിപ്പിച്ച സ്റ്റെപ്പുകളെല്ലാം ഹൃദിസ്ഥമാക്കിയോ എന്നായിരുന്നു. അവിടെനിന്ന് സമയം കളയാതെ എത്രയും വേഗം അടുത്ത നൃത്തമുറകൾ പഠിക്കാനും ഏതാനും ദിവസങ്ങൾക്കുളിൽ താൻ സെറ്റിൽ തിരിച്ചു വരുമെന്നും ഷൂട്ടിങ് സമയത്തു തന്നെ പൂർത്തിയാക്കിയിരിക്കും എന്ന് ഉറപ്പിച്ചു പറയുകയും ചെയ്‌തു. അങ്ങനെ തന്നെ സംഭവിച്ചു. ആ അർപ്പണ മനോഭാവത്തിനുള്ള പ്രതിഫലം എന്ന നിലയിൽ ആ ഗാനരംഗത്തിലൂടെ ആദ്യ ദേശീയ അവാർഡ് അവരെ തേടിയെത്തി.  

നന്ദിയോടെ സ്മരിക്കുന്നവർ 

തന്നെ കണ്ടെത്തി പരിശീലിപ്പിച്ച ഗുരുനാഥൻ സോഹൻ ലാൽ, തുടർച്ചയായി അവസരങ്ങൾ കൊടുത്ത സുബാഷ് ഘായി, ആദ്യകാല ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ലക്ഷ്‌മികാന്ത് - പ്യാരേലാൽ എന്നിവരോടുള്ള നന്ദിയും കടപ്പാടും എല്ലാ അഭിമുഖങ്ങളിലും ആവർത്തിക്കാൻ അവർ ഒരു പിശുക്കും കാണിച്ചില്ല. മറ്റൊരു കൗതുകം അവസാന കാലം വരെയും മുൻ ഭർത്താവും ആദ്യ ഗുരുവുമായ സോഹൻലാലിന്റെ പേര് ഉച്ചരിച്ചിരുന്നത് അഭിമാനത്തോടെയും ആദരവോടെയുമായിരുന്നു .കഠിനമായ പ്രാക്റ്റീസ് സെഷനുകളെ പറ്റിയും അദ്ദേഹത്തിന്റെ അർപ്പണ മനോഭാവത്തെ പറ്റിയും, തന്നിലെ കലാകാരിയെ വാർത്തെടുത്തതിനെ പറ്റിയുമൊക്കെ അവർ പലപ്പോഴും  കണ്ണീരോടെ വിതുമ്പി സംസാരിക്കുമായിരുന്നു. ആ ഗുരുഭക്തി തന്നെയായിരുന്നിരിക്കാം  സരോജ് ഖാൻ എന്ന പ്രതിഭയുടെ അടിത്തറയും ആത്മവിശ്വാസവും. 

ദീർഘകാലം പ്രമേഹ രോഗബാധിതയായിരുന്ന അവർ  2020 ജൂലൈ 3 ന്  അപ്രതീക്ഷ കാർഡിയാക് അറസ്റ്റുണ്ടായി ജന്മനാടായ മുംബയിൽ വച്ച്തന്നെ മരണപ്പെടുകയായിരുന്നു. കാലം എത്ര കടന്നു പോയാലും ആ പേരും അവരുടെ നൃത്തസൃഷ്ടികളും സിനിമാപ്രേമികളുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. അത് തീർച്ച. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA