‘എഴുതാനിരിക്കുമ്പോള്‍ എന്റെ ജീവനെടുത്തുമാറ്റി കഥാപാത്രത്തെ പ്രതിഷ്ഠിക്കും’; യൂസഫലി കേച്ചേരിയുടെ എഴുത്തഴക് ഇങ്ങനെ

yusufali-kechery-new1
SHARE

അമ്മിഞ്ഞപ്പാലിനൊപ്പം നുണഞ്ഞ മാപ്പിള പാട്ടിന്റെ മധുരമാണ് തന്നെ പാട്ടെഴുത്തുകാരനാക്കിയതെന്ന് പറഞ്ഞിട്ടുണ്ട് ആറ് വർഷങ്ങൾക്കു മുൻപേ നമ്മെ വിട്ടു പോയ യൂസഫലി കേച്ചേരി. ബാല്യത്തിൽ മാപ്പിള പാട്ടിന്റെ മധുമഴയില്‍ യൂസഫലിയെ ജ്ഞാന സ്‌നാനം ചെയ്യിച്ച നജ്മക്കുട്ടിയെന്ന ഉമ്മ ഓരോ കാലടിയിലും മാപ്പിളപ്പാട്ടിന്റെ ഇശലു പൊഴിച്ചു. പാട്ടിന്റെ മധുരം കിനിയുന്ന ആ ബാല്യം പകർന്ന വാക്കും വെളിച്ചവുമാണ് മലയാള ഗാനശാഖയിൽ യൂസഫലിയുടെ പേരെഴുതി വച്ചതും..

എഴുതുമ്പോള്‍ കഥാപാത്രത്തിന്റെ ഹൃദയത്തില്‍ നിന്നെന്ന പോലെയാണ് ആ വരികള്‍ പിറന്നു വീണത്. പ്രണയമായാലും ഭക്തിയായാലും യൂസഫലി വാക്കുകളിൽ പുതുമ തേടി. കേട്ടു പഴകാത്ത ബിംബങ്ങളില്‍ എഴുതിയ പ്രേമഗാനങ്ങളൊക്കെയും ആസ്വാദകരുടെ മനസ്സിനെ പിടിച്ചുലച്ചു. എഴുത്തിന്റെ ആ വശ്യതയെക്കുറിച്ച് അദ്ദേഹം മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ. 

''എത്രയോ പ്രണയഗാനങ്ങളെഴുതി. പിന്നെയും പിന്നെയും ഇതു തന്നെയാണാവശ്യം. എഴുതാനിരിക്കുമ്പോള്‍ എന്റെ ജീവനെടുത്തുമാറ്റി കഥാപാത്രത്തിന്റെ ജീവന്‍ എടുത്തു വയ്ക്കുകയാണ്'' പ്രണയമെന്ന വാക്കിനോടു തന്നെ പ്രണയം തോന്നുന്ന യൂസഫലിയുടെ പ്രണയഗാനങ്ങളിലൂടെ....

പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു... സ്‌നേഹം എന്ന ചിത്രത്തിനായെഴുതിയ യൂസഫലിയുടെ വരിയില്‍ എന്ന് പ്രേമത്തിനൊരു വ്യാഖ്യാനമുണ്ട്. ഈ ഗാനമെഴുതുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ അദ്ദേഹം പ്രണയിനിയുടെ വിചിത്രമായ മാനസിക നിലയെക്കുറിെച്ചഴുതിയിട്ടുണ്ട്. 'ഇതാ ഇവിടെ വരെ' എന്ന ചിത്രത്തില്‍   നായികയുടെ മനോഗതങ്ങളിലൂടെ പ്രേമം നിറഞ്ഞൊരു ഹൃദയത്തിന്റെ പങ്കപ്പാടുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. പാവാടയും ബ്ലൗസുമണിഞ്ഞു പാടവരമ്പത്തിലൂടെ പ്രണയോന്മാദവുമായി ആടിപ്പാടുകയാണു നായികയായ ജയഭാരതി.

എന്തോ ഏതോ എങ്ങനെയോ

 

എന്റെ മനസ്സിനൊരാലസ്യം

 

വല്ലാത്ത മധുരാലസ്യം

 

പൂവെന്നു പറയാനും വയ്യ

 

കൂര്‍ത്ത മുള്ളെന്നു പറയാനും വയ്യ

 

പിടികിട്ടാത്തൊരു മൃദുല വികാരത്തില്‍

 

പിടയുകയാണെന്റെ സ്‌നേഹം...

പ്രണയമെന്ന വികാരം തീരാത്തിടത്തോളം നിലനില്‍പ്പുണ്ട് ഖദീജയിലെ ബാബുരാജ് യൂസഫലി കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിനും. പ്രണയാർദ്രമായ, പഹാഡിയെന്ന ഹിന്ദുസ്ഥാനി രാഗത്തിലുള്ള പാട്ട്, കേൾക്കുന്ന മാത്രയില്‍ തന്നെ ആസ്വാദകനെ വശീകരിക്കും. തേന്‍ പുരട്ടിയ മുള്ളുകള്‍ കരളിലെറിയുന്ന മിഴികളെ ജീവിതത്തിലാരാണ് മറക്കുക..

സുറുമയെഴുതിയ മിഴികളേ..

 

പ്രണയ മധുരത്തേന്‍ തുളുമ്പും

 

സൂര്യകാന്തിപ്പൂക്കളേ..

 

ജാലകത്തിരശീല നീക്കി

 

ജാലമെറിയുവതെന്തിനോ

 

തേന്‍ പുരട്ടിയ മുള്ളുകള്‍ നീ

 

കരളിലെറിയുവതെന്തിനോ...

‘സിന്ദൂരച്ചെപ്പ്’ എന്ന ചിത്രത്തിനായെഴുതിയ ഗാനവും പ്രണയത്തിന്റെ മാസ്മര ലോകത്തേക്ക് പ്രേക്ഷകനെ കൈപിടിക്കുന്നു.ഞാന്‍ തൊഴുന്ന കോവിലിലെ ദേവിയാണവള്‍ , താളമാണവള്‍ ജീവരാഗമാണവള്‍ എന്നെല്ലാം പാടുന്ന  കാമുകമനം എത്ര സ്‌നേഹാര്‍ദ്രനായി അറിയുന്നു കവി..

ഓമലാളെ കണ്ടു ഞാന്‍ പൂങ്കിനാവില്‍

 

താരകങ്ങള്‍ പുഞ്ചിരിച്ച നീല രാവില്‍

 

നാലു നിലപ്പന്തലിട്ടു വാനിലമ്പിളി

 

നാദസ്വരമേളമിട്ടു പാതിരക്കിളി

 

ഏകയായി രാഗലോലയായി

 

എന്റെ മുന്നില്‍ വന്നവള്‍ കുണുങ്ങി നിന്നു...

ഇതേ ചിത്രത്തിലെ തന്നെ ഏറെ പ്രശസ്തമായ ഈറന്‍ നിലാവും തേന്‍മലര്‍മണവും പകരുന്ന ഭാവചാരുത പാട്ടു തീര്‍ന്നാലും തങ്ങി നില്‍ക്കും. വരികള്‍ കണ്ട സംഗീത സംവിധായകന്‍ ദേവരാജന്‍ യൂസഫലിയെ നോക്കി അമര്‍ത്തിയൊന്നു മൂളിയത്രേ. തണുത്ത രാത്രിയും നിലാവും ഈറന്‍കാറ്റുമെല്ലാം നിറഞ്ഞ ഈണം അദ്ദേഹം പാടികേള്‍പ്പിച്ചപ്പോഴാണ് കവിക്ക് ആ മൂളലിന്റെ അര്‍ത്ഥം മനസ്സിലായത്.

പൊന്നില്‍ക്കുളിച്ച രാത്രി

 

പുളകം വിരിഞ്ഞ രാത്രി

 

ഈറന്‍ നിലാവും തേന്‍മലര്‍ മണവും

 

ഇക്കിളി കൂട്ടുന്ന രാത്രി...

 

ഇതു പോലെ ഏറെ ഹിറ്റായ ഗാനമാണ് ‘ദ്വീപ്’ എന്ന ചിത്രത്തിനായി യൂസഫലിയെഴുതിയ വരികളും. തലത്ത് മഹ്മൂദിന്റെ സ്വരത്തില്‍ ഗാനം ഒരു വികാര സമുദ്രമാവുന്നു. തിരയടങ്ങാത്ത കടൽ പോലെ പ്രക്ഷുബ്ധമായ പ്രണയിയുടെ മനസിലെ ഓളങ്ങൾ എത്ര സുന്ദരമാവുന്നു ഭാവനയിൽ.

ബാബുരാജിന്റെ പ്രശസ്തമായ ഈണത്തില്‍ പ്രണയത്തിന്റെ ആഴങ്ങളിലേക്കിറങ്ങുന്നു വരികളും ആലാപനവും. ആകാശമകലെ ആശയുമകലെ ആരോമലാളെ നീയെവിടേ... എന്നാണ് നീറുന്ന മനസ്സോടെ കാമുകന്റെ ചോദ്യം.

 

കടലേ...നീലക്കടലേ...

 

നിന്നാത്മാവിലും നീറുന്ന ചിന്തകളുണ്ടോ

 

ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുഴുകി

 

ഉറങ്ങാത്ത രാവുകളുണ്ടോ...

'സത്രത്തില്‍ ഒരു രാത്രി' ക്കായെഴുതിയ പാട്ടും ഒരു കാലത്ത് പ്രണയികള്‍ ഹൃദയത്തിലേറ്റിയ ഗാനമാണ്. പ്രദക്ഷിണ വഴിയില്‍ തനിയെ നടന്നപ്പോള്‍ നിന്‍മനം വലം വച്ചതാരെ... അമ്പല നടയില്‍ നീ കൈകൂപ്പി നിന്നപ്പോള്‍ അകതാരിലോര്‍മ്മിച്ചതാരെ എന്നെല്ലാം മനസ്സിലെങ്കിലും ചോദിക്കാത്ത കാമുകരുണ്ടാവില്ല.

പ്രഭാത ശീവേലി തൊഴുതു മടങ്ങുമ്പോള്‍

 

പ്രസാദം കരുതിയതാര്‍ക്കുവേണ്ടി

 

അഷ്ടപദീഗാനം കേള്‍ക്കുമ്പോല്‍ നിന്‍ മനം

 

ഇടയ്ക്കയായ് തുടിക്കുന്നതാര്‍ക്കുവേണ്ടി...

മൃതസഞ്ജീവനിപോലെ ജീവനില്‍ സായൂജ്യമായൊരു പ്രണയത്തെ ഇതില്‍ പരമെങ്ങനെ എഴുതാനാണെന്നു വിസ്മയിപ്പിക്കുന്ന വരികളില്‍ അലയടിക്കുന്ന സ്‌നേഹക്കടലിനെ എന്തു പേരിട്ടാണു വിളിക്കുക. ‘സായൂജ്യം’ എന്ന ചിത്രത്തിലെ ഗാനവും ജീവനിലെന്നെന്നും അമൃത് പകരും.

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍

 

മലരായ് വിടരും നീ

 

ഒളിഞ്ഞിരുന്നാലും കരളിലെയിരുളില്‍

 

വിളക്കായ് തെളിയും നീ...

നിർമ്മലമായ പ്രണയം ഒരു നദി പോലെ ഒഴുകുന്നു നാടോടിക്കാറ്റിലെ ഗാനത്തിലും. ഒരു യുഗം ഞാന്‍ കാത്തിരുന്നു ഒന്നു കാണുവാന്‍. മൂകമായ് എൻ മനസിൽ ഗാനമായ് നീ വിടർന്നു. അത്രമേലാഴത്തിലറിയുമ്പോൾ മനസ് പറയുന്ന വാക്കുകളിൽ എത്ര ഇമ്പം കലരുന്നു പാട്ടിൽ. മോഹൻ ലാല്‍ ശോഭന ജോഡികളവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കിടയില്‍ എത്ര സ്വാഭാവികമായി ഒഴുകി നിറയുന്നു വൈശാഖ സന്ധ്യേ എന്ന ഗാനം.

 

വൈശാഖസന്ധ്യേ നിന്‍ ചുണ്ടിലെന്തേ

 

അരുമസഖി തന്‍ അധരകാന്തിയോ

 

ഓമനേ... പറയു നീ

 

വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ...

‘ധ്വനി’ എന്ന ചിത്രം പാട്ടെഴുത്തു വഴിയില്‍ യൂസഫലിക്ക് സമ്മാനിച്ചത് അവിസ്മരണീയമായൊരു ഭാഗ്യമാണ്. കുട്ടിക്കാലം മുതല്‍ ആരാധിച്ചു നടന്ന ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി നൗഷാദിന്റെ ഈണത്തിനൊപ്പിച്ചു പാട്ടെഴുതിയത് ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നായി തന്നെ കരുതി അദ്ദേഹം. പി.സുശീലയുടെയും യേശുദാസിന്റെ സ്വരഭംഗിയില്‍ പ്രണയം പതഞ്ഞൊഴുകുന്ന അനുരാഗലോലഗാത്രി എത്ര കേട്ടാലും മതി വരില്ല. 

അനുരാഗ ലോലഗാത്രി

 

വരവായി  നീലരാത്രി

 

നിനവിന്‍ മരന്ദചഷകം

 

നെഞ്ചില്‍ പതഞ്ഞ രാത്രി

മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാബരിയെ ആസ്പദമായി ലെനിന്‍ രാജേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മഴയിലെ ഗാനത്തിലും പ്രണയത്തിന്റെ ഉദാത്ത ഭാവങ്ങളിലേക്കു യൂസഫലി കേച്ചേരി പ്രേക്ഷകനെ ക്ഷണിക്കുന്നു. നഷ്ടകാമുകനെ കൃഷ്ണനെന്നു വിളിക്കുന്ന നായികയുടെ വികാരങ്ങളില്‍ തെളിയുന്നതൊക്കെയും മഴവില്ലഴകുള്ള ഓര്‍മ്മകളാണ്. പണ്ട് നിന്നെ കണ്ട നാളില്‍ പൂവണിഞ്ഞു മാനസം എന്നു പറയുന്ന നായിക ഭദ്രയുടെ ഇന്നിന്റെ ദുഖങ്ങളെക്കുറിച്ചു യൂസഫലി എഴുതിയതിൽ എത്രെയെത്ര ഭാവങ്ങൾ ദീപ്തമാവുന്നു. ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍ എന്നാണ്. രവീന്ദ്ര സംഗീതത്തിൽ എത്ര അഴകേറുന്നു യൂസഫലിയുടെ വരികൾക്ക്...

വാര്‍മുകിലേ വാനില്‍ നീ  വന്നു

 

നിന്നാലോര്‍മ്മകളില്‍

 

ശ്യാമവര്‍ണന്‍

 

കളിയാടി നില്‍ക്കും കദനം നിറയും

 

യമുനാ നദിയായ് മിഴി നീര്‍ വഴിയും...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA